Reading Time: 4 minutes

എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലം. കലാലയപഠന കാലത്ത് സമകാലികനായിരുന്ന മണിറാമാണ് മന്ത്രിയുടെ പി.എ. അന്ന് ഞാന്‍ മാതൃഭൂമിയിലാണ്. വാര്‍ത്തകള്‍ തേടി സെക്രട്ടേറിയറ്റില്‍ പരതി നടക്കുന്ന സമയത്ത് ഇടയ്ക്ക് മണിയുടെ അടുത്തും ഞാന്‍ ചെല്ലും.

അത്തരത്തില്‍ ഒരു ദിവസം കടന്നു ചെന്നപ്പോള്‍ മണിയുടെ മുന്നിലെ രണ്ടു കസേരകളൊന്നില്‍ ഒരാളിരിപ്പുണ്ട്. ഒഴിഞ്ഞുകിടക്കുന്ന കസേരയിലേക്കു ചൂണ്ടി “വാ ശ്യാമേ, ഇരി” എന്നവന്‍ പറഞ്ഞു, ഞാന്‍ അനുസരിച്ചു. ഇരുന്നു കഴിഞ്ഞാണ് ഞാന്‍ അടുത്ത കസേരയിലിരുന്നയാളെ ശ്രദ്ധിച്ചത്. അധികം ഉയരമില്ലാത്ത രൂപം. വണ്ണം അധികമില്ലെങ്കിലും ഉയരം കുറവായതിനാല്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ തോന്നിക്കും. നരകയറിത്തുടങ്ങിയ മുടി, വിശാലമായ നെറ്റിയില്‍ ചന്ദനത്തിന്റെയും കുങ്കുമത്തിന്റെയും അവശേഷിപ്പുകള്‍. പക്ഷേ, മുഖത്ത് ഒരു ഐശ്വര്യവും തേജസ്സുമൊക്കെയുണ്ട്.

പ്രൊഫ.എം.ബാലസുബ്രഹ്മണ്യം

ഏതോ വലിയ കലാകാരനാണെന്ന് ഒറ്റ നോട്ടത്തില്‍ എനിക്കു മനസ്സിലായി. ബേബിക്ക് സാംസ്കാരിക വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്നതിനാല്‍ എന്തെങ്കിലും ആവശ്യം പറയാന്‍ അദ്ദേഹത്തെ കാണാന്‍ വന്നതാകും. പക്ഷേ, എനിക്കു വലിയ കലാവിവരമൊന്നും ഇല്ലാത്തതിനാല്‍ ആളെ മനസ്സിലായില്ല. ഞാന്‍ മണിയെ നോക്കിയെങ്കിലും ചോദിച്ചില്ല. അവന് കാര്യം മനസ്സിലായി -“ശ്യാമിന് ബാലു സാറിനെ അറിയില്ലേ?” അറിയില്ല എന്ന അര്‍ത്ഥം ധ്വനിപ്പിച്ച് ക്ഷമാപണരൂപത്തില്‍ ഞാനിരുന്നു. ഈ സമയമത്രയും ഒപ്പമിരുന്ന മനുഷ്യന്‍ ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിരിക്കുകയായിരുന്നു.

“ബാലു സാര്‍ നമ്മുടെ സംഗീത കോളേജിലെ മൃദംഗ വിഭാഗം മേധാവിയാണ്. കുട്ടികളുടെ ഒരാവശ്യം പറയാന്‍ വന്നതാണ്” -മണി പരിചയപ്പെടുത്തി. ശ്യാം മാതൃഭൂമി ലേഖകനാണ് എന്നു പറഞ്ഞ് എന്നെ തിരികെയും പരിചയപ്പെടുത്തി. അവിടെ ഞങ്ങള്‍ കൈകൊടുത്തു. ആ കരസ്പര്‍ശം വളരെ നീണ്ട ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. എന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. വലിയൊരു കലാകാരന്‍ തന്നെയായിരുന്നു അവിടെയിരുന്നത്. പക്ഷേ, മന്ത്രിയെ കണ്ട് സ്വന്തം കാര്യം പറയാന്‍ വന്നയാളായിരുന്നില്ല അവിടെ, മറിച്ച് തന്റെ വിദ്യാര്‍ത്ഥികളുടെ പ്രശ്നത്തിന് പരിഹാരം തേടിയെത്തിയ അദ്ധ്യാപകനായിരുന്നു.

ശ്രീ സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പഠനം സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ അക്കാലത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷ് വിഭാഗത്തില്‍ ആകെ ഒരു അദ്ധ്യാപക തസ്തികയാണ് അവിടെയുള്ളത്. അവിടെയുണ്ടായിരുന്ന അദ്ധ്യാപികയ്ക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ ദീര്‍ഘകാല അവധിയെടുക്കേണ്ടി വന്നു. അതിനാല്‍ ബദല്‍ സംവിധാനം തേടിയാണ് ബാലു സാര്‍ എത്തിയത്. എന്റെ ഭാര്യ ദേവിക യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് സംഗീത കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപികയായി എത്തുന്നതിലാണ് ഒടുവില്‍ ആ പരീക്ഷണം അവസാനിച്ചത്.

ദേവിക സംഗീത കോളേജിലെത്തിയതോടെ ബാലു സാറുമായിട്ടുള്ള എന്റെ ബന്ധം കൂടുതല്‍ ദൃഢമായി. മാതൃഭൂമി ഓഫീസിലേക്കു പോകുന്ന വഴിയില്‍ രാവിലെ ഭാര്യയെ കോളേജിലാക്കാന്‍ ചെല്ലുന്ന ഞാനുമായുള്ള സാറിന്റെ പ്രഭാതഭാഷണം പതിവായി. ബാലു സാര്‍ വഴി അദ്ദേഹത്തിന്റെ അനുജനും സംഗീത കോളേജിലെ വയലിന്‍ വിഭാഗം മേധാവിയുമായ മൂര്‍ത്തി സാറുമായും സൗഹൃദമായി. ഇവരുമായി ബന്ധമുള്ള കച്ചേരികള്‍ തിരുവനന്തപുരത്തോ പരിസരപ്രദേശങ്ങളിലോ നടന്നാല്‍ ഞാന്‍ സ്ഥിരസാന്നിദ്ധ്യമായി. സംഗീത കോളേജില്‍ നടക്കുന്ന അതിഥികച്ചേരികളുടെ ആസ്ഥാന റിപ്പോര്‍ട്ടറായും ഞാന്‍ മാറി. ബാലു സാര്‍ പ്രിന്‍സിപ്പലായി സ്ഥലംമാറിപ്പോകുന്നതു വരെ ആ ഉറ്റബന്ധം തുടര്‍ന്നു. പിന്നീട് സൗഹൃദം ഫോണിലായെങ്കിലും അടുപ്പം കുറഞ്ഞില്ല.

ഇന്നു രാവിലെ ഫേസ്ബുക്ക് തുറന്നപ്പോള്‍ മൂര്‍ത്തി സാറിന്റെ പോസ്റ്റ് കണ്ട് ഞാന്‍ തരിച്ചിരുന്നു -Deeply Regret to inform you that my Dear Brother Prof Balasubramoniam Muthuswamy, left for the Heavenly Abode today morning 5.45 at Tanjavur. ബാലു സാര്‍ അന്തരിച്ചു.

ലാളിത്യം മുഖമുദ്രയാക്കിയ അതുല്യ കലാകാരന്‍, മികച്ച അദ്ധ്യാപകന്‍, മികച്ച സംഘാടകന്‍ –പ്രൊഫ.എം.ബാലസുബ്രഹ്മണ്യം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. കേരളത്തിലെ തലമുതിര്‍ന്ന മൃദംഗ വിദ്വാന്മാരിലൊരാള്‍. ഭൂമിയിലെ ജീവിതത്തോടു വിടപറയുമ്പോള്‍ അദ്ദേഹം തഞ്ചാവൂരില്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ദക്ഷിണ മേഖലാ സാംസ്കാരിക കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു.

പ്രൊഫ.എന്‍.ഇ.മുത്തുസ്വാമിയുടെയും സരസ്വതി അമ്മാളിന്റെയും മകനായി 1957 ഓഗസ്റ്റ് 19നാണ് ബാലസുബ്രഹ്മണ്യം ജനിച്ചത്. തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനപ്രവീണ പാസായ ശേഷം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സ്കോളര്‍ഷിപ്പോടെ മൃദംഗ വിദ്വാന്‍ പ്രൊഫ.മാവേലിക്കര വേലുക്കുട്ടി നായരുടെ ശിക്ഷണം സ്വായത്തമാക്കി. സംഗീതത്തില്‍ എം.ഫില്‍ ബിരുദവും നേടിയിട്ടാണ് അദ്ധ്യാപകനായത്.

ബാലസുബ്രഹ്മണ്യം കച്ചേരി വായിച്ചു തുടങ്ങിയിട്ട് നാലു ദശകത്തിലേറെയാവുന്നു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, കെ.വി.നാരായണസ്വാമി, ഡി.കെ.ജയരാമന്‍, ഡോ.എന്‍.രമണി, യു.ശ്രീനിവാസ് എന്നിവരടക്കം ഒട്ടേറെ വിഖ്യാത സംഗീതജ്ഞരുടെ ഇഷ്ടവാദകനായിരുന്നു ബാലസുബ്രഹ്മണ്യം. കച്ചേരികള്‍ക്കായി അദ്ദേഹം രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ യാത്രകള്‍ നടത്തി. ഇതില്‍ ജാസ് മേളങ്ങളിലും അന്താരാഷ്ട്ര സംഗീതോത്സവങ്ങളിലുമുള്ള പങ്കാളിത്തം ഉള്‍പ്പെടുന്നു.

തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ നിന്ന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത കോളേജിന്റെ പ്രിന്‍സിപ്പലായാണ് ബാലസുബ്രഹ്മണ്യം പോയത്. പിന്നീട് പാലക്കാട് ചെമ്പൈ ഗവ. സംഗീത കോളേജിലും പ്രിന്‍സിപ്പലായി. തൃശ്ശൂരിലെ എസ്.ആര്‍.വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്സിന്റെ സ്പെഷല്‍ ഓഫീസര്‍, കേന്ദ്ര സാംസ്കാരിക ഉപദേശക സമിതി അംഗം, കാലിക്കറ്റ് സര്‍വ്വകലാശാല ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റി ഡീന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

തഞ്ചാവൂരിലെ ദക്ഷിണമേഖലാ സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ എന്ന നിലയില്‍ കേരളം, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ആന്തമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹം, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചുവരികയായിരുന്നു. വിഖ്യാതമായ രഘുവര പുരസ്കാര ജേതാവാണ് പ്രൊഫ.ബാലസുബ്രഹ്മണ്യം. 2020 സെപ്റ്റംബര്‍ 6 രാവിലെ 5.45ന് തഞ്ചാവൂരില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

പൂര്‍ണ്ണമായും സംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു ജീവിതം -അതായിരുന്നു ബാലു സാര്‍. കുട്ടികുടുംബ പരാധീനങ്ങളൊന്നുമില്ലാതെ സംഗീതവഴികളില്‍ ഏകനായി അദ്ദേഹം നടന്നു. വിദ്യാര്‍ത്ഥികളായിരുന്നു അദ്ദേഹത്തിനു മക്കള്‍. ആ സൗഹൃദവും ജ്യേഷ്ഠ സഹോദരതുല്യമായ സ്നേഹവും അനുഭവിക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി. ദേവികയോട് അദ്ദേഹത്തിന് സവിശേഷ വാത്സല്യമായിരുന്നു. പ്രായത്തിലും ബൗദ്ധിക നിലവാരത്തിലുമുള്ള വ്യത്യാസങ്ങള്‍ ഊഷ്മള സൗഹൃദങ്ങള്‍ക്കു തടസ്സമല്ലെന്ന് ബാലു സാര്‍ പഠിപ്പിച്ചു. ആ വ്യത്യാസം മനസ്സിലുണ്ടായിരുന്നുവെങ്കില്‍ വെറുമൊരശുവായ എനിക്ക് ഇത്രയും സ്നേഹവും സ്ഥാനവും അദ്ദേഹം തരില്ലായിരുന്നുവല്ലോ. ബാലു സാര്‍ ഇനിയില്ല എന്നു കേള്‍ക്കുമ്പോള്‍ ഒരുറ്റ ബന്ധു നഷ്ടമായതിന്റെ വേദന തോന്നുന്നത് അതിനാല്‍ത്തന്നെയാണ്. അദ്ദേഹത്തെ അവസാനമായി ഒന്നു കാണാന്‍ പോലുമാവില്ല എന്നത് വേദന ഇരട്ടിപ്പിക്കുന്നു.

Previous articleസ്ഥാനാര്‍ത്ഥിയാവുന്ന വഴികള്‍!!
Next articleകടം
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

COMMENTS