ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ അമേരിക്കയും റഷ്യയും ഫ്രാന്‍സും പോലുള്ള രാഷ്ട്രങ്ങള്‍ അപലപിക്കുകയും ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിലെല്ലാമപ്പുറം ശ്രദ്ധേയമാകുന്നത് ചൈനയുടെ നിലപാടാണ്, ജെയ്ഷ്-എ-മുഹമ്മദിനോടും അതിന്റെ മേധാവി മൗലാന മസൂദ് അസ്ഹറിനോടുമുള്ള മാറ്റമില്ലാത്ത മൃദുനിലപാട്.
ദോഷം പറയരുതല്ലോ, ചൈനയും പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്. ‘ഭീകരാക്രമണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ആക്രമണം അങ്ങേയറ്റം നടുക്കമുളവാക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു’ -ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. എന്നാല്‍, മസൂദ് അസ്ഹറിനെയും ഭീകരപ്പട്ടികയെയും കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉഴപ്പി -‘ഭീകര പട്ടികയിലെ സംഘടനകളെ സംബന്ധിച്ച് യു.എന്‍. രക്ഷാ സമിതിയുടെ 1267 കമ്മിറ്റിക്ക് വ്യക്തമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളുമുണ്ട്. അതുപ്രകാരം ജെയ്ഷിനെ യു.എന്‍. രക്ഷാസമിതിയുടെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്. ഭീകരപട്ടികയില്‍ ഒരു വ്യക്തിയെ ഉള്‍പ്പെടുന്നതു സംബന്ധിച്ച് അങ്ങേയറ്റം ആത്മാര്‍ത്ഥവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. അത് ഇനിയും തുടരും.’
മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെയും മറ്റ് രക്ഷാ സമിതി അംഗങ്ങളുടെയും ശ്രമങ്ങളെ തടയാന്‍ നേരത്തേ ചൈന പറഞ്ഞതു തന്നെ ഇപ്പോഴും പറയുന്നു. നേരത്തേ തടഞ്ഞതു പോലെ ഇനിയും തടയുമെന്നു തന്നെ പറയുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ വീണ്ടും ഉയര്‍ത്തിയ സാഹചര്യത്തിലാണ് ചൈനയുടെ ഈ പ്രസ്താവന എന്നത് പ്രത്യേകം പരിഗണിക്കപ്പെടേണ്ടതുണ്ട്.
പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ്-എ-മുഹമ്മദ് പരസ്യമായി ഏറ്റെടുത്തിട്ടുണ്ട്. ഫലത്തില്‍ ഈ ഉത്തരവാദിത്വം ചൈനയ്ക്കു തന്നെയാണ് വരുന്നത്. ഇന്ത്യ ഏറ്റവും വലിയ ശത്രുവായി കാണുന്ന കൊടുംഭീകരന്‍ മസൂദ് അസ്ഹര്‍ പാകിസ്താനില്‍ സര്‍വ്വതന്ത്ര സ്വതന്ത്രനായി പ്രസംഗിച്ചു നടക്കുന്നു, ആളെക്കൂട്ടുന്നു. പാക് നഗരമായ ഭവല്‍പുരില്‍ വിശാലമായൊരു പരിശീലന സമുച്ചയം ഈ ഭീകരസംഘടന പടുത്തുയര്‍ത്തിയിട്ടുണ്ട്, പാക് സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ തന്നെ.
ഭവല്‍പുരിന്റെ പ്രാന്തപ്രദേശത്ത് പാക് ദേശീയ പാത 5ന്റെ ഓരത്തുള്ള ജാമിയ മസ്ജിദ് സുഭാനള്ളയിലാണ് ജെയ്ഷ് ആസ്ഥാനവും ഭീകരപരിശീലന കേന്ദ്രവും. അബ്ബൊട്ടാബാദില്‍ ഉസാമ ബിന്‍ ലാദന് ലഭിച്ചിരുന്ന അതേ സുരക്ഷ തന്നെ ഇവിടെ മൗലാന മസൂദ് അസ്ഹറിനും പാക് സൈന്യം ലഭ്യമാക്കിയിരിക്കുന്നു. ജെയ്ഷ് ആസ്ഥാനത്തു നിന്ന് വെറും 8 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് 30,000 അംഗബലമുള്ള പാക് സൈനിക വിഭാഗം 31 കോറിന്റെ ആസ്ഥാനം! ജെയ്ഷ് സമുച്ചയത്തിനുള്ളിലെ വലിയ മതിലില്‍ ഡല്‍ഹി ചെങ്കോട്ടയുടെ ചിത്രമുണ്ട്. അതിനു മുകളിലൂടെ അശ്വാരൂഢരായ ഭീകരര്‍ ചാടിക്കടക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു. സംഘടനയുടെ ലക്ഷ്യം എന്താണെന്നു വ്യക്തം. പാക് സൈന്യം എന്തു ചെയ്താലും അതു ചൈന അറിയും, അംഗീകരിക്കും.
ഭീകരരെ അടിച്ചമര്‍ത്താന്‍ നടപടി സ്വീകരിക്കുന്നതായി ഇടയ്ക്കിടെ പാക് സര്‍ക്കാര്‍ അഭിനയിക്കും. പക്ഷേ, അപ്പോഴും ഭീകരര്‍ സര്‍ക്കാരിന്റെ ഒത്താശയോടെ പണം പിരിക്കുന്നതും പുതിയ ആളുകളെ ചേര്‍ത്ത്, പരിശീലനം നല്‍കി, ആക്രമണം നടത്തുന്നത് തുടരും. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇര ഇന്ത്യ മാത്രമല്ല, അഫ്ഗാനിസ്ഥാനും ഇറാനുമെല്ലാമുണ്ട്. പാകിസ്താന്‍ താലിബാന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാതെ ആ ഭീകരന്മാരെ തോല്പിക്കാനാവില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്, പല വട്ടം. പുല്‍വാമ ആക്രമണത്തിന് ഒരു ദിവസം മുമ്പാണ് ജെയ്ഷ്-അല്‍-ആദല്‍ എന്ന ഭീകരസംഘടന 27 ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുകളെ സഹെദാനില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയത്. ഇന്ത്യയിലെയും ഇറാനിലെയും ആക്രമണത്തിന് സാമ്യതകളേറെയാണ്.
തങ്ങള്‍ ഭീകരവാദത്തിന്റെ ഇരയാണെന്നാണ് പാകിസ്താന്‍ നാഴികയ്ക്ക് 40 വട്ടം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, അവരുടെ നിലപാടുകളും നടപടികളും എല്ലാക്കാലത്തും ഭീകരത വളര്‍ത്തുന്ന രീതിയില്‍ തന്നെയായിരുന്നു. വാണിജ്യ -വ്യാപാര ബന്ധങ്ങളിലൂടെ ചൈനയില്‍ നിന്നു ലഭിക്കുന്ന പിന്തുണ ഭീകരവാദ പ്രോത്സാഹനത്തിന് കൂടിയുള്ള പിന്തുണയാക്കി പാകിസ്താന്‍ മാറ്റിയിട്ടുണ്ട്. ബലോചിസ്ഥാനില്‍ പാക് സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ ചൈനയുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് അവര്‍ ഇപ്പോള്‍ പരസ്യമായി തന്നെ പറയുന്നു. സാമ്പത്തിക താല്പര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചൈന എല്ലാം വകവെച്ചുകൊടുക്കുകയാണ്. അമേരിക്കയില്‍ നിന്ന് വലിയ സഹായം ഇനി പ്രതീക്ഷിക്കണ്ട എന്നു മനസ്സിലാക്കിയ പാകിസ്താന്‍ ആ സ്ഥാനത്തേക്ക് ചൈനയെ പ്രതിഷ്ഠിച്ചുകഴിഞ്ഞു.
സിന്‍ജിയാങ്ങില്‍ സാധാരണ മുസല്‍മാന്മാര്‍ക്കു വേണ്ടിപ്പോലും തടവറ തുറന്നുവെച്ചിരിക്കുന്ന ചൈനീസ് ഭരണകൂടം സ്വയപ്രഖ്യാപിത ജിഹാദി ഭീകരനെ എന്തിനിങ്ങനെ സംരക്ഷിക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് നേരത്തേ റാവല്‍പ്പിണ്ടിയിലെ ജനറല്‍മാര്‍ മാത്രമാണ് പഴി കേട്ടിരുന്നതെങ്കില്‍ ഇനി മുതല്‍ ബെയ്ജിങ്ങിലെ നേതാക്കളും ആ പഴിയുടെ പങ്ക് ഏറ്റെടുക്കുക തന്നെ വേണം.