ഓസ്ട്രിയയില്‍ നിന്ന് സുഹൃത്ത് ജോബി ആന്റണിയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത് -രാജ്യാന്തര തലത്തില്‍ ഒരു മലയാളി കൈവരിച്ച നേട്ടം. കേരളത്തിലെ മാധ്യമങ്ങള്‍ ഇത് വേണ്ട രീതിയില്‍ പരിഗണിച്ചില്ല എന്ന അമര്‍ഷവും ഒരു മാധ്യമപ്രവര്‍ത്തകനായ ഞാനുമായി അദ്ദേഹം പങ്കുവെച്ചു. ‘നിങ്ങള്‍ക്ക് രാഷ്ട്രീയ വിവാദങ്ങളില്‍ മാത്രമാണല്ലോ താല്പര്യം. പ്രൊഡ്ക്ടീവ് ആയി ഒരാള്‍ എന്തെങ്കിലും ചെയ്താല്‍, അല്ലെങ്കില്‍ ഒരാള്‍ അംഗീകരിക്കപ്പെട്ടാല്‍ നിങ്ങളത് കാണില്ല. കാരണം അതിന് എരിവും പുളിയും കുറവാണ്’ -ജോബിയുടെ ക്ഷോഭം അണപൊട്ടിയപ്പോള്‍ എനിക്ക് ബുദ്ധിപൂര്‍വ്വം ചെയ്യാവുന്നത് മിണ്ടാതെ കേട്ടിരിക്കുക എന്നതു മാത്രമായിരുന്നു. അവസാനം ഇത്രമാത്രം പറഞ്ഞു -‘ജോബി വിശദാംശങ്ങള്‍ അയച്ചുതാ. എന്തു ചെയ്യാനാവുമെന്ന് ഞാന്‍ നോക്കട്ടെ.’ എന്റെ വാക്കുകള്‍ അദ്ദേഹം വിശ്വസിച്ചതായി തോന്നിയില്ല. പക്ഷേ, അദ്ദേഹം വിശദാംശങ്ങള്‍ അയച്ചുതരിക തന്നെ ചെയ്തു. അതു പരിശോധിച്ചപ്പോള്‍ മനസ്സിലായി, ജോബിയുടെ ക്ഷോഭം ന്യായമാണ്.
ഹംഗറിയിലെ വളരെ പ്രധാനപ്പെട്ടൊരു പുരസ്‌കാരമാണ് KNIGHT’S CROSS OF THE ORDER OF MERIT. രാജ്യത്തെ വ്യവസായ മേഖലയില്‍ അസാധാരണമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് ഹംഗറി സര്‍ക്കാര്‍ ബഹുമാനാര്‍ത്ഥം നല്‍കുന്ന പ്രത്യേക പുരസ്‌കാരം. അപൂര്‍വ്വമായി മാത്രമേ ഈ പുരസ്‌കാരത്തിനായി വിദേശികള്‍ പരിഗണിക്കപ്പെടാറുള്ളൂ. മലയാളിയ ദിനേശ് പി.തമ്പിയാണ് ഇക്കുറി നൈറ്റ്‌സ് ക്രോസിന്റെ അവകാശി. ദിനേശ് ഇപ്പോള്‍ ഹംഗറിയിലല്ല, ഇങ്ങു കേരളത്തില്‍ തന്നെയുണ്ട്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിന്റെ കേരളത്തിലെ വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ മേധാവിയുമാണ് ഇദ്ദേഹം.
ഹംഗറിയിലെ ടി.സി.എസ്. ഡെലിവറി സെന്റര്‍ മേധാവിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ദിനേശ് തമ്പിയെ അവിടത്തെ ഉന്നത പുരസ്‌കാരങ്ങളിലൊന്നിന് അര്‍ഹനാക്കിയത്. ടി.സി.എസ്. എന്ന ബഹുരാഷ്ട്ര കമ്പനിയെ അക്ഷരാര്‍ത്ഥത്തില്‍ ‘ഗ്ലോബല്‍’ ആക്കിയവരില്‍ ഒരാളാണ് ഇദ്ദേഹം. ടി.സി.എസ്. ഡെലിവറി സെന്ററിലൂടെ ഹംഗറിയില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ ദിനേശ് തമ്പി സൃഷ്ടിച്ചു. ആദര്‍ശപരമായ കോര്‍പ്പറേറ്റ് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം പരിശ്രമിച്ചു വിജയിച്ചു. ടി.സി.എസ്. ഡയറക്ടര്‍ എന്ന നിലയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് നല്‍കിയ പ്രാധാന്യവും കായികരംഗത്ത് നല്‍കിയ പ്രോത്സാഹനവും പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് ഹംഗറി സര്‍ക്കാര്‍ വിലയിരുത്തി. ഇന്ത്യയും ഹംഗറിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഒരു വ്യക്തി എന്ന നിലയിലും വ്യവസായി എന്ന നിലയിലും ദിനേശ് തമ്പി നല്‍കിയ സംഭാവനകള്‍ വലുതാണെങ്കിലും പ്രശംസാപത്രത്തില്‍ പറയുന്നു. ഹംഗേറിയന്‍ വിദേശകാര്യ മന്ത്രാലയം ജൂണ്‍ 3ന് ബുഡാപെസ്റ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യ-ഹംഗറി സാമ്പത്തിക സഹകരണത്തിനുള്ള സംയുക്ത കമ്മീഷന്‍ ഉപമേധാവി ഡോ.ലാസ്ലോ സ്ലാബോയില്‍ നിന്ന് ദിനേശ് തമ്പി പുരസ്‌കാരം ഏറ്റുവാങ്ങി. ജോബിയുടെ അടുത്ത സുഹൃത്തായ ഡോ.സുരേഷ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇക്കാര്യമറിഞ്ഞത്.
വ്യാവസായിക രംഗത്ത് ദിനേശ് തമ്പിക്ക് മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തിപരിചയുണ്ട്. 1992ലാണ് അദ്ദേഹം ടി.സി.എസ്സിലെത്തുന്നത്. അമേരിക്കയും ബ്രിട്ടനുമടക്കം വിവിധ രാജ്യങ്ങളുമായി ടി.സി.എസ്സിനെ ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ദിനേശ് തമ്പി 2009ല്‍ ഹംഗറിയിലെ ഡെലിവറി സെന്റര്‍ ചുമതലക്കാരനായി. തുടര്‍ന്ന് 100 കണക്കിന് തൊഴിലവസരങ്ങള്‍ ഹംഗറിയില്‍ സൃഷ്ടിക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. ടി.സി.എസ്സിന്റെ വാര്‍ഷിക പുരസ്‌കാരങ്ങളില്‍ ഏറ്റവും മികച്ച ഡെലിവറി സെന്ററിനുള്ള പുരസ്‌കാരം ഹംഗറിക്ക് നേടിക്കൊടുത്തതും ദിനേശ് തമ്പി തന്നെ.
ഹംഗറിക്കാരുടെ മനസ്സ് കീഴടക്കിയ ഈ മനുഷ്യന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനമണ്ഡലം കേരളമാണ്. പക്ഷേ, ഇവിടാര്‍ക്കും ദിനേശ് തമ്പിയുടെ കഴിവുകളെപ്പറ്റി വലിയ ധാരണയില്ല. ഇവിടത്തെ ‘സാഹചര്യങ്ങളെക്കുറിച്ച്’ നല്ല ധാരണയുള്ളതിനാലായിരിക്കാം അദ്ദേഹവും തന്നിലേക്കൊതുങ്ങുകയാണെന്നു തോന്നുന്നു. മലയാളിയുടെ മുറ്റത്തെ മുല്ലയ്ക്ക് ഒരിക്കലും മണമുണ്ടാകാറില്ലല്ലോ.
കേരളത്തിലെ മാധ്യമങ്ങളില്‍ ഈ പുരസ്‌കാര നേട്ടം എന്തുകൊണ്ടോ വാര്‍ത്തയായില്ല. ഇനി വാര്‍ത്ത വന്നിട്ട് ഞാന്‍ കാണാതെ പോയതാണോ എന്നും അറിയില്ല. ദിനേശ് തമ്പിയെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ജോബിയില്‍ നിന്നാണ്. ഈ ‘ഞാന്‍’ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്നയാളാണെന്നും അറിയുക. ടി.സി.എസ്. അടക്കമുള്ള കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെ അതിനാല്‍ത്തന്നെ പരിചയമുണ്ട്. എന്നാല്‍, എല്ലാ തരത്തിലും ഇപ്പോള്‍ എന്നെ ഗ്രഹണം ബാധിച്ചിരിക്കുകയാണെന്നു തോന്നുന്നു. കിട്ടിയ വിവരങ്ങള്‍ എവിടെയെങ്കിലും എഴുതണമല്ലോ എന്നു കരുതിയാണ് ഇവിടെ കുറിച്ചിടുന്നത്. ഇതിലൂടെ അറിയുന്നവരെങ്കിലും അറിയട്ടെ എന്നു തന്നെയാണ് നിലപാട്.