HomeLIFEകടം

കടം

-

Reading Time: 9 minutes

സ്ഥിരവരുമാനവും കൈയില്‍ അത്യാവശ്യം പണവുമുണ്ടായിരുന്ന നല്ല കാലത്ത് എന്റടുത്തു നിന്ന് കടം വാങ്ങിയ ചില ചങ്ങാതിമാരുണ്ട്. ചിലപ്പോഴൊക്കെ എന്റെ കൈയില്‍ ഇല്ലാതിരുന്ന പണം മറ്റുള്ളവരില്‍ നിന്ന് മറിച്ചു കൊടുത്തിട്ടുണ്ട്. ഇന്ന് അവരൊക്കെ വലിയ നിലയിലാണ്. പക്ഷേ, തിരികെ തരാനുള്ള പണം തരില്ല. ഇല്ലാത്തതുകൊണ്ടല്ല, തരില്ല അത്ര തന്നെ.

പണം തരാനുള്ളവരുടെ കൂട്ടത്തില്‍ വലിയ നാടകപ്രമാണിമാരുണ്ട്. സ്വന്തം സ്ഥാപനം തുടങ്ങിയവരുണ്ട്. ഇപ്പോള്‍ സില്‍മക്കാരായവരുണ്ട്. എന്റെ കൈയില്‍ നിന്നു പണം വാങ്ങുമ്പോള്‍ ദരിദ്രനാരായണന്‍(??!!) ആയിരുന്നെങ്കിലും ഇപ്പോള്‍ പച്ചപിടിച്ച വ്യവസായിയുണ്ട്. മിക്കവാറും സഹായങ്ങളെല്ലാം വീട്ടുകാരറിയാതെ ആയിരുന്നു. കടമായി ‘ചങ്ങാതി’മാര്‍ക്കു കൊടുത്ത തുക വെളിപ്പെടുത്തിയാല്‍ ഞാന്‍ ഇന്നു തന്നെ വീട്ടില്‍ നിന്നു പുറത്താവും -ലക്ഷങ്ങളുണ്ട് എന്നു സാരം.

ഇവരില്‍ പലരും എനിക്കു പൈസ തരാനുണ്ടെന്ന് ഇപ്പോള്‍ ഭാവിക്കുന്നു പോലുമില്ല. ഇത്തരത്തില്‍ പതിനായിരക്കണക്കിന് രൂപ തരാനുള്ള ഒരു ചങ്ങാതിയെ കഴിഞ്ഞ ദിവസം കണ്ടു. പുള്ളി എന്നെയും കണ്ടു. പക്ഷേ, കാണാത്ത ഭാവത്തില്‍ ധൃതിയില്‍ നടന്നു പോയി. ഞാന്‍ പൈസ ചോദിച്ചാലോ എന്നു പേടിച്ചാകും. എന്തായാലും തടഞ്ഞുനിര്‍ത്താനോ പണം ചോദിച്ചു ബുദ്ധിമുട്ടിക്കാനോ ഒന്നും പോയില്ല. ഇത് എനിക്കു തന്നെ വിനയാണെന്ന് അറിയാം. പക്ഷേ, ഞാനിങ്ങനെ ആയിപ്പോയി.

ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലിയുണ്ടല്ലോ, അവന് പൈസയുടെ ആവശ്യമില്ല എന്ന ധാരണയാണ് പലര്‍ക്കും. പലരും ഇത് നേരിട്ടു പറഞ്ഞിട്ടുമുണ്ട്. എന്നെക്കൊണ്ട് ജോലി ചെയ്യിക്കുന്നവര്‍ക്കു പോലും ഈ ചിന്തയാണ്. ജോലിയെ ‘സഹായം’ എന്ന ഗണത്തില്‍പ്പെടുത്തി തേച്ചൊട്ടിക്കും. പ്രതിഫലം ആവശ്യപ്പെട്ടാലും നൈസായി നുമ്മളെ ഒഴിവാക്കും. ഭാര്യയ്ക്കു ശമ്പളമുണ്ടെങ്കില്‍ വായ്പാ തിരിച്ചടവടക്കം അതനുസരിച്ചുള്ള ചെലവുമുണ്ട് എന്ന കാര്യം ഇവരാരും അംഗീകരിക്കുന്നില്ല.

ഞാന്‍ കടം വാങ്ങിയ ആരും എനിക്ക് ഒരു പരിഗണനയും നല്‍കിയിട്ടില്ല, വ്യക്തികളായാലും ശരി ബാങ്കുകളായാലും ശരി. അവരൊക്കെ കൃത്യസമയത്ത് ഉള്ള കാശ് പിടിച്ചുവാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ എന്റെ ബാങ്ക് അക്കൗണ്ടില്‍ ആകെ ബാക്കിയുള്ളത് 135 രൂപ 84 പൈസ. ഈ മാസം പകുതി ഇനിയും നീണ്ടു നിവര്‍ന്നു കിടക്കുന്നു മുന്നില്‍!

മാതൃഭൂമിയില്‍ നിന്ന് ഇറങ്ങിയ ശേഷം ചെയ്ത ജോലിക്ക് കൃത്യമായി കൂലി നല്‍കിയ ഒരാളേയുള്ളൂ. അത് ടെക്നോപാര്‍ക്കില്‍ ഐ.ടി. കമ്പനി നടത്തുന്ന ഒരു സുഹൃത്താണ്. ആ സുഹൃത്ത് ഇടയ്ക്ക് തരുന്ന എഴുത്തുജോലി മാത്രമാണ് ഇപ്പോഴത്തെ വരുമാനമാര്‍ഗ്ഗം. മാതൃഭൂമിക്കു ശേഷം ജോലി ചെയ്ത ഇന്ത്യാവിഷനും തരാനുള്ളത് മാസങ്ങളുടെ ശമ്പളം. ഇപ്പോള്‍ ആ ഗണത്തിലേക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനം കൂടി വന്നു.

സര്‍ക്കാര്‍ സ്ഥാപനമോ എന്ന് അത്ഭുതം കൂറുന്നവരുണ്ടാവാം. തലതിരിഞ്ഞ ഒരുദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ മതി നമ്മുടെ ജീവിതം മാറിമറിയാന്‍. ഓരോ ഫയലിലും ഓരോ ജീവിതമാണെന്നു മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും ജീവിതങ്ങള്‍ എങ്ങനെയൊക്കെ ചുരുട്ടിക്കൂട്ടി കുട്ടയിലിടാം എന്നാണ് ചില ഉദ്യോഗസ്ഥര്‍ സദാ ചിന്തിക്കുന്നത്. എന്റെ അനുഭവവും വ്യത്യസ്തമല്ല.

ഞാന്‍ ഇനി പറയാന്‍ പോകുന്ന സ്ഥാപനം സര്‍ക്കാരിനു കീഴിലുള്ള ഒരു അക്കാദമിയാണ്. അവിടെ ചെയര്‍മാനെ നിയമിക്കുന്നത് ഭരണകക്ഷിയാണ്. പക്ഷേ, ഉദ്യോഗസ്ഥര്‍ മിക്കപ്പോഴും ചെയര്‍മാന്റെ എതിര്‍പക്ഷത്തുള്ളവര്‍ ആവുകയാണ് പതിവ്. പ്രതിപക്ഷ സംഘടനക്കാരായ ഉദ്യോഗസ്ഥരെ നടതള്ളാന്‍ കുറിയിട്ടു വെച്ചിരിക്കുന്ന സ്ഥാപനമാണ് ഈ അക്കാദമി. യു.ഡി.എഫായാലും എല്‍.ഡി.എഫായാലും അങ്ങനെ തന്നെ. പക്ഷേ, ഇപ്പോഴത്തെ ചെയര്‍മാന് നല്ല മെയ്വഴക്കം ഉള്ളതിനാല്‍ ഉദ്യോഗസ്ഥരെയൊക്കെ സുഖിപ്പിച്ച് കാര്യം നടത്തുന്നതില്‍ മിടുക്കന്‍.

ഈ ചെയര്‍മാന്‍ വളരെക്കാലമായുള്ള സുഹൃത്താണ്. ആ നിലയില്‍ ഈ അക്കാദമി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുമായി മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഹകരിക്കാന്‍ ഇടവന്നു -സൗജന്യ സേവനം തന്നെ. ക്രമേണ പുതിയ പരിപാടികളുടെ ആസൂത്രണത്തിലും ചെയര്‍മാന്‍ എന്റെ അഭിപ്രായം തേടുന്ന സ്ഥിതിയായി. അങ്ങനെയാണ് വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്കായി എന്തെങ്കിലുമൊരു പദ്ധതി ആവിഷ്കരിക്കാമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചത്. പുതിയ തലമുറയുടെ മാധ്യമം എന്ന നിലയ്ക്ക് ഒരു പോര്‍ട്ടല്‍ തുടങ്ങാമെന്ന് ഞാന്‍ പറഞ്ഞു.

ഈ ആശയം എഴുതിക്കൊടുക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് 2019 ജനുവരി 22ന് പദ്ധതി നിര്‍ദ്ദേശം ഞാന്‍ അദ്ദേഹത്തിനു സമര്‍പ്പിച്ചു. അക്കാദമിയുടെ ഭരണസമിതി ഈ പദ്ധതിനിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയുമുണ്ടായി എന്നാണ് എന്റെ ധാരണ. എന്നാല്‍ അപ്പോഴേക്കും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയതിനാല്‍ മറ്റു കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയില്ല. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ചെയര്‍മാനും സെക്രട്ടറിയും എന്നെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പോര്‍ട്ടലിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

2019 മെയ് 2 മുതൽ ഞാൻ ഈ പോർട്ടലിന്റെ പണികൾ തുടങ്ങി. പോർട്ടൽ ആരംഭിക്കുന്നതിന് എന്താണ് ആവശ്യം എന്ന് അക്കാദമിയിൽ നിന്നു ചോദിച്ചപ്പോൾ നല്ല പ്രവര്‍ത്തനക്ഷമതയും വേഗവുമുള്ള ഒരു ലാപ്ടോപ്പ് വേണം എന്നു മാത്രമാണ് മറുപടി നല്‍കിയത്. ഇതുപ്രകാരം ഞാന്‍ പറഞ്ഞ കോൺഫിഗറേഷനിലുള്ള, 1.15 ലക്ഷം വിപണിവിലയുള്ള ലാപ്ടോപ്പ് -ലെനോവോ യോഗ 530 -അക്കാദമി വാങ്ങി നൽകി. തിരുവനന്തപുരത്തെ ഓഫീസിൽ വെച്ച് 2019 മെയ് 5ന് ഇന്‍ഡന്റ് ബുക്കില്‍ രേഖപ്പെടുത്തി ഞാൻ ഇത് ഒപ്പിട്ടുവാങ്ങുകയും പോർട്ടലിന്റെ ജോലികൾ പൂര്‍ണ്ണ തോതിൽ ആരംഭിക്കുകയും ചെയ്തു.

പ്രവർത്തനം സുഗമമായി മുന്നോട്ടു നീങ്ങുന്ന വേളയിൽ എന്റെ പ്രതിഫലം സംബന്ധിച്ച് ധാരണയുണ്ടാക്കണം എന്നു ഞാൻ ആവശ്യപ്പെട്ടു. എന്നാൽ, തൽക്കാലം അതിനുള്ള വകുപ്പില്ല എന്ന് എന്നെ ഈ ചുമതലയേല്പിച്ച സെക്രട്ടറി തന്നെ കൈമലർത്തിയത് ഞെട്ടിച്ചു. പ്രവർത്തനം തുടങ്ങാൻ ആവശ്യപ്പെടുകയും അതിന്റെ ഭാഗമായി വിലയേറിയ ലാപ്ടോപ്പ് കൈമാറുകയും ചെയ്തുവെങ്കിലും പോർട്ടൽ സംബന്ധിച്ച് മറ്റു കാര്യങ്ങളൊന്നും സെക്രട്ടറിയോ മറ്റുദ്യോഗസ്ഥരോ മുന്നോട്ടു നീക്കിയിരുന്നില്ല.

കാര്യം ഞാൻ ചെയർമാന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പോർട്ടൽ സംബന്ധിച്ച് ആവശ്യമായ നടപടിക്രമങ്ങൾ ഉടനെ പൂർത്തിയാക്കണമെന്ന് അദ്ദേഹം സെക്രട്ടറിക്കു നിർദ്ദേശം നൽകുകയും ചെയ്തു. ഇതേത്തുടർന്ന് അക്കാദമി നടപ്പാക്കുന്ന ഒരു പ്രൊജക്ടുമായി പോർട്ടലിന്റെ പ്രവർത്തനം സംയോജിപ്പിക്കാൻ തീരുമാനിച്ചുവെന്നും അതിൽ ചേർത്ത് പോർട്ടലിന്റെ എഡിറ്ററായി പ്രവർത്തിപ്പിക്കാനാണ് തീരുമാനമെന്നും സെക്രട്ടറി അറിയിച്ചു. അതോടെ പ്രതിസന്ധി തീർന്നു എന്നു ഞാന്‍ കരുതി.

അപ്പോഴാണ് ബന്ധപ്പെട്ട പ്രൊജക്ടിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവ് എന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പരസ്യം പ്രസിദ്ധീകരിച്ചത്. ഞാൻ അതിലേക്ക് അപേക്ഷ സമർപ്പിക്കണമെന്നു സെക്രട്ടറി നിര്‍ദ്ദേശിച്ചു. മാധ്യമപ്രവര്‍ത്തന രംഗത്ത് 23 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഞാന്‍ ഇത്തരത്തില്‍ താഴ്ന്ന തസ്തികയില്‍ എന്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നും വെറുമൊരു പ്രോഗ്രാം എക്സിക്യൂട്ടീവിന്റേതല്ലല്ലോ ഞാന്‍ ചെയ്യുന്ന ജോലിയെന്നും ചോദിച്ചു.

നിലവിൽ അക്കാദമിയിൽ നിന്നു തന്നെ കമ്പ്യൂട്ടര്‍ ഒപ്പിട്ടുവാങ്ങി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ ഞാൻ എന്തിനാണ് അക്കാദമിയിലേക്കു പുതിയതായി അപേക്ഷ സമർപ്പിക്കുന്നതെന്നും ചോദ്യമുയര്‍ത്തി. പ്രതിഫലം കിട്ടണമെങ്കില്‍ നടപടിക്രമം പൂർത്തിയാക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണെന്നും തസ്തിക പ്രശ്നമാക്കേണ്ടതില്ലെന്നുമായിരുന്നു സെക്രട്ടറിയുടെ മറുപടി. APPROVED POST എന്നൊരു സാങ്കേതികപദവും പ്രയോഗിച്ചു. ഈ തസ്തികയിലേക്ക് വേറൊരാള്‍ അപേക്ഷ സമര്‍പ്പിച്ച് നിയമനം നേടിയാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചുമില്ല.

എന്തായാലും സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ഞാൻ അപേക്ഷ സമർപ്പിച്ചു. മാധ്യമനിരീക്ഷകന്‍ എന്ന നിലയില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു അഭിമുഖ പരീക്ഷ നടത്തിയ ബോര്‍ഡിന്റെ ചെയര്‍മാന്‍. അവിടെ അത്ഭുതപ്പെടുത്തിയ കാര്യം ഞാന്‍ ചെന്ന സമയത്ത് മറ്റ് അപേക്ഷകരെ ആരെയും അഭിമുഖ പരീക്ഷയ്ക്കു കണ്ടില്ല എന്നതാണ്. വേറെ ഏതെങ്കിലും സമയത്ത് ആരെങ്കിലും വന്നുവോ എന്നറിയില്ല. മൂന്നംഗ ബോര്‍ഡിനെ വെച്ച് അഭിമുഖം നടത്തിയ സാഹചര്യത്തില്‍ പിന്‍വാതില്‍ നിയമനമല്ല എന്നുറപ്പിച്ചു.

എന്തായാലും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പ് കിട്ടുകയും 2019 ജൂണ്‍ 16 മുതല്‍ ഒരു വര്‍ഷത്തേക്ക് അക്കാദമിയുമായി കരാറൊപ്പിടുകയും ചെയ്തു. എന്നാല്‍, അതില്‍ പോര്‍ട്ടല്‍ സംബന്ധിച്ച് പ്രത്യേക പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല. “പദ്ധതിയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമി പ്രോജക്ടുകളായ ഇന്റര്‍നെറ്റ് റേഡിയോ, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രോഗ്രാമുകള്‍ തയ്യാറാക്കല്‍, ഈ പ്രൊജക്ടുകളുടെ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് ഇവയുടെ ഏകോപന ചുമതല, പരിപാലനം എന്നിവ നിര്‍വ്വഹിക്കേണ്ടതാണ്” എന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഇതില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നു പറഞ്ഞിരിക്കുന്നതാണ് ജോലി എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം എന്നു മാത്രം.

കരാറിൽ 20,000 രൂപയാണ് പ്രതിമാസ പ്രതിഫലം പറഞ്ഞിരുന്നത്. പോർട്ടലിന്റെ പ്രവർത്തനം തുടങ്ങുമ്പോൾ എനിക്കു വാക്കാൽ ഉറപ്പുതന്നിരുന്ന പ്രതിമാസ പ്രതിഫലം 30,000 രൂപയാണ്. പോര്‍ട്ടല്‍ സംബന്ധിച്ച് വ്യക്തമായ പരാമര്‍ശവും വാഗ്ദാനം ചെയ്ത തുകയും ഇല്ലല്ലോ എന്നു ചൂണ്ടിക്കാണിച്ചപ്പോൾ ഇതു താൽക്കാലിക നടപടിയാണെന്നും താമസിയാതെ എല്ലാം പരിഹരിക്കാമെന്നും സെക്രട്ടറി ഉറപ്പുനൽകി. അപ്പോഴേക്കും ഞാൻ പോർട്ടലിന്റെ പ്രവർത്തനങ്ങളുമായി വളരെയധികം മുന്നോട്ടു പോയിരുന്നതിനാല്‍ സമ്മതിക്കുകയല്ലാതെ വേറെ മാർഗ്ഗമുണ്ടായിരുന്നില്ല. ഒന്നര മാസത്തെ പ്രവർത്തനം കൊണ്ട് പോർട്ടൽ ഞാൻ പൂർണ്ണമായി പ്രവർത്തനസജ്ജമാക്കിയിരുന്നു. അക്കാദമിയുമായി കരാർ തുടങ്ങിയ 2019 ജൂൺ 16നു തന്നെ പോർട്ടൽ എല്ലാവര്‍ക്കും വായിക്കാനും കാണാനുമാവുന്ന വിധത്തില്‍ ഓൺലൈനായി.

ഇതിനു ശേഷം പോര്‍ട്ടലിന്റെ എഡിറ്റർ എന്ന നിലയിലുള്ള പ്രതിഫലം ചോദിക്കുമ്പോഴെല്ലാം “ഉടനെ ശരിയാക്കാം” എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഈ വാഗ്ദാനം പൂർത്തിയാക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ തന്നെ അദ്ദേഹം 2019 ജൂലൈ 31ന് സർവ്വീസിൽ നിന്നു വിരമിച്ചു. അസിസ്റ്റന്റ് സെക്രട്ടറിയെ എല്ലാം പറഞ്ഞേല്പിച്ചിട്ടുണ്ട് എന്നായിരുന്നു പോകുമ്പോള്‍ അദ്ദേഹത്തിന്റെ വിശദീകരണം. പിന്നാലെ നടന്നു മടുത്തതോടെ പ്രതിഫലം ഉയര്‍ത്തുന്ന കാര്യം ഞാന്‍ ആരോടും സംസാരിക്കാതെയായി. പോര്‍ട്ടലിലെ ഉള്ളടക്കം അപ്ലോഡ് ചെയ്യുന്നതിന് സമയപരിധിയില്ല. അതിനാല്‍ത്തന്നെ, രാവെന്നോ പകലെന്നോ അവധിയെന്നോ ഉള്ള വ്യത്യാസമില്ലാതെ പോര്‍ട്ടല്‍ ആവശ്യപ്പെടുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ അതാത് സമയം മുഴുകി.

വിരമിച്ചയാള്‍ക്കു പകരം പുതിയ സെക്രട്ടറി വൈകാതെ സ്ഥാനമേറ്റു. പഴയ സെക്രട്ടറി നല്‍കിയ ഉറപ്പിനെക്കുറിച്ച് അദ്ദേഹത്തോടു സൂചിപ്പിച്ചുവെങ്കിലും വലിയ താല്പര്യം കാണിച്ചില്ല. എങ്കിലും ഞാന്‍ പോര്‍ട്ടല്‍ നന്നായിത്തന്നെ മുന്നോട്ടു നീക്കി. പുതിയ എഴുത്തുകാരുടെ സംരംഭമെന്ന നിലയില്‍ പോര്‍ട്ടല്‍ ശ്രദ്ധിക്കപ്പെട്ടു.

ഇതേത്തുടര്‍ന്ന് 2019 നവംബര്‍ 15ന് തിരുവനന്തപുരത്ത് പോര്‍ട്ടലിന്റെ ഉദ്ഘാടനം ദേശീയ തലത്തില്‍ പ്രശസ്തനായ ഒരു പത്രാധിപര്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലും പിന്നീട് ഉദ്ഘാടന യോഗത്തിലും ചെയര്‍മാന്‍ എന്നെ പോര്‍ട്ടല്‍ എഡിറ്ററായി പൊതുവേദിയില്‍ പരിചയപ്പെടുത്തിയതു മാത്രമാണ് ഇതു സംബന്ധിച്ച് എനിക്ക് ലഭിച്ചിട്ടുള്ള ഔദ്യോഗിക സാക്ഷ്യപത്രങ്ങള്‍.

അക്കാദമിയിലുണ്ടായിരുന്ന കാലത്ത് അവിടെ നടന്ന വിവിധ പരിപാടികളുമായി ആത്മാര്‍ത്ഥമായി സഹകരിച്ചിട്ടുണ്ട്. ഞാന്‍ കൊടുത്ത ആശയങ്ങളില്‍ ഉരുത്തിരിഞ്ഞ പരിപാടികളും ഒട്ടേറെ. എന്നാല്‍, ഈ ആശയങ്ങളും അദ്ധ്വാനവുമൊന്നും പ്രതിഫലം അര്‍ഹിക്കുന്നവയായി അക്കാദമിയിലെ ഉദ്യോഗസ്ഥ മേധാവികള്‍ക്ക് തോന്നിയിട്ടില്ല, ഒന്നും തന്നിട്ടുമില്ല. അക്കാദമി വലിയതോതില്‍ പ്രശംസിക്കപ്പെട്ട ആശയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ആശയം എന്നു പറയുമ്പോള്‍ പരിപാടി എങ്ങനെ ആസൂത്രണം ചെയ്യണമെന്നും അതിന്റെ ലക്ഷ്യം എന്താവണമെന്നും അത് എങ്ങനെ നടപ്പാക്കണമെന്നും ആരെയൊക്കെ ക്ഷണിക്കണമെന്നും ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളുമടങ്ങുന്ന ബ്ലൂപ്രിന്റ് സഹിതമാണ് സമര്‍പ്പിച്ചത്. ഇത് നടപ്പാക്കാനും പിന്നീട് ഞാന്‍ തന്നെ മുന്നില്‍ നിന്നു. പക്ഷേ, അക്കാദമി എന്നാണ് പേരെങ്കിലും അവിടെ ബൗദ്ധിക സ്വത്തവകാശം പരിഗണിക്കപ്പെടില്ല!!

എനിക്കു നിയമനം ലഭിച്ച കാലത്ത് സെക്രട്ടറിയായിരുന്ന വ്യക്തി വിരമിച്ച ശേഷം സര്‍ക്കാരിന്റെ ഒരു വലിയ പദ്ധതിയുടെ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ വൈകാതെ തന്നെ അക്കാദമിയില്‍ തിരിച്ചെത്തി. വലിയ തോതിലുള്ള ആസൂത്രണങ്ങളാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അക്കാദമിയില്‍ നടന്നത്. എന്നാല്‍, വലിയ ധൂര്‍ത്തിലേക്കു നയിക്കുന്ന വിധത്തില്‍ വഴിവിട്ട ചില കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ലക്ഷങ്ങള്‍ പൊട്ടിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രദര്‍ശനത്തിന്റെ നിലവാരവും അതു സംഘടിപ്പിച്ച രീതിയും ഉണ്ടായ ജനപങ്കാളിത്തവും മാത്രം പരിശോധിച്ചാല്‍ മതി ഇതിന്റെ എത്ര തെളിവുകള്‍ വേണമെങ്കിലും കണ്ടെത്താം. ആകെ 100 ചിത്രങ്ങളും 3 വീഡിയോകളും മാത്രമാണ് ഈ പ്രദര്‍ശനത്തിലുണ്ടായിരുന്നത്. ആകെ ചിത്രങ്ങളില്‍ പകുതിയും ഒരു പുസ്തകത്തില്‍ നിന്ന് സ്കാന്‍ ചെയ്ത് എടുത്തതായിരുന്നു. ബാക്കിയുള്ളതില്‍ വലിയൊരു പങ്ക് കൊച്ചിയിലുള്ള ഒരാളുടെ പക്കല്‍ നിന്ന് ശേഖരിച്ചവയും. ഇതിന് പൊടിച്ചത് ലക്ഷങ്ങളാണ്.

സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ നടപടിക്രമങ്ങളെല്ലാം കാറ്റില്‍പ്പറത്തുന്ന വിധത്തിലുള്ള ധൂര്‍ത്താണ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ നടത്തിയത്. പരിപാടികള്‍ക്കായി തിരുവനന്തപുരത്ത് എത്തുമ്പോള്‍ പ്യൂണ്‍ തസ്തികയിലുള്ളവര്‍ പോലും സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുക, അവിടെ നിന്നു തന്നെ വിലയേറിയ ഭക്ഷണം കഴിക്കുക, എ.സി. വാഹനങ്ങളില്‍ വന്‍ തുക ചെലവഴിച്ച് സഞ്ചരിക്കുക തുടങ്ങിയ പതിവുകളെല്ലാം ഒരു നടുക്കത്തോടെയാണ് കണ്ടത്.

തിരുവനന്തപുരത്ത് പ്രദര്‍ശനം നടക്കുന്ന വേളയില്‍ 2019 ഡിസംബര്‍ 29ന് സെക്രട്ടറി, മുന്‍ സെക്രട്ടറി എന്നിവരെ ഒരുമിച്ചു കണ്ടപ്പോള്‍ “ഇവിടെ നടക്കുന്ന കാര്യങ്ങള്‍ കേരള സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ക്കും സര്‍വ്വീസ് ചട്ടങ്ങള്‍ക്കും വിരുദ്ധമല്ലേ” എന്നൊരു ചോദ്യം സൗഹൃദസംഭാഷണത്തിനിടെ ഞാനുന്നയിച്ചു. 23 വര്‍ഷമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന എന്റെ ഉള്ളില്‍ നിന്ന് സ്വാഭാവികമായി വന്ന ചോദ്യമായിരുന്നു അത്. “ഇവിടിങ്ങനെയാണ് കാര്യങ്ങള്‍, അതങ്ങനെ നടക്കും” എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. അത് ഒരു ചര്‍ച്ചയിലേക്കു നീണ്ടപ്പോള്‍ “നിങ്ങള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടണ്ട” എന്നായിരുന്നു മുന്‍ സെക്രട്ടറിയുടെ ഉപദേശം. എന്തായാലും അതോടെ എന്റെ അക്കൗണ്ടിലേക്ക് അക്കാദമിയില്‍ നിന്ന് പ്രതിമാസ പ്രതിഫലം വരുന്നത് നിലച്ചുവെന്നു പറഞ്ഞാല്‍ മതിയല്ലോ!

പോര്‍ട്ടലിന്റെ മേല്‍നോട്ടം വഹിക്കുന്നതിനുള്ള പ്രതിഫലം 2020 ജനുവരി തുടക്കത്തിലാണ് എന്റെ അക്കൗണ്ടിലേക്ക് അവസാനമായി എത്തിയത്. അതിനു ശേഷം ഈ വകയില്‍ ഒരു രൂപ പോലും വന്നില്ല. ഇതു സംബന്ധിച്ച് ഞാന്‍ സെക്രട്ടറിയോടു ചോദിച്ചപ്പോള്‍ “നിങ്ങള്‍ക്ക് പണം തരാന്‍ വകുപ്പില്ല” എന്ന മറുപടിയാണ് വാക്കാല്‍ എന്നോടു പറഞ്ഞത്. “അക്കാദമിയില്‍ പോര്‍ട്ടല്‍ സംബന്ധിച്ച രേഖയൊന്നുമില്ല. ചെയ്യുന്ന ജോലിക്ക് ബില്ല് തരാന്‍ വകുപ്പുണ്ടെങ്കില്‍ തരൂ, പാസാക്കാനാവുമോ എന്നു പരിശോധിക്കാം” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു വിശ്വസിച്ച് 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചെയ്ത ജോലിക്കുള്ള ബില്ല് കൊടുത്തു. ഒരു ഫലവുമില്ല എന്നു മനസ്സിലായപ്പോള്‍ അതും നിര്‍ത്തി.

‘വഴിവിട്ട നടപടികള്‍’ സംബന്ധിച്ച എന്റെ ചോദ്യമാണ് പ്രതിഫലം തടയുന്നതിന് പ്രകോപനം എന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്റെ പ്രതിഫലം എന്തുകൊണ്ടു തടയുന്നു എന്ന് അക്കാദമിയില്‍ നിന്ന് ഈ നിമിഷം വരെ എന്നെ അറിയിച്ചിട്ടില്ല. എന്റെ പ്രതിഫലം തടയാതിരിക്കാന്‍ കാരണം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടില്ല. കരാര്‍ തീരും വരെ ഞാന്‍ രാജിക്കത്ത് കൊടുത്തിട്ടില്ല. വേറെ ജോലിക്കു പോയിട്ടില്ല. ഏതെങ്കിലും വിധത്തില്‍ കരാര്‍ ലംഘിക്കുന്ന പ്രവര്‍ത്തനം ഞാന്‍ നടത്തിയിട്ടില്ല. ജോലി കൃത്യമായി സമയം നോക്കാതെ തന്നെ ചെയ്തിട്ടുമുണ്ട്. എന്നിട്ടും പ്രതിഫലം തടഞ്ഞത് അങ്ങേയറ്റം നിയമവിരുദ്ധമായ നടപടിയല്ലേ?

ഇതു സംബന്ധിച്ച സുപ്രീം കോടതി വിധികള്‍ പോലും കാറ്റില്‍പ്പറത്തി. കരാറില്‍ പറയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ബാദ്ധ്യതയില്ല എന്നു തന്നെയാണ് വിശ്വാസം. എന്നിട്ടും പോര്‍ട്ടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മാത്രമൊതുങ്ങാതെ, അക്കാദമിയിലും പുറത്തും എന്തൊക്കെ ജോലികള്‍ എന്റെ ചുമതലയില്‍ വന്നിട്ടുണ്ടോ അതൊക്കെ കൃത്യമായി ചെയ്തിട്ടുണ്ട്.

എനിക്ക് പ്രതിഫലം തരാത്ത കാര്യം ഞാന്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പരിശോധിച്ചു വേണ്ടത് ചെയ്യണമെന്ന് അദ്ദേഹം സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. കോവിഡ് പ്രതിസന്ധി കാലത്ത് ആരുടെയും ശമ്പളം തടയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടു പറഞ്ഞിട്ടുള്ളതാണെങ്കിലും എന്റെ കാര്യത്തില്‍ എന്തുകൊണ്ടോ അതും നടപ്പായില്ല. ഇത് അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമാണ്.

ഇതിനിടെ എനിക്ക് ചെറിയതോതിലൊരു ഹൃദ്രോഗബാധ ഉണ്ടായപ്പോള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി. അര്‍ഹമായ പ്രതിഫലം ലഭിക്കുന്നതിനായി വീണ്ടും ചെയര്‍മാനെ സമീപിച്ചപ്പോള്‍ സെക്രട്ടറിക്ക് സ്ഥലംമാറ്റമായെന്നും പുതിയ സെക്രട്ടറി ചുമതലയേറ്റെടുത്താലുടനെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ആശ്വസിപ്പിച്ചു. അപ്പോഴേക്കും സെക്രട്ടറിയുടെ ‘മികവ്’ ചെയര്‍മാനു ബോദ്ധ്യപ്പെട്ടിരുന്നുവെന്നും തല്‍ഫലമായി അവര്‍ തമ്മില്‍ ശീതസമരത്തിലായിരുന്നുവെന്നും പിന്നീടറിഞ്ഞു. എന്നാല്‍, പുതിയ സെക്രട്ടറി വന്നിട്ടും എന്റെ കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല.

പോര്‍ട്ടലിന്റെ ഉള്ളടക്കം മാത്രമല്ല അതിന്റെ എല്ലാ വിഭാഗങ്ങളും കൈകാര്യം ചെയ്തത് ഇന്നുവരെ ഞാന്‍ ഒറ്റയ്ക്കാണ്. ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യുക, സെര്‍വര്‍ ഏര്‍പ്പെടുത്തുക, തീം വാങ്ങി നല്‍കുക, ഗൂഗിള്‍ സൂട്ടില്‍ ഇ-മെയില്‍ സജ്ജമാക്കി നല്‍കുക എന്നീ പ്രാഥമിക സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ മാത്രം അക്കാദമിയുടെ ഐ.ടി. കരാര്‍ ചുമതലയുള്ള സ്ഥാപനം നിര്‍വ്വഹിച്ചു. വെബ്സൈറ്റിന്റെ പ്ലാനിങ്, എഡിറ്റിങ്, പ്രൂഫ് റീഡിങ്, ഫോട്ടോ കറക്ഷന്‍, വീഡിയോ എഡിറ്റിങ്, ലേ ഔട്ട്, ഡിസൈന്‍, അപ്ലോഡ്, സെര്‍ച്ച് എഞ്ചിന്‍ ഓപ്ടിമൈസേഷന്‍, സോഷ്യല്‍ മീഡിയ പ്രമോഷന്‍ എന്നിങ്ങനെ സാധാരണനിലയില്‍ പല വിഭാഗങ്ങളിലായി പടര്‍ന്നു കിടക്കുന്ന എല്ലാ ജോലികളും ഞാന്‍ ഒറ്റയ്ക്കു തന്നെ ചെയ്തു. ഒപ്പം മൊബൈല്‍ ഫോണുകളില്‍ ഈ പോര്‍ട്ടലിനെ ഒരു ആപ്പ് രൂപത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കാനുള്ള പ്രൊഗ്രസീവ് വെബ് ആപ്പും തയ്യാറാക്കി.

ഇക്കാര്യങ്ങളില്‍ ആരും എന്നെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പോര്‍ട്ടല്‍ സാന്നിദ്ധ്യമുറപ്പിച്ചു. ഈ ചെറിയ കാലയളവിനുള്ളില്‍ തന്നെ പോര്‍ട്ടലിന് ഗൂഗിളിന്റെ അംഗീകാരം നേടിയെടുക്കാനും അതുവഴി ഗൂഗിള്‍ ആഡ്സെന്‍സ് മുഖേന പരസ്യം പ്രസിദ്ധീകരിക്കിരുന്നതിനുള്ള അനുമതി ലഭ്യമാക്കാനും കഴിഞ്ഞു. പോര്‍ട്ടലിന് വായനക്കാര്‍ കൂടുന്ന മുറയ്ക്ക് അക്കാദമിക്ക് പരസ്യവരുമാനം ലഭിക്കുന്നതിനുള്ള വഴിയാണ് ഇതിലൂടെ തെളിയിച്ചുവെച്ചത്.

എന്റെ ഒരു വര്‍ഷ കരാര്‍ 2020 ജൂണ്‍ 15ന് പൂര്‍ത്തിയായി. പോര്‍ട്ടലിന്റെ പ്രവര്‍ത്തനം അതോടെ പൂര്‍ണ്ണമായി നിലച്ചു. കരാര്‍ പുതുക്കാന്‍ അക്കാദമി താല്പര്യം പ്രകടിപ്പിച്ചില്ല. ഈ രൂപത്തിലുള്ള കരാര്‍ തുടരാന്‍ താല്പര്യമില്ലാത്തതിനാല്‍ ഞാനും ശ്രമിച്ചില്ല. അക്കാദമിയില്‍ നിന്ന് അനുവദിച്ചിരുന്ന ലെനോവോ യോഗ 530 ലാപ്ടോപ്പ് കരാര്‍ പൂര്‍ത്തിയായ ഉടനെ തന്നെ കൃത്യമായി തിരുവനന്തപുരം ഓഫീസില്‍ ചുമതലയുള്ളയാളിനെ ഒരു കേടുപാടുകളും കൂടാതെ പ്രവര്‍ത്തിപ്പിച്ചു കാണിച്ച് എല്പിക്കുകയും ആ വിവരം ചെയര്‍മാനെയും സ്ഥാപനത്തിലെ സിസ്റ്റം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയെയും അറിയിക്കുകയും ചെയ്തു. സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്‍ഡന്റ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഞാന്‍ ലാപ്ടോപ്പ് ഏറ്റുവാങ്ങിയതിന്റെയും തിരികെ നല്‍കിയതിന്റെ രേഖ ലഭ്യമാകും.

ഒരു സര്‍ക്കാര്‍ സ്ഥാപനം ആവശ്യാനുസരണം ലാപ്ടോപ്പ് വാങ്ങിത്തരികയും ജോലി ചെയ്യാനാവശ്യപ്പെടുകയും ചെയ്യുമ്പോള്‍ അത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടാണ് എന്നു ഞാന്‍ വിശ്വസിച്ചു. അതനുസരിച്ച് ആത്മാര്‍ത്ഥമായി തന്നെ ജോലിയെടുക്കുകയും ചെയ്തു. എന്നിട്ടും ദുരവസ്ഥ മാത്രം ബാക്കി.

“പ്രതിഫലം തരാന്‍ വകുപ്പില്ല” എന്ന് സെക്രട്ടറി പറയുന്നത് ശരിയാണെങ്കില്‍ 2019 ജൂണ്‍ 16 മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള ആറര മാസക്കാലം എനിക്കു പ്രതിഫലമായി 1,30,000 രൂപ അനുവദിച്ചത് നിയമവിരുദ്ധമല്ലേ? എന്നില്‍ നിന്ന് അത് തിരികെ ഈടാക്കാന്‍ നടപടി സ്വീകരിക്കേണ്ടതല്ലേ? അതിനുള്ള നടപടികള്‍ ഇതുവരെ അക്കാദമി സ്വീകരിച്ചതായി അറിവില്ല. അതിനര്‍ത്ഥം എനിക്കു പ്രതിഫലം തന്നിരുന്നത് ക്രമപ്രകാരമായിരുന്നു എന്നല്ലേ? അപ്പോള്‍ ബാക്കി കൂടി തരേണ്ടതല്ലേ?

ഇതിനിടയില്‍ വേറൊരു സംഭവം നടന്നു. എനിക്ക് നിയമനം നല്‍കിയ കാലത്ത് സെക്രട്ടറിയായിരുന്ന വ്യക്തി അടുത്തിടെ വീണ്ടും അക്കാദമിയില്‍ നിയമനം നേടി. ഒരു സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായി ഇടയ്ക്ക് അക്കാദമിയില്‍ കയറിപ്പറ്റി ലക്ഷങ്ങള്‍ മുക്കിയ ശേഷമുള്ള രണ്ടാം വരവ്. ഈ മനുഷ്യനോട് ചട്ടവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച ചോദ്യമുന്നയിച്ചതാണ് എന്നെ കുഴപ്പിച്ചതെന്ന് നേരത്തേ പറഞ്ഞുവല്ലോ.

കോവിഡ് നിമിത്തം പൂര്‍ണ്ണമായി പ്രവര്‍ത്തനം നിലച്ച ഒരു പ്രൊജക്ടില്‍ മാസം 25,000 രൂപ പ്രതിഫലത്തിലാണ് നിയമനം എന്നാണറിഞ്ഞത്. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതോ അഭിമുഖം നടത്തിയതോ ആരും അറിഞ്ഞിട്ടില്ല. ടിയാന് നന്നായി സോപ്പിട്ട് പതയ്ക്കാന്‍ അറിയാവുന്നതിനാല്‍ ചെയര്‍മാന്‍ അതില്‍ വഴുതിവീണു നടുവുളുക്കി എന്ന് അടക്കംപറച്ചില്‍. അക്കാദമിയിലെ കോണ്‍ഗ്രസ്സുകാരായ ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോള്‍ നിയമനനടപടികള്‍ ശരവേഗത്തില്‍ പൂര്‍ത്തിയായി.

ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനം നേടിയ ഉദ്യോഗസ്ഥന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായി ഗണിക്കപ്പെട്ടിരുന്നയാളാണ്. ആ സ്വാധീനം ഉപയോഗിച്ച് സ്വന്തം വകുപ്പിലെ സി.പി.എം. അനുഭാവികളെ തലങ്ങും വിലങ്ങും തട്ടിക്കളിക്കുകയായിരുന്നു പ്രധാന വിനോദം. അതേ വ്യക്തി സി.പി.എം. സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ വളഞ്ഞ വഴിയിലൂടെ നിയമനം നേടുന്നു! അവിടിരുന്ന് ശമ്പളം വാങ്ങിക്കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ പി.ആര്‍. ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

സെക്രട്ടറിയായിരുന്ന വേളയില്‍ ഓഫീസിലെ കസേരയിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി പുലഭ്യം പറഞ്ഞയാള്‍ കൂടിയാണ് ഈ ഉദ്യോഗസ്ഥന്‍. ഭരണനിലവാരം സംബന്ധിച്ചു നടന്ന ഒരു ചര്‍ച്ച തെറിവിളിയില്‍ അവസാനിക്കുകയായിരുന്നു. അതു കേട്ട ഞാന്‍ അദ്ദേഹത്തിന് ഇങ്ങനെ മുന്നറിയിപ്പ് നല്‍കി -“രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും നിങ്ങള്‍ തെറി വിളിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നിങ്ങളുടെ ഭരണതലപ്പത്തുള്ളവനാണ് മുഖ്യമന്ത്രിയെന്നു മറക്കരുത്. വെറുതെ പണി വാങ്ങിച്ചുകൂട്ടണ്ട.” പക്ഷേ, അദ്ദേഹത്തിനു കൂസലുണ്ടായില്ല. ഉടനെ തന്നെ ഭരണം മാറുമെന്നും അപ്പോള്‍ ചിലരോടൊക്കെ കണക്കു തീര്‍ക്കാനുണ്ടെന്നും നാഴികയ്ക്കു നാല്പതു വട്ടമെന്നവണ്ണം ഇദ്ദേഹം ഉരുവിട്ടുകൊണ്ടിരിക്കുന്നു. അടിപൊളിയല്ലേ?

ബൗദ്ധികനിലവാരത്തില്‍ മുന്നിലെന്ന് അവകാശപ്പെടുന്ന ഈ അക്കാദമിയില്‍ മാത്രമുള്ള ഒരു സവിശേഷത കൂടി പറഞ്ഞാലേ കാര്യഗൗരവം ബോദ്ധ്യപ്പെടൂ. ഇവിടെയുള്ള സ്ഥിരം ജീവനക്കാരില്‍ 90 ശതമാനത്തിലേറെയും പ്യൂണ്‍ തസ്തികയിലുള്ളവരാണ്. സ്ഥിരം ജീവനക്കാരില്‍ ഒരാള്‍ പോലും പി.എസ്.സി. വഴി നിയമനം നേടിയവരല്ല. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ മറ്റൊരു വകുപ്പില്‍ നിന്ന് ഡെപ്യുട്ടേഷനില്‍ വരുന്നവരാണ്. അവര്‍ തോന്നിയപടി പ്രവര്‍ത്തിക്കുന്നു, തോന്നിയപടി പോകുന്നു. ആര്‍ക്കും ഒരുത്തരവാദിത്വവുമില്ല. സമഗ്രമായ ഒരു അന്വേഷണം നടന്നാല്‍ അടിമുടി ക്രമക്കേടുകളില്‍ മുങ്ങിയ ഈ അക്കാദമി എപ്പോള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയെന്നു ചോദിച്ചാല്‍ മതി.

തത്സമയം ഒരുഭാഗത്ത് അനധികൃത നിയമനങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തിക്കൊണ്ടേയിരിക്കുകയാണ്. ചെയ്ത ജോലിക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാതെ എന്നെപ്പോലുള്ള മണ്ടന്മാര്‍ വയറ്റത്തടിയും നിലവിളിയുമായി തെരുവില്‍ തെണ്ടുന്നു.

ജനാധിപത്യം നീണാള്‍ വാഴട്ടെ.

 


ചില കാര്യങ്ങള്‍ പറയുന്നതിനെക്കാള്‍ പറയാതിരിക്കുന്നതാണ് ബലം. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന അക്കാദമിയേത്, ചെയര്‍മാനാര്, വഴിവിട്ട നിയമനം നേടിയ ഉദ്യോഗസ്ഥനാര്, പോര്‍ട്ടലേത് എന്നൊക്കെ അറിയാന്‍ മുട്ടിനില്‍ക്കുന്നവര്‍ രഹസ്യമായി ചോദിക്കുക. രഹസ്യമായി മറുപടി തരുന്നതായിരിക്കും. പരസ്യമായി വിഴുപ്പലക്കാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ല. യഥാര്ത്ഥ വിവരങ്ങള്‍ ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിക്കുന്നുണ്ട്.

പിന്നെ, ഈ കുറിപ്പെഴുതിയിടുന്നത് വലിയൊരു പ്രതീക്ഷയോടെയാണ്. എനിക്ക് പണം തരാനുള്ള ആര്‍ക്കെങ്കിലും ഇതു വായിച്ച് നാണമോ സഹതാപമോ തോന്നിയിട്ട് അതു തിരിച്ചു നല്‍കകാന്‍ തുനിഞ്ഞാലോ? അവര്‍ എന്നെ വിളിക്കുകയോ സംസാരിക്കുകയോ വേണ്ട. പകരം ഈ ലിങ്കിലെ ബാങ്ക് വിശദാംശങ്ങള്‍ ഉപയോഗിക്കാം. ഒരു ബുദ്ധിമുട്ടും വരില്ല.

Donate

 

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights