Reading Time: 3 minutes

പിണറായി വിജയന്റെ കടുംപിടിത്തം എല്ലാക്കാലത്തും വലിയ ചര്‍ച്ചാവിഷയമാണ്. അതു ചര്‍ച്ചയാവാന്‍ തക്കവണം അദ്ദേഹം കടുംപിടിത്തം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് എല്ലായ്‌പ്പോഴും കടുംപിടിത്തം മാത്രം മുഖമുദ്രയാക്കിയ ആളാണ് അദ്ദേഹം എന്നര്‍ത്ഥമുണ്ടോ? ഇല്ല തന്നെ.

പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടുംപിടിത്തം’ സിരീസിലെ ഏറ്റവും പുതിയ എപ്പിസോഡ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുകയാണ്. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ച തന്നെ വിഷയം. ആദ്യം വന്ന വാര്‍ത്ത -‘സ്വാശ്രയ ചര്‍ച്ച പരാജയം’. അല്പം കഴിഞ്ഞപ്പോള്‍ അടുത്ത വാര്‍ത്ത വരുന്നു -‘മുഖ്യമന്ത്രിയുടെ കടുംപിടിത്തം ഒത്തുതീര്‍പ്പ് അസാദ്ധ്യമാക്കി’. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ അതു പറയുന്നു. മറ്റുള്ളവര്‍ ഏറ്റുപറയുന്നു. പിണറായി വിജയന്റെ പഴയകാല പെര്‍ഫോര്‍മന്‍സുകള്‍ കണ്ടിട്ടുള്ള ആരും ഇത് വിശ്വസിക്കും. രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് കച്ചിത്തുരുമ്പായി മാറിയത് ഈ ബാക്ക് ഹിസ്റ്ററിയാണ്.

രാഷ്ട്രീയമായി സര്‍ക്കാരിനു തിരിച്ചടിയാകും എന്നുള്ളതിനാല്‍ സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറയ്ക്കുന്നതിനെ മുഖ്യമന്ത്രി അട്ടിമറിച്ചു എന്നൊക്കെയാണ് രാഷ്ട്രീയ നിരീക്ഷകന്മാര്‍ വിലയിരുത്തി തള്ളുന്നത്. ഉമ്മന്‍ ചാണ്ടിയോളം വരില്ലെങ്കിലും ബുദ്ധിയുടെ കാര്യത്തില്‍ പിണറായി മോശക്കാരനൊന്നുമല്ല. യു.ഡി.എഫിന് കടിച്ചുതൂങ്ങാന്‍ കിട്ടിയ വിഷയത്തിന് ആയുസ്സ് നീട്ടിക്കൊടുക്കാന്‍ മാത്രം മണ്ടനല്ല അദ്ദേഹം. അതിനാല്‍ത്തന്നെയാണ് ഇതിന്റെ പിന്നിലെ കളികള്‍ അന്വേഷിക്കണം എന്നു തോന്നിയത്. ചര്‍ച്ചയില്‍ ധാരാളം പേര്‍ പങ്കെടുത്തിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്നിഹിതരായിരുന്ന, അടുത്തു പരിചയമുള്ള 4 പേരോട് സംസാരിച്ചു. അതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍.

Fazal-gafoor
ഡോ.ഫസല്‍ ഗഫൂര്‍

യു.ഡി.എഫ്. നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്നത് മാനേജ്‌മെന്റുകളുടെ കൂടി ആവശ്യമായിരുന്നു. സ്വാശ്രയ മുതലാളിമാര്‍ക്ക് അവരുമായിട്ടാണല്ലോ കൂടുതല്‍ അടുപ്പം. ആ അടുപ്പത്തിന്റെ ഭാഗമായുള്ള സമ്മര്‍ദ്ദവുമുണ്ടായി. അതിന്റെ ഫലമായിട്ടാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. മുഖം രക്ഷിക്കാന്‍ യു.ഡി.എഫിനെ സഹായിക്കുന്ന ചില വ്യവസ്ഥകളാണ് അവര്‍ മുന്നോട്ടുവെച്ചത്. അതില്‍ത്തന്നെ പൂര്‍ണ്ണ ധാരണയുണ്ടായിരുന്നില്ല. 30 ശതമാനം മെരിറ്റ് സീറ്റിലെ 2.50 ലക്ഷം രൂപ ഫീസ് 2.10 ലക്ഷം രൂപയാക്കിയാലും വലിയ നഷ്ടം സംഭവിക്കില്ലെന്ന എം.ഇ.എസ്. അദ്ധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശം മറ്റു മാനേജ്‌മെന്റുകള്‍ അംഗീകരിച്ചില്ല. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി ഫീസ് കുറയ്ക്കാമെന്ന നിര്‍ദ്ദേശം ചില മാനേജ്‌മെന്റുകള്‍ മുന്നോട്ടു വെച്ചപ്പോള്‍ ഇപ്പോള്‍ത്തന്നെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട് എന്ന വാദം മറ്റു ചിലര്‍ ഉയര്‍ത്തി. ഒടുവില്‍, സ്‌കോളര്‍ഷിപ്പ് തന്നെ കച്ചിത്തുരുമ്പാക്കി. മുഖ്യമന്ത്രിയെ കണ്ട ശേഷം സ്‌കോളര്‍ഷിപ്പിലൂടെ ഫീസിളവ് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാമെന്നും അതോടെ യു.ഡി.എഫ്. സമരം ഒത്തുതീരുമെന്നും ധാരണയായി.

എന്തുകൊണ്ടാണ് ഇത് നടക്കാതെ പോയത്? പിണറായി വിജയന്റെ പിടിവാശിയാണോ? അതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. പൂര്‍ണ്ണവിവരണത്തിന് ഞാന്‍ മുതിരുന്നില്ല, നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആവശ്യമുള്ള പ്രസക്ത ഭാഗങ്ങള്‍ മാത്രം. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ഹാജര്‍.

krishandas
ഡോ.പി.കൃഷ്ണദാസ്

പിണറായി വിജയന്‍ പ്രവേശിക്കുന്നു -‘എല്ലാവരും എത്തിയല്ലോ അല്ലേ? എങ്കില്‍ തുടങ്ങാം.’
മുഖ്യമന്ത്രി തന്നെ തുടക്കമിട്ടു -‘ഫീസ് കുറയ്ക്കാമെന്ന നിര്‍ദ്ദേശം ഉണ്ടെന്നു പറയുന്നതു കേട്ടു. അങ്ങനെ എന്തെങ്കിലും ഉണ്ടോ?’
മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി ഡോ.പി.കൃഷ്ണദാസാണ് മറുപടി നല്‍കിയത് -‘ഫീസ് കുറയ്ക്കാനുള്ള നിര്‍ദ്ദേശമൊന്നുമില്ല. അതു സംബന്ധിച്ച ഒരു ചര്‍ച്ചയും അസോസിയേഷനില്‍ നടന്നിട്ടില്ല. ഇവിടെയും അത് ചര്‍ച്ചാവിഷയമല്ല.’
അപ്പോള്‍ ഡോ.ഫസല്‍ ഗഫൂര്‍ ഇടപെട്ടു -‘ഫീസ് വേണമെങ്കില്‍ 2,10,000 രൂപയാക്കി കുറയ്ക്കാവുന്നതേയുള്ളൂ’. തന്റെ ഭാഗം ന്യായീകരിക്കുന്നതിനുള്ള കണക്കുകളും അദ്ദേഹം മുഖ്യമന്ത്രിക്കു മുന്നില്‍ നിരത്തി.
ഇതോടെ മറ്റു മാനേജ്‌മെന്റുകള്‍ കുപിതരായി. അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു -‘എം.ഇ.എസ്. വേണമെങ്കില്‍ 2,10,000 രൂപ ഫീസില്‍ പഠിപ്പിച്ചോട്ടെ. സ്‌കോളര്‍ഷിപ്പ് നല്‍കിക്കോട്ടെ. ഞങ്ങള്‍ക്ക് കുറയ്ക്കാന്‍ കഴിയില്ല. 2,50,000 രൂപ തന്നെ വേണം.’ അവരും കണക്കുകള്‍ നിരത്തി.
അപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു -‘അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കിക്കാനല്ലല്ലോ നിങ്ങള്‍ വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ തവണ നിങ്ങളെ കണ്ടപ്പോള്‍ തന്നെ ഫീസ് കുറയ്ക്കണമെന്ന് ഞാന്‍ പറഞ്ഞതാണ്. പിന്നെന്താണ് ആശയക്കുഴപ്പം?’
പിണറായിയുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല.

ചര്‍ച്ചയുടെ ചൂടിനെ മൗനത്തിന്റെ ആവരണം മൂടി. അതോടെ മുഖ്യമന്ത്രി തലവരി പ്രശ്‌നം എടുത്തിട്ടു. സര്‍ക്കാരുമായുണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമായി ചില കോളേജുകള്‍ തലവരി പിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കടുപ്പിച്ചു പറഞ്ഞു. ഇതോടെ കരാര്‍ കൃത്യമായി പാലിക്കാമെന്ന് പറയാന്‍ മാത്രമേ മാനേജ്‌മെന്റുകള്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. ഫീസ് അടക്കം എല്ലാ കാര്യങ്ങളിലും മാറ്റമില്ലാതെ കരാര്‍ നിലനില്‍ക്കും എന്ന അവസ്ഥ വന്നു. ആ വിഷയം അവിടെ തീര്‍ന്നു. തലവരി പ്രശ്‌നം വന്നതോടെ കൂടുതല്‍ ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

shylaja_kk
കെ.കെ.ശൈലജ

പിന്നീട് നടന്ന ചര്‍ച്ചകള്‍ അടുത്ത വര്‍ഷത്തെ പ്രവേശന നടപടികളെക്കുറിച്ചാണ്. സര്‍ക്കാരിന്റെ സഹകരണം മാനേജ്‌മെന്റുകള്‍ അഭ്യര്‍ത്ഥിച്ചു. സഹകരണം അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പുറത്തുവന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ ഫീസില്‍ മാറ്റമില്ല എന്നു പ്രഖ്യാപിച്ചു. കോളേജ് നടത്തിപ്പിനു വേണ്ട ചില സഹായങ്ങളെക്കുറിച്ചും അടുത്ത വര്‍ഷത്തെ പ്രവേശനത്തെക്കുറിച്ചും മാത്രമാണ് ചര്‍ച്ച നടന്നതെന്ന് ഡോ.കൃഷ്ണദാസിന്റെ പ്രഖ്യാപനം. ഫീസ് കുറയാത്തതിന്റെ പഴി മൊത്തം പിണറായി വിജയന്! ആര്‍ക്കും കിട്ടാത്ത, ഒരു രേഖയും വ്യവസ്ഥയുമില്ലാത്ത സ്‌കോളര്‍ഷിപ്പ് എന്ന ഉമ്മാക്കി കാണിച്ച് ത്യാഗികളാവാന്‍ വന്ന സ്വാശ്രയ മുതലാളിമാരുടെ കള്ളി മുഖ്യമന്ത്രിയുടെ കൃത്യമായ നിലപാടിനു മുന്നില്‍ പൊളിഞ്ഞു. ആരോഗ്യ മന്ത്രി ശൈലജയ്ക്ക് ഈ തട്ടിപ്പ് മനസ്സിലായില്ലേ എന്ന ചോദ്യം ഉയരുക സ്വാഭാവികം. അതിനൊരുത്തരമേയുള്ളൂ -ശൈലജ മുഖ്യമന്ത്രിയല്ല. മുഖ്യമന്ത്രിക്കു തീരുമാനിക്കാം, ആരോഗ്യ മന്ത്രിക്കു പറ്റില്ല.

പറയുമ്പോള്‍ എല്ലാം പറയണം. തലവരി പിരിക്കുന്ന കോളേജുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു. അക്കാര്യം നടപടി എടുത്ത ശേഷം മാത്രമേ വിശ്വസിക്കുകയുള്ളൂ. മുന്‍കാല അനുഭവം നല്‍കുന്ന പാഠം അതാണ്.

Previous articleആക്രമണത്തിലൂടെ പ്രതിരോധം
Next articleഈ സമരം ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

2 COMMENTS

 1. മുഖ്യമന്ത്രിയെ താറടിക്കാൻ
  ഇത്തവണ യാതോരു അനുപാതവുമില്ലാതെ
  ഫീസ്‌ അന്യായമായി വർദ്ധിപ്പിച്ചതും
  ചെന്നിത്തല പറ്റിച്ച പണിയാണാ…

  എന്തൊക്കെ വാറോലകൊണ്ടാണ്‌
  സാറെ എത്തിയിരിക്കുന്നേ…

 2. പിണറായി കേരളത്തിലെ സാധാരണക്കാരന്റെ മുഖ്യമന്ത്രിയാണ്..അഴിമതി ,കോഴ ,സ്വജനപക്ഷപാതം എന്നിവയെ ശ്രദ്ധയോടെനേരിടാന്‍ കഴിയുന്ന കമ്മ്യൂണിസ്റ്റ് ..ഒരു പിഴവും ഉണ്ടാകില്ല ..വരുന്ന കാലത്തെേ കേരളം സുരക്ഷിതകേരളമായിരിക്കും..ഇന്നത്തെ പ്രതിപക്ഷത്തിനെ ജനം ഉള്‍ക്കൊള്ളില്ല.അവരുടെ കഴിഞ്ഞ “കാലമുഖം “ആര്‍ക്കാണറിയാത്തത്

COMMENTS