ചില മുഖങ്ങളുണ്ട്.
സദാ പുഞ്ചിരി തത്തിക്കളിക്കും.
അവര്‍ ദേഷ്യത്തിലാണേലും സങ്കടത്തിലാണേലും പുഞ്ചിരിക്കുന്നതായിട്ടായിരിക്കും മറ്റുള്ളവര്‍ക്കു തോന്നുക.
ആ മുഖം കാണുന്നതു തന്നെ ആശ്വാസമാണ്.
ആ പുഞ്ചിരി പ്രസരിപ്പ് പകരുന്നതാണ്.
2012 സെപ്റ്റംബര്‍ 5 ഞാന്‍ മറക്കില്ല.
ഇന്ത്യാവിഷനില്‍ ജോലിക്കു കയറിയ ദിവസം.
പുതിയ സ്ഥാപനത്തിലേക്കു കടന്നു ചെല്ലുന്നതിന്റെ അങ്കലാപ്പുണ്ടായിരുന്നു.
പ്രായം ഇത്രയായെങ്കിലും അകാരണമായ ഒരു ഭീതി.
നമ്മള്‍ ഒറ്റയ്ക്കാണ് എന്ന ബോധം മനസ്സിലേക്ക് വീണ്ടും വീണ്ടുമെത്തുന്ന സന്ദര്‍ഭങ്ങളിലൊന്ന്.
കൊച്ചി പാടിവട്ടത്തുള്ള ടുട്ടൂസ് ടവറിലായിരുന്നു ഇന്ത്യാവിഷന്‍ ഓഫീസ്.
ഏതു നിലയിലാണ് ഇന്ത്യാവിഷനെന്ന് താഴെ സെക്യൂരിറ്റിയോട് ചോദിച്ചു.
അടുത്ത് കൈയില്‍ സിഗരറ്റുമായി നിന്ന ചെറുപ്പക്കാരനാണ് മറുപടി നല്‍കിയത്.
5, 6 നിലകളിലാണ് ഇന്ത്യാവിഷന്‍. നേരെ ആറിലേക്കു വിട്ടോ, അവിടാ ഓഫീസ്.
ആറാം നിലയിലേക്കുള്ള ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോള്‍ അവളെ ഞാന്‍ ആദ്യമായി കണ്ടു.
ചെറുപുഞ്ചിരിയുള്ള മുഖം.
അവളെനിക്കൊരു നിറപുഞ്ചിരി സമ്മാനിച്ചു.
എനിക്കിറങ്ങേണ്ട ആറാം നിലയില്‍ത്തന്നെ അവളുമിറങ്ങി.
ഓ, അപ്പോള്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്യുന്ന കുട്ടിയാണ്.
അവള്‍ നേരേ റിസപ്ഷനിലേക്കു ചെന്നു.
‘ജോയിന്‍ ചെയ്യാന്‍ വന്നതാണ്’ -അവളുടെ വാക്കുകള്‍ എന്റെ കാതുകളില്‍ കുളിര്‍മഴയായി.
അപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല.
ഞാന്‍ ചാടിക്കയറി പറഞ്ഞു -‘ഞാനും.’
അവള്‍ എന്നെ പെട്ടെന്ന് തിരിഞ്ഞു നോക്കി, നിറപുഞ്ചിരിയോടെ തന്നെ.
ആ പെണ്‍കുട്ടിക്കു പിന്നാലെ ഞാനും ഡെസ്‌കിലേക്കു കടന്നു ചെല്ലുമ്പോള്‍ എല്ലാവരും ജോലിയില്‍ വ്യാപൃതര്‍.
ഇന്ത്യാവിഷനില്‍ എനിക്കു ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു.
എന്നെക്കാളേറെ കൂട്ടുകാര്‍ ആ പെണ്‍കുട്ടിക്കവിടെയുണ്ടെന്നു തോന്നി.
അവളുടെ സമപ്രായക്കാര്‍ വന്നു കെട്ടിപ്പിടിക്കുന്നു, കുശലമന്വേഷിക്കുന്നു.
എനിക്ക് ഏതായാലും അത്തരം സ്വീകരണങ്ങളൊന്നുമുണ്ടായില്ല.
എച്ച്.ആര്‍.മാനേജരുടെ മുറിയിലേക്ക് അവളുടെ സുഹൃത്തുക്കള്‍ നയിച്ചു.
അവളെ പിന്തുടര്‍ന്ന് ഞാനും.
എച്ച്.ആര്‍. മാനേജര്‍ സജീവ് ഗോപിനാഥ് ഞങ്ങള്‍ക്കിരുവര്‍ക്കും ചില ഫോമുകള്‍ നല്‍കി.
അടുത്തടുത്ത കസേരകളിലിരുന്ന് ഞങ്ങളത് പൂരിപ്പിച്ചു തുടങ്ങി.
ആ ഫോമില്‍ നിന്ന് ഞാനവളുടെ പേര് മനസ്സിലാക്കി.
അനുശ്രീ പിള്ള.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞാന്‍ നേരേ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി.ബഷീറിനെ കാണാന്‍ കയറി.
വിഷ്വല്‍ മീഡിയയിലേക്ക് എന്റെ പ്രവര്‍ത്തനം സ്വാംശീകരിക്കാനുള്ള പരിശീലനപരിപാടികള്‍ ചര്‍ച്ചയായി.
മാതൃഭൂമി പത്രത്തില്‍ നിന്നെത്തിയ എനിക്ക് ടെലിവിഷനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.
മലയാള മനോരമയില്‍ നിന്നെത്തിയ അനുരാജ്, ജനയുഗത്തില്‍ നിന്നെത്തിയ സോമു ജേക്കബ്ബ് എന്നിവര്‍ കൂടിയുണ്ടെന്ന് ബഷീര്‍ പറഞ്ഞു.
അത്രയും ആശ്വാസം.
ഞങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുമ്പോള്‍ വാതില്‍ പകുതി തുറന്ന് അനുശ്രീയുടെ തല പ്രത്യക്ഷപ്പെട്ടു.
പിന്നാലെ ഉടലും കടന്നു വന്നു.
റീഡിങ് ട്രയല്‍ നോക്കണം, ലൈബ്രറിയില്‍ പറഞ്ഞാല്‍ ടേപ്പ് തരും -ബഷീറിന്റെ നിര്‍ദ്ദേശം.
പുഞ്ചിരിയോടെ തലകുലുക്കി, അത്ര മാത്രം.
ആ കുട്ടി ജയ്ഹിന്ദില്‍ നിന്നു വന്നതാണ് -ബഷീര്‍ എന്നോടായി പറഞ്ഞു.
ഓ, അപ്പോള്‍ അതാണ് ഇവിടെയുള്ള സൗഹൃദങ്ങളുടെ കാരണം.
മുന്‍പരിചയമുണ്ടായിരുന്നതിനാല്‍ അനുശ്രീ പെട്ടെന്ന് ടീം ഇന്ത്യാവിഷന്റെ ഭാഗമായി.
തപ്പിത്തടഞ്ഞു നീങ്ങിയ എനിക്കൊപ്പം അനുരാജും സോമുവുമുണ്ടായിരുന്നത് ആശ്വാസം.
താമസിയാതെ ഞാന്‍ തിരുവനന്തപുരത്തേക്കു നീങ്ങി.
അനു ഡെസ്‌കിന്റെ അവിഭാജ്യഘടകമായി.
ഒരു കാര്യം ഡെസ്‌കിലേക്കു വിളിച്ചു പറയുമ്പോള്‍ മറുഭാഗത്ത് അനുവാണെങ്കില്‍ ഉറപ്പിക്കാം -ഏല്പിച്ചത് നടന്നിരിക്കും.
‘മ്യാവൂ’ എന്ന വിനോദ പരിപാടിയുടെ ചുമതലക്കാരിയായി.
ക്രമേണ ഇന്ത്യാവിഷന്റെ മുഖങ്ങളിലൊന്നായി.
ഒരേ ദിവസം ജോയിന്‍ ചെയ്തവര്‍ എന്ന സ്‌നേഹം അനുവിന് എന്നോടുണ്ടായിരുന്നു.
അവള്‍ എന്നെ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ കണ്ടു.
വ്യക്തിപരമായ കാര്യങ്ങള്‍ പോലും പങ്കുവെച്ചു, ആവശ്യങ്ങള്‍ ഉന്നയിച്ചു.
ചെയ്യാനാവുന്ന കാര്യങ്ങള്‍ ഞാനും ചെയ്തുകൊടുത്തു.
വലുതൊന്നും അവള്‍ ആവശ്യപ്പെട്ടില്ല.
അനുജത്തിയുടെ എന്‍ജിനീയറിങ് പ്രവേശനം, അമ്മാവന്റെ സ്ഥലംമാറ്റം എന്നിങ്ങനെ.
ഇതൊന്നും നടത്തിക്കൊടുക്കണമെന്നല്ല, തിരുവനന്തപുരത്തെ ഓഫീസുകളില്‍ നിന്ന് വിവരമന്വേഷിച്ചു പറഞ്ഞാല്‍ മതി.
ക്രമേണ ഇന്ത്യാവിഷന്‍ പ്രതിസന്ധിയിലായി.
അവസാനഘട്ടം വരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചവരില്‍ അനുവുമുണ്ടായിരുന്നു.
ഒടുവില്‍ അവള്‍ വീണാ ജോര്‍ജ്ജിനൊപ്പം ടി.വി. ന്യൂവിലേക്കു പോയി.
അവിടെയും പ്രതിസന്ധി ഉടലെടുത്തു.
കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും കാലത്തിന് അവസാനമിട്ടുകൊണ്ട് ടൈംസിലെ ജോലി അവളെത്തേടി വന്നു.
ജീവിതത്തില്‍ കാലുറപ്പിക്കാന്‍ തുടങ്ങുകയായിരുന്നു അവള്‍.
ഏതാണ്ട് ഒരു മാസം മുമ്പ് അനുശ്രീയെ കണ്ടു.
ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം.
നിയമസഭാ മണ്ഡലങ്ങളിലൂടെയുള്ള പര്യടനത്തിലായിരുന്നു ഞാന്‍.
കൊച്ചി പാലാരിവട്ടത്ത് റോഡിലൂടെ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി -‘ശ്യാമേട്ടാ….’
അനുവാണ്. അവളെ കണ്ടതില്‍ എനിക്കു സന്തോഷം. അവള്‍ക്ക് അതിലേറെ സന്തോഷം.
‘എന്താ ചേട്ടാ പരിപാടി?’
‘ഒരു പരിപാടിയുമില്ല മോളേ. അക്ഷരാര്‍ത്ഥത്തില്‍ തൊഴില്‍രഹിതന്‍.’
‘എല്ലാം ശരിയാകും ചേട്ടാ’ -അവളുടെ വാക്കുകള്‍ക്ക് പുഞ്ചിരിയുടെ അകമ്പടി.
കലാകൗമുദിക്കു വേണ്ടി തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായുള്ള പര്യടനത്തിലാണെന്നു കേട്ടപ്പോള്‍ അവള്‍ക്കറിയേണ്ടത് ഒരു കാര്യം മാത്രം -‘വീണച്ചേച്ചി ജയിക്കുമോ?’
ആറന്മുളയില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പഴയ സഹപ്രവര്‍ത്തക വീണാ ജോര്‍ജ്ജിന്റെ കാര്യമാണ് ചോദിക്കുന്നത്.
‘ജയിക്കാനാണ് സാദ്ധ്യത. നായര്‍ വോട്ടുകള്‍ ശിവദാസന്‍ നായരും എം.ടി.രമേശും പങ്കിടുകയും വീണയ്ക്കനുകൂലമായി ഓര്‍ത്തഡോക്‌സ് വോട്ടുകളുടെ ഏകോപനം ഉണ്ടാവുകയും ചെയ്താല്‍ ജയിക്കും’ -അവലോകനത്തിലെ പാണ്ഡിത്യം പ്രകടിപ്പിക്കാന്‍ എന്റെ ശ്രമം.
അവള്‍ക്ക് കാര്യകാരണങ്ങളില്‍ താല്പര്യമുണ്ടായിരുന്നില്ല. വീണ ജയിക്കും എന്നു മാത്രം കേട്ടാല്‍ മതിയായിരുന്നു.
അതാണ് അനു. കൂടെയുള്ളവരുടെ സന്തോഷത്തില്‍ സ്വന്തം സന്തോഷം തിരഞ്ഞിരുന്ന പെണ്‍കുട്ടി.
‘ഇന്ത്യാവിഷന്‍ തിരിച്ചുവരുമെന്ന് എല്ലാവരും പറയുന്നു. എല്ലാം ശരിയാവും ചേട്ടാ. ധൈര്യമായിരിക്ക്.’
ആശ്വാസത്തിന്റെ അടുത്ത ഡോസ്, അതെനിക്കുള്ളതാണ്. സ്വീകരിച്ചു.
പറയുന്നത് നിറഞ്ഞ ആത്മാര്‍ത്ഥതയോടെ ആവുമ്പോള്‍ വാക്കുകള്‍ മനസ്സിലേക്കു നേരിട്ടു കയറും.
രാവിലെ മുഖപുസ്തകം തുറന്നപ്പോള്‍ ആദ്യം കണ്ടത് ദിലീപിന്റെ പോസ്റ്റ്.
‘അനുശ്രീ.
ഒന്നും പറയാനായില്ല.
ഞാന്‍ തിരികെ വന്നതിനെക്കുറിച്ചോ
നിന്റെ ജോലിത്തിരക്കിനെക്കുറിച്ചോ
ഒന്നും .
ഉളളുലയുന്നു.’
ഇവനെന്താ ഈ എഴുതിവെച്ചിരിക്കുന്നത്, വിശ്വാസം വന്നില്ല.
ആശങ്കയോടെ മൗസ് താഴേക്കു സ്‌ക്രോള്‍ ചെയ്തു.
നിഖില്‍, വിനേഷ്.. എല്ലാവരുടെയും പോസ്റ്റുകളില്‍ അനുശ്രീയുടെ ചിത്രം.
കാലുകളിലൂടെ ഒരു മരവിപ്പ് മുകളിലേക്ക് ഇരമ്പിക്കയറുന്നത് ഞാനറിഞ്ഞു.
വിറയ്ക്കുന്ന കൈകളോടെ നിഖിലിനെ വിളിക്കാന്‍ ഫോണെടുത്തു.
ആദ്യം ഡയല്‍ ചെയ്തപ്പോള്‍ ഫോണ്‍ ബിസി.
രണ്ടു മിനിറ്റു കഴിഞ്ഞ് വീണ്ടു വിളിച്ചു.
‘അനുവിനെന്താടാ പറ്റിയേ?’ -എങ്ങനെയൊക്കെയോ ചോദിച്ചു. വാക്കുകള്‍ പുറത്തേക്കു വരുന്നില്ല.
‘അവള്‍ പോയി ചേട്ടാ. വയറുവേദനയാണെന്നു……’ -നിഖില്‍ എന്തൊക്കെയോ വിശദീകരിക്കാന്‍ ശ്രമിച്ചു.
ഞാനൊന്നും കേട്ടില്ല. കേള്‍വി നഷ്ടമായിരിക്കുന്നു. കണ്ണുകളില്‍ നിറയെ ഇരുട്ട്.
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്.
വളരെ അടുപ്പമുണ്ടായിരുന്ന എത്ര പേരെയാണ് അവന്‍ എന്നില്‍ നിന്ന് ഈയിടെ തട്ടിയെടുത്തത്.
പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഏഷ്യാനെറ്റിലെ അനീഷ്, ഇപ്പോള്‍ അനു..
ലാപ്‌ടോപ്പ് സ്‌ക്രീനിലെ കാഴ്ച മങ്ങുന്നു.
എന്റെ കണ്ണുകളില്‍ വെള്ളത്തിന്റെ തിരയിളക്കം.
അതു തുള്ളിയായി താഴേക്കു വീണു.
അനൂ… ഈ കണ്ണുനീര്‍ത്തുള്ളി നിനക്കുള്ളതാണ്.
ഈ ചേട്ടനു നല്‍കാന്‍ ഇത്രമാത്രം.
Rip nicely expressed the sadness
ANUSREE…. REST IN PEACE
ആദരാഞ്ജലികൾ അനുശ്രീ…
Nashtathintae Vila athu anubhavichal mathramae ariyoo.syam you nicely express ed your sadness.eekalathu arkum areyum kurichu chinthikkan neramillathappol prethekichum……
ജീവിതം തന്നെ ഒരു തരം സർക്കസ് പോലെയാണല്ലോ ശ്യാമേട്ടാ.. ഉയർച്ചകളും താഴ്ചകളും ഉണ്ടാവുമ്പോ പരിചയ സമ്പന്നരായ ട്രപ്പീസ് കളിക്കാരെ പോലെ നമ്മൾ അഭ്യാസം ചെയ്യും ചിലർ അതിനിടക്ക് പിടിവിട്ട് പോകും.. ചിലർക്ക് അത് കളിക്കാനേ യോഗം കാണില്ല അതിനിടയ്ക്ക് ആ രംഗ ബോധമില്ലാത്തകോമാളി വേദിയിൽ നിന്ന് അവരെ വിളിച്ചിറക്കി കൊണ്ട് പോകും.. ആരു വീണാലും ഇല്ലെങ്കിലും ഈ സർക്കസ് തുടർന്ന് കൊണ്ടെയിരിക്കുന്നു..
Viswasikkan pattiyittilla naalithuvareyum…..ettavum shanthathayil sugamayi urangikkotte …
She was A good friend from my village and a batch mate in college.i always loved her warm smile and innocence. Memories are just pumping up. Still can’t believe that I will never meet her again when I go home for my holidays . .
ഓർമ്മപ്പുഞ്ചിരി……