2015 ഫെബ്രുവരി 9.
അന്നൊരു തിങ്കളാഴ്ചയായിരുന്നു എന്നാണ് ഓര്‍മ്മ.
ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് നടക്കുന്നു.
രാവിലെ മുതല്‍ അതിനു പിന്നാലെയുള്ള ഓട്ടത്തിലാണ്, വാര്‍ത്തകള്‍ക്കായി.
തിരക്കേറിയ ഒരു വാര്‍ത്താദിനം.
വൈകുന്നേരം 5 മണി ആയതോടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു.
കൈയിലുണ്ടായിരുന്ന വാര്‍ത്തകള്‍ക്ക് വിലയില്ലാതായി.
അതു സ്വീകരിക്കാന്‍ ആളില്ലാതായി.
പിന്നെ വാര്‍ത്തകളേ വേണ്ടാതായി.
കാലുറപ്പിച്ചു നിന്നിടം പെട്ടെന്ന് അഗാധ ഗര്‍ത്തമായി മാറി.
മണ്ണിന് ഉറപ്പില്ല എന്ന പ്രശ്‌നമുണ്ടായിരുന്നു.
പക്ഷേ, ഒപ്പമുണ്ടായിരുന്ന ചിലര്‍ നിന്നിടം കുഴിച്ചു.
അങ്ങനെ കുഴിച്ചവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി.
പലരും കുഴിച്ചു തുടങ്ങിയതു തന്നെ പുതിയ താവളം ഉറപ്പാക്കിയിട്ടാണ്.
ഇതൊന്നുമറിയാത്ത ഞാനുള്‍പ്പെടെയുള്ളവര്‍ മണ്ടന്മാരായി.
പിന്നെ, പോരാട്ടത്തിന്റെ ദിനങ്ങള്‍.
നിലനില്പിനായി പല വാതിലുകളും മുട്ടി.
നഷ്ടങ്ങള്‍ തിരികെപ്പിടിക്കാന്‍ പരമാവധി ശ്രമിച്ചു.
പൊരുതിനിന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം.
ഒടുവില്‍ അവര്‍ക്കും മടുപ്പായി.
അവരും കൂടു വിട്ട് കൂടുമാറി.
തകര്‍ന്ന പഴയ കൂട്ടില്‍ ഞാന്‍ ബാക്കിയാണ്.
വിലാസവും പഴയതു തന്നെ.
പറന്നുയരാന്‍ അവസരങ്ങള്‍ വരാതിരുന്നില്ല.
എന്തുകൊണ്ടോ പുതിയ കൂട് തേടാന്‍ തോന്നിയില്ല.
അവസാനിക്കാത്ത പോരാട്ടം തുടരുന്നു.
തോളില്‍ കൈയിട്ടിരുന്ന ചിലര്‍ക്ക് ഇപ്പോള്‍ സംശയം, ഞാന്‍ മാധ്യമപ്രവര്‍ത്തകനാണോ എന്ന്.
അവരുടെ കൂട്ടില്‍ നിന്ന് എന്നെ പുറന്തള്ളാന്‍ മുറവിളി.
അങ്ങനെ പുറന്തള്ളുന്നതിനു മുമ്പ് സ്വയം പുറത്തിറങ്ങി.
ജീവനുള്ള കാലത്തോളം തകര്‍ച്ചയുടെ ആ നിമിഷം മറക്കില്ല.
അന്നത്തെ വീഴ്ചയില്‍ നിന്ന് ഇന്നും എഴുന്നേറ്റിട്ടില്ല.
ഒന്നും ചെയ്യാനില്ലാത്തവനായിട്ട് 2 വര്‍ഷം പൂര്‍ത്തിയാവുന്നു.
തുടരുന്ന പോരാട്ടത്തിനൊപ്പം എന്തൊക്കെയോ സ്വന്തമായി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
ആകെ അറിയാവുന്ന തൊഴില്‍ മാധ്യമപ്രവര്‍ത്തനമാണ്.
ഞാനിപ്പോള്‍ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ വ്യാഖ്യാനത്തില്‍ പെടുമോയെന്ന് അറിയില്ല.
വിലയിരുത്തേണ്ടത് നിങ്ങളാണ്.
മുകളില്‍ വിശാലമായ ആകാശം.
താഴെ പരന്നുകിടക്കുന്ന ഭൂമി.
സര്‍വ്വസ്വതന്ത്രനായി പാറിനടക്കുന്നു.
ഇടയ്ക്ക് വീണുകിട്ടുന്ന അരിമണി മാത്രമാണ് ഭക്ഷണം.
എന്നിട്ടും പോരാടുന്നു.
പക്ഷേ, തോറ്റുപോകുന്ന പോരാട്ടങ്ങള്‍ക്ക് ഇന്നുവരെ മുതിര്‍ന്നിട്ടില്ല.
ഈ പോരാട്ടത്തിലും ഞാന്‍ വിജയിക്കും, ഉറപ്പ്.
ഇന്ന് വീണ്ടുമൊരു ഫെബ്രുവരി 9.
ഓർമ്മകളുണ്ടായിരിക്കണം…
ഉയരങ്ങൾ ഉണ്ടാവും. ഇന്ത്യാവിഷൻ തിരിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വി.എസ് ശ്യാംലാൽ എന്ന റിപ്പോർട്ടറും !