HomeLIFEപൂച്ചരക്ഷായ‍ജ...

പൂച്ചരക്ഷായ‍ജ്ഞം

-

Reading Time: 4 minutes

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. പുറത്തു നല്ല മഴയുണ്ട്. തോമസ് മാനുവലിന്റെ Opium Inc. എന്ന പുസ്തകം വായിച്ചുതീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അതിനാലാണ് എല്ലാവരും ഉറങ്ങിയിട്ടും ഞാന്‍ ഉണര്‍ന്നിരുന്നത്.

ഒടുവില്‍ ആ പുസ്തകം വായിച്ചുതീര്‍ത്തു. വായനയ്ക്കിടയില്‍ ചില കുറിപ്പുകളെടുത്തത് പിന്നീട് ഉപയോഗിക്കുന്നതിനായി ശ്രദ്ധയോടെ മാറ്റിവെച്ചു. മഴ തോര്‍ന്നിട്ടുണ്ടാവണം, ശബ്ദമില്ല. ഭാര്യയും പുത്രനും സുഖനിദ്രയിലാണ്. പുതപ്പിനടിയില്‍ ചുരുണ്ടുകൂടാനൊരുങ്ങുമ്പോള്‍ പുറത്തുനിന്ന് വളരെ നേര്‍ത്തൊരു ശബ്ദം.. “മ്യാവൂ..” ഞാന്‍ അത് അവഗണിക്കാന്‍ ശ്രമിച്ചു. അപ്പോഴിതാ വീണ്ടും.. “മ്യാവൂ…”

ഞാന്‍ അസ്വസ്ഥനായിത്തുടങ്ങിയോ? കാരണം അതൊരു കുഞ്ഞിപ്പൂച്ചയുടെ കരച്ചിലാണെന്ന് എനിക്കറിയാം. വീട്ടിലെ കുറിഞ്ഞിപ്പൂച്ച തട്ടിന്‍പുറത്ത് പ്രസവിച്ചുകിടപ്പാണ്. രണ്ട് അരുമക്കുഞ്ഞുങ്ങള്‍. അതിലൊരെണ്ണം എങ്ങനെയോ താഴെ വീണു. ശബ്ദം കേട്ട് ഭാര്യാപിതാവ് ചെന്നു നോക്കിയപ്പോള്‍ ‘പുള്ളിക്കാരന്‍’ നാലു കാലില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ശ്രമത്തിലാണ്. ‘പുള്ളിക്കാരന്‍’ എന്നുറപ്പിക്കാന്‍ കാരണം പിന്നീടുണ്ടായ അനുഭവമാണ്.

മുകളില്‍ നിന്നു താഴെ വീണതാണല്ലോ പരിക്കു വല്ലതുമുണ്ടോ എന്നറിയാന്‍ അച്ഛന്‍ അവനെ ഒന്നു ലാളിക്കാന്‍ ശ്രമിച്ചു. പെട്ടെന്നു ചീറിക്കൊണ്ട് ‘അവന്‍’ ചാടി മാറി. “കണ്ടനാണെന്നു തോന്നുന്നു. പെണ്ണാണെങ്കില്‍ ഇത്രയും ശൗര്യം കാണിക്കില്ല” -പൂച്ചകളെ ഇഷ്ടപ്പെടുന്ന അച്ഛന്റെ വിലയിരുത്തല്‍. കുഞ്ഞിപ്പൂച്ചയുമായുള്ള ഇടപാട് പന്തിയല്ല എന്നു തോന്നിയതിനാല്‍ അച്ഛന്‍ വിട്ടു. അവന്‍ പതിയ തപ്പിതപ്പി വീടിനു പുറത്തിറങ്ങിപ്പോയി. പിന്നെ കണ്ടില്ല.

ആ പൂച്ചയാണ് ഈ രാത്രിയില്‍ പേടിച്ചുകരയുന്നതെന്ന് എനിക്കു മനസ്സിലായി. പുറത്തിറങ്ങി നോക്കണം എന്ന ആഗ്രഹം ഉള്ളില്‍നിന്നു തള്ളിവരുന്നു. അപ്പോഴേക്കും മഴ വീണ്ടുമെത്തി. ഇരുട്ടത്ത് നനയാനുള്ള മടി ദീനാനുകമ്പയെ അടിച്ചമര്‍ത്തി. തലയിലൂടെ മൂടിപ്പുതച്ച് തിരിഞ്ഞുകിടന്നു.

“നന്ദേട്ടാ… നന്ദേട്ടാ…” തുടര്‍ച്ചയായി തട്ടിവിളിക്കുന്നതു പോലെ തോന്നിയിട്ടാണ് ഞാന്‍ തലയ്ക്കു മുകളില്‍ നിന്നു പുതപ്പുമാറ്റിയത്. പെട്ടെന്നു തന്നെ തിരിച്ചിട്ടു, കാരണം കണ്ണില്‍ തുളച്ചുകയറുന്ന വെളിച്ചം. ലൈറ്റ് ഓണ്‍ചെയ്തിരിക്കുന്നു. മടിച്ചു മടിച്ച് പുതപ്പുമാറ്റി നോക്കിയപ്പോള്‍ ഭാര്യയാണ്. പരിഭ്രാന്തയായിരിക്കുന്നതു പോലെ തോന്നി. ക്ലോക്കിലെ സമയം നോക്കി. സമയം രണ്ടു മണി ആകാറായിരിക്കുന്നു. അതായത് ഞാന്‍ ഉറങ്ങാന്‍ കിടന്നിട്ട് അധികസമയമായിട്ടില്ല.

അടുത്തു കിടന്ന മകനെ നോക്കി. അവന്‍ സുഖമായി ഉറങ്ങുന്നു. ഭാഗ്യം കുഴപ്പമൊന്നുമില്ല. പെട്ടെന്ന് കുലുക്കിവിളിച്ചുണര്‍ത്തുമ്പോള്‍ മനസ്സിലേക്കു വരുന്ന അശുഭചിന്തകളൊക്കെ ഒഴിവായി. ഞാന്‍ ദേവിയെ നോക്കി. അവളെന്നെയും നോക്കി. എന്നിട്ട് ചെവി വട്ടംപിടിക്കുന്നതു പോലെ ആംഗ്യം കാണിച്ചു -“അത് കേട്ടില്ലേ?” എനിക്ക് ഭാവമാറ്റമില്ല -“എന്താ?” ദേവി വിടാന്‍ ഒരുക്കമല്ല -“അത് പൂച്ചക്കുഞ്ഞിന്റെ കരച്ചിലല്ലേ?” ശരിയാണ് തുടര്‍ച്ചയായി കരയുന്നുണ്ട്.

“ഓ.. കുറേ നേരമായി അതു കരച്ചില്‍ തുടങ്ങിയിട്ട്. ഞാന്‍ കിടക്കുന്നതിനു മുമ്പേയുണ്ട്” -എനിക്ക് നിസ്സംഗത. എന്നാല്‍, പൂച്ചക്കുഞ്ഞിനെ ഇപ്പോള്‍ രക്ഷിച്ചേ അടങ്ങൂ എന്ന എന്ന ഭാവത്തിലാണ് ഭാര്യയുടെ നില്പ്. മനസ്സില്ലാ മനസ്സോടെ ഞാനെഴുന്നേറ്റു. മാസ്റ്റര്‍ സ്വിച്ചിട്ട് വീടിനു നാലുപാടും പ്രകാശം പരത്തി. മൊബൈല്‍ ഫോണിലെ ടോര്‍ച്ചും പ്രകാശിപ്പിച്ചു. കുടയുമെടുത്ത് വാതില്‍ തുറന്നു പുറത്തിറങ്ങി. പൂച്ചയുടെ കരച്ചില്‍ കേട്ട ഭാഗം ലക്ഷ്യമാക്കി നടന്നു.

എന്നെ വിളിച്ചുണര്‍ത്തി എഴുന്നേല്പിച്ച് മഴയത്തിറക്കി വിട്ടിട്ട് ദേവി വെറുതെയിരുന്നില്ല. എനിക്കൊപ്പം പുറത്തിറങ്ങി. ഒരു കുടയില്‍ രണ്ടുപേരായപ്പോള്‍ അത്യാവശ്യം നനയുന്നുണ്ട്. പക്ഷേ, അവളത് കാര്യമാക്കിയതായി തോന്നിയില്ല. ഞാനും മൈന്‍ഡാക്കിയില്ല.

പൂച്ച കരഞ്ഞയിടം മൊത്തം പരതി. പ്രകാശം വന്നതോടെ ആ കരച്ചില്‍ സ്വിച്ചിട്ട പോലെ നിലച്ചിരുന്നു. ഞങ്ങള്‍ മൊബൈല്‍ ടോര്‍ച്ചുമായി അവിടെ മുഴുവന്‍ പരതിയിട്ടും കണ്ടെത്താനായില്ല. നിരാശരായി ഒടുവില്‍ മടങ്ങാന്‍ തീരുമാനിച്ചു. ദേവി കൂടെയുണ്ടായിരുന്നത് ഭാഗ്മായി, പൂച്ചയെ കണ്ടെത്താനായില്ല എന്നത് അവള്‍ക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടു. ഇല്ലെങ്കില്‍ ഞാന്‍ ഉഴപ്പി എന്ന ആരോപണം കേട്ടേനേ.

മനസ്സില്ലാമനസ്സോടെയാണ് വീണ്ടും ഉറങ്ങാന്‍ കിടന്നത്. “വിവാഹവാര്‍ഷികത്തിന്റെ തുടക്കം എന്തായാലും നന്നായി” -നീരസത്തിലുള്ള എന്റെ ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയെന്നു തോന്നുന്നു. ദേവി തലയൊന്നുയര്‍ത്തി നോക്കിയിട്ട് തിരിഞ്ഞുകിടന്നു. 2004 സെപ്റ്റംബര്‍ 16നായിരുന്നു ഞങ്ങളുടെ വിവാഹം.

രാവിലെ എഴുന്നേറ്റപ്പോള്‍ പൂച്ചക്കുട്ടിയുടെ കാര്യം ഞാന്‍ മറന്നു. ദേവി കോളേജിലോ മറ്റോ പോകുന്നതിന്റെ തിരക്കിലായി. ഞാന്‍ കണ്ണന്റെ പിന്നാലെ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ കാര്യങ്ങളുമായി കൂടി. അതിനിടെ മകള്‍ അച്ഛനോട് പൂച്ചക്കഥ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, കേട്ട ഭാവം കാണിച്ചില്ല. തിരക്കിട്ട് അവള്‍ പോവുകയും ചെയ്തു.

കണ്ണന്റെ ക്ലാസ്സിനു ശേഷം അവനെയും കൂട്ടി വീണ്ടും ഞാന്‍ പൂച്ചയെ തപ്പിയിറങ്ങി. ഭാര്യാപിതാവും ഒപ്പമെത്തി. അപ്പോഴേക്കും പൂച്ചക്കുട്ടിയുടെ കരച്ചില്‍ വീണ്ടും കേട്ടുതുടങ്ങിയിരുന്നു. അച്ഛന്‍ പെട്ടെന്നു തന്നെ അവനെ കണ്ടെത്തി. പ്ലംബിങ് പണിക്കു ശേഷം ബാക്കിയിട്ടിരുന്ന ചെറിയൊരു പൈപ്പിനുള്ളിലാണ് അവന്റെ ഇരിപ്പ്. അച്ഛന്‍ പൈപ്പ് കൈയിലെടുത്തപ്പോള്‍ അവന്‍ പുറത്തുചാടി.

ഞാനാദ്യമായി അവനെ കണ്ടു. ഒരു കൊച്ചുസുന്ദരന്‍. തണുത്തുവിറങ്ങലിച്ചു വിറച്ചിരിക്കുന്നു. ഞങ്ങളെ കണ്ടു ഭയന്ന അവന്‍ കാര്‍ ഷെഡ്ഡിലെ ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് ഓടിക്കയറി. തണുപ്പിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായിട്ടാവണം കരച്ചില്‍ ക്രമേണ കുറഞ്ഞു, ഇല്ലാതായി. അവന്‍ ഉറങ്ങിയതായിരിക്കും. ഞങ്ങളും അവനെ അവന്റെ പാട്ടിനു വിട്ടു പിന്മാറി.

ദേവി ഉച്ചയ്ക്കു തിരിച്ചെത്തി കുളി കഴിഞ്ഞ് ഊണു കഴിച്ചപാടെ പൂച്ചക്കുട്ടിയെ അന്വേഷിച്ചിറങ്ങി. വിടാന്‍ ഭാവമില്ല എന്നു തന്നെ. ആവേശത്തോടെ കണ്ണനും ഒപ്പം കൂടി. അവന്‍ അമ്മയ്ക്ക് കുട്ടിപ്പൂച്ചയെ കാണിച്ചുകൊടുത്തു. ദേവിക്ക് പെരുത്തു സന്തോഷം. “ഇന്നലെ രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല എന്നു തോന്നുന്നു” -എന്റെ വായില്‍ നിന്ന് അബദ്ധത്തില്‍ വീണു പോയി. അതോടെ പൂച്ചയെ എന്തെങ്കിലും കഴിപ്പിക്കാനുള്ള ശ്രമത്തിലായി ദേവിയും കണ്ണനും.

സ്റ്റോര്‍ മുറിയില്‍ നിന്ന് പഴയൊരു പ്ലാസ്റ്റിക് പാത്രത്തിന്റെ അടപ്പ് സംഘടിപ്പിച്ചു. ഫ്രിഡ്ജില്‍ നിന്ന് പാല് അതിലേക്കു പകര്‍ന്നു. സാമാന്യം നന്നായിത്തന്നെ എടുത്തിട്ടുണ്ട്. പൂച്ചക്കുഞ്ഞിന്റെ മുന്നിലേക്ക് അതു നീക്കിവെച്ചു. പക്ഷേ, അതിന് കണ്ട ഭാവമില്ല. മുലപ്പാല്‍ മാത്രം കുടിച്ചു വളര്‍ന്നതിനാലാവാം, തനിയെ നക്കിക്കുടിക്കാന്‍ പഠിച്ചിട്ടില്ലെന്നു തോന്നുന്നു.

പൂച്ചക്കുഞ്ഞിന്റെ അമ്മ അവിടൊക്കെ കറങ്ങിത്തിരിഞ്ഞു നടക്കുന്നുണ്ട്. പൂച്ചക്കുട്ടിക്ക് പാല്‍ കൊടുക്കാനുള്ള തങ്ങളുടെ ശ്രമം പരാജയപ്പെട്ടതോടെ അമ്മപ്പൂച്ചയെ എങ്ങനെ കുഞ്ഞിനടുത്തെത്തിക്കാം എന്നതായി ദേവിയുടെ ചിന്ത. കണ്ണനുമൊത്ത് അവള്‍ കിണഞ്ഞു ശ്രമിച്ചുവെങ്കിലും അമ്മപ്പൂച്ചയ്ക്ക് കുഞ്ഞിനെ ആലുവാ മണപ്പുറത്തുവെച്ചു കണ്ട പരിചയം പോലുമില്ല. ഈ വെപ്രാളത്തിനിടെ പൂച്ചക്കുഞ്ഞ് ഹാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ സുഖത്തില്‍ നിന്നു പുറത്തുചാടി.

അമ്മപ്പൂച്ചയുടെയും കുഞ്ഞിപ്പൂച്ചയുടെയും പിന്നാലെ ഓടിയോടി ദേവിയും കണ്ണനും തളര്‍ന്നു. മുറ്റത്തെ ചെടികള്‍ക്കിടയില്‍ പൂച്ചക്കുഞ്ഞ് പമ്മിയിരുപ്പായി. അമ്മപ്പൂച്ച എങ്ങോട്ടോ പോകുകയും ചെയ്തു. “ഇന്നുകൂടി ഇങ്ങനെയിരുന്നാല്‍ ഇതു ചത്തുപോകും” -ദേവിയുടെ വാക്കുകളില്‍ സങ്കടവും നിരാശയുമെല്ലാമുണ്ട്. എന്തു ചെയ്യും?

“തട്ടിന്‍പുറത്ത് നേരത്തേ ഇരുന്നിടത്ത് എത്തിയാല്‍ ഒരു പക്ഷേ അമ്മപ്പൂച്ച സ്വീകരിച്ചേക്കും” -ഭാര്യാമാതാവിന്റെ വിലയിരുത്തല്‍. അതു കേട്ടപാടെ ദേവിയുടെ മുഖം തെളിഞ്ഞു. ഞാന്‍ സഹകരിക്കില്ല എന്നു തോന്നിയതിനാലാവാം അവള്‍ അച്ഛന്റെ സഹായം തേടി. “പൂച്ച മാന്തുകയോ കടിക്കുകയോ വല്ലതും ചെയ്താല്‍ എനിക്കു വയ്യ. ഷുഗറുള്ളതാ. മുമ്പൊരിക്കല്‍ എനിക്കിതുപോലെ കിട്ടിയതാ” -ഈ പൂച്ചക്കുട്ടി ചീറുന്നത് കണ്ടിട്ടുള്ളതിനാലാവണം അച്ഛന്‍ കൈമലര്‍ത്തി.

അതോടെ പന്തു വീണ്ടും എന്റെ കളത്തിലേക്കു വന്നിരിക്കുകയാണെന്ന് ഉറപ്പായി. അപ്പോഴാണ് ദേവിയുടെ വജ്രായുധം -“ഇന്ന് നമ്മുടെ വിവാഹവാര്‍ഷികമല്ലേ? എനിക്കൊന്നും തന്നില്ലല്ലോ? ഞാന്‍ ചോദിക്കട്ടേ? ഈ പൂച്ചക്കുഞ്ഞിനെ രക്ഷിക്കണം. അതിവിടെ കിടന്നു മരിക്കാന്‍ ഇടവരരുത്”. വിവാഹവാര്‍ഷികം എന്നത് ഇങ്ങനെ കുരിശായി വരും എന്നു ഞാന്‍ കരുതിയില്ല. “എന്നെ പൂച്ച കടിക്കില്ലേ?” -എന്റെ ചോദ്യം. “ഹേയ്, അതൊക്കെ ഇയാള്‍ക്ക് പറ്റും” -ദേവിക്ക് എന്നില്‍ പൂര്‍ണ്ണവിശ്വാസം.

പഴയൊരു ടൗവലും കൈയിലെടുത്ത് ഞാന്‍ പൂച്ചക്കുഞ്ഞിന്റെ അടുത്തെത്തി. അതിന്റെ മുകളിലേക്കു പെട്ടെന്നു തന്നെ ടൗവല്‍ വിരിച്ചു. എന്താണു സംഭവിച്ചതെന്ന് അതിനു മനസ്സിലാവും മുമ്പ് പൂച്ചക്കുഞ്ഞിനെ പൊതിഞ്ഞ ടൗവല്‍ എന്റെ കൈയിലായി. അത് ചീറ്റുകയും കുതറുകയുമൊക്കെ ചെയ്യുന്നുണ്ട്. ഞാന്‍ പൂച്ചക്കുഞ്ഞുമായി ഒറ്റയോട്ടം. നേരേ എണിയില്‍ കയറി തട്ടിന്‍പുറത്തേക്ക് എത്തി ടൗവല്‍ അവിടേക്കു കുടഞ്ഞിട്ടു. വാതിലുള്ളത് അടച്ചുമിട്ടു. പിന്നെ നോക്കിയേയില്ല.

രാത്രി അടുക്കളയില്‍ നില്‍ക്കുമ്പോള്‍ തട്ടിന്‍പുറത്തു നിന്ന് പൂച്ചക്കുഞ്ഞിന്റെ കരച്ചില്‍. ദേവി എന്റെ മുഖത്തു നോക്കി. ഞാന്‍ തിരിച്ചും. ആ നോട്ടത്തിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായി. ഏണി ചാരി തട്ടിന്‍പുറത്തേക്ക് എത്തി നോക്കി. അമ്മപ്പൂച്ചയ്ക്കൊപ്പം രണ്ടു കുട്ടികളുമുണ്ട്. നമ്മുടെ കുഞ്ഞനെയും അവള്‍ സ്വീകരിച്ചിരിക്കുന്നു. ഇന്ന് ഞങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാം.

വിവാഹവാര്‍ഷികത്തിന് സന്തോഷകരമായ പരിസമാപ്തി. കണ്ണനായിരുന്നു ഏറ്റവും ഹാപ്പി. ഒന്നര ദിവസത്തെ പട്ടിണിക്കു ശേഷം അമ്മയുടെ പാലു കുടിക്കാനവസരം കിട്ടിയ പൂച്ചക്കുഞ്ഞ് ഹാപ്പി. പൂച്ചക്കുഞ്ഞിനു വേണ്ടി ദേവിയെടുത്ത പാലു കുടിക്കാനവസരം കിട്ടിയ അമ്മപ്പൂച്ചയും ഹാപ്പി. Baby’s Day Out സിനിമയിലെ പോലെ Cat’s Day Out എന്ന് ദേവി. ഒരു ദിവസം ലോകം കാണാനിറങ്ങിയ കുട്ടിയുടെ സിനിമയിലെ പോലെ ലോകം കാണാനിറങ്ങിയ പൂച്ചക്കുട്ടി.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം -ഇത്രയൊക്കെ എഴുതാനുണ്ടോ എന്ന്. ഉള്ളിലിരുന്ന് ആരോ എന്നെക്കൊണ്ട് എഴുതിച്ചതാണ്. ജീവന്‍, അതൊരു പൂച്ചക്കുഞ്ഞിന്റെയാണെങ്കിലും വിലപ്പെട്ടതു തന്നെയാണല്ലോ അല്ലേ!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights