HomeSPORTSനമിച്ചണ്ണാ......

നമിച്ചണ്ണാ… നമിച്ച്!!

-

Reading Time: 3 minutes

നമിച്ചണ്ണാ… നമിച്ച്!! എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളിനെയാണ് ‘അണ്ണാ’ എന്നു വിശേഷിപ്പിച്ചത്. എങ്ങനെ വിശേഷിപ്പിക്കാതിരിക്കും? ചെയ്തികള്‍ അങ്ങനെയാണല്ലോ!

റോജര്‍ ഫെഡറര്‍ 2018ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമായി

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടമണിഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് അണയാന്‍ പോകുന്ന ദീപനാളത്തിന്റെ ആളിക്കത്തലാണ് എന്നാണ്. മഹത്തായ ഒരു കരിയറിന്റെ അവസാനത്തെ അദ്ധ്യായം. അന്ന് അദ്ദേഹത്തിന് പ്രായം 35 വയസ്സ്. കാല്‍മുട്ടിലെ ശസ്ത്രക്രിയയും പുറം വേദനയും കാരണം 6 മാസത്തോളം കളത്തിനു പുറത്തായിരുന്നു. ടൂര്‍ണ്ണമെന്റില്‍ 17-ാം സീഡ്. ഒരു പക്ഷേ, അവിശ്വസനീയമായ ആ തിരിച്ചുവരവ് കണ്ട് തരിച്ചിരുന്നതും അതിനാലാവണം.

ഫെഡറര്‍ എന്നെ മണ്ടനാക്കി. 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരിടനേട്ടത്തിനു ശേഷം ഇതാ ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. ഈ 12 മാസത്തിനിടെ ഫെഡറര്‍ സ്വന്തമാക്കിയത് 3 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. 36-ാം വയസ്സില്‍ ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ഇറങ്ങുമ്പോള്‍ ഏറ്റവുമധികം കിരീട സാദ്ധ്യത കല്പിച്ചിരുന്ന താരം ഫെഡറര്‍ തന്നെ, രണ്ടാം സീഡ് ആയിരുന്നെങ്കിലും. ഈ ടൂര്‍ണ്ണമെന്റില്‍ ഫെഡറര്‍ ആകെ നഷ്ടപ്പെടുത്തിയത് 2 സെറ്റുകളാണ്, അതും ഫൈനലില്‍. 2018ലെ ഓസ്‌ട്രേലിയന്‍ കിരീടം സ്വന്തമാക്കാന്‍ ഫെഡറര്‍ തോല്‍പ്പിച്ചത് ആറാം സീഡായ ക്രൊയേഷ്യന്‍ താരം മാരിന്‍ ചിലിച്ചിനെ. സ്‌കോര്‍: 6-2, 6-7, 6-3, 3-6, 6-1. 2017ലെ വിംബിള്‍ഡന്‍ കിരീടമണിയാന്‍ നേരിട്ടുള്ള സെറ്റുകളില്‍ ഫെഡറല്‍ തോല്‍പ്പിച്ച അതേ ചിലിച്ചിനെ തന്നെ.

2011നും 2016നുമിടയില്‍ ഫെഡറര്‍ക്ക് നേടാനായത് ഒരേയൊരു ഗ്രാന്‍ഡ് സ്ലാം കിരീടം മാത്രമായിരുന്നു. ഒരു വര്‍ഷം മുമ്പ് പലരും കരുതിയത് ഫെഡററുടെ നല്ലകാലം കഴിഞ്ഞുവെന്നല്ല, നല്ലകാലത്തിനു ശേഷമുള്ള കാലവും കഴിഞ്ഞുവെന്നാണ്. അത്തരക്കാര്‍ക്ക് മുഖത്തു നല്‍കിയ ശക്തമായ അടിയായിരുന്നു 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. അതിനുശേഷം വിംബിള്‍ഡണില്‍ തന്റെ എട്ടാം കിരീടം നേടി ഫെഡറര്‍ റെക്കോര്‍ഡിട്ടു. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നേടിയത് ആറാം കിരീടം. 2004, 2006, 2007, 2010, 2017, 2018 വര്‍ഷങ്ങളില്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രാജാവായി. ഫെഡററുടെ കരിയറിലെ പുതിയ അദ്ധ്യായത്തിനാണ് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തുടക്കമായതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.

റോജര്‍ ഫെഡററുടെ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍

20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് ഫെഡററുടെ അലമാരയിലുള്ളത്. അതായത്, 1968ല്‍ ടെന്നീസ് പ്രൊഷണല്‍ ഗെയിം ആയ ശേഷം നിര്‍ണ്ണയിക്കപ്പെട്ട 200 പുരുഷ ഗ്രാന്‍ഡ് സ്ലാമുകളിലെ 10 ശതമാനം ഒരു താരത്തിനു മാത്രം സ്വന്തം. 30 തവണ ഫൈനല്‍ കളിച്ചപ്പോഴാണ് ഫെഡറര്‍ 20 തവണ ചാമ്പ്യനായത് എന്നതുകൂടി പറയണം. ഇത്തവണ വിംബിള്‍ഡണില്‍ ഫെഡററുടെ ഗ്രാന്‍ഡ് സ്ലാം നേട്ടം 21 ആകാനാണ് സാദ്ധ്യത. അദ്ദേഹത്തിന്റെ പ്രമുഖരായ എതിരാളികളെല്ലാം പരിക്കിന്റെ പിടിയിലാണ്. ഫെഡററുടെ കഠിനാദ്ധ്വാനത്തിനു മുന്നില്‍ യുവതാരങ്ങളുടെ ചോരത്തിളപ്പ് വിലപ്പോവുന്നുമില്ല.

ഫെഡററുടെ കൈയൊപ്പ്‌

ഇപ്പോഴത്തെ നിലയ്ക്ക് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയാല്‍ മാര്‍ച്ച് അവസാനത്തോടെ ഫെഡറര്‍ വീണ്ടും ലോക ഒന്നാം നമ്പരാവും. വിംബിള്‍ഡണ്‍ അത് അരക്കിട്ടുറപ്പിക്കും. ഇതിനു മുമ്പ് ഫെഡറര്‍ ലോക ഒന്നാം റാങ്കുകാരനായത് 2012 ഒക്ടോബര്‍ 4നാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതോടെ ഫെഡററും ഇപ്പോഴത്തെ ഒന്നാം റാങ്കുകാരന്‍ റാഫേല്‍ നഡാലുമായുള്ള വ്യത്യാസം വെറും 155 പോയിന്റുകളായി മാറി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സമ്മാനദാന ചടങ്ങില്‍ റോജര്‍ ഫെഡറര്‍ വികാരാധീനനായപ്പോള്‍ അദ്ദേഹത്തോട് പരാജിതനായ മാരിന്‍ ചിലിച്ച് ആശ്വസിപ്പിക്കുന്നു

ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലുടനീളം ഫെഡറര്‍ പതിവുപോലെ നിര്‍വ്വികാരനായിരുന്നു. പാറ പോലെ ഉറച്ച മനുഷ്യന്‍. എന്നാല്‍, കിരീടമണിഞ്ഞ ശേഷം സംസാരിക്കുമ്പോള്‍ റോഡ് ലേവര്‍ അറീനയില്‍ ഫെഡറര്‍ വിതുമ്പിയത് അപൂര്‍വ്വ കാഴ്ചയായി. അപ്പോള്‍ അവിടെയുണ്ടായിരുന്ന മഹാനായ റോഡ് ലേവര്‍ തന്നെ ആ വിതുമ്പല്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത് മറ്റൊരു അപൂര്‍വ്വത!

36 വര്‍ഷവും 173 ദിവസവും പ്രായമുള്ള റോജര്‍ ഫെഡററെക്കാള്‍ മുതിര്‍ന്ന ഒരാള്‍ മാത്രമേ ഓപ്പണ്‍ കാലഘട്ടത്തില്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുള്ളൂ -1972ല്‍ തന്റെ 37-ാം വയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ കെന്‍ റോസ്‌വാള്‍. ‘പ്രായം ഒരു പ്രശ്‌നമേയല്ല. അതു വെറും സംഖ്യകള്‍ മാത്രമാണ്’ -കിരീടം നേടിയ ശേഷം ഫെഡറര്‍ പറഞ്ഞു. എന്നാല്‍ ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിനു മുമ്പ് ഇതായിരുന്നില്ല അദ്ദേഹത്തിന്റെ അഭിപ്രായം -’36 വയസ്സുള്ള ഒരാള്‍ക്ക് കിരീടസാദ്ധ്യത കല്പിക്കുന്നത് വിഡ്ഡിത്തമാണ്’. തന്റെ വാക്കുകള്‍ തെറ്റാണെന്നു തെളിഞ്ഞതില്‍ ഇപ്പോള്‍ ഫെഡറര്‍ തന്നെ സന്തോഷിക്കുന്നുണ്ടാവണം.

കഴിഞ്ഞ വര്‍ഷം ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയപ്പോള്‍ എഴുതിയ കുറിപ്പ് –വീര്യമേറിയ പഴയ വീഞ്ഞ് -ഇന്നും പ്രസക്തം. ഫെഡററുടെ കളി കാണാന്‍ സാധിച്ചത് മഹാഭാഗ്യം. ഇപ്പോള്‍ അല്പം കൂടി കടത്തിപ്പറയേണ്ടി വന്നിരിക്കുന്നു -നമിച്ചണ്ണാ… നമിച്ച്!!

LATEST insights

TRENDING insights

2 COMMENTS

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights