സംസ്ഥാനത്ത് ഫ്ളക്സ് നിരോധിച്ചെന്നോ നിരോധിക്കാന്‍ ആലോചിക്കുന്നെന്നോ ഒക്കെ അടുത്തിടെ പറഞ്ഞുകേട്ടു. പക്ഷേ, ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലിറങ്ങിയാല്‍ എവിടെയും ഫ്ളക്സാണ്. അവയില്‍ നിറയെ മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍. എനിക്കു സങ്കടം തോന്നേണ്ട കാര്യമില്ല. എന്റെ പടവും വന്നിട്ടുണ്ട്. നല്ല ചിരിക്കണ പടം. വക്കീലന്മാരാണ് ഫ്ളക്സുകള്‍ സ്ഥാപിക്കുന്നത് എന്നു മനസ്സിലാക്കുന്നു. ‘അഭിഭാഷക ഐക്യം’ എന്നൊക്കെ വെറുതെ എഴുതിവെയ്ക്കില്ലല്ലോ. ഇതുവരെ ഈ സംഘടനയെക്കുറിച്ച് കേട്ടിട്ടില്ല. ഇനി കേള്‍ക്കുമെന്നും തോന്നുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഫ്ളക്സില്‍ തുടങ്ങി ഫ്ളക്സില്‍ അവസാനിക്കുന്ന ഫ്ളക്സ് സംഘടന!!!
പൊലീസിനെ സഹായിക്കാനാണ് വക്കീലന്മാര്‍ നാടുനീളെ ഫ്‌ളക്‌സുകളും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നത്. ഉടനെ പിടികൂടി ജയിലിലടച്ചില്ലെങ്കില്‍ നാടിന് ആപത്താവുന്ന മാധ്യമഗുണ്ട(ണ്ടി)കളുടെ ചിത്രങ്ങളാണ് അവയില്‍. നാട്ടുകാര്‍ കണ്ടാല്‍ ഉടനെ പിടികൂടി പൊലീസിലേല്‍പ്പിക്കണം. ജനസേവനത്തിന്റെ പുതിയ മുഖം. പറയാതെ വയ്യ, ഞാനാകെ പേടിച്ചിരിക്കുകയാണ്. ഇനി ഒരാഴ്ചത്തേക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങണ്ട എന്നാണ് തീരുമാനം. പൊലീസെങ്ങാനും പിടിച്ചാലോ? ഇടിച്ചാലോ? ഹയ്യോ!! ആലോശിച്ചിട്ട് പേഠ്യാവണ്..
ആദ്യം വെച്ച ഫ്‌ളക്‌സില്‍ സി.പി.അജിത, ജസ്റ്റീന തോമസ്, പ്രഭാത് നായര്‍ എന്നിവരുടെ ചിത്രങ്ങളാണുണ്ടായിരുന്നത്. ആദ്യം കണ്ടപ്പോള്‍ ഫ്‌ളക്‌സില്‍ ചിത്രം വരാന്‍ മാത്രം അജിതയും ജസ്റ്റീനയുമൊക്കെ വളര്‍ന്നോ എന്ന സംശയമാണ് തോന്നിയത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് തലക്കെട്ട് കണ്ടത് -‘കോടതിയില്‍ അതിക്രമം കാട്ടിയ മാധ്യമ ഗുണ്ടകളെ അറസ്റ്റു ചെയ്യുക’. തലക്കെട്ടിനു താഴെയാണ് മൂവരുടെയും ചിത്രം. ചിത്രത്തിനു താഴെ പേരും ജോലി ചെയ്യുന്ന സ്ഥാപനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗുണ്ടയും രണ്ടു ഗുണ്ടികളും!!! താഴേക്കു നോക്കിയപ്പോള്‍ വിശദീകരണമുണ്ട് -ഇവര്‍ വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷന്‍ ക്രൈം 1401/16ലെ പ്രതികള്‍!!!!
എന്താണ് ക്രൈം 1401/16? തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ശാജിയണ്ണനെ മേല്‍പ്പറഞ്ഞ ഗുണ്ട(ി)കള്‍ കോടതിയില്‍ വെച്ച് ദാരുണമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു!!! പോസ്റ്ററിലുള്ള 3 പേര്‍ക്കൊപ്പം പി.ടി.ഐയിലെ ജെ.രാമകൃഷ്ണന്‍ എന്ന സ്വാമിയേട്ടനും പ്രതിയാണ്. ശാജിയണ്ണന്‍ പരാതി വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത അന്നു തന്നെ അതിന്റെ പകര്‍പ്പ് നാട്ടാര്‍ക്കു മുയ്മന്‍ കിട്ടി. അണ്ണന്‍ തന്നെ വിതരണം ചെയ്തതായിരിക്കും. ഗംഭീരന്‍ പരാതിയാണ്!! നിലവാരം പെട്ടെന്നു തന്നെ ബോദ്ധ്യപ്പെടും!!!
ബഹുമാനപ്പെട്ട വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അവര്‍കള്‍ക്ക് മുമ്പാകെ,
പരാതിക്കാരന്‍:
ആനയറ ഷാജി, വയസ്സ്-55
s/o ബാലകൃഷ്ണന്‍, ‘Ritu’,
TC 14/2056(4), വെണ്‍പാലവട്ടം,
ആനയറ P.O.,
തിരുവനന്തപുരം
പ്രതികള്‍:
1) Prabhat Nair
Principal Correspondent
The New Indian Express
Thiruvanvanthapuram
2) Ramakrishnan (PTI)
Press Trust of India
3) C.P.Ajitha
Asianet News,Thiruvanvanthapuram
4) Jasthena Thomas
Manorama News, Thiruvanvanthapuram
സാര്‍,
14.10.2016-ാം തീയതി രാവിലെ ഉദ്ദേശം 11.30 മണിക്ക് ഞാന്‍ ജുഡീഷ്യല്‍ JFMC 2 കോടതിയില്‍ കേസ് അറ്റന്‍ഡ് ചെയ്തു കഴിഞ്ഞ ശേഷം JFMC 5 കോടതിയിലേക്ക് മറ്റൊരു കേസ് അറ്റന്‍ഡ് ചെയ്യുന്നതിലേയ്ക്കായി പടികയറി മുകളിലേക്ക് പോകവെ വഴിയില്‍ വച്ച് പടി ഇറങ്ങി വന്ന പ്രഭാത് നായര്‍ മനഃപൂര്‍വ്വം യതൊരു പ്രകോപനവും കൂടിതെ ‘വഴിയില്‍ നിന്നും മാറടാ താ#$%&ളി. കോടതി നിന്റെയൊക്കെ തന്തയുടെ വകയല്ല’ എന്നും പറഞ്ഞ് എന്റെ ഇടത് നെഞ്ചില്‍ ആഞ്ഞ് ഇടിച്ച് വേദനിപ്പിക്കുകയും ചെയ്തു. ടി സമയം ടിയാന്റെ പിന്നില്‍ നിന്നും വന്ന രാമകൃഷ്ണന്‍ ‘എടാ സെക്രട്ടറി ത@#&%$%ളി ഒതുങ്ങി നില്ലടാ’ എന്ന് പറഞ്ഞ് കൈമുട്ട്കൊണ്ട് എന്റെ വലതുവശം നെഞ്ചില്‍ ഇടിച്ച് വേദനിപ്പിച്ചിട്ടുള്ളതുമാണ്.
ടി സംഭവത്തില്‍ വച്ച് എനിക്ക് അതിയായ ശരീര വേദനയും മനോവിഷമവും ഉണ്ടായിട്ടുള്ളതാണ്. കോടതകിയില്‍ case attendചെയ്യേണ്ടത് അത്യാവശ്യമായതിനാല്‍ ഞാന്‍ വീണ്ടും പടി കയറിമുകളിലേക്ക് പോയപ്പോള്‍ ഏഷ്യനെറ്റ് ന്യൂസിലെ അജിതയും, മനോരമ ന്യൂസിലെ ജസ്റ്റീന തോമസും പടി ഇറങ്ങി വരുകയും ഈ സമയം അജിത യാതൊരു പ്രകോപനവും കൂടാതെ എന്റെ മുഖത്തിന് നേരെ കൈ ചൂണ്ടികൊണ്ട് ‘you b@vc$%d, നിന്നെ പെണ്ണ് കേസില്‍ കുടുക്കി പ്രതികൂട്ടില്‍ നിര്‍ത്തുന്നത് കാണിച്ചു തരാം’ എന്നും ഈ സമയം കൂടെയുണ്ടായിരുന്ന ജസ്റ്റീന തോമസ് ഇനി ഞങ്ങള്‍ക്കെതിരെ കളിച്ചാല്‍ യാതൊരു തെളിവും ഇല്ലാതെ കൊന്നുകളയും കേട്ടോടാ ‘m#$% &%#$r‘ എന്നു പറഞ്ഞ് അവിടെ നിന്നു പോയിട്ടുള്ളതാകുന്നു.
ടി പ്രതികള്‍ എന്നെ ഉപദ്രവിച്ച് മുറിവ് ഏല്‍പ്പിക്കുന്നതിനു വേണ്ടിയും എന്നെ അസഭ്യം വിളിച്ച് മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യനാക്കുന്നതിനും എന്നെ ഭീഷണിപ്പെടുത്തി പേടിപ്പിക്കുന്നതിനും വേണ്ടിയുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി തങ്ങളുടെ പൊതു ഉദ്ദേശകാര്യ സാധ്യത്തിനു വേണ്ടി പരസ്പര ഉത്സാഹികളും സഹായികളുമായി പ്രവര്‍ത്തിച്ചിട്ടുള്ളതാണ്.
ടി പ്രതികളുടെ പ്രവര്‍ത്തി അവിടെ നിന്ന കക്ഷികളും മറ്റ് പലരും കണ്ടിട്ടുള്ളതാണ്.
ആയതിനാല്‍ പ്രതികള്‍ക്കെതിരെ വേണ്ട നിയമനടപടികള്‍ സ്വീകരിക്കണമെന്ന് താഴ്മയായി ആപേക്ഷിക്കുന്നു.
എന്ന്,
ആനയറ ഷാജി
ഈ പരാതി വായിച്ച് ഞമ്മ സിര്‍ച്ച് സിര്‍ച്ച് മരിച്ച്. ആനയറ ശാജിയണ്ണനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? പ്രഭാതിനെയും രാമകൃഷ്ണനെയും അജിതയെയും ജസ്റ്റീനയെയും കണ്ടിട്ടുണ്ടോ? ശാജിയണ്ണന്‍ ഒന്നു തുമ്മിയാല്‍ മറ്റു 4 പേരും കാതങ്ങള്‍ക്കപ്പുറത്തേക്കു തെറിച്ചുപോകും. അണ്ണന്റെ വയറ് മാത്രം മതി മറ്റുള്ളവരെ ഇടിച്ച് നിലംപരിശാക്കാന്‍. അങ്ങനെയുള്ള ഭീമാകാരനെ വെറും അശുക്കളായ പ്രഭാതും സ്വാമിയേട്ടനും കൂടി പഞ്ഞിക്കിട്ടെന്നു പറഞ്ഞാല്‍? തm#$%&ളി എന്നു വിളിച്ച് പ്രഭാത് ശാജിയണ്ണന്റെ ഇടതു നെഞ്ചത്ത് ഇടിച്ചു!! ത@#&%$%ളി എന്നു വിളിച്ചുകൊണ്ട് സ്വാമിയേട്ടന്‍ ശാജിയണ്ണന്റെ വലതു നെഞ്ചത്ത് ഇടിച്ചു!!! നെഞ്ചിന്‍കൂടിന്റെ ഇടവും വലവും കൃത്യമായി നോക്കി ഇടിച്ചു തകര്‍ക്കാന്‍ ഇതെന്തരണ്ണാ, മാഫിയ ശശി അണ്ണന്‍ സംവിധാനം ചെയ്യണ സ്റ്റണ്ട് സീനാണോ? ശാജിയണ്ണന്റെ മുന്നില്‍ ആ സ്വാമിയേട്ടനെ കൊണ്ടു നിര്‍ത്തി ഒന്ന് ഇടിപ്പിച്ചു നോക്കണം. വ്യാസസമ്പുഷ്ടമായ വയറു കടന്നിട്ടു വേണമല്ലോ സ്വാമിയേട്ടന്റെ കൈ ശാജിയണ്ണന്റെ നെഞ്ചത്ത് എത്തുന്നത്! കഷ്ടം തന്നണ്ണാ കഷ്ടം!! ഇനി പ്രഭാതും സ്വാമിയേട്ടനും കൂടി പഞ്ഞിക്കിട്ടു എന്ന് ഉറപ്പിച്ചു പറയുകയാണെങ്കില്‍ എന്റെ ശാജിയണ്ണാ നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയല്ല വേണ്ടത്, ഉടനെ കടലില്‍ ചാടി ചാകണം. ആനയെ ഉറുമ്പ് തല്ലിയത്രേ!!!
‘you b@vc$%d, നിന്നെ പെണ്ണ് കേസില്‍ കുടുക്കി പ്രതികൂട്ടില്‍ നിര്‍ത്തുന്നത് കാണിച്ചു തരാം’ എന്ന് അജിതയും ‘ഇനി ഞങ്ങള്‍ക്കെതിരെ കളിച്ചാല്‍ യാതൊരു തെളിവും ഇല്ലാതെ കൊന്നുകളയും കേട്ടോടാ m#$% &%#$r‘ എന്നു ജസ്റ്റീനയും ഭീഷണിപ്പെടുത്തിയെന്നാണ് 55കാരനായ ശാജി വിലാപം. കശ്റ്റം തന്നെ!! മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികളെക്കുറിച്ച് അപവാദം പറയുന്ന ശാജിയണ്ണാ, നിങ്ങളോട് സഹതാപം മാത്രം. എത്രയോ മഹാന്മാര്‍ ഇരുന്നതാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ കസേര. ഇരിക്കേണ്ടവര്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലേല്‍ അവിടെ @#% കയറിയിരിക്കും എന്നൊരു ചൊല്ലുണ്ട്. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന് ഞാനായിട്ട് പറയുന്നില്ല. നാട്ടുകാര്‍ വിലയിരുത്തട്ടെ.
ശാജിയണ്ണനെ ‘പഞ്ഞിക്കിട്ട’ 4 പ്രതികളും എന്റെ സഹപ്രവര്‍ത്തകരാണ്, സുഹൃത്തുക്കളാണ്. ഞാന്‍ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയില്‍ ജോലി ചെയ്യുന്ന കാലത്താണ് ഏതാണ്ട് 8 വര്‍ഷം മുമ്പ് ഇന്ത്യാവിഷനില്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നിയായി അജിത എത്തുന്നത്. അന്നുമുതല്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അവളുടെ വളര്‍ച്ചയും കൈവരിച്ച പക്വതയും കണ്ടിട്ടുണ്ട്. ഇപ്പോള്‍ അജിത ഏഷ്യാനെറ്റ് ന്യൂസില്‍ ചീഫ് റിപ്പോര്‍ട്ടര്‍. മാതൃഭൂമി വിട്ട് ഞാന്‍ ഇന്ത്യാവിഷനില്‍ എത്തുമ്പോഴാണ് ജസ്റ്റീനയെ പരിചയപ്പെടുന്നത്. അന്ന് അവള്‍ കൊച്ചി ബ്യൂറോയിലാണ്. വാര്‍ത്തയ്ക്കു പിന്നാലെ ഊര്‍ജ്ജസ്വലതയോടെ ഓടി നടക്കുന്ന പെണ്‍കുട്ടി. മനോരമ ന്യൂസില്‍ ചേര്‍ന്ന ശേഷം ഏറെക്കാലത്തിനു ശേഷമാണ് ജസ്റ്റീനയെ തിരുവനന്തപുരത്ത് വെച്ച് കാണുന്നത്. ഇപ്പോഴും പഴയതുപോലെ ഓടിനടക്കുന്നു. മാന്യതയും സൗമ്യതയും കാരണം ചിലര്‍ നമ്മുടെ ബഹുമാനം പിടിച്ചുവാങ്ങുമല്ലോ. അതാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് പ്രഭാത് നായര്‍. സംസാരം കാര്യമാത്രപ്രസക്തം. സ്വാമിയേട്ടന്‍ ശുദ്ധ പച്ചക്കറിയാണ്. സ്വഭാവവും അങ്ങനെ തന്നെ. ചിരിച്ച്, കളിച്ച് തമാശയും പറഞ്ഞു നടക്കുന്ന ഒരു സാധു. പക്ഷേ, ഇവരെല്ലാം പണിയില്‍ പക്കാ ആണ്. ഇവരാണ് ശാജിയണ്ണന്റെ ഗുണ്ട(ണ്ടി)കള്‍.
അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ട് പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്നു കേട്ടിട്ടില്ലേ? അതാണ് ഇവിടെ നടന്നിരിക്കുന്നത്. പ്രഭാതും സ്വാമിയേട്ടനും അജിതയും ജസ്റ്റീനയെയും ചേര്‍ന്ന് ശാജിയണ്ണനെ അല്ല പഞ്ഞിക്കിട്ടത്. നേരെ മറിച്ച് ശാജിയണ്ണന്റെ മേല്‍നോട്ടത്തില്‍ രതിന്‍, സുഭാഷ്, അരുണ്‍, രാഹുല്‍ എന്നീ 4 കുഞ്ഞാടുകളാണ് പാവം പുരുഷ കേസരികളായ എഴുത്താളരെ ഇടിച്ച് കൂമ്പ് വാട്ടിയതും പെണ്‍കൊടിമാരെ പുലഭ്യം പറഞ്ഞ് ചെവി പൊട്ടിച്ചതും. പക്ഷേ, വക്കീലന്മാരില്‍ മാന്യന്മാരാണ് കൂടുതല്‍. അവര്‍ ഈ കുലംകുത്തികളുടെ മുഖംമൂടി വലിച്ചുകീറാന്‍ സഹായിച്ചു. അക്രമികളുടെ വിശദാംശങ്ങള്‍ മാലോകരറിഞ്ഞു. കളി കൈവിട്ടതോടെ പൊലീസ് കേസായി, അറസ്റ്റായി. കോട്ടിട്ട സാറന്മാരെ തൊടാന്‍ പൊലീസിന് ആദ്യം മടിയായിരുന്നു. പക്ഷേ, ഒടുവില്‍ വേറെ മാര്‍ഗ്ഗമില്ലാതെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അങ്ങനെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോഴാണ് ശാജിയണ്ണന്‍ ഒരു പരാതി അങ്ങോട്ടു കൊടുത്തത്. കൗണ്ടര്‍ പെറ്റീഷന്‍ എന്നു പറയും. സംഭവം കഴിഞ്ഞ് അഞ്ചാം ദിവസം. പ്രഭാതിനെയും സ്വാമിയേട്ടനെയും സമ്മതിക്കണം. അവരുടെ താഡനത്തില്‍ ശാജിയണ്ണന്‍ 5 ദിവസമാണ് ബോധമില്ലാതെ കിടന്നത്. ബോധം വന്നപാടെ എഴുന്നേറ്റ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. പരാതിയില്‍ തീയതിയില്ലാത്തത് ഇത്രത്തോളം വൈകിയതിനാലായിരിക്കും, അല്ലേ അണ്ണാ??
പക്ഷേ, പണി പാളി. 2 വനിതകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അകാരണമായി കേസെടുത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടി തുടങ്ങി. ഇത് ശാജിയണ്ണനും സംഘവും പ്രതീക്ഷിച്ചില്ല. സംഭവത്തെക്കുറിച്ച് ഉന്നതതല അനേ്വഷണത്തിന് കമ്മീഷന്‍ ഉത്തരവിട്ടു. ഡി.വൈ.എസ്.പി. റാങ്കില്‍ കുറയാത്ത ഒരു ഉദേ്യാഗസ്ഥന്‍ അനേ്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണം നടന്നാല്‍ ശാജിയണ്ണനും കൂട്ടുനിന്ന പൊലീസുകാരും കുടുങ്ങുമെന്നുറപ്പ്.
എല്ലാ കൈവിട്ടു പോകുന്നു എന്നായപ്പോഴാണ് ഫ്‌ളക്‌സ് പരിപാടിയുമായി ഇറങ്ങിയത്. ശാജിയണ്ണനടക്കം അക്രമികളായ 5 അഭിഭാഷകരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും നാട്ടുകാര്‍ മുയ്മനും കണ്ടുവല്ലോ. ഇതിനു പകരമാണ് മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഫ്‌ളക്‌സായി ഇറക്കിയത്. അണ്ണന്‍ പക്ഷേ ഒരു കാര്യം മറന്നു. മാധ്യമപ്രവര്‍ത്തകരായ ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അജിതയും ജസ്റ്റീനയുമടക്കമുള്ളവര്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിയുന്നവര്‍. അവരെയൊക്കെ നിങ്ങള്‍ ഫ്‌ളക്‌സടിച്ച് നാട്ടുകാരെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. പക്ഷേ, ഞങ്ങള്‍ ആണുങ്ങളോടു കളിക്കുമ്പോലെ അല്ല പെണ്‍കുട്ടികളോടു കളിക്കുന്നത്. സ്ത്രീകളുടെ ഫോട്ടോ വെച്ച് മോശമായി ചിത്രീകരിച്ച് പരസ്യപ്രചാരണം നടത്തുന്നത് ക്രിമിനല്‍ കേസാണ്. ഇന്‍ഡീസന്റ് റെപ്രസന്റേഷന്‍ ഓഫ് വിമെന്‍ ആക്ട് പ്രകാരം ഇതിനെതിരെ കേസ് എടുക്കാം. നല്ല വിവരമുള്ളൊരു വക്കീല്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞുതന്നത്, ശാജിയണ്ണനെ പോലെയുള്ളയാളല്ല. വക്കീലിന്റെ പേരു പറയാന്‍ വിരോധമില്ല -കപില്‍ സിബല്‍. കപില്‍ സിബലെവിടെ നില്‍ക്കുന്നു ആനയറ ശാജിയെവിടെ കിടക്കുന്നു!!
പക്ഷേ, ശാജി അണ്ണന്‍ നാട്ടില്‍ പുലിയാണ്. ആനയറ ദേശത്തെ രാജാവായ അണ്ണന്‍ പണ്ട് പ്ലാമൂട് ദേശം വെട്ടിപ്പിടിക്കാന്‍ പോയ ഒരു കഥയുണ്ട്. ആ കഥയിലൊരു ‘താര’മുണ്ട്. പക്ഷേ, ‘താര’ത്തിന്റെ പേരു കേട്ടാല്‍ തന്നെ ഇപ്പോഴും അണ്ണന് മുട്ടിടിക്കും. വെറുതെ അതൊന്നും വിളിച്ചു പറയിക്കല്ലേ അണ്ണാ.
ഞാന്‍ ഏതായാലും ദൈനംദിന റിപ്പോര്‍ട്ടിങ് രംഗത്ത് ഇല്ലാത്തയാളാണ്. അഭിപ്രായങ്ങള്‍ എഴുതുന്ന ഒരു കോളമിസ്റ്റ് മാത്രമാണ്. അതിനാല്‍ത്തന്നെ പുറത്തിറങ്ങി നടക്കുകയോ, കോടതിയില്‍ പോകുകയോ, അഭിഭാഷകരുമായി തല്ലുപിടിക്കുകയോ ചെയ്യേണ്ട ആവശ്യം ഇപ്പോള്‍ എനിക്കില്ല. അങ്ങനെയുള്ള ഞാനും ഫ്‌ളക്‌സ് ഗുണ്ടയായി!! ‘വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷന്‍ ക്രൈം 898/2016ലെ പ്രതികളായ മാധ്യമ ഗുണ്ടകളെ അറസ്റ്റു ചെയ്യുക’ എന്നാണ് എന്റെ ചിത്രമുള്ള ഫ്‌ളക്‌സിലെ ആവശ്യം. ആര്‍.അജിത്കുമാര്‍ (മംഗളം), കോവളം രാധാകൃഷ്ണന്‍ (മാതൃഭൂമി), എം.എം.സുബൈര്‍ (കേരള കൗമുദി), വേണു ബാലകൃഷ്ണന്‍ (മാതൃഭൂമി ന്യൂസ്), വിനു വി.ജോണ്‍ (ഏഷ്യാനെറ്റ് ന്യൂസ്), മാര്‍ഷല്‍ വി.സെബാസ്റ്റിയന്‍ (മാതൃഭൂമി ന്യൂസ്), പ്രഭാത് നായര്‍ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), ബി.എസ്.പ്രസന്നന്‍ (മംഗളം) എന്നിവര്‍ക്കൊപ്പം തൊഴില്‍രഹിതനായ ഞാനും പ്രതിയാണ്. ഏതു കേസാണാവോ?
തല്‍ക്കാലം ഒരു സ്ഥാപനത്തിലും ജോലി ചെയ്യുന്നില്ല എന്നതിനാല്‍ അടുത്തിടെ നടന്ന ഒരു സംഘര്‍ഷവേളയിലും ഞാനുണ്ടായിരുന്നില്ല. സാക്ഷിയാവാനുള്ള ഭാഗ്യം പോലും ലഭിച്ചില്ല. ഇപ്പോള്‍ ഫ്‌ളക്‌സില്‍ പ്രതിയായി. വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തെളിയാതെ കിടക്കുന്ന എല്ലാ കേസുകളും തലയില്‍ വെച്ചുകെട്ടിയാലും വിരോധമില്ല. പറയാനുള്ളത് പറയും. എഴുതാനുള്ളത് എഴുതും. സൗകര്യമുള്ളവര്‍ വായിച്ചാല്‍ മതി.
മലയാള മനോരമയിലെ സുഹൃത്ത് ശശിശേഖറിന്റെ വാക്കുകള്‍ ഈ വേളയില്‍ കടമെടുക്കുകയാണ് -‘കോടതിയില്‍ വരുന്ന മാധ്യമപ്രവര്‍ത്തകരെല്ലാവരും ജോലി ചെയ്യാന്‍ അവിടെയെത്തുന്നവരാണ്. എന്നാല്‍, കോടതിയില്‍ വരുന്ന എല്ലാ വക്കീലന്മാരും ജോലി ചെയ്യാന്‍ വരുന്നവരല്ല!!!’ ഈ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.
ഗുണ്ടായിസം സിന്ദാബാദ്!!!