Reading Time: 5 minutes

Syam…im worried about this video..is it fake? do u hv any source to find it out? has it been created to panic the nonhindus? a muslim familybfriend of mine forwared it…how come they get such videos? And the popular media like channels and newspapers are silent upon this. ? ..

യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എയ്ക്ക് സഹപാഠിയായിരുന്ന ഒരു പെണ്‍കുട്ടിയുടെ വളരെ ആശങ്കയോടെയുള്ള ചോദ്യമാണിത്. അവര്‍ പരാമര്‍ശിച്ച വീഡിയോയും അതിനൊപ്പമുള്ള കുറിപ്പും എനിക്കു നേരത്തേ തന്നെ ലഭിച്ചിരുന്നു. പൊട്ടത്തരം ആണെന്ന് അറിയാവുന്നതു കൊണ്ട് അവഗണിച്ചു. പക്ഷേ, കൂട്ടുകാരിയുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു. ആ അമ്പരപ്പാണ് ഈ കുറിപ്പിന് പ്രേരകം.

ആ വീഡിയോയ്‌ക്കൊപ്പം ഈ സന്ദേശവുമുണ്ടായിരുന്നു.

മദ്ധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ ഒരു ഹിന്ദുയുവതിയെ ജീവനോടെ ചുട്ടുകൊല്ലുന്ന ദയനീയ ദൃശ്യം: ജനക്കൂട്ടം നോക്കി നില്ക്കുന്നു .ഭരണകൂട പിന്‍തുണയോടെ നടക്കുന്ന നരനായാട്ട്. നമ്മുടെ രാജ്യം എങ്ങോട്ട്?????

നമ്മുടെ സമൂഹത്തിലെ സമാധാനാന്തരീക്ഷം ഇല്ലാതാവുന്നതില്‍ അദ്ധ്യാപിക കൂടിയായ ഒരു വീട്ടമ്മയ്ക്കുണ്ടാവുന്ന ആശങ്കയാണ് ആ കൂട്ടുകാരി പങ്കുവെച്ചത്. അവരുടെ ആശങ്ക തീര്‍ത്തും ന്യായമാണ്. ഇത്തരമൊരു സമൂഹത്തില്‍ അടുത്ത തലമുറയ്ക്ക് നിലനില്‍പ്പുണ്ടാവുമോ എന്ന ചിന്തയാണ് ആശങ്കയ്ക്ക് ആധാരം.

അവര്‍ക്ക് ആ വീഡിയോ അയച്ചുകൊടുത്ത കുടുംബസുഹൃത്തും പങ്കിട്ടത് ഇതേ ആശങ്ക തന്നെയാണ്. അതു സൃഷ്ടിച്ചവര്‍ ലക്ഷ്യമിടുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിന്, ജന്മം കൊണ്ട് മുസ്ലിമായ സുഹൃത്ത് ഹിന്ദുവായ കൂട്ടുകാരിക്ക് എന്തായാലും അയയ്ക്കില്ലല്ലോ. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതു സംബന്ധിച്ച് എനിക്ക് കൂടുതല്‍ അറിവുണ്ടായിരിക്കും എന്നതിനാല്‍ കൂട്ടുകാരി അത് എനിക്കയച്ച് സംശയം ദൂരീകരിക്കാന്‍ ശ്രമിച്ചു. ഏതായാലും ഇതിന്റെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്താന്‍ വീഡിയോയിലുള്ള സംഭവം സംബന്ധിച്ച് ബ്രിട്ടിഷ് പത്രമായ ഇന്‍ഡിപെന്‍ഡന്റില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് അയച്ചുകൊടുത്തു.

എത്ര പേര്‍ ഇതു ചെയ്യുന്നുണ്ടാവും? നമ്മളില്‍ പലരും കിട്ടുന്ന സാമഗ്രികള്‍ ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ മറ്റുള്ളവര്‍ക്ക് പങ്കിടുകയാണ്. ഇനി ഈ വീഡിയോ ഫേക്കാണെന്ന് സന്ദേശം നല്‍കിയാലും ആദ്യത്തെ വീഡിയോ കണ്ട എത്ര പേര്‍ക്ക് അതു കിട്ടും. കുറച്ചു പേരുടെയെങ്കിലും മനസ്സില്‍ അശാന്തി പടര്‍ത്താന്‍ ഈ വീഡിയോയ്ക്ക് സാധിക്കും. ഈ വ്യാജസന്ദേശം സൃഷ്ടിച്ചവര്‍ ലക്ഷ്യമിടുന്നത് ആ അസ്വസ്ഥത തന്നെയാണ്.

ആദ്യത്തെ കൂട്ടുകാരി എനിക്കു മാത്രമയച്ച വീഡിയോ പിന്നീട് മറ്റൊരു കൂട്ടുകാരി തന്നെ ഞങ്ങളുടെ കോളേജ് ഗ്രൂപ്പില്‍ പങ്കിട്ടു. അത് ശരിയാണോ തെറ്റാണോ എന്ന് അവര്‍ക്ക് വ്യക്തമായ ധാരണയില്ല. രണ്ടു വര്‍ഷം മുമ്പ് നടന്നതാണെന്ന് സ്‌കൂള്‍ ഗ്രൂപ്പിലെ സുഹൃത്ത് പറഞ്ഞുവത്രേ. അവരുടെ സുഹൃത്തായ മറ്റൊരു ടീച്ചറാണ് അയച്ചുകൊടുത്തതെന്നും പറഞ്ഞു!!

ഒരു ഉറപ്പുമില്ലാത്ത വസ്തുകള്‍ വെറുതെ പങ്കിട്ടു കളിക്കുന്നു. ഇതിന്റെ വലിയ അപകടം ആരും തിരിച്ചറിയുന്നില്ല. വളരെ മനഃകരുത്തുള്ളവര്‍ക്കു മാത്രമേ ഈ വീഡിയോ പൂര്‍ണ്ണമായി കാണാനാവൂ. എനിക്ക് അത്ര മനഃകരുത്ത് ഇല്ലാത്തതിനാല്‍ ഞാന്‍ ഓടിച്ചു നോക്കിയതേയുള്ളൂ. എത്രമാത്രം വലിയ വിനാശത്തിലേക്കാണ് നമ്മുടെ നാടിന്റെ പോക്കെന്നറിയാന്‍ ഈ വീഡിയോയുടെ നിജസ്ഥിതി അറിയണം.

ഇപ്പോള്‍ 2018. ഈ വീഡിയോയ്ക്ക് ആധാരമായ സംഭവം യഥാര്‍ത്ഥത്തില്‍ നടന്നത് 2015 മെയ് 23ന്. അതും ഇന്ത്യയിലല്ല, അങ്ങ് മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍!! മധ്യ അമേരിക്കയും മധ്യപ്രദേശ് ആണെന്ന് വേണമെങ്കില്‍ പറയാം. വീഡിയോ പ്രചരിപ്പിച്ചവരും അതു കണ്ടവരും വീഡിയോയിലുള്ളവരുടെ വേഷവിതാനങ്ങളും രൂപഭാവങ്ങളും ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ അവഗണിച്ചു.

ഗ്വാട്ടിമാലയിലെ റിയോ ബ്രാവോയില്‍ 100 പേരോളം വരുന്ന ആള്‍ക്കൂട്ടം ഒരു 16കാരിയെ നിര്‍ദ്ദാക്ഷിണ്യം ജീവനോടെ ചുട്ടുകൊല്ലുന്നതാണ് വീഡിയോയിലുള്ളത്. നാട്ടുകാരനായ ഒരു ടാക്‌സി ഡ്രൈവറെ കൊള്ളയടിക്കുന്നതിനിടെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗമെന്ന് ആരോപിച്ചായിരുന്നു ഈ ക്രൂരകൃത്യം. എണ്‍റീഖ് ഗോണ്‍സാലസ് നൊറീഗ എന്ന 68കാരനെ ഈ പെണ്‍കുട്ടിയും അവളുടെ 2 പുരുഷ കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്രേ.

സംഭവത്തിനു ശേഷം പുരുഷ കൂട്ടാളികള്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടി മാത്രം പിടിയിലായി. പക്ഷേ, അവള്‍ കുറ്റകൃത്യത്തില്‍ പങ്കാളി ആയിരുന്നോ അതോ അബദ്ധത്തില്‍ ആ സ്ഥലത്ത് എത്തിപ്പെട്ടതാണോ എന്ന് ഇന്നുമറിയില്ല. പെണ്‍കുട്ടി ആരെന്നും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നു തന്നെയാണ് അറിവ്.

ഈ വീഡിയോ യു ട്യൂബില്‍ വന്നപാടെ ആയിരക്കണക്കിനാളുകളാണ് പങ്കിട്ടത്. അങ്ങേയറ്റം നടുക്കം ജനിപ്പിക്കുന്ന ഈ വീഡിയോയുടെ ഉള്ളടക്കം തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നതിനാല്‍ യു ട്യൂബ് പിന്നീട് അത് തങ്ങളുടെ സെര്‍വറില്‍ നിന്നു നീക്കി. എങ്കിലും ഈ വീഡിയോയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഇപ്പോഴും ഇന്റര്‍നെറ്റിലുണ്ട്.

ആ പെണ്‍കുട്ടിയെ അഗ്നി വിഴുങ്ങുമ്പോള്‍ 100 കണക്കിനാളുകള്‍ നിര്‍നിമേഷരായി നോക്കി നില്‍ക്കുന്നതു കാണാം. ഏറ്റവും ഭയപ്പെടുത്തിയത് ഈ അതിക്രമത്തോട് അവിടെയുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പ്രകടിപ്പിക്കുന്ന അങ്ങേയറ്റത്തെ നിസ്സംഗതയാണ്. ഒരു ഫുട്‌ബോള്‍ മത്സരം കാണുന്ന ലാഘവത്തോടെ അവര്‍ നോക്കിനില്‍ക്കുന്നു.

ആ പെണ്‍കുട്ടിയെ അവിടെയുള്ള പുരുഷന്മാര്‍ അതിഭീകരമായി മര്‍ദ്ദിക്കുന്നു. ഒടുവില്‍ ആരോ അവളുടെ ശരീരത്തില്‍ എണ്ണയൊഴിച്ച് അതിലേക്ക് പേപ്പര്‍ കത്തിച്ചെറിയുന്നു. ശരീരത്തില്‍ തീയുമായി വേച്ചു നടക്കുന്ന ആ പെണ്‍കുട്ടി അടുത്തെത്തുമ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പിന്നോട്ടു മാറുന്നതല്ലാതെ ഒരാളും സഹായിക്കാന്‍ തുനിയുന്നില്ല. ഒടുവില്‍ അവള്‍ തളര്‍ന്നുവീഴുന്നു.

തീയടങ്ങാന്‍ പോകുന്ന പ്രതീതി ഉണ്ടാവുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ പെട്ടെന്ന് മുന്നോട്ടു വന്ന് അവളുടെ ശരീരത്തിലേക്ക് വീണ്ടും എണ്ണയൊഴിക്കുകയാണ്. അതോടെ തീ ആളിക്കത്തുന്നു. അതോടെ അവളുടെ നിലവിളിയും അനക്കവും പൂര്‍ണ്ണമായി നിലയ്ക്കുന്നു. മൃഗീയം എന്നു പറഞ്ഞ് മൃഗങ്ങളെ ഞാന്‍ അപമാനിക്കില്ല. മനുഷ്യനു മാത്രമേ മറ്റൊരു മനുഷ്യനോട് ഇത്ര വലിയ ക്രൂരത ചെയ്യാനാവുകയുള്ളൂ.

ഇത്തരം ഭീകരമായ വീഡിയോ പരതിയെടുത്ത് തങ്ങളുടെ ആവശ്യത്തിനായി വ്യാജപ്രചരണം നടത്തുന്നവര്‍ ഏതായാലും തമാശയ്ക്കല്ല അതു ചെയ്യുന്നത് എന്നുറപ്പ്. ഇപ്പോള്‍ ഹിന്ദുക്കളുടെ ക്രൂരത തുറന്നുകാട്ടുന്നു എന്ന ധ്വനിയുമായി വന്ന വീഡിയോ കൃത്യം ഒരു വര്‍ഷം മുമ്പും വന്നിരുന്നു, മുസ്ലിങ്ങളുടെ ക്രൂരത തുറന്നുകാട്ടുന്നു എന്ന പേരില്‍.

ലൗ ജിഹാദ് ചര്‍ച്ചകള്‍ക്ക് ചൂടേറിയിരുന്ന സമയത്തായിരുന്നു ആ വരവ്. ആന്ധ്രപ്രദേശിലെ ഒരു ഹിന്ദു മാര്‍വാഡി പെണ്‍കുട്ടി പ്രണയിച്ച് മുസ്ലിമിനെ വിവാഹം കഴിച്ചു. അതിനു ശേഷം അവള്‍ ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ മുസ്ലിം സമുദായത്തിലെ ചിലര്‍ അവളെ തല്ലുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തുവെന്നായിരുന്നു സന്ദേശം.

आंध्रप्रदेश
Andhra pradesh की एक हिंदू मारवाड़ी लड़की जिसकी शादी एक मुस्लिम लड़के के साथ शादी हुई थी ।
आज कुछ मुस्लिम लोगों नें मिलकर बुरीतरह मारा फिर जिंदा जला दिया ।
बुर्का ना पहनने के लिये – -देखिये दिल दहला देने वाली video

सभी ग्रुप मेमबर्स से निवेदन है की इस विडियो को इतना फैलाओ की देश के प्रधान मंत्री श्री मोदी जी इस पर कोई instant action ले आज Whatsapp के माध्यम से इतना सभी तक पहुँचावें की प्रधानमंत्री श्री नरेंद्र मोदी जी तक यह पहुँचानें का आज whatsapp इस्तेमाल करनें का असली दिन है ।
plz plz plz..
ये video send करो

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കല്‍ എങ്ങനെയെങ്കിലും ഈ വീഡിയോ എത്തുന്നതു വരെ പരമാവധി പങ്കിടണമെന്നും ഈ സന്ദേശത്തിലുണ്ട്!! പ്രധാനമന്ത്രിയെ ഇടപെടുവിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുപ്പിക്കണമത്രേ. വീഡിയോ പങ്കിട്ട ഒരു മണ്ടനും അതിലുള്ളവരുടെ വേഷവിതാനങ്ങളോ രൂപഭാവങ്ങളോ അന്നും ശ്രദ്ധിച്ചില്ല.

ഒരു കാര്യം ഇതില്‍ നിന്നു വ്യക്തം. ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും സമുദായത്തെ നന്നാക്കാന്‍ എന്ന പേരില്‍ വിതരണം ചെയ്യുന്നത് കൊടും വിഷം തന്നെയാണ്. സഹജീവിയുടെ ചോരവീഴ്ത്താനുള്ള ഉത്തേജനം പകരുന്ന വിഷം. ഈ ചോരക്കൊതിയന്മാരുടെ സ്വാധീനം സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് ശരിക്കും ഭയപ്പെടുത്തുന്നുണ്ട്.

ഒരാളുടെ ജനനം കൊണ്ടു മാത്രമാണ് അയാളുടെ മതവും ജാതിയും നിര്‍ണ്ണയിക്കപ്പെടുന്നത്. പ്രസവം നടക്കുന്ന ആസ്പത്രിയിലെ ഒരു നേഴ്‌സ് വിചാരിച്ചാല്‍ മതി ഇതെല്ലാം മാറി മറിയാനെന്ന് ഈ മണ്ടന്മാര്‍ ഓര്‍ക്കുന്നില്ല.

ഈശ്വരോ രക്ഷതു!!

 


16-year-old girl beaten and burned alive by lynch mob in Rio Bravo, Guatemala

Previous articleഗസല്‍ മാന്ത്രികനൊപ്പം…
Next articleചുവന്ന മഹാനദി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here