HomeECONOMYബാങ്കുകളുടെ ത...

ബാങ്കുകളുടെ തീവെട്ടിക്കൊള്ള

-

Reading Time: 2 minutes

നമ്മുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥലമാണ് ബാങ്ക്. അതിനെ നിക്ഷേപം എന്നു പറയും. ആ നിക്ഷേപം എടുത്ത് വായ്പയായി മറിച്ച് വിതരണം ചെയ്താണ് ബാങ്കുകള്‍ നിലനില്‍ക്കുന്നതു തന്നെ. അങ്ങനെ ബാങ്കുകളെ നിലനിര്‍ത്തുന്ന നമ്മളെപ്പോലുള്ള സാധാരണ ഇടപാടുകാരെ തന്നെ അവര്‍ കൊള്ളയടിക്കുന്നു. കൊള്ളയെന്നു പറഞ്ഞാല്‍ പോരാ, ശരിക്കും തീവെട്ടിക്കൊള്ള. പിഴ എന്നാണ് ഈ കൊള്ളയ്ക്ക് ബാങ്കുകള്‍ നല്‍കിയിരിക്കുന്ന ഓമനപ്പേര്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ പിഴയെന്ന പേരില്‍ നമ്മളെ പിഴിഞ്ഞുണ്ടാക്കിയത് എത്രയെന്നറിയാമോ? 10,391 കോടി രൂപ!!!

പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലൂടെ സര്‍ക്കാര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ല എന്ന പേരിലും എ.ടി.എമ്മിലെ ഇടപാടുകള്‍ അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ തവണ ഉപയോഗിച്ചു എന്ന പേരിലുമാണ് ഈ പണം മുഴുവന്‍ പിടുങ്ങിയിരിക്കുന്നത്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് 6,246 കോടി രൂപയും എ.ടി.എം. കൂടുതല്‍ ഉപയോഗിച്ചവരില്‍ നിന്ന് 4,145 കോടി രൂപയും പിഴയായി പിരിച്ചു.

വലിയ ബാങ്കായ എസ്.ബി.ഐ. തന്നെയാണ് ഇക്കാര്യത്തിലും മുന്നില്‍. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് പിഴയായി 2,894 കോടിയും എ.ടി.എമ്മിലെ അമിത ഉപയോഗത്തിന് 1,554 കോടി രൂപയും അവര്‍ പിഴിഞ്ഞെടുത്തു. നീരവ് മോദിയെപ്പോലുള്ള തട്ടിപ്പുകാര്‍ക്ക് സര്‍വ്വമാനദണ്ഡങ്ങളും ലംഘിച്ച് വായ്പകള്‍ നല്കി നഷ്ടം വരുത്തുന്ന പഞ്ചാബ് നാഷണല്‍ ബാങ്കും സാധാരക്കാരായ ഇടപാടുകാരെ പിഴിയുന്നതില്‍ പ്രകടനം മോശമാക്കിയില്ല. മിനിമം ബാലന്‍സില്ലാത്തതിന് 493 കോടിയും എ.ടി.എം. കൂടുതല്‍ ഉപയോഗിച്ചതിന് 323 കോടിയും പിഴയായി പിഴിഞ്ഞു.

ബാങ്ക് ഓഫ് ബറോഡയാണ് ഇടപാടുകാരെ കാര്യമായി പിഴിഞ്ഞ മറ്റൊരു ധനകാര്യ സ്ഥാപനം. മിനിമം ബാലന്‍സിന്റെ പേരില്‍ 328 കോടിയും എ.ടി.എമ്മിന്റെ പേരില്‍ 183 കോടിയുമാണ് ബാങ്ക് ഓഫ് ബറോഡ പിരിച്ചത്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ കൂടുതല്‍ പിരിച്ചവരുടെ പട്ടികയില്‍ 352 കോടി ഈടാക്കിയ കാനറാ ബാങ്കും 348 കോടി ഈടാക്കിയ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഉള്‍പ്പെടുന്നു. എ.ടി.എം. ഉപയോഗത്തിന് പിഴ പിരിച്ചതിന് മുന്നിലുള്ളവരുടെ കൂട്ടത്തില്‍ 464 കോടിയുമായി ബാങ്ക് ഓഫ് ഇന്ത്യയും 241 കോടിയുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമുണ്ട്.

ബാങ്ക് കൊള്ള ഒറ്റനോട്ടത്തില്‍

മിനിമം ബാലന്‍സ് പിരിവ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2,894 കോടി
പഞ്ചാബ് നാഷണല്‍ ബാങ്ക് 493 കോടി
കാനറാ ബാങ്ക് 352 കോടി
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 348 കോടി
ബാങ്ക് ഓഫ് ബറോഡ 328 കോടി

എ.ടി.എം. പിരിവ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1,554 കോടി
ബാങ്ക് ഓഫ് ഇന്ത്യ 464 കോടി
പഞ്ചാബ് നാഷണല്‍ ബാങ്ക് 323 കോടി
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 241 കോടി
ബാങ്ക് ഓഫ് ബറോഡ 183 കോടി

പൊതുമേഖലാ ബാങ്കുകളുടെ പിരിവിന്റെ കണക്കുകള്‍ വന്നിട്ടുണ്ടെങ്കിലും ഇതേ കാലയളവിലെ സ്വകാര്യ ബാങ്കുകളുടെ കണക്കുകള്‍ വന്നിട്ടില്ല. അതും ഏതാണ്ട് 10,000 കോടി രൂപ തന്നെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ഓരോ ബാങ്കുകളും അവര്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് നിരക്കുകള്‍ നിശ്ചയിക്കാനും അത് ഈടാക്കാനും റിസര്‍വ് ബാങ്ക് തന്നെ അനുമതി നല്‍കിയിട്ടുണ്ട്. അതാത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളുടെ തീരുമാനമനുസരിച്ചാണ് നിരക്കുകള്‍ നിശ്ചയിക്കപ്പെട്ടത്.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks