HomePOLITYനമ്പ്യാര് തുമ...

നമ്പ്യാര് തുമ്മി, ദേവ് തെറിച്ചു!!

-

Reading Time: 4 minutes
    • വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ 2015ല്‍ നേടിയ ഉദ്യോഗസ്ഥന്‍.
    • നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റാന്വേഷണത്തിലും നിയമപരമായ ഇടപെടലുകളിലും 28 വര്‍ഷത്തോളം നീളുന്ന മികച്ച പ്രവര്‍ത്തനപാരമ്പര്യം.
    • നികുതി നിയമങ്ങളെക്കുറിച്ച് നല്ല പാണ്ഡിത്യം.
    • കസ്റ്റംസ്, മയക്കുമരുന്ന് നിയമനിര്‍വ്വഹണം, സാമ്പത്തിക കുറ്റാന്വേഷണം, രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളില്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ പരിശീലകന്‍.
    • കൊച്ചി കസ്റ്റംസില്‍ പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍.

ഇതെല്ലാമാണ് എന്‍.എസ്.ദേവ്. എന്നാല്‍, സ്വായത്തമായ മികവുകളും പ്രവര്‍ത്തനപാരമ്പര്യവുമൊന്നും മതിയായില്ല അദ്ദേഹത്തിന് ‘മാധ്യമപ്രവര്‍ത്തകനായ’ അനില്‍ നമ്പ്യാരോടു മുട്ടിനില്‍ക്കാന്‍. നമ്പ്യാര് തുമ്മി, ദേവ് തെറിച്ചു!!!

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ്.ദേവ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത കസ്റ്റംസ് സംഘത്തിനു നേതൃത്വം നല്‍കിയത് പ്രിവന്റീവ് വിഭാഗത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ദേവായിരുന്നു. നമ്പ്യാരെ പൂട്ടുകയും ഇദ്ദേഹവുമായി ബന്ധമുള്ള തലസ്ഥാനത്തെ ചില ബി.ജെ.പി. നേതാക്കളെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ക്കു തുടക്കമിടുകയും ചെയ്തതോടെ ദേവിന്റെ കാര്യത്തില്‍ തീരുമാനമായി. അന്വേഷണച്ചുമതലയുള്ള പ്രിവന്റീവ് വിഭാഗത്തില്‍ നിന്ന് കേസുകളുമായി ബന്ധപ്പെട്ട കടലാസു പണികളുടെ ചുമതലകള്‍ മാത്രം വഹിക്കുന്ന ലീഗല്‍ വിഭാഗത്തിലേക്ക് അദ്ദേഹത്തെ തെറിപ്പിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിനു പിന്നാലെ കേസന്വേഷണ സംഘത്തെ പൊളിക്കാന്‍ നീക്കം നടക്കുന്നതായി വിവരം പുറത്തുവന്നിരുന്നു. ദേവിന്റെ നീക്കങ്ങള്‍ അപകടകരമാണെന്നു മനസ്സിലാക്കിയ ബി.ജെ.പി. നേതാക്കള്‍ തന്നെയാണ് അദ്ദേഹത്തിന്റെ മാറ്റത്തിനു പിന്നില്‍. സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയതിന്റെ ഉത്തരവാദിത്വം ദേവിനാണ് എന്ന വ്യാജേനയാണ് അദ്ദേഹത്തെ മാറ്റിയത്. ഇത്തരത്തിലുള്ള മാറ്റമുണ്ടാകുമെന്ന കാര്യം യഥാര്‍ത്ഥ നടപടിക്കു മണിക്കൂറുകള്‍ക്കു മുമ്പു തന്നെ എല്ലാവര്‍ക്കും മനസ്സിലാവുകയും ചെയ്തു. അനില്‍ നമ്പ്യാരുടെ മേധാവിയായ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ.സുരേഷ്ബാബു ഇക്കാര്യം വ്യക്തമായി മുന്‍കൂട്ടി പറഞ്ഞിരുന്നു.

ദേവാണ് സ്വപ്‍ന സുരേഷിന്റെ മൊഴി ചോർത്തിയതിന് പിന്നിലെന്ന് സുരേഷ് ബാബു ആരോപിച്ചത് ജനം ടിവിയുടെ പരിപാടിയില്‍ തന്നെയാണ്. മാധ്യമ പ്രതിനിധികളെ വിളിച്ച് സ്വപനയുടെ മൊഴി കൈയ്യിലുണ്ടെന്നും തരാമെന്നും ദേവ് പറഞ്ഞുവെന്നായിരുന്നു വാദം. ചോർത്തിയ രേഖ വ്യാജമാണെന്നു കൂടി സുരേഷ് ബാബു പറഞ്ഞുവെച്ചു. സ്വപ്നയുടെ മൊഴി ചോര്‍ന്നതിനെക്കുറിച്ച് ഒരു പരിശോധനയും സ്ഥലംമാറ്റ ഉത്തരവ് വരുന്ന നിമിഷം വരെ കസ്റ്റംസില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായ ഇടപെടലിന്റെ ഭാഗമാണ് ദേവിന്റെ മാറ്റം എന്നത് ഉറപ്പാണ്.

ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാര്‍

കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അനില്‍ നമ്പ്യാരെ കൊച്ചിയില്‍ നിരീക്ഷണ തടങ്കലിലാക്കിയത് ദേവ് മുന്‍കൈയെടുത്താണ്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി നമ്പ്യാരുടെ വീടും ഓഫീസും റെയ്ഡ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുക്കാനിരിക്കവേയാണ് അതിനു തടയിടാനെന്നവണ്ണം ദേവിനെ തെറിപ്പിച്ചത്. സ്വര്‍ണ്ണക്കടത്തില്‍ നമ്പ്യാര്‍ക്കു പങ്കുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂ എങ്കിലും കേസ് വഴിതിരിച്ചുവിടാനുള്ള ഇടപെടല്‍ അദ്ദേഹം നടത്തിയിട്ടുണ്ട് എന്ന കാര്യം കസ്റ്റംസ് ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് പിടിച്ച ദിവസം സ്വപ്നയെ രണ്ടു തവണ വിളിച്ചതു സംബന്ധിച്ച് നമ്പ്യാര്‍ നല്‍കിയ വിശദീകരണത്തിലെ പൊരുത്തക്കേടുകള്‍ ഇതിന്റെ തെളിവായി അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിന്റെ ഉപോല്പന്നമാണ് ഈ സ്വര്‍ണ്ണക്കടത്ത് കേസ് എന്ന സംസാരം കേസിന്റെ ആദ്യ ഘട്ടത്തിലുണ്ടായിരുന്നു. ഒരു വിഭാഗം മുന്‍കൈയെടുത്തു നടത്തിയ കടത്ത് മറുവിഭാഗം ഒറ്റിയെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍, കേസ് പിന്നീട് എം.ശിവശങ്കറിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുമൊക്കെ വഴിതിരിഞ്ഞു പോയി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന തെറ്റായ ആരോപണമുന്നയിച്ച ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആ തരത്തില്‍ വഴിതിരിച്ചു വിട്ടു എന്നു പറയുന്നതാണ് കൂടുതല്‍ ശരി. ഈ കേസിന്റെ പിന്നീടുള്ള ഘട്ടങ്ങളിലെല്ലാം ഏറ്റവുമധികം ആവേശം കാണിച്ചിട്ടുള്ളതും അദ്ദേഹമാണ്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ സുരേന്ദ്രനോടൊപ്പം മുന്നോട്ടു വന്ന വി.വി.രാജേഷ്, ബി.ഗോപാലകൃഷ്ണന്‍, ശിവശങ്കരന്‍ തുടങ്ങിയ നേതാക്കളെല്ലാം കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പില്‍പ്പെട്ടവരാണ്. അതേസമയം, പി.കെ.കൃഷ്ണദാസ് നേതൃത്വം നല്‍കുന്ന എതിര്‍പക്ഷത്തുള്ള കുമ്മനം രാജശേഖരന്‍, എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളെല്ലാം ഇപ്പോഴും അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണ്. ഒരു പക്ഷത്തെ നേതാക്കളുടെ മൗനം ആദ്യമുയര്‍ന്ന ‘ഒറ്റ്’ ചര്‍ച്ച വീണ്ടും സജീവമാകുന്നതിനു കാരണമായിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് നടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിലല്ല എന്നു പരസ്യമായി പറഞ്ഞത് വി.മുരളീധരനാണ്. എന്നാല്‍, കേന്ദ്ര മന്ത്രിയുടെ വാദം കേസന്വേഷിക്കുന്ന എന്‍.ഐ.ഐ. തള്ളിക്കളഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജല്ല എന്നു കോണ്‍സ്യൂള്‍ ജനറലിനെക്കൊണ്ട് പറയിപ്പിക്കണമെന്ന് സ്വപ്നയോട് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു എന്ന വിവരം ഇപ്പോള്‍ സ്വപ്നയുടെ മൊഴിപ്പകര്‍പ്പിന്റെ രൂപത്തില്‍ തെളിവായി പുറത്തുവന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ഇക്കാര്യം ആദ്യം പറഞ്ഞ കേന്ദ്ര മന്ത്രിയും സംശയത്തിന്റെ നിഴലിലായി. മാത്രവുമല്ല കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ ബി.ജെ.പി. നേതാവ് എസ്.കെ.പി.രമേശിന്റെ ആശ്രിതനാണ് എന്നതും പാര്‍ട്ടിക്ക് തലവേദനയാകുന്നു. രമേശും മുരളീധര പക്ഷം തന്നെ. യഥാര്‍ത്ഥത്തില്‍ അര്‍ഹരായ ചിലരെ തഴഞ്ഞ് രമേശിനെ ബി.ജെ.പി. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റായി സുരേന്ദ്രന്‍ നിയോഗിച്ചത് പാര്‍ട്ടിയില്‍ അടുത്തിടെ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതുമായെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥാനത്തു നിന്നുള്ള എന്‍.എസ്.ദേവിന്റെ മാറ്റത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നു.

കസ്റ്റംസ് കമ്മീഷണറായിരുന്ന അനീഷ് പി.രാജന്റെ വിവാദ സ്ഥലംമാറ്റ ഉത്തരവ്

കൃത്യം ഒരു മാസം മുമ്പ് ജൂലൈ 30നാണ് ഈ അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ അനീഷ് പി.രാജനെ നാഗ്പുരിലേക്ക് സ്ഥലംമാറ്റിയത്. ‘അവന്റെ’ എന്നതിനു പകരം ‘അവളുടെ’ എന്നു രേഖപ്പെടുത്തി തിടുക്കത്തില്‍ തയ്യാറാക്കി പുലര്‍ച്ചെ മൂന്നു മണിക്കെത്തിച്ച ആ ഉത്തരവ് രാഷ്ട്രീയ ഇടപെടലിന്റെ തെളിവായിരുന്നു. കേസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നതിനു നേതൃത്വം നല്കിയിരുന്ന അനീഷിനെ മാറ്റിയത്. അതിനു കാരണമായി ബി.ജെ.പി. നേതാക്കള്‍ പറഞ്ഞത് അനീഷ് മാധ്യമങ്ങളോടു ചട്ടവിരുദ്ധമായി സംസാരിച്ചു എന്നതാണ്.

ഇപ്പോള്‍ ദേവിനെ കൂടി മാറ്റിയതോടെ കേസന്വേഷണം നേരായ വഴിക്കു നീങ്ങുമോ എന്ന കാര്യം സംശയത്തിലായിട്ടുണ്ട്. കേസിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ദേശീയ ഭരണകക്ഷിക്കെതിരായ നീക്കമുണ്ടാവുകയാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ തല്‍ക്ഷണം സ്ഥലംമാറ്റുന്ന നടപടിയുണ്ടാവുന്നത് അന്വേഷക സംഘത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന നിലയിലെത്തിച്ചിട്ടുണ്ട്. ഇത് അന്വേഷണം അട്ടിമറിക്കപ്പെടാനും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്നതിനും വഴിവെയ്ക്കും. ‘നേരായ രീതിയില്‍ അന്വേഷണം നടക്കുകയാണെങ്കില്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങും’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് ഇവിടെ രാഷ്ട്രീയ പ്രാധാന്യം കൈവരികയാണ്. അന്വേഷണം നേരായ വഴിയില്‍ നീങ്ങില്ല എന്നതിന്റെ തെളിവാണ് അനീഷിന്റെയും ദേവിന്റെയും മാറ്റങ്ങള്‍.

മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന് ഇതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ദേവ് 1992 ഡിസംബറില്‍ ഇന്‍സ്പെക്ടറായാണ് കസ്റ്റംസില്‍ ചേര്‍ന്നത്. 2002 സെപ്റ്റംബറില്‍ കസ്റ്റംസ് സൂപ്രണ്ടായ അദ്ദേഹം 2017 ഫെബ്രുവരില്‍ അസിസ്റ്റന്റ് കമ്മീഷണറായി. കസ്റ്റംസില്‍ ആകെ സേവനം 27 വര്‍ഷം 9 മാസം. ജോലിക്കു ചേര്‍ന്ന ശേഷം 2008ല്‍ ഐ.സി.എഫ്.ഐ.ഐ. സര്‍വ്വകലാശാലയില്‍ നിന്ന് ഫിനാന്‍ഷ്യല്‍ ഫോറന്‍സിക്സ് ആന്‍ഡ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷനില്‍ ഡിപ്ലോമ, 2009ല്‍ അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് പൊലീസ് അഡ്മിനിസ്ട്രേഷന്‍ ഡിപ്ലോമ, 2011ല്‍ മനോണ്മണീയം സുന്ദരനാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദം എന്നിവയും ദേവ് നേടി. കസ്റ്റംസിലെ ഏറ്റവും മികച്ച കുറ്റാന്വേഷകരിലൊരാളായാണ് ഈ ഉദ്യോഗസ്ഥന്‍ മാനിക്കപ്പെടുന്നത്. ദേവിനു പകരം കോഴിക്കോട് കസ്റ്റംസിലെ അസിസ്റ്റന്റ് കമീഷണര്‍ ഡി.ആര്‍.രാജിക്ക് ചുമതല നല്‍കിയിട്ടുണ്ട്.

 


ഡിപ്ലോമാറ്റിക് ബാഗേജിൽ കുടുങ്ങിയ മന്ത്രി

 

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights