എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് മമതയില്ല. ഒരു പാർട്ടിയോടും പ്രത്യേകിച്ച് എതിർപ്പുമില്ല. ഓരോ പാർട്ടിയും ഓരോ കാലത്ത് സ്വീകരിക്കുന്ന നിലപാടുകളോടാണ് എന്റെ യോജിപ്പും വിയോജിപ്പും. ബഹുമാന്യനായ വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ കടമെടുത്താൽ ഇത് അവസരവാദമാണ്.
അതെ. ഞാൻ അവസരവാദിയാണ്. ശരി ഏതു പക്ഷത്താണോ അങ്ങോട്ട് അവസരത്തിനനുസരിച്ച് ചായാറുണ്ട്. ഇനിയും അങ്ങനെ ആയിരിക്കും. ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ – എന്റെ ശരി എന്റെ മാത്രം ശരിയാണ്. എല്ലാവർക്കും അത് ശരിയാകണമെന്നില്ല. അങ്ങനെ ആവണമെന്ന് എനിക്ക് നിർബന്ധവുമില്ല.
ആമുഖമായി ഇത്രയും പറയാൻ കാരണമുണ്ട്. ഞാൻ ബി.ജെ.പിയെ വല്ലാതെ വിമർശിക്കുന്നു എന്ന് ചില സുഹൃത്തുക്കൾക്ക് പരാതി. എന്റെ മാനദണ്ഡപ്രകാരം ബി.ജെ.പിയെ പിന്തുണയ്ക്കാൻ കാരണമൊന്നും കിട്ടുന്നില്ല എന്നതു തന്നെയാണ് കാരണം. വല്ലവരുടെയും താല്പര്യത്തിനനുസരിച്ച് ഞാൻ എന്റെ മാനദണ്ഡങ്ങൾ മാറ്റാറില്ല.
വീണ്ടുമൊരിക്കൽ കൂടി ഞാൻ ബി.ജെ.പിയെ വിമർശിക്കാൻ ഒരുങ്ങുകയാണ്. ബി.ജെ.പിക്കാരായ ധാരാളം സുഹൃത്തുക്കൾ എനിക്കുണ്ട്. അവരിൽ ചിലർ, എനിക്കെന്താവശ്യമുണ്ടായാലും ആദ്യം ഓടിയെത്തുന്നവരുമാണ്. അങ്ങനെയുള്ള ഒരു സുഹൃത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോഴത്തെ എന്റെ കടുംകൈയിലേക്കു നയിച്ചത്. എനിക്ക് എന്നെ നിയന്ത്രിക്കാനാവുന്നില്ല, പ്രതികരിച്ചു പോവുന്നു. പ്രിയ സുഹൃത്തേ, നീ ക്ഷമിക്കുക.
2011ലാണ് രാജ്യത്ത് ഔദ്യോഗികമായി ഒടുവിൽ ജനസംഖ്യാ കണക്കെടുപ്പ് നടന്നതെന്നാണ് എന്റെ ധാരണ. ഇതുപ്രകാരം കേരളത്തിൽ ജീവിച്ചിരിക്കുന്നവരുടെ എണ്ണം 3,33,87,677 ആണ്. ഇതിൽ കൈക്കുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികർ വരെ ഉൾപ്പെടുന്നു. ഇപ്പോൾ 5 വർഷം കഴിഞ്ഞു. ജനസംഖ്യ പരമാവധി 50 ലക്ഷം കൂടി വർദ്ധിച്ചിട്ടുണ്ടാവും. അങ്ങനെ വരുമ്പോൾ 3.85 കോടി എന്നു വെയ്ക്കാം. ഇതിൽ 3.57 കോടി ജനങ്ങളും ബി.ജെ.പി. അംഗങ്ങളാണ്!! ന്താല്ലേ!!!
കേരളത്തിൽ ബി.ജെ.പിയുടെ സ്വീകാര്യത വർദ്ധിക്കുകയാണ്. സി.പി.ഐ.-എം., കോൺഗ്രസ്, മുസ്ലിം ലീഗ് എന്നീ കക്ഷികളിൽ നിന്നെല്ലാം ആളുകൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നിരിക്കുന്നു. ചേർന്നവരിൽ ആബാലവൃദ്ധം ജനങ്ങൾ ഉൾപ്പെടുന്നു. നല്ല കാര്യം. പക്ഷേ, ഒരു പ്രഖ്യാപനം എന്നെ ഞെട്ടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് അംഗത്വം 4 കോടി തികയ്ക്കുകയാണ് ലക്ഷ്യം. അതിനായി 15 ലക്ഷം പേരെ ഉടനെ ബ്രഹ്മാവ് സൃഷ്ടിക്കും. എന്നിട്ട് വി.എസ്.അച്ചുതാനന്ദനും ഉമ്മൻ ചാണ്ടിയും പിണറായി വിജയനും പി.കെ.കുഞ്ഞാലിക്കുട്ടിയുമെല്ലാം ബി.ജെ.പിയിൽ ചേരും.
തള്ളിനൊക്കെ ഒരു പരിധിയില്ലേഡേയ്!!
രാഷ്ട്രീയം ഉണ്ടല്ലോ?