ഒരു പതിനേഴുകാരന്‍ എഴുതിയ ആട്ടക്കഥ അന്നുവരെയുണ്ടായിരുന്ന രീതികളില്‍ നിന്ന് മാറിനടക്കുന്നതായി. സമീപകാല ആട്ടക്കഥകളില്‍ രചിതാവിന്റെയോ പരിരക്ഷകരുടെയോ ഇടപെടലില്ലാതെ അരങ്ങില്‍ അതിജീവിച്ചു എന്ന സവിശേഷത ഇത് സ്വന്തമാക്കി. പറഞ്ഞുവരുന്നത് ഭാരതാന്തത്തെപ്പറ്റിയാണ്. ഇതിന്റെ രചയിതാവ് പ്രശാന്ത് നാരായണന്‍. തെക്കന്‍, വടക്കന്‍ ചിട്ടകളില്‍ രണ്ടിലും ഒരുപോലെ വിജയിക്കുകയും കാല്‍നൂറ്റാണ്ടിനിടെ നൂറില്‍പ്പരം അരങ്ങുകളില്‍ കളിക്കുകയും ചെയ്ത ആട്ടക്കഥ എന്നത് ഭാരതാന്തത്തിനുള്ള അംഗീകാരത്തിന്റെ സാക്ഷ്യമാകുന്നു. ഭാരതാന്തം ഇപ്പോള്‍ പുസ്തകരൂപം കൈവരിച്ചിരിക്കുകയാണ്.
ഈ ആട്ടക്കഥാ രചനയിലേക്കെത്തിയ വഴികള്‍ പ്രശാന്ത് പറഞ്ഞത് അത്ഭുതത്തോടെയാണ് കേട്ടിരുന്നത്. മോഹന്‍ലാലും മുകേഷും പ്രശസ്തമാക്കിയ ഛായാമുഖിയുടെ സംവിധായകനെന്ന പേരിലാണ് പ്രശാന്ത് എളുപ്പം തിരിച്ചറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ കലാജീവിതം അതിനുമെത്രയോ അപ്പുറമാണെന്ന് തിരിച്ചറിയുന്നു. തന്റെ നാടകക്കാലം കഥകളിക്കാലത്തിന്റെ തുടര്‍ച്ചയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അച്ഛന്‍ വെള്ളായണി നാരായണന്‍ നായര്‍ തന്നെയാണ് കലാരംഗത്തെ പ്രചോദനം.
14 ആട്ടക്കഥകളും ധാരാളം ലേഖനങ്ങളും രചിച്ചിട്ടുള്ളയാളാണ് നാരായണന്‍ നായര്‍. അദ്ദേഹത്തിന്റെ അച്ഛന്‍ സംസ്‌കൃതപണ്ഡിതനും ആട്ടക്കഥാകൃത്തുമായ ജി.രാമകൃഷ്ണപിളള. പ്രശാന്ത് ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുമുള്ളൂ. കുട്ടിക്കാലത്ത് അച്ഛന്റെ കൈയില്‍ തൂങ്ങി കേരളത്തിലുടനീളം കഥകളി കണ്ടു നടന്നത് പ്രശാന്തിലെ കലാകാരന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി. ഇതിനിടെ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളടക്കമുള്ളിടങ്ങളില്‍ ഔപചാരിക വിദ്യാഭ്യാസം ചടങ്ങുപോലെ പൂര്‍ത്തീകരിച്ചുവെന്നേയുള്ളൂ.
ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയുടെ കീഴിലാണ് പ്രശാന്ത് കഥകളി പഠിച്ചത്. പെരുമ്പാവൂര്‍ പുന്നയം അശമന്നൂരിലുള്ള ചന്ദ്രമന ഇല്ലത്ത് ഗുരുകുല രീതിയില്‍ വിദ്യാഭ്യാസം. അവിടെ വിശുദ്ധമായ ഗ്രാമാന്തരീക്ഷത്തില്‍ നിന്ന് കലയുടെ ആകാശത്തില്‍ ചിറകുവിരിക്കാന്‍ സാധിച്ചതുകൊണ്ടാണ് പറന്നുപഠിക്കാനും പില്‍ക്കാലത്ത് സജീവ നാടകപ്രവര്‍ത്തകനായി പറന്നുനടക്കാനും സാധിച്ചത്. ചന്ദ്രമനയിലെ കഥകളിക്കാലം തന്നെ പലതിനും പ്രാപ്തനാക്കിയെന്ന് പ്രശാന്ത്.
കണ്ടു രസിച്ച കഥകളിയെക്കാള്‍ ആസ്വാദ്യത വായിച്ചറിഞ്ഞ പ്രകാശിതവും അപ്രകാശിതവുമായ അട്ടക്കഥകള്‍ക്ക് ഉണ്ടെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. ഉറക്കമിളച്ചിരുന്ന് കഥകളി കാണുന്നതുപോലെ സ്വയം ആസ്വദിച്ച് വെള്ളായണി നാരായണന്‍ നായര്‍ നന്ദനാര്‍ചരിതവും അയ്യപ്പചരിതവും മറ്റുമെഴുതുന്നത് പ്രശാന്തിന്റെ ബാല്യകാല ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നു. പക്ഷേ, ഒരു ആട്ടക്കഥയെഴുതുമെന്ന് താന്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷമായപ്പോള്‍ സംഭവിച്ച അച്ഛന്റെ വിയോഗം എല്ലാം മാറ്റിമറിച്ചു.
നാരായണന്‍ നായരുടെ സ്മരണയ്ക്കായി നടത്താന്‍ നിശ്ചയിച്ച പരിപാടിയില്‍ അവതരിപ്പിക്കാനാണ് പ്രശാന്ത് ഭാരതാന്തം ആട്ടക്കഥയെഴുതുന്നത്. അറിഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിച്ചവരെക്കാള്‍ പരിഹസിച്ചവരാണേറെ. അത് വാശിയേകി. ആട്ടക്കഥകളില്‍ കിട്ടാവുന്ന പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ചു. മഹാഭാരതവും ഭാരത പര്യടനവും പ്രശാന്തിന് കൂട്ടിരുന്നു. രംഗപ്രയോഗാര്‍ഹമായ ഒരാട്ടക്കഥ തന്നാലാവുംവിധം എഴുതുക മാത്രമായിരുന്നു ലക്ഷ്യം. ഭാരതയുദ്ധം അവസാനിക്കുന്നിടത്ത് കഥ ആരംഭിക്കണമെന്നും ഗാന്ധാരി കൃഷ്ണനെ ശപിക്കുന്നിടത്ത് പര്യവസാനമെന്നും നിശ്ചയിച്ചു. രംഗക്രമം എഴുതിയിട്ടു. ഇപ്പോള്‍ നാടകമെഴുതുമ്പോഴും പ്രശാന്ത് ആദ്യം നിശ്ചയിക്കുന്നത് രംഗക്രമമാണെന്ന് അനുഭവം.
പ്രശാന്ത് അമ്മയോട് എഴുത്തുകാര്യം പറഞ്ഞു. അമ്മയുടെ മുഖത്ത് ആശ്ചര്യവും നിരാശയുമായിരുന്നു. അച്ഛന്റെ കഥകളിക്കമ്പത്തിന്റെ ഇരയായിരുന്ന അവരുടെ നിരാശയില്‍ അത്ഭുതമുണ്ടായിരുന്നില്ല. പാതിരാത്രിയിലും തുടരുന്ന ആട്ടക്കഥാ രചനയില്‍ കട്ടന്‍ കാപ്പിയിട്ടു കൊടുത്തും എഴുതിയത് വായിച്ചു കേള്‍ക്കാന്‍ മൗനമായി കൂട്ടിരുന്നും ആ അമ്മ പ്രശാന്തിനെ അത്ഭുതപ്പെടുത്തി. സുഹൃത്തുക്കളായിരുന്നു ഏറ്റവും വലിയ പ്രോത്സാഹനം. എന്നാല്‍, 26 ദിവസത്തെ സര്‍ഗ്ഗോന്മാദത്തിനു ശേഷം ദണ്ഡക രചനയില്‍ ആത്മവിശ്വാസം ചോര്‍ന്ന നിമിഷം വന്നു. എഴുത്തു മുന്നോട്ടു പോകുന്നില്ല. ഒരു ദിവസം മുഴുവന്‍ കാത്തിരുന്നു. ഒടുവില്‍ തടസ്സം മറികടക്കാനുള്ള വാക്ക് ആരോ കാതില്‍ പറയുന്ന അനുഭവം -പുലര്‍ച്ചെ മൂന്നു മണിക്ക് ദണ്ഡക രചനയുടെ കടമ്പ ചാടിക്കടന്നു. ആ പിന്തുണ അരൂപിയായി വന്ന അച്ഛന്‍ തന്നെ ആയിരിക്കാമെന്ന് പ്രശാന്തിന്റെ അനുമാനം.
ഭാരതാന്തം കഥയുടെ ആദ്യ ശ്ലോകങ്ങളും അശ്വത്ഥാമാവിന്റെ വിചാരപ്പദവും എഴുതിക്കഴിഞ്ഞ ഘട്ടത്തില്‍ പ്രശാന്ത് ചന്ദ്രമനയില്‍പ്പോയി ആശാനെ കണ്ടിരുന്നു. തുടക്കം ഗംഭീരമായി എന്ന അദ്ദേഹത്തിന്റെ പ്രശംസ ആ കൗമാരക്കാരന് വലിയ പ്രചോദനമായി. തന്റെ ജീവിതത്തിലെ ആദ്യ പുരസ്‌കാരം ചന്ദ്രമന നമ്പൂതിരി ചാര്‍ത്തിക്കൊടുത്ത ആത്മവിശ്വാസപ്പതക്കമാണെന്ന് പ്രശാന്ത് പറയാറുണ്ട്. വെള്ളായണി നാരായണന്‍ നായര്‍ അനുസ്മരണത്തിന് ഭാരതാന്തം അരങ്ങേറിയപ്പോള്‍ ചന്ദ്രമന തന്നെ അശ്വത്ഥാമാവിന്റെ വേഷത്തിലെത്തി. ഭാരതാന്തം വിവാദത്തിനു വഴിയൊരുക്കി എന്ന മറുവശവുമുണ്ട്. മുലകുടി മാറാത്തവന്‍ ആട്ടക്കഥയെഴുതി എന്നു പഴിച്ചു. കൃഷ്ണദൈവതത്തിനെ കരിവാരിത്തേച്ചു എന്നും വിമര്‍ശനമുണ്ടായി. പക്ഷേ, മയ്യനാട് കേശവന്‍ നമ്പൂതിരിയെയും കലാമണ്ഡലം മനോജിനെയും പോലുള്ള പ്രഗത്ഭന്മാരിലൂടെ ഈ കഥ വേദികളില്‍ നിന്ന് വേദികളിലേക്കു പ്രയാണം ചെയ്തു, സ്ഥാനമുറപ്പിച്ചു. കലാമണ്ഡലം കേശവന്‍ നമ്പൂതിരിയും കലാമണ്ഡലം ജയകുമാറുമൊക്കെ സ്വയം മറന്ന് ഈ കഥ കളിച്ചു നടന്നു.
ഗാന്ധാരിയും അശ്വത്ഥാമാവുമാണു ഭാരതാന്തത്തിലെ പ്രധാനകഥാപാത്രങ്ങള്‍. പിതാവിനെ പാണ്ഡവര്‍ ചതിയില്‍ വധിച്ചതറിഞ്ഞു പ്രതികാരദാഹിയാകുന്ന അശ്വത്ഥാമാവിന്റെ പകയും വിദ്വേഷവും പ്രതികാരവും മക്കളും ബന്ധുക്കളും നഷ്ടപ്പെട്ട പാഞ്ചാലിയുടെ ദുഃഖവുമൊക്കെ അഭിനയപ്രധാനമായ രംഗങ്ങളാണ്. അശ്വത്ഥാമാവിന്റെ ശിരോരത്‌നം നേടാനുള്ള പാഞ്ചാലിയുടെ വാശി, അതിനായി ഭീമനോടുളള അഭ്യര്‍ത്ഥന, ഉത്തരയുടെ ഗര്‍ഭത്തിലേക്കു ബ്രഹ്മശിരാസ്ത്രത്തെ തിരിച്ചുവിടുന്ന അശ്വത്ഥാമാവിന്റെ ക്രൂരത, അശ്വത്ഥാമാവിനെ കൃഷ്ണന്‍ ശപിക്കുന്നത് എന്നിങ്ങനെ സംഭവബഹുലമാണു രംഗങ്ങള്‍.
മാറിലീറന്‍വസ്ത്രത്തിലെന്‍ കണ്ണുനീരില്‍ കൈകള്‍വച്ചു
മാധവാ! മൊഴിഞ്ഞിടുന്നേന്‍ നിന്‍ കുലനാശം!
ഇന്നുതൊട്ടു മൂന്നു പന്തീരാണ്ടു ചെല്ലും ദിനമതില്‍
നിന്‍കുലവും വേററുന്നു ഭസ്മമായിടും!
നീയുമത്തല്‍ തേടിടും! നീചമൃത്യുവില്‍പ്പെടും!
നീചനൊരാള്‍ നിന്നെയസ്ത്രം കൊണ്ടു വീഴ്ത്തിടും!
കൃഷ്ണനും അര്‍ജ്ജുനനും യുദ്ധക്കളം കാണുന്നതും അര്‍ജ്ജുനന്റെ ദു:ഖവും കൃഷ്ണന്റെ ആശ്വസിപ്പിക്കലും കഴിഞ്ഞു ഗാന്ധാരി രംഗത്തെത്തുന്നതോടെ കഥ ഭാവതീവ്രമാകുന്നു. യുദ്ധക്കളം കണ്ടു വിലപിക്കുകയും മോഹാലസ്യപ്പെടുകയും ബോധം തിരികെ കിട്ടുമ്പോള്‍ ഈ യുദ്ധത്തിനെല്ലാം കാരണക്കാരനായ കൃഷ്ണനെ ശപിക്കുകയും ചെയ്യുന്നതാണു കഥയുടെ ഉച്ചകോടി. ഒടുവില്‍ സദസിനോടായി, ‘മാതൃഹൃദയങ്ങളേ! മാപ്പു നല്‍കീടുക!’ എന്നു കൃഷ്ണന്‍ മാപ്പപേക്ഷിക്കുന്നിടത്താണു കഥ അവസാനിക്കുന്നത്.
മാതൃഹൃദയങ്ങളേ! മാപ്പു നല്‍കീടുക!
ഭാരതരണാന്തമിതു ഭാരമതിതാന്തം!
ഭൂമിയിലെ ദുര്‍മ്മതികള്‍ ചെയ്തു രണ-
ഭാരമതിതാന്തിമിതി ഭാരതാന്തം!
ഭാരമതിതാന്തം ഭാരതാന്തം!
ബുദ്ധികൊണ്ടല്ല താനീ ആട്ടക്കഥയെഴുതിയത്, മനസ്സുകൊണ്ടാണെന്ന് പ്രശാന്ത് പറയാറുണ്ട്. യുദ്ധത്തിനെതിരായ സന്ദേശവും സ്ത്രീപക്ഷ നിലപാടുമുള്ളതാണ് ഈ കഥകളി. ഗാന്ധാരി ആദ്യമായി അരങ്ങിലെത്തിയത് ഭാരതാന്തത്തിലൂടെയാണ്. ഒരു കഥാപാത്രം കണ്ണുകെട്ടി രംഗത്തെത്തിയ ആദ്യ കഥകളിയും ഇതുതന്നെ. ചിട്ടകളില്‍ നിന്നു മാറി ഒരു കഥാപാത്രം സദസ്സിനോടു നേരിട്ടു സംസാരിക്കുന്ന ഭാരതാന്തത്തില്‍ നാടകീയത ഏറെയാണ്. ഇന്ന് നാടകകൃത്തും നാടകസംവിധായകനുമായ പ്രശാന്ത് ഈ കഥകളിയില്‍ നാടകീയത വിദഗ്ദ്ധമായി സംയോജിപ്പിച്ചിട്ടുണ്ട്. നാടകരംഗത്ത് എത്തും മുമ്പാണ് അത് സാദ്ധ്യമാക്കിയതെന്നോര്‍ക്കണം. അഭിനയപ്രധാനം എന്നതിനൊപ്പം സാഹിത്യഭംഗിയും ഭാരതാന്തത്തിന്റെ മുഖമുദ്രയാണ്. ഈ സാഹചര്യത്തിലാണ് ഭാരതാന്തം ആട്ടക്കഥ പുസ്തകരൂപം കൈവരിച്ചത്, രചിക്കപ്പെട്ട് 28 വര്‍ഷത്തിനു ശേഷം!!
വെള്ളായണി നാരായണന്‍ നായരുടെ 28-ാമത് അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വനം മന്ത്രി കെ.രാജു ഭാരതാന്തം പുസ്തകരൂപത്തില്‍ പ്രകാശനം ചെയ്തു. പി.എസ്.സി. അംഗം ആര്‍.പാര്‍വ്വതീദേവി ആദ്യ പ്രതി ഏറ്റുവാങ്ങി. സിറ്റ്‌കോ ബുക്‌സാണ് പ്രസാധകര്‍. അനുസ്മരണ സമ്മേളനത്തെ തുടര്‍ന്നു നടന്ന കല്യാണസൗഗന്ധികം കഥകളിയില്‍ കോട്ടയ്ക്കല്‍ ദേവദാസ് ഹനുമാനായും പീശപ്പിള്ളി രാജീവന്‍ ഭീമനായും കലാമണ്ഡലം ജിഷ്ണു രവി പാഞ്ചാലിയായും രംഗത്തെത്തി. കഥകളി കാണാന്‍ ആദ്യാവസാനമുണ്ടായിരുന്ന നിറഞ്ഞ സദസ്സ് പരമ്പരാഗത കലകള്‍ക്ക് ആസ്വാദകരില്ല എന്ന മുറവിളി തെറ്റാണെന്നു തെളിയിച്ചു എന്നുകൂടി എടുത്തുപറയണം.
മനസ്സു കൊണ്ട് രചിച്ച ഈ പുസ്തകം എല്ലാവരാലും അംഗീകരിക്കപ്പെടും…
കലാ ലോകത്തിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് ചുവടു വെച്ചിരുന്നെങ്കില്‍ ഇന്ന്‍ ആകാശത്തോളം വളരേണ്ടിയിരുന്ന കലാകാരന്‍…. ആത്മസമര്‍പ്പണത്തിന്റെ മറ്റൊരു കയ്യൊപ്പ് ഈ ലോകം കീഴടക്കട്ടെ എന്നാഗ്രഹിക്കുന്നു… ആശംസിക്കുന്നു…