ഒരിക്കല്‍ക്കൂടി ഞാന്‍ വിദ്യാര്‍ത്ഥിയാവുന്നു. പോകുന്നത് യൂണിവേഴ്‌സിറ്റി കോളേജിലേക്കു തന്നെ. ഓര്‍മ്മകളുടെ ഇരമ്പം. കാലം മാറി. കോലം മാറി. കോളേജ് മാറി. വിദ്യാര്‍ത്ഥികള്‍ മാറി. പക്ഷേ, എനിക്കു മാത്രം മാറ്റമില്ല. എന്റെ ഒപ്പം പഠിച്ചവര്‍ക്കും മാറ്റമില്ല.
ഇനി ഒരു വര്‍ഷക്കാലം യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ ഉണ്ടുറങ്ങും. രാവിലെ 8.30ന് കോളേജിലെത്തി രാത്രി 8.30നു മാത്രം മടങ്ങിയിരുന്ന പഴയ കാലം ഓര്‍മ്മ വരുന്നു. ഇപ്പോള്‍ അവിടെ പഠിക്കുന്നവരെക്കാള്‍ പ്രാധാന്യം തലയിലും താടിയിലുമൊക്കെ നര കയറിയ ഞങ്ങള്‍ക്കാവുന്നു. ഇപ്പോള്‍ അവിടെയുള്ള അദ്ധ്യാപകരെക്കാള്‍ പ്രാധാന്യം ഞങ്ങളെ പഠിപ്പിച്ച, വിരമിച്ച അദ്ധ്യാപകര്‍ക്കാവുന്നു. ജരാനരകള്‍ ഞങ്ങളുടെ അടയാളങ്ങളാണ്. കാലം സമ്മാനിച്ച അടയാളങ്ങള്‍.
കലാലയ മുത്തശ്ശിക്ക് 150 വയസ്സ് തികയുന്നു. കേരളത്തിലെ ആദ്യത്തെ കോളേജ് എന്ന സ്ഥാനം തട്ടിയെടുക്കാന്‍ അങ്ങു കോട്ടയത്തുള്ള ചില കുബുദ്ധികള്‍ ശ്രമിച്ചുവെങ്കിലും അവരുടെ നീക്കങ്ങളെല്ലാം പൊളിഞ്ഞു പാളീസായി. ഇപ്പോള്‍ പിറന്നാള്‍ നമ്പര്‍ 150 ആഘോഷിക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് തന്നെയാണ് കേരളത്തിലെ ആദ്യ കോളേജ്. ഇവിടെ നിന്നു ബിരുദം നേടിയ വി.നാഗമയ്യ തന്നെയാണ് കേരളത്തിലെ ആദ്യ ബിരുദധാരി. ഇപ്പോള്‍ ആര്‍ക്കും ഒരു സംശയവുമില്ല.
പിറന്നാളാഘോഷ പരിപാടികള്‍ക്ക് ജൂണ്‍ 22ന് ഔദ്യോഗിക തുടക്കമാവും. അന്നു രാവിലെ 11 മണിക്ക് കോളേജ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. വിശിഷ്ടാതിഥികളുടെ ഒരു വലിയ നിര തന്നെയുണ്ട്. അപ്പോള്‍ നമുക്ക് ജോലി തുടങ്ങാന്‍ സമയമായി.
എനിക്കൊപ്പം പഠിച്ചവര്‍. എനിക്കു മുമ്പ് പഠിച്ചവര്‍. എനിക്കു ശേഷം പഠിച്ചവര്‍. എല്ലാവരെയും അറിയിക്കുകയാണ്. ഇത്തരം ആഘോഷ വേളകള്‍ മുത്തശ്ശിയുടെ സ്‌നേഹത്തണലിലേക്ക് ഒരിക്കല്‍ക്കൂടി ഓടിയെത്താനുള്ള സുവര്‍ണ്ണാവസരങ്ങളാണ്. ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും കെട്ടുപാടുകളും വലിച്ചെറിഞ്ഞ് ഒരിക്കല്‍ക്കൂടി നമുക്ക് കൂട്ടുകൂടാം. അര്‍മാദിക്കാം. അട്ടഹസിക്കാം.
അതു മാത്രം മതിയോ? ഇതിലും വലിയൊരാഘോഷം ഇനി നടക്കാന്‍ പാടില്ല. ഇത്തരമൊരാഘോഷം ഇനിയുണ്ടാവണമെങ്കില്‍ മുത്തശ്ശിക്ക് 175 വയസ്സാകണം. അന്ന് നമ്മളില്‍ എത്ര പേര്‍ ജീവനോടെയുണ്ടാവും എന്നു പറയാനാവുമോ? നമ്മളില്‍ പലര്‍ക്കും ഇനിയൊരവസരം ഇല്ല തന്നെ.
മുത്തശ്ശിയുടെ പിറന്നാള്‍ ഗംഭീരമാക്കാന്‍ നമ്മള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് എന്തു ചെയ്യാനാവും എന്നാലോചിക്കണ്ടേ? അതിനായി നമുക്ക് ഒരിക്കല്‍ക്കൂടി ഒത്തുചേരാം. ജൂണ്‍ 12 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ഹാളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേരുന്നു. വാര്‍ഷികാഘോഷ സംഘാടക സമിതി പ്രതിനിധികളും നമുക്കൊപ്പമുണ്ടാവും. അപ്പോള്‍ എല്ലാവരും എത്തുമല്ലോ അല്ലേ? ഞായറാഴ്ച കാണാം.
ഓര്‍ക്കാന്‍ എളുപ്പത്തിന് ഒരിക്കല്‍ക്കൂടി:
ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ജൂണ്‍ 22 രാവിലെ 11ന്.
പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആലോചനായോഗം ജൂണ്‍ 12 ഉച്ച തിരിഞ്ഞ് 3ന്.