HomeSPORTSഅര്‍ജന്റീന ജയ...

അര്‍ജന്റീന ജയിക്കട്ടെ… മെസ്സിയും

-

Reading Time: 4 minutes

സുഹൃത്തിന്റെ വീട്ടിലെ ടെലിവിഷനില്‍ ആദ്യമായി ഫുട്ബോള്‍ കാണുന്നത് 1986ലെ മെക്സിക്കോ ലോകകപ്പ് വേളയിലാണ്. അന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗം. ഏഴാം ക്ലാസ്സുകാരന്റെ മനസ്സിലേക്ക് ഡീഗോ അര്‍മാന്‍ഡോ മാറഡോണ എന്ന ദൈവവും അര്‍ജന്റീന എന്ന ടീമും കുടിയേറി. ദൈവത്തിനൊപ്പം ഓര്‍മ്മിച്ചെടുക്കാനാവുന്ന ഒരു പേര് ജോര്‍ഗെ ബുറുഷാഗ എന്ന ഏഴാം നമ്പറുകാരന്‍. പത്രങ്ങളിലൂടെ മാറഡോണയുടെ മഹത്വത്തെക്കുറിച്ച് വായിച്ചറിഞ്ഞ് അദ്ദേഹത്തെ ഭ്രാന്തമായി പിന്തുടരുകയായിരുന്നു എന്നു തന്നെ പറയാം. അതുപോലെ ആരാധന തോന്നിയ നാലു കായിക താരങ്ങള്‍ മാത്രമേ പിന്നീടുള്ള എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ സ്വര്‍ണ്ണത്തലമുടിക്കാരായ ജര്‍മന്‍ ടെന്നീസ് താരങ്ങള്‍ ബോറിസ് ബെക്കറും സ്റ്റെഫി ഗ്രാഫും, കാറോട്ടത്തിലെ അത്ഭുതം മൈക്കല്‍ ഷൂമാക്കര്‍, പിന്നെ നമ്മുടെ സ്വന്തം സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍. ഇതില്‍ സ്റ്റെഫിയുടെ കളി എപ്പോള്‍ ടെലിവിഷനില്‍ ഉണ്ടെങ്കിലും അതു കാണാതിരുന്നിട്ടില്ല എന്നു കൂടി സമ്മതിക്കട്ടെ!

ബോറിസ് ബെക്കര്‍
ബോറിസ് ബെക്കര്‍

ഫുട്ബോളിലേക്ക് തിരിച്ചുവരാം. 1986 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന നേരിട്ടത് പശ്ചിമ ജര്‍മനിയെ. കാള്‍ ഹെയ്ന്‍സ് റൂമനിഗെ, റൂഡി വോളര്‍, ലോതര്‍ മത്തേയസ് എന്നിങ്ങനെ ചില പേരുകള്‍ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. അര്‍ജന്റീന തോല്‍ക്കുന്നത് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. തകര്‍പ്പന്‍ ഫൈനല്‍, ആഗ്രഹിച്ചതുപോലെ അര്‍ജന്റീന ജയിച്ചുകയറി. പക്ഷേ, ബഹുമാനം പിടിച്ചുവാങ്ങുന്ന കളിയാണ് പശ്ചിമ ജര്‍മനിക്കാര്‍ കളിച്ചത്. ലോകകപ്പുമായി ദൈവം നില്‍ക്കുന്ന പോസ്റ്റര്‍ ‘സ്പോര്‍ട്സ് സ്റ്റാര്‍’ വാരിക സമ്മാനമായി തന്നത് എന്റെ കിടപ്പുമുറിയിലെ ചുമരില്‍ സ്ഥാനം പിടിച്ചു. പിന്നീട് കുട്ടിപ്പാവാടയിട്ട സുന്ദരി സ്റ്റെഫിയും വിംബിള്‍ഡണ്‍ ട്രോഫിയുമായി നില്‍ക്കുന്ന ബോറിസ് ബെക്കറുമെല്ലാം ചുമരില്‍ മാറഡോണയുടെ കൂട്ടുകാരായി. എല്ലാക്കാലത്തും ജര്‍മന്‍കാരിയായ സ്റ്റെഫിയുടെ എതിരാളി അര്‍ജന്റീനിയന്‍ സുന്ദരി ഗബ്രിയേല സബാറ്റിനി ആയിരുന്നു. മാറഡോണയുടെ നാട്ടുകാരി ആയിരുന്നിട്ടു പോലും എന്തുകൊണ്ടോ സബാറ്റിനിയോട് വലിയ താല്പര്യം തോന്നിയിട്ടില്ല. ഫസ്റ്റ് ലൗ സ്റ്റെഫി ആയതാകാം കാരണം.

സ്‌റ്റെഫി ഗ്രാഫ്‌

പത്താം ക്ലാസ്സിന്റെ സമ്മര്‍ദ്ദമെല്ലാം ഒഴിഞ്ഞ വേളയിലായിരുന്നു ഇറ്റാലിയ 1990. വീട്ടില്‍ ബി.പി.എല്‍.ഇന്ത്യയുടെ പുതിയ കളര്‍ ടെലിവിഷന്‍ എത്തിയിരിക്കുന്നു. പ്രിഡിഗ്രിക്ക് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളേജില്‍ ഒന്നാം ഗ്രൂപ്പില്‍ അഡ്മിഷന്‍ നേടിയ വേളയായതിനാല്‍ രാത്രി ഉറക്കമിളച്ചിരുന്ന് കളി കാണുന്നതിന് വീട്ടില്‍ വിലക്കുണ്ടായില്ല. മാറഡോണയെയും അര്‍ജന്റീനയെയും വിട്ട് കളിയില്ല. പക്ഷേ, ഉദ്ഘാടന മത്സരത്തില്‍ കാമറൂണിനോട് 1-0ന് അര്‍ജന്റീന തോറ്റത് ഇപ്പോഴും ഓര്‍ക്കുന്നത് ഞെട്ടലോടെ. തപ്പിയും തടഞ്ഞുമായിരുന്നു അര്‍ജന്റീനയുടെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരില്‍ മികച്ചവര്‍ എന്ന നിലയിലാണ് അര്‍ജന്റീന നോക്കൗട്ട് ഘട്ടത്തില്‍ കടന്നത്.

മൈക്കല്‍ ഷൂമാക്കര്‍

സോവിയറ്റ് യൂണിയനെതിരായ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ പ്രധാന ഗോളി നെറി പൊംപിഡോ പരിക്കേ് പുറത്തായി. അതോടെ അര്‍ജന്റീനയുടെ കഥ തീര്‍ന്നു എന്നുറപ്പിച്ചു. ‘ഉര്‍വ്വശീശാപം ഉപകാരം’ എന്നു പറഞ്ഞാല്‍ മതിയല്ലോ, പകരക്കാരന്‍ ഗോളി സെര്‍ജിയോ ഗോയ്ക്കോച്ചിയ പിന്നീട് ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റുന്നതാണ് കണ്ടത്. മാറഡോണയെക്കാള്‍ 1990ല്‍ അര്‍ജന്റീനയുടെ താരം ഗോയ്ക്കോച്ചിയ ആയിരുന്നു. ഫൈനല്‍ വരെ ടീം എത്തിയത് ഗോളിയുടെ മികവില്‍ മാത്രം. അതില്‍ ഇറ്റലിക്കെതിരായ ഷൂട്ടൗട്ട് ജയവും ഉള്‍പ്പെടുന്നു. ഫൈനലില്‍ മാറഡോണയുടെയും സംഘത്തിന്റെയും എതിരാളികളായി വീണ്ടും പശ്ചിമ ജര്‍മനി. പക്ഷേ, ഇക്കുറി ഭാഗ്യം ഗോയ്ക്കോച്ചിയയെയും മാറഡോണയെയും കൈവിട്ടു. അനര്‍ഹമെന്ന് മാറഡോണയ്ക്കൊപ്പം ഞാനും ഇന്നും വിശ്വസിക്കുന്ന പെനാല്‍റ്റി ഗോളാക്കി ആന്ദ്രെ ബ്രഹ്മെ 1-0ന് കിരീടം പശ്ചിമ ജര്‍മനിയിലേക്കു കൊണ്ടുപോയി. വാവിട്ടു കരയുന്ന മാറഡോണയെ അന്നു ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടത് ഇന്നും മനസ്സിലുണ്ട്.

സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍

യു.എസ്.എ. 1994ലും അര്‍ജന്റീനയെയും മാറഡോണയെയും തന്നെയാണ് പിന്തുടര്‍ന്നത്. പക്ഷേ, മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ മാറഡോണ പാതിവഴിയില്‍ വീണതോടെ എന്റെ ലോകകപ്പ് അവസാനിച്ചു. പിന്നീട് ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട എന്ന ബാറ്റി ഗോള്‍, ക്ലോഡിയോ കനീജിയ, മൊട്ടത്തലയന്‍ യുവാന്‍ സെബാസ്റ്റിയന്‍ വെറോണ്‍, ഹെര്‍നന്‍ ക്രെസ്പോ, പാബ്ലോ സോറിന്‍ എന്നിങ്ങനെ ഒരുപാട് പേര്‍ ഇളം നീലയും വെള്ളയും ഇടകലര്‍ന്ന ജേഴ്സിയണിഞ്ഞ് വന്നു പോയി. അപ്പോഴേക്കും പത്രപ്രവര്‍ത്തകനായി മാറിയ ഞാന്‍ അര്‍ജന്റീനയ്ക്കു വേണ്ടിയുള്ള ആര്‍പ്പുവിളി ‘മാതൃഭൂമി’ സ്പോര്‍ട്സ് ഡെസ്‌കിലേക്കു മാറ്റിയിരുന്നു. ‘വിവാ അര്‍ജന്റീന’ എന്ന തലക്കെട്ട് ഒന്നിലേറെ തവണ ഉപയോഗിച്ചു കഴിഞ്ഞ ദിവസവും അത് ഉപയോഗിച്ചു കണ്ടു. പക്ഷേ, 1986 ആവര്‍ത്തിക്കാനുള്ള കാത്തിരിപ്പ് നീണ്ടു.  ദക്ഷിണാഫ്രിക്ക 2010 ആയപ്പോഴേക്കും അര്‍ജന്റീനയക്ക് പുതിയ മിശിഹ വന്നു ലയണല്‍ മെസ്സി. പരിശീലകനായി സാക്ഷാല്‍ മാറഡോണ. ഏറെ പ്രതീക്ഷിച്ചു. പക്ഷേ, അര്‍ജന്റീന കളി മറന്ന ഒരു ദിവസം ജര്‍മനി ആ പ്രതീക്ഷകള്‍ ചവിട്ടിയരച്ചു. മാറഡോണയും മെസ്സിയും വെറുംകൈയോടെ മടങ്ങി.

1986ലെ ഫുട്ബാള്‍ ലോക കിരീടവുമായി മാറഡോണ

ബ്രസീല്‍ 2014. 1986ലെയും 1990ലെയും പോലെ അര്‍ജന്റീന -ജര്‍മനി ഫൈനല്‍. ഒരു വ്യത്യാസമുണ്ട്, പശ്ചിമ ജര്‍മനി ഇന്ന് ഏകീകൃത ജര്‍മനിയാണ്. ആഗ്രഹം 1986ന്റെ ആവര്‍ത്തനം, അര്‍ജന്റീന ചാമ്പ്യന്മാരാവണം. മെസ്സി കപ്പുയര്‍ത്തണം. കടലാസില്‍ ജര്‍മനി ശക്തരായിരിക്കാം. അര്‍ജന്റീന തപ്പിത്തടഞ്ഞാണ് ഫൈനല്‍ വരെ എത്തിയത് എന്നതും ഒരു പരിധി വരെ ശരിയാണ്. പക്ഷേ ഓര്‍ക്കുക, സെമിയില്‍ അര്‍ജന്റീനയെ നേരിട്ട ഹോളണ്ടും കടലാസില്‍ ശക്തരായിരുന്നു. ഹോളണ്ടിനെതിരെ എന്ന പോലെ ഇന്നും അര്‍ജന്റീനയുടെ ദിവസമാണ്. ഒരു കാര്യം കൂടി, ഇന്നു തോറ്റാലും ജയിച്ചാലും ഞാന്‍ അര്‍ജന്റീനയ്ക്കൊപ്പം തന്നെ. അര്‍ജന്റീനയുടെ കടുത്ത ആരാധകനാണെങ്കിലും പരസ്യമായി അതു പ്രകടിപ്പിക്കുന്നത് ആദ്യമായാണ്. ഗിരീഷിനെപ്പോലെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം അറിയാവുന്ന കാര്യം. മാറഡോണയിലൂടെയാണ് ഞാന്‍ അര്‍ജന്റീനയിലെത്തിയത്. ഒരു ടൂര്‍ണമെന്റില്‍ ഏതെങ്കിലും ടീം നന്നായി കളിച്ചാല്‍ അതു ബ്രസീലോ, ഹോളണ്ടോ, ജര്‍മനിയോ ആകട്ടെ ആ ടീമിനൊപ്പം ചേര്‍ന്നു മേനിനടിക്കുന്ന പല സുഹൃത്തുക്കളെയും കണ്ടിട്ടുണ്ട്. അടുത്ത ടൂര്‍ണമെന്റ് ആകുമ്പോഴേക്കും അവര്‍ പുതിയ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടാവും. ടീമിനെയല്ല, നല്ല കളിയെയാണ് ആരാധിക്കുന്നത് എന്നാണ് വാദം. ഞാന്‍ അത്തരക്കാരനല്ല. ഫുട്ബോള്‍ എനിക്ക് വിവേകമല്ല, വികാരമാണ്. ആ വികാരത്തിന്റെ പേരാണ് അര്‍ജന്റീന. അതിനാല്‍ത്തന്നെ അര്‍ജന്റീനയുടെ ജയത്തിനായി കാത്തിരിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

അര്‍ജന്റീന ജയിക്കുമ്പോള്‍ അമിതമായി ആഹ്ളാദിക്കാനും തോല്‍ക്കുമ്പോള്‍ കെട്ടിപ്പിടിച്ചു കരയാനും എനിക്കൊപ്പമുണ്ടായിരുന്ന ആര്‍.ഗിരീഷ്‌കുമാര്‍ ഇന്ന് ‘മാതൃഭൂമി’ക്കുവേണ്ടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ബ്രസീലിലുണ്ട്.  ഗിരി… നീ ഭാഗ്യവാനാണ്. ഇഷ്ട ടീം ഫൈനല്‍ കളിക്കുന്നത് കാണാനും അവര്‍ കപ്പുയര്‍ത്തുന്നത് എഴുതി ഫലിപ്പിക്കാനും അവസരം ലഭിച്ചുവല്ലോ.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights