HomeENTERTAINMENTഒരു സില്‍മാക്...

ഒരു സില്‍മാക്കഥ

-

Reading Time: 12 minutes

മുന്‍കുറിപ്പ്
ഇതൊരു കഥ മാത്രമാണ്. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ആരുമായെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അതില്‍ തെറ്റു പറയില്ല. പക്ഷേ, ആ സാമ്യം തികച്ചും യാദൃച്ഛികമാണെന്ന് ഞാന്‍ അവകാശപ്പെടും!


കഥാപാത്രങ്ങള്‍

ഉദയഭാനു (സംവിധായകന്‍)
മാധവന്‍കുട്ടി (നായക താരം)
ശങ്കര്‍ദാസ് (നിര്‍മ്മാതാവ്)
പച്ചാളം ഭാസി (നടിമാരുടെ മാനേജര്‍)
ദേവനാരായണന്‍ (ചിത്രസംയോജകന്‍)
ഇന്ദ്ര കുമാര്‍ (നിര്‍മ്മാണ സംഘടനാ നേതാവ്)
ചാത്തോത്ത് പണിക്കര്‍ (സംവിധായക സംഘടനാ നേതാവ്)
കമലദളന്‍ (പകരക്കാരന്‍ സംവിധായകന്‍)


തുടക്കം യൂണിവേഴ്‌സിറ്റി കോളേജില്‍

1990കളുടെ തുടക്കം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദപഠനത്തിന് ഉദയഭാനു എന്ന പയ്യന്‍ എത്തി. തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തില്‍ നിന്ന് ആദ്യമായി നഗരത്തിലെത്തിയ അവന് എല്ലാം അത്ഭുതമായിരുന്നു. അതിനാല്‍ത്തന്നെ തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതമാണ് പ്രകടിപ്പിച്ചത്. അവന്റെ കോളേജ് പഠനം സംഭവബഹുലമൊന്നുമായിരുന്നില്ല. പക്ഷേ, എഴുത്തിന്റെ ലോകത്ത് അവന്‍ വരവറിയിച്ചു. കോളേജില്‍ കവിതാ രചന, ഉപന്യാസ രചന, കഥാ രചന എന്നിങ്ങനെ എല്ലാ സാഹിത്യമത്സരങ്ങളിലും വിജയിയായി. നല്ല സൗഹൃദങ്ങളായിരുന്നു ഉദയന്റെ ഏറ്റവും വലിയ സമ്പാദ്യം. ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഉപവിഷയങ്ങള്‍ എന്ന നിലയില്‍ ബ്രിട്ടീഷ് ചരിത്രവും ലോക ചരിത്രവും അവനവിടെ പഠിച്ചു. നല്ല മാര്‍ക്കും കിട്ടി. പഠനത്തിലുപരിയായി ചരിത്രത്തോട് വല്ലാത്തൊരു താല്പര്യം അവനുണ്ടായിരുന്നു, വിശേഷിച്ചും കേരള ചരിത്രത്തോട്.

ഉദയന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍

പഠനശേഷം ഉദയഭാനു നേരെ രാജ്യതലസ്ഥാനത്തേക്ക് വെച്ചുപിടിച്ചു. ഡല്‍ഹിയില്‍ അവന്‍ ഒരു അന്താരാഷ്ട്ര ടെലിവിഷന്‍ കമ്പനിയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങി. ഇംഗ്ലീഷ് ചാനലുകള്‍ ഇന്ത്യയില്‍ വേരുറപ്പിച്ചു തുടങ്ങുന്ന, മാധ്യമപ്രവര്‍ത്തകരുടെ വളര്‍ച്ചയ്ക്ക് വന്‍സാദ്ധ്യയതുള്ള സമയം. പക്ഷേ, ഉദയന്‍ അവിടെ അധികകാലം തുടര്‍ന്നില്ല. കാരണം അവന്റെ മനസ്സു നിറയെ സിനിമയായിരുന്നു. അന്ന് ഉദയനൊപ്പം മാധ്യമപ്രവര്‍ത്തനം തുടങ്ങിയവരെല്ലാം ഇന്ന് ഇന്ത്യയിലെ വിവിധ ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളുടെ തലപ്പത്തുണ്ട്. സിനിമയെന്ന സ്വപനം സാക്ഷാത്കരിക്കാനായി ഉദയന്‍ ഇപ്പോഴും ശ്രമം തുടരുന്നു.

തിരക്കഥയുടെ പണിപ്പുരയില്‍

തിരുവനന്തപുരമായിരുന്നു ഉദയന്റെ പുതിയ തട്ടകം. ഇടയ്ക്ക് കൊച്ചിയും. സിനിമാ മോഹം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിന് അവന്‍ തുടക്കമിട്ടു. ഒരു സിനിമയുടെ അടിസ്ഥാനം തിരക്കഥയാണല്ലോ. 2000 മുതല്‍ അതിന്റെ പണികള്‍ ഉദയന്‍ തുടങ്ങി. തന്റെ സിനിമയുടെ പശ്ചാത്തലമായി ഉദയന്‍ തിരഞ്ഞെടുത്തത് കേരള ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടാണ്. സ്‌നേഹവും ത്യാഗവും വീര്യവും സമര്‍പ്പണവും പോരാട്ടവുമെല്ലാം ഇടകലര്‍ന്ന ഒരു ചരിത്രകഥ.

ഉദയന്‍ നന്നായി അദ്ധ്വാനിച്ചു. 10 വര്‍ഷത്തിനൊടുവില്‍ അദ്ധ്വാനം ഫലപ്രാപ്തിയിലെത്തി. 2010ല്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്തു. പിന്നെ അടുത്ത ഘട്ടം. പ്രധാന നടനെ തേടിയുള്ള യാത്ര. നടനെ ഉറപ്പിച്ചിട്ടു വേണം നിര്‍മ്മാതാവിനെ തപ്പാന്‍. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ ഗണത്തില്‍പ്പെടുന്ന നായക നടന്‍ മാധവന്‍കുട്ടിയെ തന്നെ തിരഞ്ഞെടുത്തു. 2011ലാണ് അദ്ദേഹവുമായി ആദ്യ ചര്‍ച്ച നടക്കുന്നത്. തിരക്കഥ വായിച്ചപ്പോള്‍ നടന് ‘ഫയങ്കര’ ആവേശം. ചില രംഗങ്ങളൊക്കെ അദ്ദേഹം തത്സമയം അഭിനയിച്ചു കാണിച്ചു. തിരക്കഥ പെരുത്തിഷ്ടമായി. ‘നമ്മള്‍ ഈ സിനിമ ചെയ്യുന്നു’ -മാധവന്‍കുട്ടി ഉറപ്പു പറഞ്ഞത് 2012ല്‍.

നിര്‍മ്മാതാവിനായുള്ള കാത്തിരിപ്പ്

ഇനി വേണ്ടത് നിര്‍മ്മാതാവാണ്. തന്റെ സിനിമയ്ക്ക് 15 കോടി രൂപയുടെ ബജറ്റാണ് 2010ല്‍ ഉദയന്‍ കണക്കുകൂട്ടിയത്. 12 കോടി വരെ ചെലവിടാന്‍ തയ്യാറുള്ള ആളു വന്നു. പക്ഷേ, അതു തികയില്ലെന്ന് ഉദയന്‍ കട്ടായം പറഞ്ഞു. 15 കോടി എന്ന തുക ബാലികേറാമലയായി തന്നെ തുടര്‍ന്നു. ഇത്രയും വലിയ തുക മുടക്കി സിനിമയെടുത്താല്‍ മലയാളത്തില്‍ അതു തിരിച്ചുപിടിക്കാനാവുമോ എന്ന സംശയം തന്നെയാണ് പ്രശസ്ത ബാനറുകള്‍ അടക്കമുള്ളവരെ പിന്നോട്ടു വലിച്ചത്. എന്നാല്‍, 2016 ആയതോടെ ചിത്രം മാറി. ദൃശ്യം, പ്രേമം, എന്നു നിന്റെ മൊയ്തീന്‍ തുടങ്ങിയ കാശുവാരിപ്പടങ്ങള്‍ നിര്‍മ്മാതാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അങ്ങനെ ഒടുവില്‍ നമ്മുടെ കഥാനായകനും കിട്ടി, ഒരു നിര്‍മ്മാതാവിനെ -ശങ്കര്‍ദാസ്.

ഒരു ദുബായ് വിജയഗാഥ

ദുബായ്ക്കാരനാണ് ശങ്കര്‍ദാസ്. ഇഷ്ടം പോലെ കാശുണ്ട്. ‘ഇട്ടുമൂടാന്‍ പണമുണ്ട്’ എന്നു വേണമെങ്കില്‍ പറയാം. ഇന്നു വരെ ഒരു സിനിമ പോലും നിര്‍മ്മിച്ചിട്ടില്ല. പക്ഷേ, പുള്ളിക്കാരന്‍ ബ്രഹ്മാണ്ഡ ചിത്രം മാത്രമേ എടുക്കുകയുള്ളൂ. ആദ്യം കൈവെച്ചത് ഒരു പുരാണചിത്രമാണ്. 100 കണക്കിന് കോടി രൂപയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ വന്നു. എന്നാല്‍, ക്രമേണ ശങ്കര്‍ദാസ് സൂപ്പര്‍ സംവിധായകന്‍ കളിച്ചു തുടങ്ങി. എല്ലാം നിര്‍മ്മാതാവിന് തന്നെ ചെയ്യണം. നിര്‍മ്മാതാവിന്റെ തനിക്കൊണം ബോദ്ധ്യപ്പെട്ടതോടെ സംവിധായകന്‍ കുറ്റിയും പറിച്ചോടി. ആ പദ്ധതി തന്നെ നിര്‍മ്മാതാവിന്റെ കൈവിട്ടു പോവുകയും ചെയ്തു. വാശി തീര്‍ക്കാന്‍ അടുത്ത ബ്രഹ്മാണ്ഡത്തിനു വേണ്ടി അലയുമ്പോഴാണ് ചരിത്ര കഥയുമായി ഉദയന്‍ നടക്കുന്ന കാര്യമറിഞ്ഞത്. അപ്പോള്‍ത്തന്നെ ചാടിപ്പിടിച്ചു.

ആഫ്രിക്കയുടെ രോമാഞ്ചം

ദുബായിലാണ് താമസമെങ്കിലും ആഫ്രിക്കയാണ് ശങ്കര്‍ദാസിന്റെ തട്ടകം. ‘മേഡ് ഇന്‍ കുന്നംകുളം’ പരിപാടിയാണെന്നൊക്കെ അസൂയക്കാര്‍ പറയുന്നുണ്ട്. എന്തായാലും ഇപ്പോള്‍ അദ്ദേഹം പൗരപ്രമുഖനാണ്. നാണം കെട്ടും പണം നേടുകില്‍ നാണക്കേടാ പണം തീര്‍ക്കും എന്നാണല്ലോ പ്രമാണം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ വ്യവസായം വേരുറപ്പിച്ചിരിക്കുന്നു. പേരുണ്ടെന്നല്ലാതെ നിയമപരമായി ഒരു വ്യവസ്ഥയുമില്ലാത്ത ഈ രാജ്യങ്ങളില്‍ ചുവടുറപ്പിക്കുക എളുപ്പമാണ്. അവിടെ ഇപ്പോള്‍ എണ്ണപ്പാടമൊക്കെ സ്വന്തമായുണ്ടെന്നാ കേള്‍വി. ഇങ്ങനൊരാള്‍ സിനിമാ പിടിക്കാന്‍ ഇറങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കള്ളപ്പണം വെളുപ്പിക്കാന്‍ ഇതിലും പറ്റിയ മേഖല വേറെ ഏതാണുള്ളത്? അത്തരത്തില്‍ ചില വാര്‍ത്തകളൊക്കെ വരികയും ചെയ്തു. എല്ലാം ‘ഒതുങ്ങിപ്പോയി’.

മഹാനായ സാഹിത്യകാരന്‍??!!

സാധാരണ സിനിമാ നിര്‍മ്മാതാക്കളെപ്പോലെ അല്ല ശങ്കര്‍ദാസ്. വലിയ എഴുത്തുകാരനെന്നാണ് ഭാവം. ഒരു പ്രസിദ്ധീകരണത്തില്‍ കഥ അച്ചടി’പ്പി’ച്ചിട്ടുണ്ട്. ഇതിനു പുറമെ മികച്ച കഥാകാരന്മാര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി ഒരു അഭിമുഖവും പ്രസിദ്ധീകരി’പ്പി’ച്ചു. പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ. ‘മഹാനായ സാഹിത്യകാരന്‍’ എന്ന ഭാവം തന്നെ. പക്ഷേ, ഈ സാഹിത്യകാരനെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളൊഴിച്ച് മറ്റാര്‍ക്കും അറിയില്ല എന്ന പ്രശ്‌നമുണ്ട്.

പച്ചാളം ഭാസി അവതരിക്കുന്നു

ഒരേസമയം പല നടിമാരുടെ മാനേജരായി പ്രവര്‍ത്തിക്കുന്നയാളാണ് പച്ചാളം ഭാസി. അതൊരു പ്രത്യേക കഴിവു തന്നെയാണ്. ഭാസിക്ക് ഉദയന്റെ സിനിമാപദ്ധതി അറിയാം. നിര്‍മ്മാതാവിനെ തപ്പി നടക്കുകയായിരുന്ന ഉദയനു മുന്നില്‍ ശങ്കര്‍ദാസിനെ എത്തിച്ചത് ഭാസിയാണ്. ബ്രഹ്മാണ്ഡം തപ്പി നടന്ന ശങ്കര്‍ദാസിന് ഈ പദ്ധതി ‘തേടിയ വള്ളി കാലില്‍ ചുറ്റിയത്’ പോലായി. കഥ കേട്ട പാടെ സിനിമ പ്രഖ്യാപിച്ചു. ‘വളരെയധികം പഠനത്തിനു ശേഷം എഴുതിയ ഒരു കഥയാണ്. സിനിമ കാണുമ്പോള്‍ ആള്‍ക്കാര്‍ക്ക് അറിയാന്‍ പറ്റും ഈ തിരക്കഥ എങ്ങനെയാണ് എഴുതിയിരിക്കുന്നതെന്ന്. സാധാരണ ആളുകളുടെ കൈയില്‍ ഒരു വണ്‍ലൈന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതുവെച്ച് നിര്‍മ്മാതാവിനെ അന്വേഷിക്കും. നിര്‍മ്മാതാവ് ഓ കെ പറഞ്ഞാല്‍ പിന്നെ തിരക്കഥയെഴുതും. ഉദയന്‍ അങ്ങനെയല്ല. 100 ശതമാനം പൂര്‍ത്തിയായ perfect script അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു’ -ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ശങ്കര്‍ദാസ് മാധ്യമങ്ങളടക്കം എല്ലാവരോടും തട്ടിവിട്ടു..

മാധവന്‍കുട്ടിയുടെ എല്ലാ ഏര്‍പ്പാടുകളും ഫേസ്ബുക്ക് വഴിയാണ്. നിര്‍മ്മാതാവിന്റെ കാര്യത്തില്‍ തീരുമാനമായതോടെ അദ്ദേഹവും ഉദയന്റെ സിനിമയില്‍ പങ്കാളിയാണെന്ന് പ്രഖ്യാപിച്ചു. നവാഗത സംവിധായകനായ ഉദയന്റെ മികച്ച തിരക്കഥയെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ മുക്തകണ്ഠം പ്രശംസിച്ചു. താനിതുവരെ ചെയ്തതില്‍ വെച്ചേറ്റവും വലിയ സിനിമ എന്നും വിശേഷിപ്പിച്ചു. ഇതെല്ലാം കണ്ട ഉദയന്‍ അങ്ങേയറ്റം ഹാപ്പി. ശങ്കര്‍ദാസിനെയും ഉദയനെയും മുട്ടിച്ചതുകൊണ്ട് ഭാസിക്കെന്തു നേട്ടം എന്ന ചിന്ത സ്വാഭാവികം. ശങ്കര്‍ദാസ് നിര്‍മ്മിക്കുന്ന ഉദയന്റെ സിനിമയില്‍ പച്ചാളം ഭാസി നിര്‍മ്മാണ സഹായിയായി, വളരെ കനത്ത ഒരു ശമ്പളത്തില്‍!!

കരാറിന്റെ രൂപത്തില്‍ കുരുക്ക്

കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിത്തുടങ്ങി. ഉദയന്‍ വലിയ ആവേശത്തിലായിരുന്നു. അപ്പോഴാണ് സിനിമയ്ക്കുള്ള വ്യവസ്ഥകള്‍ ഓരോന്നായി ശങ്കര്‍ദാസ് മുന്നോട്ടുവെച്ചു തുടങ്ങിയത്. മാധവന്‍കുട്ടി അടക്കമുള്ളവര്‍ക്ക് അഡ്വാന്‍സ് കൊടുത്ത് വാക്കുറപ്പിക്കണമെങ്കില്‍ ചില കരാറുകള്‍ ഉദയന്‍ ഒപ്പിടണം. കരാറില്‍ പ്രധാനപ്പെട്ട ഒരു വ്യവസ്ഥ ഉണ്ടായിരുന്നു -unilateral right to terminate. എപ്പോള്‍ വേണമെങ്കിലും ഉദയനെ ഒഴിവാക്കാമെന്ന്!! ഇത്തരമൊരു വ്യവസ്ഥയുള്ള കരാര്‍ ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്നത് വേറെ കാര്യം. ഇതു സംബന്ധിച്ച് ഉദയന്‍ ചോദിച്ചപ്പോള്‍ ശങ്കര്‍ദാസ് ആശ്വസിപ്പിച്ചത് ‘ഇങ്ങനൊക്കെ എഴുതി വെയ്ക്കുന്നതല്ലേയുള്ളൂ ഒരു formality. കാര്യങ്ങള്‍ നമ്മള്‍ തമ്മിലല്ലേ? അതില്‍ പ്രശ്‌നമൊന്നുമുണ്ടാവില്ലല്ലോ.’ എങ്ങനെയും പദ്ധതി മുന്നോട്ടു നീങ്ങണമെന്ന ആഗ്രഹമുള്ളതിനാലും തന്റെ കഴിവില്‍ അങ്ങേയറ്റത്തെ ആത്മവിശ്വാസമുള്ളതിനാലും ഉദയന്‍ ആ കരാറില്‍ ഒപ്പിട്ടു. അത് ഭാവിയില്‍ തന്നെ വരിഞ്ഞുമുറുക്കുന്ന കുരുക്കാവുമെന്ന് ഉദയന്‍ സ്വപ്‌നത്തില്‍ പോലും അപ്പോള്‍ കരുതിയില്ല.

എല്ലാം ശങ്കര്‍ദാസിന്റെ കൈയില്‍

സിനിമയെന്ന കപ്പലില്‍ സംവിധായകനാണ് ക്യാപ്റ്റന്‍ എന്നാണ് സാധാരണ രീതി. എന്നാല്‍, ഈ സിനിമയുടെ എല്ലാ കാര്യങ്ങളിലും ശങ്കര്‍ദാസ് ക്രമേണ ഇടപെട്ട് തുടങ്ങി. അണിയറ പ്രവര്‍ത്തകരെയും താരങ്ങളെയുമെല്ലാം അദ്ദേഹം തന്നെ നിശ്ചയിക്കുന്ന അവസ്ഥ. സിനിമയുമായി ബന്ധപ്പെട്ട് ആരു വന്നാലും അവരെ വിളിച്ചുകൊണ്ടു പോയി ഒറ്റയ്ക്ക് സംസാരിക്കും. താനാണ് ടീം ക്യാപ്റ്റനെന്നും താന്‍ പറയുന്നതു മാത്രമാണ് അനുസരിക്കേണ്ടതെന്നും ചട്ടം കെട്ടും. ടീമിലെ ആര് ഉദയനുമായി അടുത്തിടപഴകിയാലും ശങ്കര്‍ദാസിന് പ്രശ്‌നമാകുന്ന അവസ്ഥയായി. സിനിമയുടെ മികവിനായി എന്തും ചെയ്യാമെന്ന് ആദ്യം പറഞ്ഞ നിര്‍മ്മാതാവ് പിന്നീട് എന്തിനുമേതിനും നിയന്ത്രണം കൊണ്ടുവന്നു. ചെലവ് കൂടുന്നു എന്ന പരാതി പതിവായി. ചരിത്ര സിനിമയുടെ പശ്ചാത്തലം മനസ്സിലാക്കാന്‍ കളരികളില്‍ സംവിധായകന്‍ നടത്തിയ സന്ദര്‍ശനം പോലും അധികച്ചെലവായെന്നു കുറ്റപ്പെടുത്തി.

എല്ലാത്തിനും ദാരിദ്ര്യം പറയുന്നത് പതിവാക്കിയ ശങ്കര്‍ദാസ് പ്രതിഫലത്തിലും പിശുക്ക് കാട്ടി. മാധവന്‍കുട്ടിയുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി 3 തവണയാണ് ഉദയനെ ചര്‍ച്ചയ്ക്ക് പറഞ്ഞുവിട്ടത്. കിലുക്കത്തില്‍ ജോജിയും നിശ്ചലും തമ്മില്‍ നടക്കുന്ന ചര്‍ച്ച പോലെ 50 ലക്ഷം കുറയ്ക്കാനുള്ള ശ്രമം അവസാനം ‘ഒരഞ്ചു ലക്ഷം രൂപയെങ്കിലും കുറയെടേയ്’ എന്ന നിലവാരത്തിലെത്തി. ഇങ്ങനെയാണെങ്കില്‍ താന്‍ ഈ പദ്ധതിയില്‍ നിന്നു പിന്മാറുമെന്ന് ഒടുവില്‍ മാധവന്‍കുട്ടിക്ക് ഭീഷണിപ്പെടുത്തേണ്ടി വന്നു. ഗത്യന്തരമില്ലാതെ മുഴുവന്‍ തുകയും സമ്മതിക്കാന്‍ ശങ്കര്‍ദാസ് തയ്യാറായി.

നിയന്ത്രണം ഷൂട്ടിങ്ങിലും

പണമൊരുപാടുണ്ടെന്നു പറയുമ്പോഴും അത്യാവശ്യത്തിനുള്ള ചെലവുകള്‍ പോലും വെട്ടിക്കുറയ്ക്കാനായിരുന്നു ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ശങ്കര്‍ദാസിന്റെ ശ്രമം. സംഘട്ടന രംഗങ്ങള്‍ അണിയിച്ചൊരുക്കുന്നതിന് സ്റ്റണ്ട് ടെക്‌നീഷ്യന്‍ വന്നത് മലേഷ്യയില്‍ നിന്നായിരുന്നു. ഒരു ദിവസത്തെ നിരക്ക് 2 ലക്ഷം രൂപ. ഈ പ്രതിഫലം കുറയ്ക്കാനുള്ള ശ്രമം വിജയിക്കാതെ പോയപ്പോള്‍ ചെലവു കുറയ്ക്കാനുള്ള വഴി ശങ്കര്‍ദാസ് കണ്ടെത്തി -ഷൂട്ടിങ് ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കുക. സ്റ്റണ്ട് ചെലവ് കുറയ്ക്കാന്‍ ദിവസങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് മറ്റു ചെലവുകള്‍ ഭീമമായി വര്‍ദ്ധിക്കുന്നതിനു കാരണമാവും എന്ന് ഉദയന്‍ പറഞ്ഞുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ ഒരു ദിവസത്തെ 24 മണിക്കൂറില്‍ 22 മണിക്കൂറും ഷൂട്ടിങ് നടക്കുന്ന അവസ്ഥയായി. പക്ഷേ, സംവിധായകന്റെ നേതൃത്വത്തില്‍ സാങ്കേതികവിദഗ്ദ്ധരും നടീനടന്മാരും തമ്മില്‍ ടീം സ്പിരിറ്റ് ഉടലെടുത്തതിനാല്‍ പരാതികളില്ലാതെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി.

10 ദിവസത്തെ ഈ ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴേക്കും ചെലവ് കണക്കില്‍ വന്നത് 4 കോടി രൂപ. ഇതോടെ ശങ്കര്‍ദാസിന്റെ കിളി പോയി. ആകെ 120 ദിവസമാണ് ഷെഡ്യൂള്‍. 10 ദിവസത്തേക്ക് 4 കോടിയെങ്കില്‍ 120 ദിവസം കഴിയുമ്പോള്‍ എത്രയാകും എന്നായി അദ്ദേഹം. പക്ഷേ, താരങ്ങളുടെ പ്രതിഫലത്തിന്റെ അഡ്വാന്‍സ് അടക്കമാണ് ഈ തുകയെന്നത് ശങ്കര്‍ദാസ് സൗകര്യപൂര്‍വ്വം മറന്നു. അതോടെ ഉരസലുകള്‍ പതിവായി.

എഡിറ്റിങ് ടേബിളിലെ കളികള്‍

ഒരു സിനിമ ഷൂട്ട് ചെയ്താലുടനെ ലഭിക്കുന്ന സംസ്‌കരിക്കാത്ത ദൃശ്യങ്ങള്‍ -റഷസ് -അതു ചിത്രീകരിക്കുന്ന സംവിധായകനു പോലും ഇഷ്ടപ്പെടില്ല. ആവശ്യമായത് വെട്ടിച്ചെതുക്കി കളര്‍ ചെയ്‌തൊക്കെ എടുക്കുമ്പോഴാണ് കാണാനാവുന്ന രൂപത്തിലാവുന്നത്. എന്നാല്‍, ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞയുടനെ ശങ്കര്‍ദാസിന് റഷസ് കാണണം. അങ്ങനെയെങ്കില്‍ കാണും മുമ്പ് താന്‍ പ്രോയി പ്രാഥമിക എഡിറ്റിങ്ങെങ്കിലും നടത്താം എന്ന് ഉദയന്‍ പറഞ്ഞുവെങ്കിലും സമ്മതമില്ല. പ്രശസ്തനായ ദേവനാരായണനാണ് എഡിറ്റര്‍. ഉദയനും ശങ്കര്‍ദാസും പരിവാരങ്ങളും എഡിറ്ററുടെ മുന്നിലെത്തി. നിര്‍മ്മാതാവും എഡിറ്ററും സംസാരിക്കുമ്പോഴെല്ലാം ഉദയനെ മാറ്റിനിര്‍ത്തി.

ഒടുവില്‍ ശങ്കര്‍ദാസ് ഉദയനോട് പറഞ്ഞു -‘എഡിറ്റര്‍ പറഞ്ഞത് എന്തെന്നറിയാമോ? ഇപ്പോള്‍ ഈ സിനിമ ഇവിടെ നിര്‍ത്തിയാല്‍ ഇപ്പോഴുള്ള നഷ്ടമേയുള്ളൂ എന്ന്. അത്രയ്ക്ക് മോശമാണ്.’ ഉദയന്‍ ഞെട്ടിപ്പോയി. താന്‍ ദേവനാരായണനോട് സംസാരിക്കാം എന്നവന്‍ പറഞ്ഞുവെങ്കിലും ശങ്കര്‍ദാസ് സമ്മതിച്ചില്ല. ഇതോടെ ഉദയന്‍ നിരാശയുടെ പിടിയിലായി. അവന്റെ ഉപബോധ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു -‘ഞാന്‍ ചിത്രീകരിച്ചതിനെക്കുറിച്ച് ദേവനാരായണന്‍ അങ്ങനെ പറയില്ല.’

പച്ചാളം ഭാസിയുടെ കുതന്ത്രങ്ങള്‍

ഉദയന്റെ ചിന്തകള്‍ ശരിയായിരുന്നു. റഷസ് കണ്ട ദേവനാരായണന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് വളരെ നല്ല അഭിപ്രായമായിരുന്നു. സംവിധായകനെ വരുതിയിലാക്കാനുള്ള നിര്‍മ്മാതാവിന്റെ തന്ത്രമായിരുന്നു എഡിറ്റിങ് ടേബിളിലെ നാടകം. എല്ലാ തന്ത്രങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് പച്ചാളം ഭാസിയായിരുന്നു. ശരിക്കും നിര്‍മ്മാണ സഹായി!! ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന പരിപാടി. ശങ്കര്‍ദാസിനൊപ്പം ഉദയനെ ആക്രമിച്ച് ആത്മവിശ്വാസം തകര്‍ക്കും. ശങ്കര്‍ദാസ് പോയിക്കഴിയുമ്പോള്‍ ഉദയനെ ആശ്വസിപ്പിക്കുന്നതായി ഭാവിക്കും. സിനിമ മുന്നോട്ടു പോകണമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു വഴങ്ങേണ്ടി വരുമെന്ന് ഉദയനെ വിശ്വസിപ്പിക്കാന്‍ അയാള്‍ക്കു കഴിഞ്ഞു. ഉദയനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് സമ്മതിപ്പിച്ചു എന്നു പറയുന്നതാവും ശരി.

ചെലവു ചുരുക്കാൻ തിരക്കഥ ചുരുക്കല്‍!

ഉദയനെഴുതിയ തിരക്കഥയുടെ ദൈര്‍ഘ്യം 4 മണിക്കൂറോളമുണ്ടായിരുന്നു. 2 ഭാഗമായി ചെയ്യാനാണ് ആദ്യം ആലോചിച്ചത്. അല്ലെങ്കില്‍ പഴശ്ശിരാജയെക്കാള്‍ വലിപ്പമുള്ള മൂന്നര മണിക്കൂര്‍ സിനിമ. നിര്‍മ്മാതാവ് വലിയ ആവേശപൂര്‍വ്വം സമ്മതിച്ചു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ നിലപാട് മാറി. ചെലവു കൂടിയെന്നും ഈ രീതിയില്‍ മുന്നോട്ടു പോകാനാവില്ലെന്നും ഉദയനെ ശങ്കര്‍ദാസ് അറിയിച്ചു. ഇതിനു പരിഹാരമായി നിര്‍മ്മാതാവ് മുന്നോട്ടുവെച്ച നിര്‍ദ്ദേശം തിരക്കഥ ചുരുക്കണം എന്നതായിരുന്നു. അത്യാവശ്യം ചില ചുരുക്കലുകള്‍ നടത്താന്‍ ഉദയന്‍ തയ്യാറായി.

എന്നാല്‍ ചുരുക്കല്‍ തുടങ്ങിയപ്പോള്‍ എത്ര ചുരുക്കിയിട്ടും നിര്‍മ്മാതാവ് തൃപ്തനാവാത്ത അവസ്ഥ! ചുരുക്കി ചുരുക്കി സിനിമയുടെ ദൈര്‍ഘ്യം 2 മണിക്കൂര്‍ മാത്രമായി. ആദ്യം തീരുമാനിച്ചതിന്റെ പകുതി. ആദ്യ സിനിമയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഉദയന്‍ എല്ലാം സഹിച്ചു. അതോടെ വന്നു ശങ്കര്‍ദാസിന്റെ അടുത്ത നിര്‍ദ്ദേശം -‘ക്ലൈമാക്‌സ് മാറ്റണം’. നിര്‍മ്മാതാവും നായകനടനും ഇരു കൈയും നീട്ടി സ്വീകരിക്കുകയും പ്രശംസിക്കുകയും ചെയ്ത തിരക്കഥയിലാണ് ക്ലൈമാക്‌സ് മാറ്റാന്‍ നിര്‍ദ്ദേശം വന്നത്! ക്ലൈമാക്‌സ് മാറ്റിയാല്‍ തന്റെ സിനിമ മരിക്കും എന്നറിയാവുന്നതിനാല്‍ ഉദയന്‍ തീര്‍ത്തു പറഞ്ഞു -‘എന്തു വന്നാലും ക്ലൈമാക്‌സ് മാറ്റില്ല’. അവിടെ തുടങ്ങി കലിപ്പ്, കട്ടക്കലിപ്പ്!

സെറ്റില്‍ പൊളിച്ചുപണി

രണ്ടാം ഷെഡ്യൂളിന്റെ കാര്യങ്ങളെല്ലാം സംവിധായകനറിയാതെ നിര്‍മ്മാതാവ് തന്നെ തീരുമാനിച്ചു തുടങ്ങി. അഭിനേതാക്കളെ വരെ മാറ്റി മറിച്ചു. കഴിവുള്ള നടീനടന്മാരെയെല്ലാം ഒഴിവാക്കി. അതോടെ സിനിമയുടെ artist value കുത്തനെ ഇടിഞ്ഞു. ഇതില്‍ സംവിധായകന്‍ എതിര്‍പ്പു പ്രകടിപ്പിച്ചുവെങ്കിലും വിലപ്പോയില്ല. പൊളിച്ചുപണിയുടെ ഭാഗമായി സംവിധായകന്റെ ടീമിലെ ചീഫ് അസോസിയേറ്റ് ഡയറക്ടറെയും അയാള്‍ക്കൊപ്പമുള്ള 8 അസിസ്റ്റന്റ് ഡയറക്ടര്‍മാരെയും ശങ്കര്‍ദാസ് പറഞ്ഞുവിട്ടു. നിര്‍മ്മാതാവ് തന്നെ കൊണ്ടുവന്നതാണ് ഈ 9 പേരെയും. പക്ഷേ, സംവിധായകനുമായി അടുപ്പം സ്ഥാപിച്ചു എന്നതാണ് അവരുടെ കുറ്റം. സ്വാഭാവികമായും അവര്‍ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയെ സമീപിച്ചു. എന്നാല്‍, പരാതി സ്വീകരിക്കപ്പെട്ടില്ല. ‘നമ്മുടെ ശങ്കരേട്ടന്റെ പടമല്ലേ’ എന്നാണ് സംഘടനയുടെ ഒരു പ്രമുഖ നേതാവ് പരാതിക്കാരുടെ മുന്നില്‍ തന്നെ പ്രതികരിച്ചത്. അതോടെ തങ്ങള്‍ക്കു നീതി കിട്ടില്ല എന്നവര്‍ക്ക് ബോദ്ധ്യമായി. ഒപ്പിട്ട സത്യവാങ്മൂലം കാണാനില്ല എന്നൊക്കെ മുടന്തന്‍ ന്യായം പറഞ്ഞ് ആ പാവങ്ങളെ വെറുംകൈയോടെ സംഘടനക്കാര്‍ മടക്കി.

മറുനാടന്‍ അസോസിയേറ്റുകള്‍

പുറത്താക്കിയവര്‍ക്കു പകരം ശങ്കര്‍ദാസിന്റെ പുതിയ 2 അസോസിയേറ്റ് ഡയറക്ടര്‍മാര്‍ വന്നു -ഒരാള്‍ ബോളിവുഡ്, ഒരാള്‍ ടോളിവുഡ്. മറുനാടന്‍ മലയാളികളാണ്. ഇവര്‍ക്ക് മലയാള പരിജ്ഞാനം കമ്മി. ഹിന്ദിയിലും തെലുങ്കിലുമൊന്നും കച്ചി തൊടാത്തതിനാല്‍ മലയാളത്തിലേക്ക് കളം മാറ്റാന്‍ അവസരം നോക്കിയിരുന്നവര്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരം. സംവിധായകനുമേല്‍ നിര്‍മ്മാതാവിന്റെ നിയന്ത്രണം നടപ്പാക്കാനുള്ള ചുമതലയായിരുന്നു പുതിയ അസോസിയേറ്റുകളുടേത്. ‘നിങ്ങള്‍ ഇയാളെ നിയന്ത്രിക്കണം കേട്ടോ. നിങ്ങള്‍ എല്ലാത്തിലും കയറി ഇടപെടണം’ -പുതിയ അസോസിയേറ്റുകളെ ഉദയനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ശങ്കര്‍ദാസ് തുറന്നു തന്നെ പറയുകയും ചെയ്തു! തന്റെ കഴിവില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നതിനാല്‍ ഉദയന്‍ അത് മൈന്‍ഡ് ചെയ്തില്ല.

ദാരിദ്ര്യം പിടിമുറുക്കുന്നു

നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങി. സെറ്റ് ഒഴികെ ബാക്കിയെല്ലാം നിര്‍മ്മാതാവ് ശുഷ്‌കമാക്കി. 35 ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ചോദിച്ചാല്‍ 5 പേരെ കൊടുക്കുന്ന അവസ്ഥ. പുതിയതായി വന്ന 2 അസോസിയേറ്റുകളെയും ഉദയന്‍ അടുപ്പിച്ചതേയില്ല. കഥാപാത്രങ്ങളുടെ തുടര്‍ച്ച, chart flow എന്നിവയെല്ലാം സംവിധായകന്‍ നേരിട്ടു തന്നെ നോക്കി.

പ്രത്യേകിച്ച് എടുത്തു പറയാനുള്ള സംഭവങ്ങളൊന്നും സെറ്റിലുണ്ടായില്ലെങ്കിലും സംവിധായകന് ഉറക്കമില്ലാത്ത നാളുകളായിരുന്നു. എല്ലാ ദിവസവും മീറ്റിങ് എന്ന പേരില്‍ ഉദയനെ വിളിച്ചുവരുത്തും. അത് ചെയ്തത് ശരിയായില്ല, ഇത് ചെയ്തത് ശരിയായില്ല എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും. രാത്രി ഉറങ്ങാന്‍ പോലും സമ്മതിക്കില്ല. ഈ പീഡനം മറികടന്നാണ് ഉദയന്‍ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. ഈ ഘട്ടത്തിലെല്ലാം എടുത്തു പറയേണ്ട ഒരു കാര്യമുണ്ട് -മാധവന്‍കുട്ടി നല്‍കിയ പിന്തുണ. ‘നീ ധൈര്യമായിരിക്ക് ഉദയാ. ഞാനും നീയും കൂടെയല്ലേ പടം ചെയ്യുന്നത്?. നമ്മളിത് നന്നായിത്തന്നെ തീര്‍ക്കും’ -അദ്ദേഹത്തിന്റെ വാക്കുകള്‍ ആത്മവിശ്വാസം പകര്‍ന്നു. പക്ഷേ, മാധവന്‍കുട്ടിയുടെയും പിടിക്കു പുറത്തേക്ക് കാര്യങ്ങള്‍ പോകുകയാണെന്ന് എല്ലാവര്‍ക്കും താമസിയാതെ മനസ്സിലായി.

എഡിറ്റിങ് ടേബിളില്‍ കളി പാളി

രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോള്‍ ഉദയനോട് ശങ്കര്‍ദാസ് തീര്‍ത്തു പറഞ്ഞു -‘ഇത്രയും ഷൂട്ട് ചെയ്തത് കൊള്ളാമെന്ന് എഡിറ്റര്‍ പറഞ്ഞാല്‍ മാത്രം അടുത്ത ഘട്ടം ഷൂട്ടിങ്.’ ഉദയന്‍ സമ്മതിച്ചു. പക്ഷേ, അപ്പോഴേക്കും ശങ്കര്‍ദാസിന്റെ കള്ളക്കളികള്‍ ദേവനാരായണനു മനസ്സിലായിരുന്നു. തന്റെ പേരുപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനെതിരെ അദ്ദേഹം പച്ചാളം ഭാസിയെ ഛന്നംപിന്നം വലിച്ചു കീറി. ഒടുവില്‍ തനിക്കു വേണ്ടിയും നിര്‍മ്മാതാവിനു വേണ്ടിയും ദേവനാരായണനോട് പച്ചാളം ഭാസി മാപ്പു പറഞ്ഞു. അതുവരെ ചിത്രീകരിച്ച റഷസ് മോശമാണെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്ന് ദേവനാരായണന്‍ പരസ്യമായി ഉദയനോട് തന്നെ പറയുകയും ചെയ്തു. പണി പാളിയെന്ന് ശങ്കര്‍ദാസിന് മനസ്സിലായി.

പക്ഷേ, പിടി മുറുക്കാന്‍ ശങ്കര്‍ദാസ് വേറെ മാര്‍ഗ്ഗം തേടി. പുതിയ ചില പേപ്പറുകളില്‍ കൂടി ഒപ്പിടണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടു. കരാറിന്റെ കോപ്പി വക്കീലിനെ കാണിക്കണമെന്ന് ഉദയന്‍ ആവശ്യപ്പെട്ടുവെങ്കിലും സമ്മതിച്ചില്ല. അതിനാല്‍ത്തന്നെ ഉദയന്‍ അത് ഒപ്പിട്ടുമില്ല. ഒപ്പിട്ടില്ലെങ്കില്‍ ഉദയന്റെ വസ്തുവകകള്‍ കണ്ടുകെട്ടുമെന്നും ജയിലില്‍ ആക്കുമെന്നുമൊക്കെ ഭീഷണിയുണ്ടായി. എന്നാല്‍പ്പിന്നെ അതു തന്നെ നടക്കട്ടെ എന്ന് ഉദയനും പറഞ്ഞു.

ബാഹുബലി ബാധ

കേരള ചരിത്രമാണ് കഥാതന്തുവെങ്കിലും ശങ്കര്‍ദാസിന് തന്റെ സിനിമ ബാഹുബലി ആകണം. എഡിറ്റിങ് ടേബിളിലേറ്റ തിരിച്ചടി ആ മോഹത്തിന് തടസ്സമായില്ല. സംവിധായകന്റെ എതിര്‍പ്പിനെ അവഗണിച്ച് തിരക്കഥ തിരുത്താന്‍ ശങ്കര്‍ദാസ് നടപടി തുടങ്ങി. ‘എഴുത്തുകാരനായ’ തനിക്ക് തന്റെ പണമുപയോഗിച്ചു തയ്യാറാകുന്ന കലാസൃഷ്ടിയില്‍ പങ്കാളിത്തം വേണ്ടേ എന്ന ചോദ്യം! ഈ ചോദ്യത്തിന് ഉത്തരം തേടി ഇറങ്ങിയതാണ് ആദ്യം കൈവെച്ച പുരാണസിനിമ പാതിവഴിക്ക് നിന്നുപോയത്.

കേരള ചരിത്രം അടിസ്ഥാനമാക്കുന്ന ചിത്രത്തിന് പുതിയ തിരക്കഥ സൃഷ്ടിക്കുന്നു!! അതിന് തെലുങ്കനായ script doctor വന്നു. മലയാളത്തില്‍ ‘അരക്കളസം’ എന്ന് അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് പേരുള്ള പുസ്തകം എഴുതിയിട്ടുണ്ട് എന്നതാണ് യോഗ്യത. ശങ്കര്‍ദാസ് ഇയാള്‍ക്കും ടോളിവുഡുകാരനായ അസോസിയേറ്റിനും ഒപ്പമിരുന്ന് തിരുത്തല്‍ തുടങ്ങി. പക്ഷേ, ഉദയന്‍ ഇതു കാര്യമാക്കാതെ അടുത്ത ഷെഡ്യൂളിന്റെ പണികളുമായി മുന്നോട്ടു നീങ്ങി.

ഭിന്നത മറനീക്കുന്നു

സെറ്റിലെ ഉരസലുകള്‍ പുറം ലോകമറിഞ്ഞു. മാധവന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ സുഹൃത്തായ നിര്‍മ്മാതാവെത്തി. എന്നാല്‍, ശങ്കര്‍ദാസിനു കൂടി കലാപരമായ ഇടപെടലിന് അവസരമൊരുക്കുന്ന ഒത്തുതീര്‍പ്പാണ് സ്വാഭാവികമായും ആ നിര്‍മ്മാതാവില്‍ നിന്നുണ്ടായത്. ഇതേത്തുടര്‍ന്ന് സംവിധായക സംഘടനയുടെയും നിര്‍മ്മാണ സംഘടനയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നു.

അവസാനം മാധവന്‍കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ തന്നെ അനുരഞ്ജന ശ്രമമുണ്ടായി. തിരക്കഥ തിരുത്തുന്നത് അംഗീകരിക്കില്ലെന്ന് ചര്‍ച്ചയുടെ തുടക്കത്തില്‍ ഉദയന്‍ വ്യക്തമാക്കി. തിരുത്താതെ ഒരിഞ്ച് മുന്നോട്ടു പോകില്ലെന്ന് ശങ്കര്‍ദാസും പറഞ്ഞു. ഒടുവില്‍ ധാരണയുടെ രൂപത്തില്‍ വന്ന നിര്‍ദ്ദേശം ഇതാണ് -ഉദയന്‍ സംവിധാനം ചെയ്യുന്ന സിനിമ മുന്‍നിശ്ചയം പോലെ നീങ്ങും. നിര്‍മ്മാതാവ് പറയുന്നതു പോലെ കഥ മുന്നോട്ടു പോയാല്‍ എങ്ങനെയിരിക്കും എന്നറിയാന്‍ അതു കൂടി ചിത്രീകരിക്കും. ഇതില്‍ പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലാത്തതിനാല്‍ ഉദയന്‍ സമ്മതിച്ചു.

സംഘടനകളുടെ ഇടപെടല്‍

ധാരണയുടെ അന്തരീക്ഷത്തിലും പുതിയ കരാര്‍ ഒപ്പിടാന്‍ ഉദയനെ ശങ്കര്‍ദാസ് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഉദയന്‍ വഴങ്ങിയില്ല. അതോടെ ഈ സംവിധായകനുമായി മുന്നോട്ടുപോകാനാവില്ല എന്ന പരാതിയുമായി ശങ്കര്‍ദാസ് നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നല്ല പിടിയുള്ളതായി അവകാശപ്പെടുന്ന നിര്‍മ്മാണ സംഘടനാ നേതാവ് ഇന്ദ്ര കുമാറാണ് എല്ലാ ഒത്താശയും ചെയ്ത് ശങ്കര്‍ദാസിനൊപ്പം നിന്നത്. ആവശ്യമെങ്കില്‍ രാഷ്ട്രീയ ഇടപെടല്‍ സാദ്ധ്യമാക്കാമെന്നും ഇന്ദ്ര കുമാര്‍ ഉറപ്പുനല്‍കിയിരുന്നു. മോദി ഭക്തനായ ശങ്കര്‍ദാസിന് ആനന്ദലബ്ധിക്കിനിയെന്തു വേണം. സംവിധായകന്‍ അനുസരിക്കുന്നില്ല എന്നു പരാതി പറയരുത് എന്ന് ഇന്ദ്ര കുമാറിന്റെ ഉപദേശം. അങ്ങനെ പറഞ്ഞു നടപടിയെടുക്കാനാവില്ലെന്നും അയാള്‍ക്കു പണിയറിയില്ല എന്നു വരുത്തിത്തീര്‍ക്കണമെന്നും ഇന്ദ്ര കുമാര്‍ ബുദ്ധിയുപദേശിച്ചു.

ഇതേസമയം തന്നെ സംവിധായക സംഘടനയെ ഉദയഭാനുവും സമീപിച്ചു. സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്താന്‍ അനുവദിക്കില്ലെന്നും ഈ സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെ ചിത്രീകരിച്ചതെല്ലാം നല്ല നിലവാരമുള്ളതാണെന്ന് ബോദ്ധ്യമുണ്ടെന്നും ഉദയനോട് സംവിധായക സംഘടനാ നേതാവ് ചാത്തോത്ത് പണിക്കര്‍ പറഞ്ഞു. തിരക്കഥ തിരുത്താന്‍ അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്നും ചാത്തോത്ത് പണിക്കര്‍ ഉറപ്പുനല്‍കി. ഇതനുസരിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദ്ര കുമാറിന്റെ ഭീഷണി

ശങ്കര്‍ദാസിന്റെ പരാതിയില്‍ നിര്‍മ്മാതാക്കളുടെ സംഘടന ആത്മാര്‍ത്ഥമായി തന്നെ ഇടപെട്ടു. അതങ്ങനെ തന്നെയാണല്ലോ വേണ്ടത്! അതുപോലെ സംവിധായക സംഘടനയും നിന്നു എന്നാരെങ്കിലും കരുതിയെങ്കില്‍ തെറ്റി. അവരും നിര്‍മ്മാതാക്കള്‍ക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ കാര്യമായ പണിയില്ലാത്ത ചില ‘വലിയ’ സംവിധായകരുണ്ട്. അവര്‍ക്ക് പുതിയ പ്രൊജക്ട് ശങ്കര്‍ദാസ് വാഗ്ദാനം ചെയ്തുവെന്ന് പിന്നാമ്പുറ സംസാരം. ഏതായാലും എല്ലാവരും ചേര്‍ന്ന് ഉദയനെ വിചാരണയ്ക്ക് വിളിപ്പിച്ചു.

ചാത്തോത്ത് പണിക്കരുടെ പിന്തുണയില്‍ കാര്യങ്ങള്‍ ശരിയാക്കാം എന്ന പ്രതീക്ഷയില്‍ ചെന്ന ഉദയന്‍ കണ്ടത് ഒന്നൊഴിയാതെ എല്ലാവരും ആക്രമണത്തിനു മുതിരുന്നതാണ്. തുടക്കക്കാരനെ അടിച്ചിരുത്താന്‍ അവര്‍ വെമ്പല്‍ കൊണ്ടു. പണം മുടക്കുന്നയാളാണ് വലിയവന്‍ എന്ന ചിന്താഗതി അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്. ഉദയനെ വിരട്ടാന്‍ ഇന്ദ്ര കുമാര്‍ ഉറഞ്ഞുതുള്ളി -‘കൂടുതല്‍ കളിച്ചാല്‍ നീ മലയാള സിനിമയില്‍ ഉണ്ടാവില്ല. ഈ സിനിമ ചെയ്യുന്നത് ഞാനാണെങ്കില്‍ നിന്നെ ഒരു മുറിയില്‍ കയറ്റി ഇടിച്ചു നശിപ്പിച്ചേനേ.’ ഉദയന്‍ കേട്ടിരുന്നതേയുള്ളൂ. കേന്ദ്ര ഭരണകക്ഷിയുടെ ഭാഗമാണ് താനെന്നും ‘കൂടുതല്‍ കളിച്ചാല്‍ രാഷ്ട്രീയ, സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് തുലച്ചുകളയും’ എന്നും ഇന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തി.

ഏറ്റെടുക്കാന്‍ കമലദളന്‍

ഉദയനെ സിനിമയുടെ നിയന്ത്രണം ഏല്പിക്കാനാവില്ല എന്ന വാശിയില്‍ ശങ്കര്‍ദാസ് ഉറച്ചുനിന്നു. ഒരുപാട് പേരുടെ ജീവിതപ്രശ്‌നമായതിനാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാവണമെന്ന് ചാത്തോത്ത് പണിക്കരും കൂട്ടരും ഉദയനെ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് സംവിധായക നേതാക്കള്‍ മാത്രം ഉദയനോട് ചര്‍ച്ച നടത്തി. അവര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചു, നിര്‍മ്മാതാക്കളുമായുള്ള തന്ത്രത്തിന്റെ ഭാഗമായി തന്നെ. ഉദയനെ സഹായിക്കാന്‍ വേറൊരു സംവിധായകന്‍ കൂടി വരും -കമലദളന്‍. മറ്റുള്ളവരുടെ സിനിമ ഏറ്റെടുക്കുക എന്നതാണ് ഇപ്പോള്‍ ടിയാന്റെ പ്രധാന പരിപാടി. ‘അയാള്‍ തല്‍ക്കാലം വന്നു നില്‍ക്കുമെന്നേയുള്ളൂ. പ്രശ്‌നങ്ങള്‍ തീരുമ്പോള്‍ അങ്ങ് പോകും. പിന്നെ നിനക്കു തന്നെ ചെയ്യാം’ -ചാത്തോത്ത് പണിക്കര്‍ പറഞ്ഞത് ഉദയന്‍ വിശ്വസിച്ചു. കമലദളന്‍ വന്നു പോയതിനു ശേഷം സിനിമ കൈയിലേക്കു വരും എന്നതിനാല്‍ ഉദയന്‍ സമ്മതിച്ചു. മറ്റു മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.

എല്ലാവരുമിരുന്ന് വീണ്ടും ചര്‍ച്ച തുടങ്ങി. കമലദളന്റെ വരവിനൊപ്പം തിരക്കഥ ശങ്കര്‍ദാസ് നിശ്ചയിക്കും എന്ന വ്യവസ്ഥ കൂടി ആ യോഗത്തില്‍ നിര്‍ബന്ധപൂര്‍വ്വം അംഗീകരിക്കപ്പെട്ടു. പണത്തിന്റെ പരമാധികാരം ഉറപ്പിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപോസ്തലന്മാര്‍ തന്നെയായിരുന്നു. യോഗത്തിന്റെ മിനുട്‌സില്‍ ഉദയനെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു. ആ സംഘടിത സമ്മര്‍ദ്ദത്തിനു മുന്നില്‍ വേറെ വഴിയൊന്നും ഒരു നവാഗതന്‍ മാത്രമായ ഉദയനുണ്ടായിരുന്നില്ല.

നടന്റെ പുറത്താകല്‍

സംവിധായകനെ ഒതുക്കിയതിന്റെ ആവേശം ശങ്കര്‍ദാസ് പൂര്‍ണ്ണതോതില്‍ പ്രകടിപ്പിച്ചു. സിനിമയിലെ ഒരു യുവനടനെ പ്രത്യേകിച്ച് കാരണമൊന്നും പറയാതെ പുറത്താക്കി. എന്നാല്‍, ഇത് വിവാദമാവുമെന്ന് ശങ്കര്‍ദാസ് തീരെ പ്രതീക്ഷിച്ചില്ല. സ്വാഭാവികമായും മാധ്യമപ്രവര്‍ത്തകര്‍ സംവിധായകനായ ഉദയനോട് ചോദിച്ചു. തനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഉദയന്‍ സത്യസന്ധമായി മറുപടി നല്‍കി. അത് എരിതീയില്‍ എണ്ണയൊഴിച്ചു. മറ്റ് അവസരങ്ങളെല്ലാം ഒഴിവാക്കി നിര്‍മ്മാതാവിന്റെ ആവശ്യപ്രകാരം ഒരു വര്‍ഷമായി ഈ സിനിമയ്ക്കു വേണ്ടിമാത്രം നിന്ന നടനാണ് പുറത്തായത്. അത് വലിയ ചര്‍ച്ചയായി. ഉദയനോട് ആവശ്യപ്പെട്ട പോലെ എന്തോ രേഖയില്‍ ഒപ്പിടണമെന്ന് നടനോടും ആവശ്യപ്പെട്ടുവെന്നും അയാളതിന് വിസമ്മതിച്ചുവെന്നുമൊക്കെ കേള്‍ക്കുന്നു. ഈ സിനിമയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് നാട്ടുകാര്‍ മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയാണ്.

കമലദളന്റെ സിനിമ

ഇപ്പോള്‍ ഉദയന്റെ സിനിമ മൂന്നാം ഷെഡ്യൂള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഒഴിവാക്കപ്പെട്ട നടന്‍ അഭിനയിച്ച രംഗങ്ങള്‍ പുതിയ നടനെ വെച്ച് ചിത്രീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കിടക്കുന്നു. ഛായാഗ്രാഹകനും കലാസംവിധായകനും അടക്കം സാങ്കേതികവിദഗ്ദ്ധരെല്ലാം മാറി മറഞ്ഞിരിക്കുന്നു. പക്ഷേ, ഉദയന്‍ ഒന്നും അറിയുന്നില്ല. ഇത് ഇപ്പോള്‍ കമലദളന്റെ സിനിമയാണ്. സാങ്കേതിക വിഭാഗം മുഴുവന്‍ കമലദളന്റെ ടീം ഏറ്റെടുത്തു. വന്നു പോകും എന്നു പറഞ്ഞതൊക്കെ വെറുതെ. അതങ്ങനെ തന്നെയാണല്ലോ! സ്‌നേഹവും ത്യാഗവും വീര്യവും സമര്‍പ്പണവും പോരാട്ടവുമെല്ലാം ഇടകലര്‍ന്ന ഉദയന്റെ ചരിത്രകഥ എങ്ങോ പോയ്മറഞ്ഞു. ഇപ്പോള്‍ ആ യഥാര്‍ത്ഥ കഥയുള്ളത് ഉദയന്റെ കൈവശമുള്ള സാഹിത്യാവകാശത്തില്‍ മാത്രമാണ്. എന്നെങ്കിലുമൊരിക്കല്‍ ഉദയന്‍ അതു പ്രസിദ്ധീകരിക്കുകയാണെങ്കില്‍ നമുക്കത് വായിക്കാം.

കപ്പോളയുടെ കഥ

ഉദയന്റെ കഥ എഴുതാന്‍ പ്രചോദനമായത് ഒരു ലോകോത്തര സംവിധായകനാണ്. ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ The Godfather സൃഷ്ടിക്കാന്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയ്ക്ക് നേരിടേണ്ടി വന്ന തടസ്സങ്ങള്‍ക്കു സമാനമാണ് ഇപ്പോള്‍ ഉദയന്റെ അവസ്ഥയും. കപ്പോള എന്ന സംവിധായകനില്‍ പാരമൗണ്ട് പിക്‌ചേഴ്‌സിന് വിശ്വാസമുണ്ടായിരുന്നില്ല. ഇറ്റലിക്കാരനായ സെര്‍ജിയോ ലിയോണിനെയാണ് കമ്പനി സംവിധായകനാക്കാന്‍ ആദ്യം സമീപിച്ചത്. പിന്നീട് പീറ്റര്‍ ബോഗ്ഡനോവിച്ചിനെ നിശ്ചയിച്ചു. ആ സമയത്ത് ഇരുവരും സ്വന്തമായി സിനിമകളുടെ പണി വേറെ തുടങ്ങിയിരുന്നു. അതുകൊണ്ടു മാത്രം പാരമൗണ്ടിന്റെ സിനിമ ഏറ്റില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ കപ്പോളയെ സംവിധായകനായി നിര്‍മ്മാതാക്കള്‍ക്ക് അംഗീകരിക്കേണ്ടി വന്നു, അദ്ദേഹത്തിന്റെ ഭാഗ്യം.

നായകനെ നിശ്ചയിക്കുന്ന കാര്യത്തിലായിരുന്നു അടുത്ത തര്‍ക്കം. കേന്ദ്ര കഥാപാത്രമായ വീറ്റോ കോര്‍ലിയോണിനെ അവതരിപ്പിക്കാന്‍ കപ്പോള തിരഞ്ഞെടുത്തത് മാര്‍ലന്‍ ബ്രാന്‍ഡോയെ ആണ്. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യം ഏണസ്റ്റ് ബോര്‍ഗ്നൈനോ ഡാനി തോമസോ വേണമെന്നായിരുന്നു. ഒരുപാട് നിബന്ധനകള്‍ക്കു വിധേയമായിട്ടാണ് ബ്രാന്‍ഡോയെ സഹകരിപ്പിക്കാന്‍ ഒടുവില്‍ പാരമൗണ്ട് സമ്മതിച്ചത്. ഇതുപോലെ തൊട്ടതിനും പിടിച്ചതിനുമെല്ലാം തടസ്സങ്ങളായിരുന്നു. ഇതിനെക്കുറിച്ച് കപ്പോള തന്നെ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.

The Godfather was a very unappreciated movie when we were making it. They were very unhappy with it. They didn’t like the cast. They didn’t like the way I was shooting it. I was always on the verge of getting fired. So it was an extremely nightmarish experience. I had two little kids, and the third one was born during that. We lived in a little apartment, and I was basically frightened that they didn’t like it. They had as much as said that, so when it was all over I wasn’t at all confident that it was going to be successful, and that I’d ever get another job.

പാരമൗണ്ട് പിക്‌ചേഴ്‌സിന്റെ തലവനായിരുന്ന റോബര്‍ട്ട് ഇവാന്‍സാണ് കപ്പോളയുടെ കഥയിലെ ശങ്കര്‍ദാസ്. കലയെ കൊല്ലാക്കൊല ചെയ്യുന്ന ശങ്കര്‍ദാസുമാരാണ് സിനിമയുടെ ശാപം. സിനിമ പൂര്‍ത്തീകരിക്കാന്‍ കപ്പോളയ്ക്കുണ്ടായ ഭാഗ്യം ഉദയനുണ്ടാവുമോ? പണമാണ് കലയെക്കാള്‍ വലുതെന്ന് എല്ലാവരും കൂടി തീരുമാനിക്കുകയാണെങ്കില്‍ സിനിമയുടെ നാശം വിദൂരമല്ല.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights