1987ല്‍ അവിടം വിട്ടതാണ്.
തികച്ചും അപ്രതീക്ഷിതമായിരുന്നു ഒരിക്കല്‍ക്കൂടി അവിടേക്കുള്ള കടന്നുചെല്ലല്‍.
നിക്കറിട്ടു നടന്ന കാലത്തിന്റെ നിറം പിടിപ്പിച്ച ഓര്‍മ്മകള്‍.
ഞങ്ങളുടെ ആ പഴയ സ്‌കൂള്‍ മൈതാനത്തിന് വലിപ്പം കുറഞ്ഞുവോ?
മുന്നിലെ പടിക്കെട്ടില്‍ ഇരുന്നപ്പോള്‍ എന്തോ ഒരവകാശബോധം.
പൂമുഖത്തിനടുത്തുള്ള പഴയ ക്ലാസ് മുറി ഇപ്പോള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസായി മാറിയിരിക്കുന്നു.
പഴയ സ്‌കൂളിന് ഒരുപാട് മാറ്റങ്ങള്‍.
പക്ഷേ, മാറ്റങ്ങള്‍ ഞങ്ങളുടെ സ്മരണകളെ മായ്ക്കുന്നില്ല.
കളിക്കളത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്ന ഭീമന്‍ തിമിംഗലം ഇന്നില്ല.
നഷ്ടപ്പെട്ടുപോയ സുന്ദരകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ആ സന്ദര്‍ശനം.
വീട്ടില്‍ നിന്ന്, അച്ഛനമ്മമാരുടെ സംരക്ഷണയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങി ചെന്നു കയറിയ സ്ഥലം.
കരഞ്ഞുകൊണ്ടു ചെന്നു കയറി, കരഞ്ഞുകൊണ്ടു തന്നെ ഇറങ്ങി വന്ന സ്ഥലം.
അമ്മ കൈപിടിച്ച് നേഴ്‌സറി ക്ലാസ്സില്‍ കൊണ്ടിരുത്തിയപ്പോള്‍ നമ്മള്‍ പേടിച്ചു കരഞ്ഞു.
വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കൂളില്‍ നിന്നു വിടവാങ്ങുമ്പോള്‍ കൂട്ടുകാരെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഇന്ന് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍ നിന്നുള്ള തിരിഞ്ഞുനോട്ടത്തിന് പ്രത്യേക സുഖം.
ആ സുന്ദരകാലത്തിന്റെ ചില ഏടുകളെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമം.
വഴുതക്കാട് ചിന്മയ വിദ്യാലയ.
ഞങ്ങളുടെ സ്‌നേഹക്കൂട്…