ചെറുതോണി അണക്കെട്ടിന്റെ സ്ഥിതി എന്താണെന്ന് അന്വേഷിക്കാനാണ് അല്പം മുമ്പ് ഞാന്‍ ശേഖറിനെ -ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിനെ -വിളിച്ചത്. പക്ഷേ, ഞാന്‍ അദ്ദേഹത്തോട് തൊടുത്ത ആദ്യ ചോദ്യം അണക്കെട്ടിനെക്കുറിച്ചോ വെള്ളത്തെക്കുറിച്ചോ ആയിരുന്നില്ല.
‘ആ അഞ്ജലിയെ നിങ്ങള്‍ പറഞ്ഞുവിട്ടോ?’
അഞ്ജലി രവിയെന്ന പേരു മാത്രമേ അറിയൂ. ആ കുട്ടിയെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. ആ കുട്ടിയെ എനിക്കറിയില്ല. കഴിഞ്ഞ ദിവസം മാത്രമാണ് അവളെക്കുറിച്ച് ഞാന്‍ കേട്ടത്. ഒരു ചിത്രം മാത്രമാണ് കണ്ടത് -ഓഫീസില്‍ വെച്ചുള്ളത്.
പക്ഷേ, അവളോട് ഒരു സ്‌നേഹവും ബഹുമാനവും കരുതലും തോന്നാന്‍ ആ കേട്ടത് ധാരാളമായിരുന്നു. ആ ചിത്രം ധാരാളമായിരുന്നു. അതു തന്നെയാണ് ശേഖറിനോടുള്ള എന്റെ ചോദ്യത്തിന്റെ കാരണവും.
അഞ്ജലിയെ ഇന്ന് -ഓഗസ്റ്റ് 14ന് രാവിലെ 8 മണിയോടെ ശേഖര്‍ നിര്‍ബന്ധിച്ച് വീട്ടിലേക്കു പറഞ്ഞുവിട്ടു.
‘മനസ്സില്ലാമനസ്സോടെയാണ് ആ കുട്ടി പോയത്. അവള്‍ നില്‍ക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, ഇനിയും പിടിച്ചുനിര്‍ത്തുന്നത് ദ്രോഹമാണ്. അഞ്ജലിക്കു മാത്രം ഞങ്ങള്‍ പ്രത്യേക പരിഗണന കൊടുത്തു’ -ശേഖര്‍ പറഞ്ഞു.
അഞ്ജലിക്കെന്താണ് പ്രത്യേകത? അവളുടെ വിവാഹമാണ് വരുന്ന ഞായറാഴ്ച -ഓഗസ്റ്റ് 19ന്.
അഞ്ജലിയുടെ വീട്ടില്‍ വിവാഹപ്പന്തല്‍ ഉയര്‍ന്നിരിക്കുന്നു. പക്ഷേ, അഞ്ജലി അതൊന്നും നോക്കാതെ, രാവെന്നോ പകലെന്നോ ഇല്ലാതെ കര്‍മ്മനിരതയായിരുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ദുരനന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക ഏകോപന സെല്ലിലായിരുന്നു.
രാപ്പകല്‍ ഭേദമന്യേ ഒരു കല്യാണപ്പെണ്ണ് ഓഫീസില്‍ ജോലി ചെയ്യുന്ന വിവരം കഴിഞ്ഞ ദിവസമാണ് ഞാന്‍ കേട്ടത്. എന്തെങ്കിലും ചെറിയ കാരണം മറയാക്കി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവര്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് അഞ്ജലിയോട് ബഹുമാനം തോന്നിയത് സ്വാഭാവികം.
കഴിഞ്ഞ ഡിസംബറിലാണ് ആ കുട്ടി ദുരന്ത നിവാരണ അതോറ്റിയുടെ ഭാഗമായത്. ദുരിതങ്ങളെയും ദുരന്തങ്ങളെയും എതിരിട്ടു തോല്പിക്കാന്‍ പോരാടുന്ന ഒരു ജനതയ്‌ക്കൊപ്പം താനും നില്‍ക്കണമെന്ന പ്രതിബദ്ധത അവളില്‍ വളരാന്‍ ഈ ചെറിയ കാലയളവിലെ സേവനം ധാരാളം മതിയായിരുന്നു.
അഞ്ജലിയെക്കുറിച്ച് അധികം വിവരങ്ങള്‍ അറിയില്ല എന്ന് ആദ്യമേ പറഞ്ഞു. പക്ഷേ, അവളെക്കുറിച്ച് ആദ്യമായി കേട്ട ശേഷം ചില വിവരങ്ങള്‍ തപ്പിയെടുത്തു, വിവാഹത്തെക്കുറിച്ച്.
കിരണ്‍ എന്ന ചെറുപ്പക്കാരനാണ് അഞ്ജലിയുടെ വരന്‍ എന്നറിയാം. പുനലൂരിലെ വര്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച രാവിലെ 11.20നും 11.55നും ഇടയിലാണ് വിവാഹം എന്നും ഇപ്പോഴറിയാം. മറ്റൊന്നുമറിയില്ല. ഈ കുറിപ്പെഴുതുമ്പോഴേക്കും അഞ്ജലി വീട്ടിലെത്തിയിട്ടുണ്ടാവണം.
അഞ്ജലിയെപ്പോലെ ഒരുപാടു പേരുടെ സമര്‍പ്പണം നാട്ടിലെ ദുരിതം ലഘൂകരിക്കാന്‍ സഹായിക്കുന്നുണ്ട്. അഞ്ജലിക്കും കിരണിനും വിവാഹ മംഗളാശംസകള്‍. ഇരുവര്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
അഞ്ജലിയെപ്പോലെ ഒരുപാടു പേര്‍ സമയവും കാലവും നോക്കാതെ, ഭക്ഷണമില്ലാതെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെയുള്ള എല്ലാവരോടും സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കാനാണ് ഈ വാക്കുകള്‍ എഴുതിയിട്ടത്. അഞ്ജലി അവരുടെ ഒരു പ്രതിനിധിയാണ്, പ്രതീകമാണ്.
സുരക്ഷിത കേരളത്തിനായി, ശാസ്ത്രവും അനുഭവവും ആസൂത്രണവും എന്നാണ് ദുരന്ത നിവാരണ അതോറിറ്റിക്കാര്‍ സ്വയം പറയുക. ഞാന്‍ ഇതില്‍ ഒരു വാക്കു കൂടി ചേര്‍ക്കും. സുരക്ഷിത കേരളത്തിനായി, ശാസ്ത്രവും അനുഭവവും ആസൂത്രണവും സമര്‍പ്പണവും. സമര്‍പ്പണം -അതു തന്നെയാണ് ഏറ്റവും വലുത്.