അഭിഭാഷക ഗുണ്ടകള്‍!!!
മനഃപൂര്‍വ്വമാണ് ഈ പ്രയോഗം. പ്രകോപനം സൃഷ്ടിക്കുകയല്ല ലക്ഷ്യം. അഭിഭാഷക സമൂഹത്തെ മുഴുവന്‍ ഗുണ്ടകളായി ഞാന്‍ കാണുന്നില്ല. അവരില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് കുഴപ്പക്കാര്‍. ആ ന്യൂനപക്ഷത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും മാന്യമായ വാക്ക് ‘ഗുണ്ട’ എന്നതാണ്. അതിലും കുറഞ്ഞൊരു വാക്ക് ഇല്ല തന്നെ.
ഗുണ്ട എന്ന ഗണത്തില്‍ അവര്‍ എന്തുകൊണ്ട് പെടുന്നു? സാമൂഹിക ജീവിതത്തിന്റെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞ് കൈയൂക്ക് കൊണ്ട് കാര്യം നടത്താന്‍ ശ്രമിക്കുന്നവരെയാണ് സാധാരണ നിലയില്‍ ഗുണ്ട എന്നു പറയുന്നത്. ആ തലത്തില്‍ നോക്കുമ്പോള്‍ അഭിഭാഷക ‘ഗുണ്ട’ എന്ന വിശേഷണം അച്ചട്ടാണ്. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളുടെ തലവന്മാര്‍ എന്ന നിലയില്‍ കേരളത്തിന്റെ ഭരണസംവിധാനത്തിനു ചുക്കാന്‍ പിടിക്കുന്നവരാണല്ലോ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹന്‍ ശാന്തനഗൗഡര്‍ എന്നിവര്‍. ഇവര്‍ മൂവരും ചേര്‍ന്ന് എടുത്ത തീരുമാനം, അല്ലെങ്കില്‍ എത്തിച്ചേര്‍ന്ന ധാരണ, ഇവിടത്തെ പ്രജകള്‍ക്കെല്ലാം ബാധകമാണ് എന്നാണ് സങ്കല്പം. എന്നാല്‍, അതു ബാധകമല്ല എന്നു പറയുന്നവര്‍, വകവെയ്ക്കാത്തവര്‍ ഗുണ്ടകള്‍ മാത്രമാണ്.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കുറച്ചുകാലമായി ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്ത്രീപീഡന കേസില്‍ പ്രതിയായ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയും അഭിഭാഷക അസോസിയേഷന്‍ യോഗത്തിന്റെ വാര്‍ത്തയും അവര്‍ ആഗ്രഹിക്കുന്നതു പോലെ വന്നില്ല. അതോടെ, പെട്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂല്യച്യുതി സംഭവിച്ചു. അവര്‍ കോടതിയില്‍ കയറാന്‍ യോഗ്യതയില്ലാത്തവരായി. ശരിക്കും പറഞ്ഞാല്‍ മുഴുവന്‍ അഭിഭാഷകരുടെയും തിട്ടൂരം തങ്ങളുടെ കൈവശമാണ് എന്ന വ്യാജേന ഒരു സംഘം അഭിഭാഷക ‘ഗുണ്ട’കളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. അഭിഭാഷകരില്‍ മഹാഭൂരിപക്ഷത്തിനും പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണം എന്നുണ്ടായിരുന്നു. അവരുടെ കൂടി ശ്രമഫലമായി ഗവര്‍ണറും മുഖ്യമന്ത്രിയും ചീഫ് ജസ്റ്റീസുമൊക്കെ ഇടപെട്ട് ഒരു തീരുമാനമുണ്ടാക്കി -മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ കടന്നുചെന്ന് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമുണ്ടാക്കും.
ഗവര്‍ണറും മുഖ്യമന്ത്രിയും ചീഫ് ജസ്റ്റീസുമൊക്കെ പറഞ്ഞ വാക്ക് വിശ്വസിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ചെന്നു കയറിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്താണ് സംഭവിച്ചത്? ഗുണ്ടകളുടെ മര്‍ദ്ദനമേറ്റു. രണ്ടു പെണ്‍കുട്ടികള്‍ -ഏഷ്യാനെറ്റ് ന്യൂസിലെ സി.പി.അജിതയും മനോരമ ന്യൂസിലെ ജസ്റ്റീന തോമസും -ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ കോട്ടിട്ട 4 ‘ഗുണ്ട’കള്‍ ആക്രമിക്കുമ്പോള്‍ പ്രധാന സാക്ഷി -അതോ ആസൂത്രകനോ- തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി. സംസാരം പോലും പതിഞ്ഞ ഭാഷയിലായ പി.ടി.ഐ. ലേഖകന്‍ ജെ.രാമകൃഷ്ണന്റെ കൊങ്ങയ്ക്ക് കുത്തിപ്പിടിച്ചു. എല്ലാവരോടും അങ്ങേയറ്റം മാന്യമായി മാത്രം പെരുമാറുന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് നായരെ കോടതിക്കകത്തിട്ടും പുറത്തിട്ടും പൊതിരെ തല്ലി. അദ്ദേഹം മാന്യനായതു കൊണ്ടാണ് തല്ലുകിട്ടിയതെന്നു ഞാന്‍ പറയും. കിട്ടുന്നത് വാങ്ങി വീട്ടില്‍ക്കൊണ്ടുപോകുന്ന ശീലം ഏതായാലും എനിക്കില്ല, അന്നുമില്ല ഇന്നുമില്ല.
കോടതിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അനുഭവസ്ഥര്‍ തന്നെ പറയുന്നതാണ് നല്ലത്. ജസ്റ്റീന തോമസ് തന്റെ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ.
വിജിലന്‍സ് കോടതിയില്‍ നിന്ന് ഒരു അനുഭവക്കുറിപ്പ്….
രാവിലെ 11 മണിക്കാണ് ഞാനും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സി.പി.അജിതയുമടക്കം 6 മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തിയത്. ആദ്യ 40 മിനിറ്റുകള്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. ഇതിനിടെ ഇ.പി.ജയരാജനെതിരായ ഹര്‍ജി പരിഗണിക്കാനെടുത്തു. പെട്ടെന്നാണ് ഒരു കൂട്ടം അഭിഭാഷകര്‍ കോടതി മുറിക്കുള്ളിലേയക്ക് പാഞ്ഞെത്തിയത്. എന്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് വന്നതെന്ന് ആ അഭിഭാഷകര്‍ ആക്രോശിച്ചു. ജഡ്ജിയുടെ മുമ്പില്‍ വച്ചായിരുന്നു ഇതെല്ലാം. ഇറങ്ങിപ്പോയില്ലെങ്കില്‍ പിടിച്ചിറക്കുമെന്നും വെറുംകൈയോടെ മടങ്ങില്ലെന്നും ഭീഷണി. തുടര്‍ന്ന് പി.ടി.ഐ. ലേഖകന്‍ ജെ.രാമകൃഷ്ണന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് എന്നിവരെ കൈയേറ്റം ചെയ്തു. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും മുതിര്‍ന്ന അഭിഭാഷകരും കേസിനു വന്നവരും അങ്ങനെ എല്ലാവരും നോക്കി നില്‌ക്കേയായിരുന്നു ഈ അഴിഞ്ഞാട്ടം. സഹപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നതു കണ്ടതോടെ ഭയന്നു പോയ ഞങ്ങള്‍ ജഡ്ജിയുടെ ഇരിപ്പിടത്തിനടുത്തേയ്ക്ക് നീങ്ങി നിന്ന് അദ്ദേഹത്തോട് സഹായമഭ്യര്‍ഥിച്ചു. ആരാണണവിടെ ബഹളമുണ്ടാക്കുന്നതെന്നും എന്തടിസ്ഥാനത്തിലാണെന്നും ജഡ്ജി ആരാഞ്ഞു. തുടര്‍ന്ന് അദ്ദഹം കോടതി നടപടികള്‍ തുടര്‍ന്നു. വക്കീലന്മാര്‍ വാദവും തുടര്‍ന്നു.
വീണ്ടും അഭിഭാഷകര്‍ വന്ന് ഇറങ്ങിയില്ലെങ്കില്‍ പിടിച്ചിറക്കുമെന്ന് പറഞ്ഞു എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ നിസ്സഹായരായി.
ഞങ്ങള്‍ പുറത്തേയ്ക്ക് ഇറങ്ങുകയാണ് നല്ലതെന്നായിരുന്നു പൊലീസുകാരുടെ ഉപദേശം. തുടര്‍ന്ന് പൊലീസ് വലയത്തില്‍ പിന്‍വാതിലിലൂടെ ഏതു നിമിഷവും ആക്രമണം ഭയന്ന് പുറത്തെത്തി.പിന്നീടായിരുന്നു മനോരമ ന്യൂസിന്റയും ഏഷ്യാനെറ്റ് ന്യൂസിന്റേയും തത്സമയ സംപ്രേഷണ വാഹനങ്ങള്‍ക്കു നേര കോടതി വളപ്പിനുള്ളില്‍ നിന്നും കല്ലുകളും ചുടു കട്ടകളും പാഞ്ഞു വന്നത് സഹായിക്കേണ്ടവരൊക്കെ നോക്കി നിന്നപ്പോള്‍ കോടതിയുടെ കൂറ്റന്‍ മതില്‍ ഞങ്ങള്‍ക്ക് കവചമായി. കോടതി പരിസരത്ത് എത്തിയപ്പോള്‍ തന്നെ പ്രശ്‌നമുണ്ടായാലോ അകത്തേയ്ക്ക് കയറണോ എന്ന് പൊലീസുദ്യോഗസ്ഥന്‍ ആശങ്ക രേഖപ്പെടുത്തിയത്, അഭിഭാഷകര്‍ സംഘടിക്കുന്നുണ്ട് എന്റെ കൈയില്‍ നില്‍ക്കുമെന്ന് തോന്നുന്നില്ലെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് പറഞ്ഞത് എല്ലാം കൂട്ടി വായിക്കുമ്പോള്‍ കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടുന്നു.
ഒരു പാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട. അവരോട് ഒന്നേ പറയാനുള്ളു. നിങ്ങളോട് മത്സരിക്കാനല്ല അരി മേടിക്കാനാണ് അന്നം തരുന്ന ജോലിയുടെ ഭാഗമായാണ് കോടതിയില്‍ വരുന്നത്. നിങ്ങള്‍ കല്ലുകളും ബീയര്‍ കുപ്പികളുമായി നേരിടുമ്പോള്‍ ഞങ്ങളെയും കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്. (ശരിക്കും ഭീഷണിപ്പെടുത്തിയോ? ഏറു കിട്ടിയോ? നിങ്ങള്‍ പ്രകോപനമെന്തെങ്കിലും ഉണ്ടാക്കിയോ? എന്നൊക്കെ തിരക്കിയവര്‍ക്ക്, രണ്ടു പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടപ്പോള്‍ കൈയും കെട്ടി നോക്കി നിന്ന മുഴുവന്‍ പേര്‍ക്കും സമര്‍പ്പിക്കുന്നു.)
അക്രമികളായ 4 കോട്ടുധാരികളെയും കുറിച്ചുള്ള വിവരങ്ങള്‍ ഒരു മണിക്കൂറിനകം ഞങ്ങള്‍ക്ക് കിട്ടി. ബാര്‍ അസോസിയേഷന്‍ ഡയറക്ടറിയില്‍ നിന്നു തന്നെയാണ് അവരെ ചിത്രം കണ്ട് തിരിച്ചറിഞ്ഞത്. അക്രമത്തെ എതിര്‍ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, എന്നാല്‍ സംഘടിത ഗുണ്ടായിസത്തെ എതിര്‍ക്കാന്‍ ശേഷിയില്ലാത്ത നല്ലവരായ അഭിഭാഷക സുഹൃത്തുക്കള്‍ തന്നെയാണ് ഇത് എത്തിച്ചുതന്നത്. ഗവര്‍ണ്ണറും ചീഫ് ജസ്റ്റീസും മുഖ്യമന്ത്രിയും പറഞ്ഞതൊക്കെ പുല്ലുവിലയാക്കിയ 4 പേര്‍ ഇവരാണ്. മുഖ്യമന്ത്രി മുന്‍കൈയെടുത്തുണ്ടാക്കിയ ധാരണയെപ്പറ്റി പറഞ്ഞപ്പോള്‍ ‘അവരൊക്കെ അങ്ങനെ പലതും പറയും. ഇവിടെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും’ എന്നായിരുന്നു ഇവരുടെ പ്രതികരണം.
രതിന്‍ ആര്‍.
ചാമപ്പാറവിള വീട്, കൊല്ലക്കുടിയേറ്റം, വെള്ളറട പോസ്റ്റ്, തിരുവനന്തപുരം -695505.
ഫോണ്‍: 9446444621
സുഭാഷ് ബി.
പണയില്‍ വീട്, വെള്ളാര്‍, കോവളം പോസ്റ്റ്, തിരുവനന്തപുരം -695527
ഫോണ്‍: 9895962681
അരുണ്‍ പി.നായര്‍
ശിവപ്രസാദം, ടി.സി. 50/142 (1), കെ.എസ്.ആര്‍.എ.-68, കാലടി, കരമന പോസ്റ്റ്, തിരുവനന്തപുരം -695002
ഫോണ്‍: 8157099453
രാഹുല്‍ എല്‍.ആര്‍.
ലതിക ഭവന്‍, കിഴക്കുംകര, കുളത്തൂര്‍ പോസ്റ്റ്, തിരുവനന്തപുരം
ഫോണ്‍: 9846184425
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ പേരില്‍ ഈ 4 പേര്‍ക്കൊപ്പം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജിയെക്കൂടി പ്രതി ചേര്‍ത്ത് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ അപമാനിച്ചെന്ന വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തി. ഐ.പി.സി. 294, 324, 445, 341 എന്നിവയാണ് വകുപ്പുകള്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാറിന് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. രജിസ്റ്റര്‍ ചെയ്ത കേസിന്മേലുള്ള നടപടികള്‍ എത്രമാത്രം മുന്നോട്ടു പോകുന്നു എന്നാണ് ഇനി അറിയേണ്ടത്. അത് മുന്നോട്ടു പോകും എന്നു തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കേട്ടതിനു ശേഷം.
അഭിഭാഷകരുമായുള്ള തര്‍ക്കത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ പറയുന്ന വാദങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരിക്കുന്നത്. അത് മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതിപത്തിയുടെ പേരിലല്ല, ആ പറയുന്നതാണ് ശരി എന്നതിനാലാണ്. കോടതികള്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വത്താണെന്നും അവിടെ ആര്‍ക്കും കടന്നുചെല്ലാന്‍ അവകാശമുണ്ടെന്നുമുള്ള വാദമാണ് അതില്‍ പ്രധാനം.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുളള ഉരസല്‍ വീണ്ടും ഉണ്ടാക്കി എടുക്കാന്‍ ചില സ്ഥാപിത താത്പര്യക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിനു പിന്നില്‍ വ്യക്തമായ താത്പര്യങ്ങളും ഉദ്ദേശങ്ങളുമുണ്ട്. ചീഫ് ജസ്റ്റിസുമായി ഉണ്ടാക്കിയ ധാരണ പൊളിക്കാന്‍ വരുന്നവരെ ഒറ്റപ്പെടുത്തണം. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ താമസിച്ചുപോയെന്ന് സംശയിക്കുന്നതായി നിങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ അത് ശരിയല്ല. ആ പ്രത്യേക ഘട്ടത്തില്‍ പുറത്ത് നിന്ന് ഇടപെടുന്നത് പ്രശ്നം വഷളാകാന്‍ ഇടയാകും. ആക്റ്റിങ് ചീഫ് ജസ്റ്റിസ് അടക്കമുളളവരുമായി ആ ഘട്ടത്തില്‍ തന്നെ ചര്‍ച്ച നടത്തുകയും മാധ്യമപ്രവര്‍ത്തകരെ തടയരുതെന്ന സര്‍ക്കാര്‍ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശങ്ങള്‍ പരസ്യപ്പെടുത്തിയതും. കോടതി തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ല. കോടതികള്‍ രാജ്യത്തിന്റെതാണ്. ജുഡീഷ്യറിയുടെ അധികാരം അഭിഭാഷകര്‍ എടുത്ത് അണിയേണ്ട. ജഡ്ജിമാര്‍ക്കുളള അവകാശം തങ്ങള്‍ക്കുളളതാണെന്ന് ധരിക്കുകയും വേണ്ട. നിയമം ലംഘിക്കപ്പെടാതെ നോക്കാനാണ് സര്‍ക്കാരിന്റെ ചുമതല എന്നും അഭിഭാഷകര്‍ ഓര്‍ക്കണം. ഇനിയും അഭിഭാഷകര്‍ അതിരുവിട്ടാല്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന കാര്യം ഉറപ്പ് നല്‍കുന്നു.
ഗുണ്ടകളെ ആരും പിന്തുണയ്ക്കുന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം അവര്‍ക്ക് എതിരാണ്. ഈ പ്രശ്‌നം സജീവമാക്കി നിര്‍ത്തിയിട്ട് ആര്‍ക്ക് എന്തു നേട്ടമെന്നും മനസ്സിലാവുന്നില്ല. എല്ലാ ബന്ധങ്ങളും പരസ്പര ബഹുമാനത്തിലധിഷ്ഠിതമാണ്. അഭിഭാഷകര്‍ക്കിടയിലെ പുഴുക്കുത്തുകളെ തള്ളിക്കളയാം. അങ്ങനെ നമുക്ക് സൗഹാര്‍ദ്ദാന്തരീക്ഷത്തില്‍ മുന്നോട്ടു പോകാം. ഇനിയും ഗുണ്ടായിസത്തിനാണ് ഭാവമെങ്കില്‍ അതിനെ നേരിടാന്‍ സര്‍ക്കാരും ജനങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാവുമെന്നത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നു. അക്കാര്യത്തില്‍ മുഖ്യമന്ത്രിയെ ഞങ്ങള്‍ക്ക് വിശ്വാസമാണ്.
ഏത് നിയമങ്ങൾക്കും പഴുതുകളുള്ള ഈ നാട്ടിൽ ആരുടെ വാക്കുകൾക്കും വിലയില്ലാതാകുന്നത് ഇപ്പോഴൊരു സാധാരണ കാഴ്ച മാത്രമാണ്. എന്നിരുന്നാലും ചിലതെങ്കിലും നിലയ്ക്കു നിർത്താൻ ആരെങ്കിലുമൊക്കെ ( ശ്രീനി സാറിന്റെ നോട്ടത്തിൽ നേതാക്കന്മാരെങ്കിലും) ശ്രമിച്ചില്ലങ്കിൽ ഉണ്ടാകാവുന്ന അരക്ഷിതാവസ്ഥയാണ് ഈ എളിയ വായനക്കാരന് കാണാൻ കഴിയുന്ന യാഥാർത്യo. വായനക്കാരന്റെ ചിന്തയെ തീ പിടിപ്പിക്കുന്ന ഈ എഴുത്ത് ഞാൻ വായിക്കുന്നത് തന്നെ സത്യത്തിന്റെ ഉപ്പ് നുകരാനാണ്👌