ലോക്‌സഭയിലേക്ക് നമ്മളെല്ലാം കൂടി തിരഞ്ഞെടുത്തയച്ച എം.പിമാരില്‍ 233 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. അവര്‍ തന്നെയാണ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സത്യവാങ്മൂലത്തില്‍ സ്വന്തം പേരുള്ള ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നിയമനിര്‍മ്മാതാക്കളില്‍ 43 ശതമാനം നിയമലംഘകരാണെന്നര്‍ത്ഥം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ പുതിയ എം.പിമാരെ വിലയിരുത്തിക്കൊണ്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ഈ സത്യങ്ങള്‍ നമുക്കു മുന്നിലെത്തിയത്.

വിജയികളില്‍ 10 പേര്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. 11 ജേതാക്കള്‍ കൊലക്കേസ് പ്രതികളാണ്. വധശ്രമ കേസില്‍ പ്രതികളായ 30 പേരുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട 19 എം.പിമാരാണ്. ഇതില്‍ 3 പേര്‍ ബലാത്സംഗ കേസ് പ്രതികളാണ്. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ കേസില്‍ പ്രതികളാക്കപ്പെട്ട 29 എം.പിമാരുണ്ട്. ഓരോ പാര്‍ട്ടിയിലും പെട്ട ക്രിമിനല്‍ എം.പിമാരുടെ കണക്കു നോക്കുമ്പോഴാണ് യോഗ്യത വ്യക്തമാവുക.
- 13 എം.പിമാരുള്ള ജനതാദള്‍ യുണൈറ്റഡിൽ 16 ക്രിമിനലുകള്‍ -81.25 ശതമാനം
- 52 എം.പിമാരുള്ള കോണ്‍ഗ്രസ്സില്‍ 29 ക്രിമിനലുകള്‍ -55.77 ശതമാനം
- 22 എം.പിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ 9 ക്രിമിനലുകള്‍ -40.91 ശതമാനം
- 303 എം.പിമാരുള്ള ബി.ജെ.പിയില്‍ 116 ക്രിമിനലുകള്‍ -38.28 ശതമാനം
പുതിയ എം.പിമാരില്‍ ഏറ്റവും ശ്രദ്ധേയന്‍ നമ്മുടെ സ്വന്തം ഇടുക്കി മെമ്പര്‍ ഡീന്‍ കുര്യാക്കോസാണ്. 204 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്! ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഈ കേസുകളിലെല്ലാം ഡീനിനെ പ്രതിയാക്കിയത്. ഭൂരിഭാഗവും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ളവ തന്നെയെങ്കിലും കുറ്റകരമായ നരഹത്യാശ്രമം, ഭവനഭേദനം, കൊള്ള, ക്രിമിനല്‍ ഭീഷണി എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.

2014നെ അപേക്ഷിച്ച് ജനപ്രതിനിധികളുടെ ക്രിമിനല്‍വത്കരണത്തില്‍ 2019ലെ സ്ഥിതി കൂടുതല്‍ വഷളായി എന്നതാണ് അവസ്ഥ. 2014ലെ 542 എം.പിമാരില്‍ 185 പേരായിരുന്നു ക്രിമിനലുകള്‍ -34 ശതമാനം. 2009ലെ അവസ്ഥ ഇതിലും ഭേദമായിരുന്നു. അന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 162 പേരാണ് ലോക്‌സഭയിലേക്ക് ജയിച്ചുവന്നത് -30 ശതമാനം. 2009ല്‍ നിന്ന് 2019ലേക്ക് എത്തുമ്പോള്‍ ക്രിമിനലുകളായ എം.പിമാരുടെ എണ്ണത്തില്‍ 44 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
രാഷ്ട്രീയ പ്രേരിതമായ കേസുകളാണ് ഈ എം.പിമാര്‍ക്കെതിരെയുള്ളതെന്ന് ആരെങ്കിലും ധരിച്ചുവെങ്കില്‍ തെറ്റി. ഇത്തവണ ജയിച്ചുവന്ന 159 എം.പിമാര്‍ ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെയുള്ള ഗുരുതരമായ കേസുകളില്‍ പ്രതികളാണ്. ആകെ എം.പിമാരുടെ 29 ശതമാനം വരും ഇക്കൂട്ടര്‍. 2014ല്‍ 112 പേരും (21 ശതമാനം) 2009ല്‍ 76 പേരും (14 ശതമാനം) ഈ ഗണത്തിലുണ്ടായിരുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട എം.പിമാരുടെ കണക്കില്‍ 109 ശതമാനത്തിന്റെ വര്‍ദ്ധനയാണ് 2009നു ശേഷം ഉണ്ടായിട്ടുള്ളതെന്നു സാരം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ സ്ഥാനാര്‍ത്ഥിയുടെ വിജയസാദ്ധ്യത 15.5 ശതമാനമാണെങ്കില്‍ സംശുദ്ധ പരിവേഷമുള്ള സ്ഥാനാര്‍ത്ഥിക്ക് വിജയസാദ്ധ്യത 4.7 ശതമാനം മാത്രമാണ്. ന്താല്ലേ!!