തകരുന്ന വിമാനത്തില്‍ നിന്ന് ചാടുമ്പോള്‍ ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് അകപ്പെട്ട സൈനികന്‍ 60 മണിക്കൂറുകള്‍ക്കു ശേഷം സുരക്ഷിതനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്നു! എന്നാല്‍, സമാന സാഹചര്യത്തില്‍ വിമാനത്തില്‍ നിന്ന് സ്വന്തം രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ചാടി രക്ഷപ്പെട്ട സൈനികനെ ജനക്കൂട്ടം നിര്‍ദ്ദാക്ഷിണ്യം തല്ലിക്കൊല്ലുന്നു!! വിധിവൈപരീത്യം എന്നല്ലാതെ എന്താണ് പറയുക!!!
മിഗ് വിമാനം തകര്‍ന്ന് താഴെച്ചാടിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ സുരക്ഷിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നു. മഹാഭാഗ്യം എന്നു തന്നെ പറയണം. എന്നാല്‍, അഭിനന്ദന്‍ തകര്‍ത്ത എഫ്-16 വിമാനത്തിലുണ്ടായിരുന്ന വിങ് കമാന്‍ഡര്‍ ഷാഹ്‌സാസ് ഉദ്-ദിന്‍ സുരക്ഷിതനായി താഴെച്ചാടിയിട്ടും മരണത്തിന്റെ പിടിയിലമര്‍ന്നു. അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി അംഗീകരിക്കാന്‍ പോലും പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. എങ്ങനെ മരിച്ചുവെന്ന് പറയേണ്ടി വരുമല്ലോ!
അഭിനന്ദനും ഷാഹ്‌സാസും ആകാശത്ത് ഏറ്റുമുട്ടിയവരാണ്, ആകാശത്തു നിന്ന് പതിച്ചവരാണ്. ഇതിലപ്പുറവും ഇരുവരും തമ്മില്‍ സാമ്യങ്ങളേറെ. ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍ മാര്‍ഷലായിരുന്ന സിംഹക്കുട്ടി വര്‍ത്തമാന്റെ മകനാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. അതു പോലെ, പാക് വ്യോമസേനയുടെ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ്-ഓഫ്-സ്റ്റാഫായിരുന്ന എയര്‍ മാര്‍ഷല്‍ വസീം ഉദ്-ദിന്റെ മകനാണ് വിങ് കമാന്‍ഡര്‍ ഷാഹ്‌സാസ് ഉദ്-ദിന്‍. എന്നാല്‍, യുദ്ധത്തിന്റെ വ്യത്യസ്ത മുഖങ്ങളെയാണ് ഇരുവരും ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്നത്.
ബുധനാഴ്ച രാവിലെ 9.45ന് നിയന്ത്രണരേഖയുടെ 10 കിലോമീറ്റര്‍ മാത്രം അകലെവെച്ചാണ് ആക്രമണ നീക്കം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയ പാകിസ്താന്‍ സംഘത്തില്‍ എഫ്-16 ഉള്‍പ്പെടെ 24 യുദ്ധവിമാനങ്ങളുണ്ടായിരുന്നു. പടിഞ്ഞാറന്‍ രജൗറിയിലെ സുന്ദര്‍ബനി പ്രദേശത്തുണ്ടായ ആക്രമണം പ്രതിരോധിക്കാന്‍ ഒരു മിഗ്-21 ബൈസണ്‍, ഒരു സുഖോയ്-30 എം.കെ.ഐ., ഒരു മിറാഷ് 2000 എന്നിവയുള്‍പ്പെടെ 8 യുദ്ധവിമാനങ്ങള്‍ ഇന്ത്യ അണിനിരത്തി. ഇതില്‍ മിഗ്-21 ബൈസണ്‍ പറത്തിയിരുന്നത് അഭിനന്ദനായിരുന്നു.
ഷാഹ്‌സാസ് പറത്തിയിരുന്ന എഫ്-16 വിമാനത്തെ പ്രതിരോധിച്ച് അഭിനന്ദന്റെ മിഗ്-21 പിന്തുടര്‍ന്നു. എഫ്-16നുനേരെ അദ്ദേഹം ആര്‍-73 വ്യോമ മിസൈല്‍ തൊടുത്തു. ഇത് കൊണ്ട് ഷാഹ്‌സാസിന്റെ വിമാനം നിലംപതിച്ചു. ഇതിനിടെ പാകിസ്താന്റെ മറ്റൊരു എഫ്-16 വിമാനം 2 അംറാം മിസൈലുകള്‍ തൊടുത്തു. അതിലൊന്ന് അഭിനന്ദന്റെ വിമാനത്തില്‍ കൊണ്ടു. ഒരെണ്ണം ലക്ഷ്യം കണ്ടില്ല. ഇതോടെ ഷാഹ്‌സാസും അഭിനന്ദനും വിമാനത്തില്‍ നിന്ന് പാരഷ്യൂട്ടില്‍ താഴേക്കു ചാടി. നിയന്ത്രണരേഖയ്ക്ക് 7 കിലോമീറ്റര്‍ അപ്പുറത്ത് പാക് അധീന മേഖലയിലുള്ള ഭിംബേര്‍ ജില്ലയില്‍ ഹൊറ ഗ്രാമത്തിന്റെ രണ്ട് വിദൂര ഭാഗങ്ങളിലായാണ് ഇവര്‍ എത്തിയത്.
ആകാശത്ത് യുദ്ധവിമാനങ്ങള്‍ ഏറ്റുമുട്ടുന്നതും 2 വിമാനങ്ങള്‍ക്ക് തീപിടിക്കുന്നതും ശബ്ദവും പുകയുമുയരുന്നതുമെല്ലാം ഗ്രാമവാസികള്‍ കാണുന്നുണ്ടായിരുന്നു. തകര്‍ന്നത് ഇന്ത്യന്‍ വിമാനങ്ങളാണെന്നും ചാടിയത് ഇന്ത്യക്കാരായ പൈലറ്റുമാരാണെന്നും അവര്‍ക്ക് ഉറപ്പിച്ചു. ഷാഹ്‌സാസ് നേരെ ഇറങ്ങിയത് ഒരു ആള്‍ക്കൂട്ടത്തിനു സമീപത്തേക്കാണ്. എന്തെങ്കിലും പറയാന്‍ അവസരം ലഭിക്കുന്നതിനു മുമ്പു തന്നെ ആള്‍ക്കൂട്ടം അദ്ദേഹത്തെ തല്ലിച്ചതച്ചു. ഒടുവില്‍ മൃതപ്രായനായപ്പോഴാണ് തങ്ങള്‍ മര്‍ദ്ദിക്കുന്നത് പാകിസ്താനി പൈലറ്റിനെയാണെന്ന് ആള്‍ക്കൂട്ടത്തിലൊരു യുവാവ് തിരിച്ചറിഞ്ഞത്. അവര്‍ ഉടനെ അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചു.
ഇവിടെയാണ് ഷാഹ്‌സാസിന് ഇല്ലാതിരുന്ന ഭാഗ്യം അഭിനന്ദന് കൂട്ടായത്. പാരഷ്യൂട്ടില്‍ ഇറങ്ങിയപാടെ അവിടെ കണ്ടവരോട് അഭിനന്ദന്‍ ചോദിച്ചു -‘ഇത് ഇന്ത്യയോ പാകിസ്താനോ?’ ഒരാള്‍ നല്‍കിയ മറുപടി -‘ഇന്ത്യ’. ഇന്ത്യന്‍ പട്ടണമായ കിലായിലാണ് താനെത്തിയത് എന്ന് അഭിനന്ദന്‍ വിശ്വസിച്ചു. സന്തോഷത്തോടെ ഉച്ചതേതില്‍ വിളിച്ചു -‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്. ഭാരത് മാതാ കി ജയ്.’ എന്നിട്ട് കുടിക്കാന്‍ വെള്ളം ചോദിച്ചു.
അഭിനന്ദന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥരായ ചില യുവാക്കള്‍ പെട്ടെന്ന് പാകിസ്താന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചു. അപ്പോഴാണ് താന്‍ എത്തിയത് പാകിസ്താന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്താണെന്ന് അഭിനന്ദന്‍ മനസ്സിലാക്കിയത്. പെട്ടെന്ന് പിസ്റ്റളെടുത്ത അദ്ദേഹം ആകാശത്തേക്ക് വെടിവെച്ചു. ഇതോടെ അദ്ദേഹത്തിനു നേരെ കല്ലേറുണ്ടായി. കല്ലേറുകാരെ തോക്കു ചൂണ്ടി മാറ്റി അര കിലോമീറ്ററോളം അഭിനന്ദന്‍ പിന്നോട്ടോടി. 2 തവണ ആകാശത്തേക്കു വെടിവെച്ചുവെങ്കിലും ഫലമുണ്ടായില്ല. അതോടെ അടുത്തു കണ്ട അരുവിയിലേക്ക് ചാടി. അധികനേരം ചെറുത്തു നില്‍ക്കാനാവില്ലെന്ന് ഉറപ്പായതോടെ കീശയിലുണ്ടായിരുന്ന രേഖകളില്‍ ചിലത് വിഴുങ്ങി. ബാക്കിയുള്ളവ വെള്ളത്തില്‍ മുക്കി നശിപ്പിക്കാന്‍ ശ്രമിച്ചു.
ഈ സമയം കൊണ്ട് യുവാക്കള്‍ അഭിനന്ദനെ കീഴടക്കിയിരുന്നു. അവര്‍ മര്‍ദ്ദിച്ചു തുടങ്ങിയപ്പോഴേക്കും പാക് സൈന്യം അവിടെയെത്തി, അഭിനന്ദനെ കസ്റ്റഡിയിലെടുത്തു. ഇതിനു പിന്നാലെ 2 ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്ന അവകാശവാദവുമായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ രംഗത്തെത്തി. പൈലറ്റുമാരുടെ കൈയില്‍ നിന്നു പിടിച്ചെടുത്തത് എന്നു പറഞ്ഞ് ചില രേഖകള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തു.
അഭിനന്ദിനെ പിടികൂടുന്നതിന്റെയും പിന്നീട് പാക് സൈന്യം ചോദ്യം ചെയ്യുന്നതിന്റെയുമൊക്കെ വീഡിയോ താമസിയാതെ പുറത്തുവന്നു. പാക് സൈന്യം തന്നെയാണ് അത് ചോര്‍ത്തിവിട്ടത്. താന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ആണെന്നും തന്റെ സര്‍വ്വീസ് നമ്പര്‍ 27981 ആണെന്നും വീഡിയോയില്‍ ഉള്ളയാള്‍ പറയുന്നുണ്ടായിരുന്നു. ഇതിനൊപ്പം വിമാനം തകര്‍ന്നു നിലത്തുവീണു കിടക്കുന്ന മറ്റൊരു പൈലറ്റിനെ നാട്ടുകാര്‍ ശുശ്രൂഷിക്കുന്ന വീഡിയോയും പ്രത്യക്ഷപ്പെട്ടു. പാകിസ്താന്‍കാരുടെ മഹാമനസ്‌കത എന്നു കാട്ടി അന്നാട്ടിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പലരും അത് പങ്കിട്ടു. ഇതോടെ 2 ഇന്ത്യന്‍ പൈലറ്റുമാര്‍ക്കും തെളിവായി എന്ന് വ്യാഖ്യാനിക്കപ്പെട്ടു.
2nd Indian Pilot Arrested Alive… pic.twitter.com/TaYWNCCljY
— Dr Shahid Masood (@Shahidmasooddr) February 27, 2019
എന്നാല്‍, ഈ ‘മഹാമനസ്‌കത’ വീഡിയോ കളവാണെന്നു തെളിയാന്‍ അധികസമയം വേണ്ടി വന്നില്ല. വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഭാഷ കന്നഡയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കള്ളി പൊളിഞ്ഞത്. ഏറോ ഇന്ത്യ 2019ന്റെ പരിശീലനത്തിനിടെ ഫെബ്രുവരി 19ന് ബംഗളൂരുവില്‍ തകര്‍ന്ന സൂര്യകിരണ്‍ വിമാനത്തിന്റെ പൈലറ്റ് വിങ് കമാന്‍ഡര്‍ വിജയ് ഷെല്‍ക്കെയാണ് ആ ദൃശ്യത്തിലുണ്ടായിരുന്നത്. ബംഗളൂരുവിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ചേതന്‍ കുമാറാണ് ആ വീഡിയോ ചിത്രീകരിക്കാനും പൈലറ്റിനെ രക്ഷപ്പെടുത്താനും മുന്‍കൈയെടുത്തത്. പിന്നീട് ആസ്പത്രിയിലേക്ക് ചേതനെ ക്ഷണിച്ചുവരുത്തിയ വിജയ് ഷെല്‍ക്കെ ഐ.സി.യുവില്‍ നിന്ന് ഇറങ്ങി വന്ന് നന്ദി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സത്യമറിയാതെ പലരും ഇത് ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു ‘ഈ പൈലറ്റിന് എന്തു സംഭവിച്ചു’ എന്ന ചോദ്യവുമായി.
ലോകത്തോട് പാക് സൈനിക വക്താവ് പറഞ്ഞത് ഭാഗികമായി ശരിയായിരുന്നു എന്നു തന്നെ പറയാം. ആകാശത്തു നിന്ന് ചാടിയ 2 പൈലറ്റുമാരെ പാക് നിയന്ത്രണത്തിലുള്ള പ്രദേശത്ത് ജനക്കൂട്ടം പിടികൂടി എന്നത് ശരി. പക്ഷേ, അവര്‍ 2 പേരും ഇന്ത്യാക്കാരാണെന്നു പറഞ്ഞത് തെറ്റ്. ജനക്കൂട്ടം തടഞ്ഞുവെച്ചവരില്‍ ഒരാള്‍ സ്വന്തം പൈലറ്റാണെന്ന് മേജര്‍ ജനറല്‍ ഗഫൂര്‍ അറിഞ്ഞില്ല. തകര്‍ന്ന എഫ്-16 വിമാനത്തിന്റെ പൈലറ്റ് വിങ് കമാന്‍ഡര്‍ ഷാഹ്‌സാസ് ഉദ്-ദിന്‍ ആയിരുന്നു ആ രണ്ടാമന്‍! അബദ്ധം മനസ്സിലായപ്പോള്‍ പിന്നീട് അദ്ദേഹം തിരുത്തി. പക്ഷേ, അബദ്ധത്തിന്റെ കാരണം മാത്രം പറഞ്ഞില്ല. ഇപ്പോഴും പറഞ്ഞിട്ടില്ല.
ധീരനൊപ്പം ഭാഗ്യം നില്‍ക്കും എന്നാണല്ലോ ചൊല്ല്. ജനക്കൂട്ടം ആക്രമണത്തിനൊരുങ്ങുമ്പോള്‍ പാക് സൈനികര്‍ കൃത്യസമയത്ത് എത്തിയത് അഭിനന്ദന് ഭാഗ്യമായി. ഷാഹ്‌സാസിന്റെ ദാരുണാനുഭവം അഭിനന്ദനുണ്ടാവാതെ പോയത് തലനാരിഴയ്ക്കാണ്. ശത്രുവിന്റെ ആത്മവിശ്വാസം ചോര്‍ത്താനാണ് യുദ്ധത്തടവുകാരന്റെ വീഡിയോ പുറത്തുവിട്ടതെങ്കിലും ഇന്ത്യന്‍ പൈലറ്റ് പാകിസ്താന്റെ പിടിയിലാണെന്ന് അന്താരാഷ്ട്ര സമൂഹത്തിനു ബോദ്ധ്യപ്പെടാന്‍ അതു കാരണമായി. മോചനത്തിനുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദമുയരാന്‍ അതു വഴിവെയ്ക്കുകയും ചെയ്തു.
ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പ്രഖ്യാപിക്കേണ്ടി വന്നത് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലം തന്നെയാണ്. അതേസമയം, അഭിനന്ദനെ പിടികൂടിയെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചിരുന്നുവെങ്കിലോ? ആ വീരസൈനികന്റെ ഭാവി ഇരുളിലാവുമായിരുന്നു. അങ്ങനെ സംഭവിക്കാത്തതിനെ ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍!
അഭിനന്ദന്റെ മോചനം എങ്ങനെ എപ്പോള്‍ സാദ്ധ്യമാകുമെന്ന് ചര്‍ച്ചകള്‍ മുറുകുമ്പോള്‍ മറുഭാഗത്ത് ഷാഹ്‌സാസ് ആസ്പത്രിയില്‍ മരണവുമായി മല്ലിടുകയായിരുന്നു. കത്തുന്ന വിമാനത്തില്‍ നിന്ന് വിജയകരമായി നിലത്തുചാടിയെങ്കിലും കിരാതമായ കൊടിയ മര്‍ദ്ദനത്തിന്റെ ഫലമായുണ്ടായ ആന്തരിക പരിക്കുകള്‍ മാരകമായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവനെടുക്കുക തന്നെ ചെയ്തു. സ്വയം വരുത്തിവെച്ചത് ആയതിനാല്‍ ഒരു വാക്കു പോലും പറയാനാവാത്ത അവസ്ഥയിലായിരുന്നു പാകിസ്താന്.
ഇന്ത്യക്കെതിരായ ആക്രമണത്തില്‍ എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ചുവെന്നോ അവയിലൊരെണ്ണം തകര്‍ന്നുവെന്നോ സമ്മതിക്കാന്‍ പാകിസ്താനാവില്ല. കാരണം, വിമാനം കൈമാറുമ്പോള്‍ അമേരിക്ക മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ക്ക് എതിരാണത്. തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യയുടേത് എന്ന പേരില്‍ പാകിസ്താന്‍ പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍, ആ ചിത്രങ്ങള്‍ തകര്‍ന്ന എഫ് -16 വിമാനത്തിന്റേതാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. എഫ്-16 കണ്‍ഫോര്‍മല്‍ ഇന്ധന ടാങ്കിന്റെ ഡി എഞ്ചിന്‍ കൗളിങ്ങാണ് ചിത്രത്തിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എഫ്-16ല്‍ നിന്നു മാത്രം തൊടുക്കാനാവുന്ന അംറാം മിസൈലിന്റെ അവശിഷ്ടങ്ങളും ഇന്ത്യ ഹാജരാക്കിക്കഴിഞ്ഞു.
പാകിസ്താനില്‍ സൈനികശേഷിയെക്കാള്‍ പ്രാധാന്യം സൈനിക മനഃസ്ഥിതിക്കാണ്. അതിനാല്‍ത്തന്നെ എഫ്-16 തകര്‍ന്നുവെന്ന സത്യം എത്ര തെളിവുകള്‍ പുറത്തുവന്നാലും അവര്‍ അംഗീകരിക്കില്ല. വിങ് കമാന്‍ഡര്‍ ഷാഹ്‌സാസ് ഉദ്-ദിനിന്റെ രക്തസാക്ഷിത്വവും അംഗീകരിക്കപ്പെടാതെ പോകും. പാകിസ്താന്‍ വ്യോമസേനയുടെ 19-ാം സ്‌ക്വാഡ്രന്‍ ‘ശേര്‍ദില്‍സി’ലെ ഈ വിങ് കമാന്‍ഡര്‍ ഇനി ഓര്‍മ്മയില്‍ പോലും ഒരു പക്ഷേ ഉണ്ടായെന്നു വരില്ല, അദ്ദേഹത്തിന്റെ ഉറ്റവരുടെയല്ലാതെ.
സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി സ്വന്തക്കാരെ തള്ളിപ്പറയുന്നത് പാകിസ്താന് പുത്തരിയല്ല. കാര്‍ഗില്‍ യുദ്ധവേളയില്‍ നുഴഞ്ഞുകയറ്റക്കാരുടെ വേഷത്തില്‍ വന്ന സ്വന്തം സൈനികരെ തള്ളിപ്പറയാന്‍ അവര്‍ക്ക് അല്പം പോലും സങ്കോചമുണ്ടായില്ലല്ലോ.
എന്തായാലും സംഭവിച്ചതെല്ലാം ഒരു സിനിമാക്കഥ പോലെ അവിശ്വസനീയം. 2017ല്‍ മണിരത്‌നം എഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച കാട്ര് വെളിയിടൈ എന്ന ചിത്രം പറഞ്ഞത് കാര്‍ഗില്‍ യുദ്ധസമയത്ത് പാകിസ്താന്റെ പിടിയിലാവുന്ന ഒരു പൈലറ്റിന്റെ രക്ഷപ്പെടലിന്റെ കഥയാണ്. കാര്‍ത്തിയായിരുന്നു നായകന്‍. അദിതി റാവു ഹൈദരി നായികയും. ഇതില്‍ അഭിനയിക്കുന്നതിനു മുമ്പ് ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കായി നായകന്‍ കാര്‍ത്തി ആദ്യം സമീപിച്ചത് സുഹൃത്തായ വിങ് കമാന്‍ഡര്‍ അഭിനന്ദനെയായിരുന്നു. അഭിനന്ദന്റെ തിരക്കുകള്‍ കാരണം സിനിമയുടെ ചിത്രീകരണവേളയില്‍ ആവശ്യമുള്ള ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മറ്റൊരാളെ അദ്ദേഹം നിയോഗിച്ചു -എയര്‍ മാര്‍ഷലായിരുന്ന അച്ഛന്‍ സിംഹക്കുട്ടി വര്‍ത്തമാനെ തന്നെ. സിനിമ മികച്ച അഭിപ്രായം നേടി. അച്ഛന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച സിനിമാകഥയുടെ ഒരു ഭാഗം മകന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് വരെയെത്തി വിധിയുടെ കളി. കഥ ശുഭപര്യവസായി ആയി എന്നതില്‍ നമുക്ക് ആശ്വസിക്കാം.