ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്ക്ക് പകര്പ്പവകാശമില്ല. പകര്പ്പവകാശം വേണമെന്ന് അവകാശപ്പെടാനുമാവില്ല. പക്ഷേ, ഒരാളുടെ കുറിപ്പ് പകര്ത്തുമ്പോള് അയാള്ക്ക് ക്രഡിറ്റ് കൊടുക്കുക എന്നത് മിനിമം മാന്യതയാണ്. മറ്റൊരാളുടെ പോസ്റ്റ് സ്വന്തമാക്കി അഭിമാനിക്കുന്നത് പിതാവിന്റെ സ്ഥാനത്ത് ശൂന്യത നിലനില്ക്കുന്നവര് മാത്രമേ ചെയ്യുകയുള്ളൂ.
സുഹൃത്തായ സുനിത ദേവദാസ് എന്ന മാധ്യമപ്രവര്ത്തകയ്ക്കുണ്ടായ അനുഭവമാണ് എന്റെ ഈ അഭിപ്രായത്തിനാധാരം. കായിക മന്ത്രി ഇ.പി.ജയരാജന്റെ മുഹമ്മദലി അനുസ്മരണത്തെക്കുറിച്ച് സുനിത എഴുതിയ കുറിപ്പ് ഒരുളുപ്പുമില്ലാതെ ഒരു വിരുതന് അടിച്ചുമാറ്റി. അദ്ദേഹം അത് പോസ്റ്റ് ചെയ്തതിനു പിന്നാലെ ആരാധകര് പോസ്റ്റ് കര്ത്താവിനെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പുകളുമായി ഷെയറിങ് തുടങ്ങി. സംഗീതനാടക അക്കാദമി അവാര്ഡിലെ പ്രശസ്തി പത്രത്തിലുള്ളതിനെക്കാള് മികച്ച വാക്കുകള് ഉള്ക്കൊള്ളിച്ച കമന്റുകളുടെ പ്രവാഹവും. സുനിതയുടെ പോസ്റ്റാണെന്ന് അവരുടെ പല സുഹൃത്തുക്കളും കോപ്പി പേസ്റ്റുകാരനെ അറിയിച്ചു. കോയി ഫല് നഹി! പോസ്റ്റിന്റെ പിതൃത്വം ഏറ്റെടുത്ത് പുള്ളി അര്മാദം തന്നെ അര്മാദം. നേരത്തേ ഞാന് ചൂണ്ടിക്കാട്ടിയ ശൂന്യത ന്യൂനതയായുള്ള വ്യക്തി ചില്ലറക്കാരനല്ല -പ്രശസ്ത സംഗീതജ്ഞനായ പാലക്കാട് ശ്രീരാം. അദ്ദേഹത്തിന്റെ പ്രശസ്തി എന്തിന്റെ പേരിലാണാവോ? സില്മയില് ഹിറ്റ് പാട്ടൊക്കെ പാടീട്ടുള്ളയാളാണ്. പക്ഷേ, പുള്ളിയുടെ ഏതു ചിത്രമെടുത്താലും കൈയില് പുല്ലാങ്കുഴലുണ്ട്! ആരെങ്കിലും പുല്ലാങ്കുഴല് വിദഗ്ദ്ധനെന്നു തെറ്റിദ്ധരിച്ചുപോയാല് കുറ്റം പറയാനാവില്ല. പുല്ലാങ്കുഴല് സവര്ണ്ണതയുടെ അംശവടിക്കു പകരമായിരിക്കാം!!!
ഒടുവില് സുനിത നേരിട്ട് ശ്രീരാമുമായി ഗുസ്തി പിടിക്കാനിറങ്ങി. അതാ ശ്രീരാമിന്റെ വക സുനിതകയ്ക്ക് പട്ടം ചാര്ത്തി നല്കുന്നു -PRESTITUTE. പാവം സുനിത ഈ വാക്കിന്റെ അര്ത്ഥം ഡിക്ഷണറിയില് തപ്പിയെടുത്ത് അതുമായി പോരാട്ടത്തിനിറങ്ങി. സുനിത കണ്ടെത്തിയ വിശദീകരണം ഇങ്ങനെ: Prestitute is a noun, referring to a person in power who ‘sells out’ for some personal gain, betraying his or her supposed ideals. അധികാരസ്ഥാനത്തിരുന്ന് ഉയര്ത്തിപ്പിടിക്കാന് ബാദ്ധ്യതയുള്ള മൂല്യങ്ങള് പണം വാങ്ങി സ്വാര്ത്ഥലാഭത്തിനു വേണ്ടി തെറ്റിക്കുന്നയാളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുക. തന്നെ PRESTITUTE എന്നു വിളിച്ചതിലാണ് സുനിതയ്ക്കിപ്പോള് വേദന, പോസ്റ്റ് കോപ്പിയടിച്ചതിലല്ല.
ശരിക്കും ശ്രീറാം ഏതര്ത്ഥത്തിലാണ് PRESTITUTE എന്ന വാക്ക് ഉപയോഗിച്ചതെന്നു യഥാര്ത്ഥത്തില് മനസ്സിലാക്കിയിരുന്നെങ്കില് സുനിത ബ്രിട്ടിഷ് കൊളംബിയയില് നിന്ന് ഇന്നു തന്നെ വിമാനം കയറി ഇവിടെയെത്തി അയാളെ വെടിവെച്ചു കൊന്നേനെ. മാധ്യമപ്രവര്ത്തകരെ വിമര്ശിക്കാന് ഇപ്പോള് പലരും ഉപയോഗിക്കുന്ന വാക്കാണിത്. അത് എവിടെ നിന്നു വന്നു എന്നു നോക്കാം -PROSTITUTE. അഭിസാരിക അഥവാ വേശ്യ എന്നര്ത്ഥം വരുന്ന വാക്കാണ് ഇപ്പോള് ചെറിയ മാറ്റത്തോടെ PRESSTITUTE എന്നാക്കിയിരിക്കുന്നത്. സുനിതയുടെ പോസ്റ്റില് ശ്രീറാം ഉദ്ദേശിച്ചത് ഇതു തന്നെയാവാനാണ് സാദ്ധ്യത. എഴുതിയപ്പോള് ഒരു S കുറഞ്ഞുപോയതാകാം. ഇതാണ് വ്യാഖ്യാനം: Presstitute is often used by independent journalists and writers in the alternative media in reference to journalists and talking heads in the mainstream media who give biased and predetermined views in favour of the government and corporations, thus neglecting their fundamental duty of reporting news impartially. It is a portmanteau of press and prostitute. അമേരിക്കക്കാരനായ ജെറാള്ഡ് സെലന്റെയാണ് ഈ വാക്കിന്റെ ഉപജ്ഞാതാവ്. ഓരോ മേഖലയിലും ഉണ്ടാവാന് സാദ്ധ്യതയുള്ള മാറ്റങ്ങള് പ്രവചിക്കുകയാണ് ടിയാന്റെ ജോലി. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇതുപോലെ ഇനിയും പല വാക്കുകളും കിട്ടും. ആര്ക്കെങ്കിലും ഇഷ്ടമില്ലാത്ത വാര്ത്ത ചെയ്താല് നമ്മുടെ വര്ഗ്ഗത്തെ കൂട്ടത്തോടെ അവര് വിശേഷിപ്പിക്കുന്നത് ‘മാധ്യമവേശ്യകള്’ എന്നാണല്ലോ. അതു തന്നെയാണ് PRESSTITUTE!!! ഒരു മാന്യവനിതയോട് ഒരു കലാകാരന് എന്നു പറയുന്നയാള് പുലര്ത്തുന്ന ‘മാന്യത’ ഞെട്ടിപ്പിക്കുന്നതാണ്.
സുനിതയുടെ പോസ്റ്റ് ഇപ്പോഴും വാട്ട്സാപ്പില് പറപറക്കുകയാണ് -പിതാവും മാതാവും ഇല്ലാതെ. അല്പം മുമ്പ് എനിക്കും കിട്ടി. അതാണ് ഇതെഴുതാനുള്ള പ്രചോദനം അഥവാ പ്രകോപനം. ഇതൊക്കെ എന്ത്. ഇതിലും ഉജ്ജ്വലമായ അനുഭവങ്ങള് എനിക്കു പറയാനുണ്ട്. എന്റെ ബ്ലോഗില് എഴുതിയ കുറിപ്പ് വേറൊരു പ്രമുഖന്റെ ബൈലൈനില് വാട്ട്സാപ്പിലൂടെ അദ്ദേഹത്തിന്റെ ഒരു ശിങ്കിടി എനിക്ക് ഒരിക്കല് അയച്ചുതന്നു. എന്നിട്ട് എന്നോടൊരാവശ്യവും ഉന്നയിച്ചു -ഞാന് ‘കോപ്പിയടിച്ച’ പോസ്റ്റ് ഫേസ്ബുക്കില് നിന്നു നീക്കണം!
കോപ്പിയടിയില് വലിപ്പച്ചെറുപ്പമില്ലെന്നു തെളിയിക്കുന്ന മറ്റൊരു സംഭവം. വ്യക്തികള് മാത്രമല്ല സ്ഥാപനങ്ങളും ഇക്കാര്യത്തില് ഒട്ടും മോശമല്ല. ഞാന് നേരത്തേ എഴുതിയ കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ- വോള്വോ കഥകള് തന്നെ ഉദാഹരണം. വളരെ റിസ്കെടുത്ത് വലിയൊരു മതിലിന്റെ മുകളില് വലിഞ്ഞുകയറി രഹസ്യമായി പകര്ത്തിയ ചിത്രങ്ങള് ഞാനെഴുതിയ വാര്ത്ത സഹിതം മനോരമ ഓണ്ലൈന് അടിച്ചുമാറ്റി. രണ്ടു ദിവസം കഴിഞ്ഞപ്പോള് ഫേസ്ബുക്കില് വാദി പ്രതിയായി. മനോരമയുടെ ഫോട്ടോയും വാര്ത്തയും ഞാന് അടിച്ചുമാറ്റി ബ്ലോഗിലിട്ടുവെന്ന ആരോപണവുമായി ഒരു വിരുതന്. അതിനെ പിന്തുണയ്ക്കാന് കുറെ പേര്. എന്റെ ബ്ലോഗിലെ കുറിപ്പ് കണ്ടപാടെ അന്നത്തെ ഗതാഗത സെക്രട്ടറിയും ഇപ്പോള് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.ശിവശങ്കരന് ഇടപെട്ട് പ്രശ്നം പരിഹരിക്കാന് നടപടിയെടുത്തതൊന്നും മനോരമയുടെ വക്താക്കള് കണ്ടില്ല. എന്റെ കുറിപ്പിനെത്തുടര്ന്ന് സര്ക്കാര് നടപടി സ്വീകരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് മനോരമയില് വാര്ത്ത വന്നതെന്ന വസ്തുത പോലും പരിഗണിക്കപ്പെട്ടില്ല. പക്ഷേ, മനോരമയുടെ പേരിലുള്ള അവകാശവാദം വരുന്നതിനു വളരെ മുമ്പു തന്നെ എന്റെ സുഹൃത്തായ ബോസ്കോ ലവറന്സ് എന്ന കോളേജ് അദ്ധ്യാപകന് ഈ കള്ളക്കളി പൊളിക്കുന്ന പോസ്റ്റ് ഫേസ്ബുക്കിലിട്ടിരുന്നു. അതു രക്ഷയായി.
ഞാന് ജെ.എന്.യു. സംഭവത്തെക്കുറിച്ച് കലാകൗമുദിയില് എഴുതിയ ലേഖനം കോപ്പിയടിച്ചതാണെന്ന വാദവുമായി ഒരാള് ഫോണില് വിളിച്ചപ്പോഴും ആദ്യം ഞാന് ഞെട്ടി. ഓണ്ലൈനില് വന്ന ലേഖനം വാട്ട്സാപ്പില് കിട്ടിയത് അദ്ദേഹം വായിച്ചുകേള്പ്പിക്കുകയും ചെയ്തു. അപ്പോഴാണ് കാര്യം പിടികിട്ടിയത്. അദ്ദേഹം വായിച്ചതും എന്റെ വരികള് തന്നെ. ഞാന് ഫേസ്ബുക്കില് എഴുതിയ കുറിപ്പ് ആരോ ആരുടെയോ ക്രഡിറ്റില് വാട്ട്സാപ്പ് സന്ദേശമാക്കി. കനയ്യകുമാറിന്റെ പ്രസംഗ പരിഭാഷയടക്കം ഫേസ്ബുക്കില് മൂന്നു കുറിപ്പുകളായി എഴുതിയത് വായിച്ചിട്ടാണ് കലാകൗമുദി എക്സിക്യൂട്ടീവ് എഡിറ്റര് പ്രസാദ് ലക്ഷ്മണ് എന്ന പ്രസാദേട്ടന് എന്നോടത് ലേഖനമാക്കി നല്കാന് ആവശ്യപ്പെട്ടത്. അതുപ്രകാരം ഞാന് നല്കുകയും ചെയ്തു. എന്നാല്, ആദ്യമെഴുതിയ കുറിപ്പുകള് വാട്ട്സാപ്പ് സന്ദേശമാക്കി പ്രചരിപ്പിക്കുന്നുണ്ടായിരുന്നു, ക്രഡിറ്റില്ലാതെ. ഒടുവില് എന്റെ കുറിപ്പ് ഞാന് തന്നെ കോപ്പിയടിച്ചു എന്ന പഴി കേള്ക്കേണ്ടി വന്നു.
മാതൃഭൂമിയില് ജോലി ചെയ്യുമ്പോഴും ഇത്തരം ഒരു ആരോപണത്തിന് ഞാന് ഇരയായിരുന്നു. അതിനു മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല, എന്റെ വിവരക്കേട് തന്നെ കാരണം. ഫേസ്ബുക്ക് കാലത്തിനു മുമ്പാണ്. ഓര്ക്കൂട്ട് തന്നെ പ്രചരിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോള് ഫേസ്ബുക്കില് വരുന്ന പോലുള്ള പോസ്റ്റുകള് അന്ന് ഇ-മെയിലായിട്ടാണ് വരിക. അതിലും ക്രഡിറ്റ് ഉണ്ടാവില്ല. രസകരമായ വിവരങ്ങളുള്ള അത്തരം ക്രഡിറ്റില്ലാ കുറിപ്പുകള് എല്ലാവര്ക്കും വായിക്കുന്നതിനായി പത്രത്താളില് വരണമെന്ന് നിശ്ചയിച്ചു. തിരുവനന്തപുരത്തെ മാതൃഭൂമി നഗരം സപ്ലിമെന്റില് ‘നെറ്റ് ടോക്ക്’ എന്ന പംക്തി തുടങ്ങി. നെറ്റില് നിന്നെടുത്ത കുറിപ്പുകള് എന്നു വ്യക്തമാക്കുന്ന ആമുഖം സഹിതം രസകരമായവ പ്രസിദ്ധീകരിച്ചു. ‘സംയോജനം: വി.എസ്.ശ്യാംലാല്’ എന്നു ഏറ്റവും താഴെ ചേര്ത്തിരുന്നു. മാതൃഭൂമിയുടെ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശ്ശൂര് എഡിഷനുകളിലാണ് അന്ന് നഗരം സപ്ലിമെന്റ് ഉണ്ടായിരുന്നത്. വാര്ത്തകള് മാത്രം മാറും. പംക്തികള് അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം പങ്കിട്ട് ഉപയോഗിക്കും. തിരുവനന്തപുരത്തെ ‘നെറ്റ് ടോക്ക്’ കോഴിക്കോട് നഗരം സപ്ലിമെന്റില് ഉപയോഗിച്ചു. പക്ഷേ, ലേ ഔട്ടിന്റെ ഭംഗിക്കായി പേജ് ചെയ്ത ആര്ട്ടിസ്റ്റ് ലേഖനത്തിനു നല്കിയ ആമുഖക്കുറിപ്പ് ഒഴിവാക്കിക്കളഞ്ഞു. ‘സംയോജനം: വി.എസ്.ശ്യാംലാല്’ എന്നത് തലക്കെട്ടിനു താഴെ ‘വി.എസ്.ശ്യാംലാല്’ എന്ന ബൈലൈന് ആയി മാറി. ആ കുറിപ്പ് ശ്യാംലാല് എഴുതിയതാണെന്നര്ത്ഥം. പോരെ പൂരം.
ഇ-മെയിലില് ക്രഡിറ്റില്ലാതെ വന്ന ആ കുറിപ്പ് എഴുതിയത് മലയാള മനോരമയിലെ ബെര്ളി തോമസ് എന്ന മാധ്യമപ്രവര്ത്തകനായിരുന്നു. ‘ബെര്ളിത്തരങ്ങള്’ എന്ന ബ്ലോഗില്. കോഴിക്കോട് മനോരമയിലായിരുന്നു അക്കാലത്ത് ബെര്ളിക്കു ജോലി. രാവിലെ മാതൃഭൂമി പത്രം കണ്ട അദ്ദേഹം ഞെട്ടി. താനെഴുതിയ കുറിപ്പ് വി.എസ്.ശ്യാംലാല് എന്ന വിരുതന് അടിച്ചുമാറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നു. ബെര്ളി നേരെ എന്റെ പത്രാധിപര് എം.കേശവമേനോനെ വിളിച്ചു. കോപ്പിയടിയെക്കുറിച്ച് എന്നോട് വിശദീകരണം ചോദിക്കാന് പത്രാധിപര് ഉത്തരവായതോടെ എനിക്ക് സമ്മാനമായി മെമോ. സംഭവിച്ചത് ഞാന് എഴുതിക്കൊടുത്തു. എന്നെക്കുറിച്ച് നന്നായറിയാവുന്ന എന്റെ സീനിയര്മാര് കോപ്പിയടി ആരോപണം വിശ്വസിച്ചില്ല. അബദ്ധം പറ്റിയതാണെന്ന ന്യായീകരണം അവര് അംഗീകരിച്ചു. പറ്റിയ അബദ്ധം ചൂണ്ടിക്കാട്ടി ഞാന് ബെര്ളിയെ ഫോണില് വിളിച്ച് ക്ഷമ പറഞ്ഞു. പക്ഷേ, എന്തുകൊണ്ടോ എന്റെ ന്യായീകരണം അദ്ദേഹം വിശ്വസിച്ചില്ല. എന്റെയും ബെര്ളിയുടെയും ചില സമാന സുഹൃത്തുക്കളും അദ്ദേഹത്തെ കാര്യം ബോദ്ധ്യപ്പെടുത്താന് ശ്രമിച്ചു. വിജയിച്ചില്ല. ഞാന് ബെര്ളിയെ കുറ്റം പറയില്ല. പ്രതികരിച്ചുപോകുക സ്വാഭാവികം. പ്രതികരിക്കുക തന്നെ വേണം. ബെര്ളിയുടെ കണ്ണുകളില് ഇന്നും ഞാന് ‘കോപ്പിക്യാറ്റ്’ ആയി തുടരുന്നുണ്ടാവണം. അന്ന് എന്നെ കുഴപ്പത്തില് ചാടിച്ചതു പോലുള്ള പോസ്റ്റുകള് കണ്ടാല് ഓടിച്ചുപോലും നോക്കാതായി. തന്തയില്ലാ കുറിപ്പുകള് ഇന്നും ഞാന് സ്വീകരിക്കാറില്ല.
ബെര്ളിയുടെ ലേഖനം ‘കോപ്പിയടിച്ച’ അനുഭവം ഒരു പാഠമായി. ഓണ്ലൈനിലെ എന്റെ ഇടപെടലിന് കൂടുതല് സൂക്ഷ്മത വന്നത് അതോടെയാണ്. ഇപ്പോള് ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന അവസ്ഥ ഓണ്ലൈനില് നിലനില്ക്കുന്നു. ഒരാള് എഴുതുന്നത് അയാള് തന്നെ എഴുതിയതാണെന്ന് മറ്റൊരാളോട് തര്ക്കിക്കേണ്ടി വരുന്നത് ദുരവസ്ഥ തന്നെ. ഫേസ്ബുക്കിലെ കോപ്പിയടി ആരോപണം സഹിക്കാന് വയ്യാതായപ്പോഴാണ് ഞാന് എഴുത്ത് പൂര്ണ്ണമായി ബ്ലോഗിലേക്കു മാറ്റിയത്. ഇപ്പോള് ഫേസ്ബുക്കില് ബ്ലോഗിന്റെ ലിങ്ക് മാത്രമേ നല്കാറുള്ളൂ. പൂര്ണ്ണമായ കുറിപ്പ് ഫേസ്ബുക്കിലിടാറില്ല. ആരെങ്കിലും ആരോപണവുമായി വന്നാല് തീയതി സഹിതമുള്ള ബ്ലോഗിന്റെ സ്ക്രീന്ഷോട്ട് അയച്ചുകൊടുക്കും.
ഇപ്പോള് ഇത്തരം അടിച്ചുമാറ്റലുകള് ഞാന് അവഗണിക്കുകയാണ് പതിവ്. എന്റെ ലേഖനങ്ങള് എത്രയോ ഓണ്ലൈന് പ്രസിദ്ധീകരണങ്ങളില് എന്റെ ഫോട്ടോ സഹിതം വരുന്നു. അപൂര്വ്വം ചിലര് മാത്രമാണ് ‘എടുത്തോട്ടെ’ എന്ന് മുന്കൂര് അനുമതി ചോദിക്കുന്നത്. ആരും ഇതുവരെ 5 പൈസ പ്രതിഫലം തന്നിട്ടില്ല. ചില ഓണ്ലൈന് മാധ്യമങ്ങള് ഉള്ളടക്കം പൂര്ണ്ണമായി അടിച്ചുമാറ്റി ഒരു ക്രഡിറ്റുമില്ലാതെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. ഇവരോടൊക്കെ തല്ലുകൂടാന് എന്റെ ഊര്ജ്ജം പാഴാക്കില്ല എന്ന തീരുമാനത്തിന്റെ പേരില് മിണ്ടാതിരിക്കുന്നു. ഇതിനൊക്കെ മാറ്റമുണ്ടാവുന്ന കാലം വരുമായിരിക്കും അല്ലേ? വരാതെവിടെപ്പോകാന്!!
ഞാനും കണ്ടിട്ടുണ്ട് ., താങ്കളുടെ വരികൾ മറ്റുള്ളവരുടെ ടൈം ലൈനിൽ
ഞാൻ സൂചിപ്പിച്ചപ്പോൾ സമ്മതിച്ചു 🙂
ബ്ലോഗില്‍ നിന്നും കോപ്പിയെടുക്കുന്നത് തടയാനാകും. അതിന് ടെക്സ്റ്റ് ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ചില കോഡുകള്‍ ലഭിക്കും. അവ ലഭിക്കുന്ന ആദ്യാക്ഷരി പോലുള്ള ബ്ലോഗുകളില്‍ ചെന്ന് എച് ടി എം എല്‍ ലിങ്ക് കോപ്പി പേസ്റ്റ് ചെയ്ത് നമ്മുടെ ബ്ലോഗ് ടെംപ്ലേറ്റില്‍ ഉപയോഗിച്ചാല്‍ ഈ ബ്ലോഗില്‍ നിന്നുള്ള കോപ്പി പേസ്റ്റ് രോഗികളെ നിയന്ത്രിക്കാനാകും..ശ്യാമേട്ടാ
എന്നാലും സോഴ്സ് കോഡ് ഉപയോഗിച്ച് വേണേല്‍ പകര്‍ത്താം. അല്പം മെനക്കെടണം എന്നേയുള്ളൂ.
I am gonna wa this.. lol
plagiarism checker സോഷ്യൽ മീഡിയയിൽ വയ്കേണ്ട കാലം അതിക്രമിച്ചു
പുതിയ വിദ്യാഭ്യാസ മന്ത്രിയെ കുറിച്ചുള്ള “ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍” എന്ന താങ്കളുടെ ലേഖനം കോപ്പി ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. നവ മാധ്യമങ്ങളില്‍ ചില വിഷയങ്ങളെ കുറിച്ച് (പലപ്പോഴും രാഷ്ട്രീയ വിഷയങ്ങള്‍) ചര്‍ച്ച ചെയ്യുമ്പോ നമ്മുടെ വാദത്തിനെ ശരി വെക്കുന്ന നിങ്ങളെ പോലെ ആള്‍ക്കാര്‍ വ്യക്തമായി വിശദീകരിച്ച ചില പോസ്റ്റുകള്‍, ചില എഴുത്തുകള്‍ ഞാന്‍ കോപ്പി ചെയ്യാറുണ്ട്. ആവേശം മൂത്ത സമയം ആണേല്‍ ചിലപ്പോ ക്രെഡിറ്റ് വെക്കാനും മറന്നു പോകാറുണ്ട്… പക്ഷെ ഒരിക്കലും അത് എന്റെതാണ് എന്ന് അവകാശ വാദം ഉന്നയിക്കാറില്ല…
അതും മോഷണമായി പോയെങ്കില്‍ ക്ഷമിക്കുക… നില്‍ക്കക്കള്ളിയില്ലാതെ ചെയ്തു പോകുന്നതാണ്…
അത് താങ്കള്‍ക്ക് എടുക്കാം. വിരോധമില്ല. ക്രെഡിറ്റ് തന്നില്ലെങ്കില്‍ പരാതിയുമില്ല. സദുദ്ദേശ്യത്തിലല്ലേ? പക്ഷേ, വേറെ ചിലരുണ്ട്. സ്വന്തമാക്കി അഭിമാനിക്കും! എന്നിട്ടു നമ്മളെ അപമാനിക്കും!!
Good