“ഇത്തവണ കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബി.ജെ.പിയിലേക്ക് കേരളത്തിലെ ഒരു പ്രബല വിഭാഗം പോകുമെന്ന് അങ്ങേക്കുമറിയാം” -ചോദ്യം കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് കെ.സുധാകരനോടാണ്.
മറുപടി പറയാന്‍ ഒരു നിമിഷം പോലും സുധാകരന് ചിന്തിക്കേണ്ടി വന്നില്ല. ചോദ്യം പൂര്‍ത്തിയാവും മുമ്പ് മറുപടി വന്നു -“അതെ.”
സുധാകരന്‍ തുടര്‍ന്നു -“അതു സ്വാഭാവികമാണ്. ഇന്നലെ രാഹുല്‍ജി പറഞ്ഞില്ലേ? രാഹുല്‍ജി ഇന്നലെ എന്താ പറഞ്ഞത്? രാഹുല്‍ജി പറഞ്ഞതും ഞാന്‍ പറഞ്ഞതും ഒന്നു തന്നെയാണ്. ഒരേ കാര്യമാണ്. അഖിലേന്ത്യാ തലത്തില്‍ ഇപ്പോള്‍ ബി.ജെ.പി. വളര്‍ന്നെങ്കില്‍ ബി.ജെ.പിയിലേക്കു പോയിരിക്കുന്നത് ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണ്. ഒരു പക്ഷേ, ഇതുവരെ കേരളത്തിലത് വന്നിട്ടില്ല.”
ചോദ്യകര്‍ത്താവിന്റെ ഇടപെടല്‍ -“പക്ഷേ, കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായാല്‍ അവരുടെ മുന്നിലുള്ള ഏക സാദ്ധ്യത ബി.ജെ.പി. ആയതുകൊണ്ടാണ്.”
അവിടെയും ചോദ്യം പൂര്‍ത്തിയാക്കാന്‍ സുധാകരന്‍ അനുവദിക്കുന്നില്ല -“അതാണ്.” പൂര്‍ണ്ണയോജിപ്പാണ്. “അതിനു കാരണം എന്താന്നുവെച്ചാല്‍ ഇവിടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സിനകത്ത് രാഷ്ട്രീയ എതിരാളി എന്നു പറയുന്നത് സി.പി.എമ്മാണ്.”
കെ.സുധാകരന്‍ ചില്ലറക്കാരനല്ല. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റാവാന്‍ കുപ്പായം തയ്പിച്ചിരിക്കുന്നയാളാണ്. അതിനുവേണ്ടി പല വിധത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നയാളാണ്. എന്നാല്‍ സുധാകരന് സംസ്ഥാന പ്രസിഡന്റാവണമെന്നേയുള്ളൂ, ബി.ജെ.പിയുടേത് ആയാലും മതി എന്ന് ഇപ്പോള്‍ ട്രോളുകള്‍ നിറയുകയാണ്. അതിനു കാരണം ബി.ജെ.പിയോട് കോണ്‍ഗ്രസ്സുകാര്‍ക്കുള്ള പ്രിയം തുറന്നു പറഞ്ഞതു തന്നെ.
എന്തായാലും യു.ഡി.എഫ്. ഇപ്പോള്‍ വോട്ടു പിടിക്കുന്നത് ഈ മുദ്രാവാക്യമുയര്‍ത്തിയാണ് -കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ ബി.ജെ.പിയില്‍ ചേരും. ലീഗുകാരാണ് ഇത് കാര്യമായി പ്രചരിപ്പിക്കുന്നത്. അതായത് ബി.ജെ.പി. വളരാതിരിക്കാന്‍ യു.ഡി.എഫിനെ ജയിപ്പിക്കണമെന്ന്. ന്യൂനപക്ഷങ്ങള്‍ക്ക് ഇത്രയും കാലം കോണ്‍ഗ്രസ്സിലുണ്ടായിരുന്ന പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുത്തുന്നതിന് അടുത്തകാലത്ത് പാര്‍ട്ടി സ്വീകരിച്ച നയങ്ങളും നിലപാടുകളും കാരണമായിട്ടുണ്ട്. ഇത് കോണ്‍ഗ്രസ്സിന് നന്നായറിയാം. അവരെക്കാള്‍ നന്നായി മുസ്ലിം ലീഗിനറിയാം.
നരേന്ദ്ര മോദിയെ പ്രതിരോധിക്കാനാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കനുകൂലമായി കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പോയി വോട്ടുകുത്തിയത്. ഇക്കുറി അതേ കാരണത്താല്‍ തന്നെ ന്യൂനപക്ഷങ്ങള്‍ പിണറായി വിജയനൊപ്പം നില്‍ക്കുമെന്ന് സ്വാഭാവികമായും യു.ഡി.എഫിനറിയാം. അങ്ങനെ യു.ഡി.എഫ്. തോറ്റാല്‍ കേരളത്തില്‍ ബി.ജെ.പി. വളരും എന്നാണ് അവരുടെ വാദം.
എന്നാല്‍ ഇത് ശരിയാണോ? കോണ്‍ഗ്രസ്സും യു.ഡി.എഫും തോല്‍ക്കുമ്പോഴാണോ ബി.ജെ.പി. കേരളത്തില്‍ വളരുന്നത്? അല്ലേയല്ല. കോണ്‍ഗ്രസ്സും യു.ഡി.എഫും ജയിക്കുമ്പോഴും ഭരിക്കുമ്പോഴുമാണ് ബി.ജെ.പി. വളര്‍ന്നത്. എല്‍.ഡി.എഫ്. കേരളത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബി.ജെ.പിക്ക് മണ്ഡരിബാധയാണ്. കണക്കുകള്‍ ഇതു വ്യക്തമാക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ സ്ഥിതി വിലയിരുത്തിയാല്‍ മതി. ഈ കണക്കുകള്‍ കണ്ടെത്താന്‍ വലിയ തിരഞ്ഞെടുപ്പ് നിരീക്ഷകനൊന്നും ആവേണ്ട കാര്യമില്ല. ഒരു ബുദ്ധിമുട്ടുമില്ല, വിക്കിപീഡിയയില്‍ എല്ലാം കൃത്യമായുണ്ട്.
2006-11ല്‍ കേരളം ഭരിച്ചത് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാരാണ്. 2011-16ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍. 2016-21ല്‍ വീണ്ടും എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഭരിച്ചു, പിണറായി വിജയന്റെ നേതൃത്വത്തില്‍. ഇങ്ങനെ ഭരിച്ച ഓരോ സര്‍ക്കാരിന്റെയും കാലത്ത് ബി.ജെ.പിക്കുണ്ടായ വോട്ട് വളര്‍ച്ചയുടെ ശതമാനം നോക്കിയാല്‍ കൃത്യമായി മനസ്സിലാവും ആരു ഭരിക്കുന്നതാണ് കേരളത്തിന്റെ മതനിരപേക്ഷ ചട്ടക്കൂട് ഭദ്രമാക്കി നിര്‍ത്താന്‍ നല്ലതെന്ന്.
വി.എസ്.സര്‍ക്കാരിന്റെ കാലത്തു നടന്ന തിരഞ്ഞെടുപ്പുകള്‍ നോക്കാം. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് കിട്ടിയത് 6.31 ശതമാനം. 2010ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലും എന്‍.ഡി.എയുടെ വോട്ട് ശതമാനം കൂടിയില്ല -6.26 ശതമാനം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്കു കിട്ടിയത് 6.06 ശതമാനം വോട്ട്.
ഇനി ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തേക്ക്. 2014ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നു. അവിടെ എന്‍.ഡി.എയുടെ വോട്ട് ശതമാനം കുതിച്ചുയര്‍ന്നു -10.83 ശതമാനത്തിലേക്ക്. 2015ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ വോട്ട് ശതമാനം പിന്നെയും കൂടി -13.3 ശതമാനമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ഇതുവരെ എന്‍.ഡി.എയ്ക്ക് ശതമാനക്കണക്കില്‍ ഏറ്റവുമധികം വോട്ട് ലഭിച്ചത് -14.96. യു.ഡി.എഫിന്റെ ചെയ്തികളുടെ ഫലം.
പിണറായി വിജയന്റെ ഭരണകാലമായതോടെ ബി.ജെ.പിയുടെ വളര്‍ച്ച വീണ്ടും മുരടിച്ചു. രണ്ടു തിരഞ്ഞെടുപ്പുകളാണ് ഈ കാലയളവില്‍ നടന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് ലഭിച്ചത് 14.88 ശതമാനം വോട്ടാണെങ്കില്‍ 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ അത് 14.52 ശതമാനമായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മാറ്റമുണ്ടാകാന്‍ പോകുന്നില്ല എന്നതും ഉറപ്പാണ്.
ഇതില്‍ എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്. എല്‍.ഡി.എഫ്. കേരളം ഭരിക്കുമ്പോള്‍ നേരിയ തോതിലാണെങ്കിലും ബി.ജെ.പിയുടെ വോട്ട് ശതമാനം കുറയുന്നുണ്ട്. വി.എസിന്റെ കാലത്ത് 6.31ല്‍ നിന്ന് 6.26ലേക്കും 6.06ലേക്കും കുറഞ്ഞു. പിണറായിക്കാലത്ത് 14.96ല്‍ നിന്ന് 14.88ലേക്കും പിന്നീട് 14.52ലേക്കു കുറഞ്ഞു. ഇത് എന്തുകൊണ്ടു സംഭവിക്കുന്നു എന്നത് കൃത്യമായി വിലയിരുത്തേണ്ടതുണ്ട്.
വര്‍ഗ്ഗീയതയ്ക്കു വളം വര്‍ഗ്ഗീയത തന്നെയാണ്. ഹിന്ദു വര്‍ഗ്ഗീയതയാണ് എതിര്‍വശത്തു നില്‍ക്കുന്നതായി പറയപ്പെടുന്ന മുസ്ലിം വര്‍ഗ്ഗീയത വളര്‍ത്തുന്നത്. തിരിച്ചും അങ്ങനെ തന്നെ. എല്‍.ഡി.എഫ്. ഭരിക്കുമ്പോള്‍ ഏതെങ്കിലും മതത്തിനോ ജാതിക്കോ പ്രത്യേക പരിഗണന ലഭിക്കാറില്ല. എല്ലാവര്‍ക്കും ഒരുപരിധി വരെ തുല്യപരിഗണനയാണ്. അതിനാല്‍ത്തന്നെ ആര്‍ക്കും ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ പറ്റില്ല. ബി.ജെ.പി. വളരുന്നത് മതത്തിന്റെ പേരിലുള്ള കുത്തിത്തിരിപ്പിലൂടെയാണല്ലോ.
എന്നാല്‍, യു.ഡി.എഫിന്റെ കാലത്ത് ഇതല്ല സ്ഥിതി. മതേതര പാര്‍ട്ടി എന്ന ലേബലുണ്ടെങ്കിലും മുസ്ലിം ലീഗ് സ്വീകരിക്കുന്ന വര്‍ഗ്ഗീയമായ പ്രീണനനിലപാടുകള്‍ ബി.ജെ.പിക്ക് ചാകരയൊരുക്കുന്നു. ലീഗിന്റെ ബലത്തില്‍ ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമെല്ലാം ഫണം വിടര്‍ത്തിയാടുന്നു. ആ പ്രീണനം മറുഭാഗത്ത് ബി.ജെ.പിക്ക് വര്‍ഗ്ഗീയമായ ചേരിതിരിവ് വര്‍ദ്ധിപ്പിക്കാന്‍ അവസരങ്ങളൊരുക്കുന്നു.
ഔദ്യോഗിക വസതിയുടെ പേര് ഗംഗ എന്നതില്‍ നിന്ന് ഗ്രേസ് എന്നതിലേക്കു മാറ്റുന്നതും നിലവിളിക്ക് തെളിയിക്കാനുള്ള വിസമ്മതവും പോലുള്ള ഏതു നടപടിയും ബി.ജെ.പി. ചര്‍ച്ചാവിഷയമാക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം ഏറ്റവുമധികം ഗുണമുണ്ടാക്കിയത് ബി.ജെ.പിക്കാണ്. ഈ വിഷയത്തിന്റെ പേരില്‍ മാത്രം രായ്ക്കുരാമാനം ബി.ജെ.പിക്കാരായി മാറിയ ഒട്ടേറെ കോണ്‍ഗ്രസ്സുകാരെ എനിക്ക് നേരിട്ടറിയാം.
കെ.സുധാകരന്‍ പറഞ്ഞത് ശരിയാണ്. കോണ്‍ഗ്രസ്സുകാര്‍ക്ക് സി.പി.എം. ശത്രുപക്ഷത്താണ്, ബി.ജെ.പി. അല്ല താനും. അതാണല്ലോ പാര്‍ട്ടി മാറാന്‍ തീരുമാനിക്കുന്ന കോണ്‍ഗ്രസ്സുകാരന്റെ ആദ്യ ഓപ്ഷനായി ബി.ജെ.പി. വരുന്നത്! കോണ്‍ഗ്രസ്സില്‍ നില്‍ക്കുമ്പോള്‍ ‘ഉയര്‍ത്തിപ്പിടിക്കുന്ന’ മതനിരപേക്ഷത എത്ര പെട്ടെന്നാണ് അവര്‍ ദൂരെയെറിഞ്ഞു കളയുന്നത്!!
എല്‍.ഡി.എഫ്. ഭരിക്കുമ്പോള്‍ മുസ്ലിം ലീഗ് മാത്രമല്ല ഒപ്പമുള്ള ജമാ അത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും പോലുള്ള വിഷങ്ങളും പടിക്കു പുറത്താണ്. ഇത് ആര്‍.എസ്.എസ്. സദാ കാച്ചിക്കുറിക്കൊണ്ടിരിക്കുന്ന കൊടുംവിഷത്തിന്റെ വീര്യം കുറയ്ക്കുന്നു. ഇത് വോട്ടില്‍ പ്രതിഫലിക്കുമ്പോള്‍ ശതമാനം മുരടിച്ച് മണ്ഡരിയാകുന്നു.
അപ്പോള്‍ ഉറപ്പാണ്, കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് സംരക്ഷിക്കാനാവുന്നത് എല്‍.ഡി.എഫിനാണ്. യു.ഡി.എഫ്. ജയിച്ചാല്‍ ഇവിടെ ബി.ജെ.പി. വളരും. ബി.ജെ.പിയുടെ ഏറ്റവും വലിയ ശത്രു ഇടതുപക്ഷമാവുന്നതിന്റെ കാരണം മനസ്സിലായില്ലേ?