ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സി.ഇ.ഒ. സന്തോഷ് മേനോൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിക്കുന്നു.
കളിമൺ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം തെറ്റാണെന്നു ബോദ്ധ്യപ്പെടുത്തുന്നു.
തന്റെ കൂടെയുള്ളവർ പറഞ്ഞുതന്നതാണ് ആക്ഷേപമെന്ന് ചെന്നിത്തല ആ ഫോൺ സംഭാഷണത്തിൽ സമ്മതിക്കുന്നു.
തന്റെ ആരോപണം RECTIFY ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പു നൽകുന്നു.
RECTIFY എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്.
വ്യവസായി പറഞ്ഞ പരാതി മുഖവിലയ്ക്കെടുത്തതു കൊണ്ടാണല്ലോ ചെന്നിത്തല ആ വാക്കുപയോഗിച്ചത്.
കൂടെയുള്ള ഉപദേശകർ കുഴിയിൽ ചാടിക്കുന്നു എന്ന ആക്ഷേപം ഇപ്പോൾ ചെന്നിത്തലയുടെ വാക്കുകൾ തന്നെ ശരിവെയ്ക്കുകയല്ലേ?
പരിഹാരമുണ്ടാക്കാം എന്നു വ്യവസായിക്ക് ഉറപ്പു കൊടുത്തുവെങ്കിലും അത് പ്രതിപക്ഷ നേതാവ് പാലിച്ചില്ല.
അങ്ങനെയാവാം ഈ ഫോൺ സംഭാഷണം പുറത്തുവന്നത്.
രണ്ടു പേർ തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോഡിങ് പുറത്തുവരണമെങ്കിൽ രണ്ടിലൊരാൾ പുറത്തുവിടണമല്ലോ.
സ്വാഭാവികമായും നഷ്ടം സംഭവിച്ചയാൾ നഷ്ടം വരുത്തിയയാളിനെതിരെ പ്രയോഗിച്ച ആയുധമാണത് എന്നു മനസ്സിലാക്കാം.
പരിഹാരമുണ്ടാക്കാം എന്ന ഉറപ്പ് ചെന്നിത്തല പാലിക്കാതെ പോയപ്പോൾ പ്രശ്നത്തിന് സ്വന്തം നിലയിൽ പരിഹാരം കണ്ടെത്താൻ മേനോൻ ഒരുങ്ങിയിറങ്ങി.
കേരളത്തിൽ വ്യാവസായിക താല്പര്യങ്ങളില്ല എന്നതിനാൽ അദ്ദേഹത്തിന് നഷ്ടപ്പെടാനും ഒന്നുമില്ല.
എന്തായാലും വ്യവസായിയുടെ വജ്രായുധം ചെന്നിത്തലയ്ക്ക് വിനയായി എന്നതുറപ്പ്.
ആശാപുര എന്തായാലും ചെറിയ കളിയല്ല.
തല കൊണ്ടു പാറയിലിടിച്ചാല്‍ ഇടിക്കുന്നയാളുടെ തല തന്നെ പൊട്ടും..
ചെന്നിത്തലയുടെ വിശ്വാസ്യത ഒരിക്കൽക്കൂടി ഇടിയാൻ ഇത് കാരണമായി.
പക്ഷേ, ഇത്തവണ നാട്ടുകാർക്ക് കാര്യങ്ങൾ പകൽ പോലെ വ്യക്തമായി എന്ന പ്രത്യേകതയുണ്ട്.