HomeLIFEഅന്നദാനപ്രഭു

അന്നദാനപ്രഭു

-

Reading Time: 3 minutes

ഈ വർഷം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 24-ാം അദ്ധ്യായമാണ്. ഞാൻ പങ്കെടുക്കുന്ന 24-ാമത് മേള. ഒന്നാമത്തെ മേളയുടെ സമയത്ത് ജേർണലിസം വിദ്യാർത്ഥി എന്ന നിലയിൽ മീഡിയ സെന്ററിൽ പ്രവർത്തിച്ചു. പിന്നീടുള്ള 13 വർഷക്കാലം മേള റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 10 വർഷത്തോളമായി മേളയുടെ സംഘാടകസമിതിയുടെ ഭാഗമാണ്. കഴിഞ്ഞ 23 വർഷമായും ഇല്ലാതിരുന്ന പുതിയൊരു അനുഭവമാണ് ഇത്തവണയുണ്ടായത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും നിർത്താതെയുള്ള ഫോൺവിളി. അതും പരിചയമില്ലാത്ത നമ്പരുകളിൽ നിന്ന്.

എല്ലാ മേളകളിലും പങ്കെടുത്തയാൾ എന്ന നിലയിൽ സിനിമയെക്കുറിച്ച് സംശയം ചോദിക്കാനാണ് വിളിക്കുന്നത് എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. എനിക്ക് അതിനുമാത്രം സിനിമാവിവരമൊന്നും ഇല്ലെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. വിളിക്കുന്നവർക്കെല്ലാം ചോദിക്കാനുള്ളത് ഒരു ചോദ്യം -“ശ്യാംലാലേട്ടാ.. എനിക്കൊരു കൂപ്പൺ വേണം”.

ശ്ശെടാ.. എന്തു കൂപ്പണാണാവോ ചോദിക്കുന്നത്. എന്റെ കൈയിൽ ഒന്നുമില്ലല്ലോ. ഏതു കൂപ്പൺ! എന്തു കൂപ്പൺ!! കൂപ്പണിനെക്കുറിച്ച് ഒന്നുമറിയില്ല എന്നു മറുപടി നൽകുമ്പോൾ ചെറിയൊരു പിണക്കത്തോടെയുള്ള മറുകൃതിയുമായി ഫോൺ വെയ്ക്കുന്നത് എനിക്കു മനസ്സിലാകുന്നത് ഞാനറിയുന്നുണ്ടായിരുന്നു. വിളിച്ച അസംഖ്യം പേരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പരിചയക്കാരനോട് ചോദിച്ചു. മറുപടി കിട്ടി -“ചേട്ടാ ഫുഡ് കൂപ്പൺ. മുഴുവൻ കൂപ്പണും ചേട്ടനാണ് വിതരണം ചെയ്യുന്നത് എന്നാണ് കേട്ടത്.” ശരിക്കും ഞാൻ ഞെട്ടി.

മേളയുടെ നടത്തിപ്പിന് സന്നദ്ധപ്രവർത്തനം നടത്തുന്ന വോളന്റിയർമാർക്ക് ചലച്ചിത്ര അക്കാദമി ഭക്ഷണം നൽകുന്നുണ്ട്. അതു ലഭിക്കുന്നതിനുള്ളതാണ് ഫുഡ് കൂപ്പൺ. അത്തരമൊരു കൂപ്പണെക്കുറിച്ച് എനിക്കൊരു വിവരവും ഉണ്ടായിരുന്നില്ല. ആശയക്കുഴപ്പം രണ്ടര ദിവസം അതേപടി നിലനിന്നു.

എസ്.എസ്.ശ്യാംലാലിനൊപ്പം വി.എസ്.ശ്യാംലാൽ

മീഡിയ സെല്ലിൽ ഇരിക്കുമ്പോഴാണ് പി.ആർ.ഡിയിലെ സുഹൃത്ത് സതികുമാർ കൂടെ പ്രവർത്തിക്കുന്ന വിദ്യാർത്ഥി മുഹമ്മദ് റഹീസിന് നിർദ്ദേശം നൽകുന്നത് കേട്ടത് -“ഡേയ്, ആ ശ്യാംലാലിനെ പോയി കണ്ട് എല്ലാവർക്കുമുള്ള കൂപ്പൺ വാങ്ങിക്കൊണ്ട് വാ”. ഇത് കേട്ട് ഞാൻ അമ്പരന്നു -“ശ്യാംലാലോ?” സതിയുടെ മറുപടി -“ചലച്ചിത്ര അക്കാദമിയില്‍ വേറൊരു ശ്യാംലാലുണ്ട്.”

എന്റെ തലച്ചോറിൽ ഫ്ലാഷ് ലൈറ്റ് മിന്നി. അപ്പോൾ ഈ ശ്യാംലാലാണ് എന്നെ കുഴപ്പിക്കുന്നത്. എന്നാൽ ടിയാനെ ഒന്നു കണ്ടുകളയാം. റഹീസിനൊപ്പം ഞാനുമിറങ്ങി. ഫെസ്റ്റിവൽ ഓഫീസിന്റെ ഒരു മൂലയിൽ കക്ഷിയെ കണ്ടെത്തി. ഒരു പാവത്താൻ. മേശപ്പുറത്ത് കൂപ്പണുകളും അടുക്കിവെച്ച് ഒരു രജിസ്റ്ററുമായിരിക്കുന്നു. വോളന്റിയർ ക്യാപ്റ്റന്മാര്‍ വരുന്ന മുറയ്ക്ക് എണ്ണം കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തി കൂപ്പൺ കൈമാറുന്നു. ഒപ്പിടുവിക്കുന്നു. ആകെ ആശ്വാസം ടിയാന്റെ ഇനിഷ്യലിൽ ചെറിയൊരു വ്യത്യാസമുണ്ട് എന്നതാണ്. അദ്ദേഹം എസ്.എസ്.ശ്യാംലാൽ. ഞാൻ വി.എസ്.ശ്യാംലാൽ.

ആ ശ്യാംലാലല്ല ഈ ശ്യാംലാൽ എന്നു കൂപ്പൺ വിളിക്കാരെ ബോദ്ധ്യപ്പെടുത്താൻ കൂടെ നിന്ന് ഒരു ചിത്രവുമെടുത്തു. തിരികെ മീഡിയാ സെല്ലിൽ എത്തിയപ്പോൾ കഴിഞ്ഞ ദിവസം കൂപ്പണിനായി വിളിക്കുകയും ഞാൻ കൈമലർത്തുകയും ചെയ്ത ഒരു സുഹൃത്തിനെ കണ്ടു. കൈയോടെ തന്നെ അവരെ ബോദ്ധ്യപ്പെടുത്തി ആ “ശ്യാംലാൽ” ഞാനല്ല എന്ന്. എന്തൊരാശ്വാസം! അന്നദാനപ്രഭുവാകാൻ ഒരു യോഗ്യത വേണം. അത് എനിക്കില്ല തന്നെ.

* * *

ചലച്ചിത്ര മേളയുടെ ഊർജ്ജം പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന വിദ്യാർത്ഥിക്കൂട്ടമാണ്. പക്ഷേ, അവരിൽ വലിയൊരു വിഭാഗം പലപ്പോഴും പട്ടിണിയാണ്. സിനിമയുടെ ആവേശത്തിൽ അവർ വിശപ്പിനെ മുക്കിക്കളയുന്നു. “വല്ലതും കഴിച്ചോ” എന്നു ചോദിച്ചാൽ ഉഴപ്പി മാറിക്കളയും. വിദ്യാർത്ഥികൾക്കിടയിൽ നിൽക്കുന്നതിനാൽ നേരിട്ടു മനസ്സിലാക്കിയ കാര്യമാണിത്. മുമ്പൊക്കെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പോലുള്ള സംഘടനകൾ പ്രധാന വേദിയിൽ വിദ്യാർത്ഥികൾക്ക് പരിമിതമായെങ്കിലും സൗജന്യ ഭക്ഷണം വിതരണം ചെയ്തിരുന്നു. ഇക്കുറി അതു കണ്ടില്ല.

സംഘാടകസമിതിയിലെ സുഹൃത്തുക്കൾ ഇടയ്ക്കൊക്കെ അവർ ഉപയോഗിക്കാത്ത ഫുഡ് കൂപ്പണുകൾ എനിക്കു തരാറുണ്ട്. ചുറ്റുമുള്ള വിദ്യാർത്ഥിക്കൂട്ടത്തെ കണ്ടിട്ടു തന്നെ. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കർത്താവിന്റെ മാതൃകയിൽ അങ്ങനെ ലഭിക്കുന്ന കൂപ്പണുകൾ കുട്ടികളും ഞങ്ങളും പങ്കിടും. നാലു പാത്രത്തിലെ ഭക്ഷണം 16-17 പേരാണ് കൈയിട്ടുവാരി കഴിക്കുക. അങ്ങനെ കഴിക്കുന്ന ഭക്ഷണത്തിന് രുചിയേറും -സ്നേഹത്തിന്റെ രുചി. എല്ലാവരും കഴിച്ചു കഴിയുമ്പോൾ പാത്രം പിന്നെ കഴുകേണ്ടി വരില്ല. അത്രയ്ക്ക് വൃത്തിയായിരിക്കും.

മേളയുടെ മൂന്നാം ദിനം. ആദ്യ രണ്ടു ദിവസത്തിലുണ്ടായിരുന്ന കൂപ്പൺ വരവ് അന്നുണ്ടായില്ല. ടാഗോറിൽ വൃത്താകൃതിയിലുള്ള ചതുരം കണ്ടിറങ്ങിയ എന്റെ പിള്ളേർ സെറ്റ് മുഴുവനുണ്ട്. ഭക്ഷണം കഴിച്ചോ എന്ന എന്റെ ചോദ്യത്തിന് -“ഭക്ഷണമൊന്നും വേണ്ട മാഷേ. കലാഭവനിൽ പോകണം. വൈകും” എന്നു പറഞ്ഞ് അവർ നൈസായി സ്കൂട്ടായി. എന്നിട്ടും പോകുന്നില്ല, അവിടൊക്കെ കറങ്ങി നില്പുണ്ട്. എല്ലാവർക്കും കൂടി ഭക്ഷണം വാങ്ങിക്കൊടുക്കാൻ കൈയിൽ പണം തികയുകയുമില്ല.

അവിടെ പായസം വില്പനയുണ്ട്. പായസം കുടിച്ചാൽ വിശപ്പുമാറും. മുന്നിലുണ്ടായിരുന്ന കുട്ടികളെ വിളിച്ചു. കുറച്ചു ഗ്ലാസ് പായസം വാങ്ങി. ഉള്ളത് എല്ലാവരും കൂടി പങ്കിട്ടു. കൈയിലായ പായസം കഴുകാൻ പൈപ്പിനു സമീപമെത്തിയപ്പോഴാണ് ഞാൻ ഞെട്ടിപ്പോയത്. അവിടെ വലിയൊരു ബക്കറ്റ്. അതു നിറയെ ഭക്ഷണം. വിളമ്പാൻ ഒരുക്കി വെച്ചപോലുണ്ട്. പക്ഷേ, അവശിഷ്ടമാണ്. അവിടെ ക്യാന്റീനില്‍ ഭക്ഷണം കഴിച്ചവർ ഉപേക്ഷിച്ച ബാക്കി. ഒരു 30 പേർക്ക് കഴിക്കാനുള്ളത് കാണും. കടുത്ത രോഷം ഉള്ളിൽ പതഞ്ഞുപൊങ്ങി. അതേപോലെ പതഞ്ഞടങ്ങി. അല്ലാതെന്താണ് ചെയ്യാനാവുക?

ചലച്ചിത്രമേളയിലെ ക്യാന്റീനു പിന്നിൽ “ശേഖരിച്ച” ഭക്ഷണാവശിഷ്ടം

സൗജന്യ ഭക്ഷണത്തിനു പുറമെ ക്യാന്റീനിൽ വില്പനയുമുണ്ട്. പണം നൽകി വാങ്ങുന്നവർ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം എടുക്കുന്നതാവാം ഇത്തരത്തിൽ പാഴാവുന്നതിനു കാരണം. അല്ലെങ്കിൽ വിളമ്പുന്നവർ ശ്രദ്ധിക്കണം. ആവശ്യത്തിനു മാത്രം നൽകണം. സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണം പാഴാവില്ല. കാരണം അത്തരത്തിലുള്ള ഒരു പാത്രത്തിന് ഒന്നിലേറെ അവകാശികളുണ്ടാവുകയാണ് പതിവ്.

വിശക്കുന്ന കുട്ടികൾ മണ്ണു തിന്നുന്നു എന്ന രോദനം -ശരിയായിരുന്നാലും തെറ്റായിരുന്നാലും -ഉയരുന്ന നാട്ടിലാണ് ഈ ഭക്ഷണംതള്ളൽ എന്നറിയുമ്പോഴാണ് ഉള്ളുപൊള്ളുക! ആരോടു പറയാൻ!!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights