തിരുവനന്തപുരത്തെ ബി.ജെ.പി. സംസ്ഥാന കാര്യാലയത്തിനു നേരെ സി.പി.എം. പ്രവര്‍ത്തകര്‍ ബോംബ് എറിയും ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതികരിക്കൂ സമൂഹമെ… SHARE IT
കൈലാസ് ശശിധരന്‍ നായര്‍
എന്ന വ്യക്തി ഉച്ചയ്ക്ക് 12.43ന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ്. RSS KANNUR എന്ന് watermark ചെയ്തിട്ടുള്ള ചിത്രവുമുണ്ട്. ചിത്രം നമുക്കെല്ലാം സുപരിചിതം. നമ്മുടെ ‘കുന്നുകുഴി മേയര്‍’ ഐ.പി.ബിനുവിന്റേത്. ബിനുവെപ്പോഴാണ് ബി.ജെ.പി. ഓഫീസിന് ബോംബെറിഞ്ഞത് എന്ന് അത്ഭുതപ്പെടേണ്ടതില്ല. ബിനു ബോംബെറിഞ്ഞിട്ടില്ല. കൊതുകിനെ നശിപ്പിക്കാന്‍ ബി.ജെ.പി. ഓഫീസിനു മുന്നില്‍ കൗണ്‍സിലര്‍ ഫോഗിങ് നടത്തുന്ന ചിത്രമാണ്. ബിനു തന്നെ ഫേസ്ബുക്കിലിട്ടത്. ഫോഗിങ് എന്ന വാക്കിന് ബോംബേറ് എന്നാണ് അര്‍ത്ഥമെന്നത് പുതിയ അറിവാണ്!!!
ചെറുതായൊന്നു വളച്ചൊടിച്ച് വികാരത്തള്ളിച്ച സൃഷ്ടിക്കാനായിരുന്നു കൈലാസ് ശശിധരന്‍ നായരുടെ ശ്രമം. പാളിപ്പോയി. പൊങ്കാല നിവേദ്യത്തിന്റെ പ്രവാഹത്തില്‍ കക്ഷി പോസ്റ്റ് ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു. കൈലാസ് ശശിധരന്‍ നായര്‍ എന്നത് വ്യാജ പ്രൊഫൈല്‍ ആണോ എന്ന സംശയം ശക്തമാണ്. ഫേസ്ബുക്ക് url പ്രകാരം യഥാര്‍ത്ഥ രൂപം വിവേക് രാമന്‍ നായര്‍ –vivek.ramannair -ആണ്.
തീര്‍ത്തും ആസൂത്രിതമാണ് കൈലാസ് എന്ന വിവേകിന്റെ ശ്രമം. ഇതു വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. ബിനുവിനു നേരെ വധഭീഷണി ഉള്ളതായി അടുത്തിടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. അക്രമം ആസൂത്രണം ചെയ്യുന്ന കേന്ദ്രങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞു പൊലീസ് നടത്തിയ ശക്തമായ ഇടപെടലാണ് ആ ഭീഷണി അന്ന് ഒഴിവാക്കിയത്. കൗണ്‍സിലറെന്ന നിലയില്‍ എല്ലാ പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്കും സ്വീകാര്യനായ ബിനു കടുത്ത വിദ്വേഷം പുലര്‍ത്തുന്ന എതിരാളികളുടെ കണ്ണിലെ കരടാവുന്നത് സ്വാഭാവികം മാത്രം.
ബിനുവിനോടുള്ള വിദ്വേഷത്തിനു കാരണമെന്ത്? ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം തന്നെ. ബിനുവിന്റെ സ്വാധീനത്തില്‍ മറ്റു പാര്‍ട്ടിയില്‍പ്പെട്ടവര്‍ സി.പി.എമ്മിലേക്കു വരാന്‍ തയ്യാറാവുന്നതും അദ്ദേഹത്തിന് കാര്യമായ തോതില്‍ ശത്രുക്കളെ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പകര്‍ച്ചപ്പനിയുടെ വിഷയം തന്നെയെടുക്കാം. കേരളം മുഴുവന്‍ പനിച്ചു വിറയ്ക്കുമ്പോഴും ബിനുവിന്റെ സ്വന്തം കുന്നുകുഴിയില്‍ പനിയില്ല. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തന്നെ ഡെങ്കിപ്പനി വിമുക്ത വാര്‍ഡായി കുന്നുകുഴിയെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് നല്ലതെന്ന അടിസ്ഥാനതത്ത്വം തന്റെ വാര്‍ഡില്‍ ബിനു നടപ്പാക്കി.
മഴക്കാലപൂര്‍വ്വ ശുചീകരണം 2 മാസം മുമ്പ് തന്നെ കുന്നുകുഴി വാര്‍ഡില്‍ കൃത്യമായി നടന്നിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇതു നടന്ന അപൂര്‍വ്വം വാര്‍ഡുകളിലൊന്നാണ് കുന്നുകുഴി. ഏപ്രില്‍ അവസാനം വാര്‍ഡില്‍ ശുചിതാരോഗ്യ സമിതി വിളിച്ചു ചേര്‍ത്ത് എല്ലാവരെയും ഒന്നിപ്പിച്ചു. രാഷ്ട്രീയഭേദമന്യേ പൊതുപ്രവര്‍ത്തകരെ അണിനിരത്തി വിപുലീകരിച്ചു ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് പട്ടിക തയ്യാറാക്കുകയും ഓരോന്നായി നടപ്പാക്കുകയും ചെയ്തു. കാടും പടലും വെട്ടിത്തെളിക്കുക മാത്രമല്ല പ്ലാമൂട്-തേക്കുമൂട് റോഡിനരികിലെ ഓടകളും വൃത്തിയാക്കി. ഓടയില്‍ വെള്ളമൊഴുകിപ്പോകാന്‍ സാദ്ധ്യതയില്ലാത്തയിടങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കിവിട്ടു കൊതുകുകള്‍ മുട്ടയിടുന്നത് തടഞ്ഞു.
സ്വയം പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതു മാത്രമല്ല, പൊതുസമൂഹത്തെയും വാര്‍ഡിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുത്താനുള്ള ശ്രമം ബിനു നടത്തിയെന്നത് എടുത്തുപറയേണ്ട കാര്യമാണ്. പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്സിലെ എന്‍.എന്‍.എസ്. വോളന്റിയര്‍മാര്‍ കുന്നുകുഴിയിലെ മുഴുവന്‍ വാര്‍ഡുകളിലും പരിശോധന നടത്തി മാലിന്യമില്ലെന്ന് ഉറപ്പാക്കിയത് ഇത്തരം ശ്രമങ്ങളുടെ ഭാഗം തന്നെ. മരാമത്ത് പണികളില്‍ അഴിമതി ഒഴിവാക്കുന്നതിനു വാര്‍ഡില്‍ തന്നെയുള്ള ബാര്‍ട്ടണ്‍ഹില്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സമിതിയുണ്ടാക്കി. ഇതിനെല്ലാം ഉപരിയായാണ് കഴിഞ്ഞ രണ്ടാഴ്ചയോളമായി കൗണ്‍സിലര്‍ നേരിട്ട് ഫോഗിങ് യന്ത്രവുമായിറങ്ങി കൊതുകുകളെ പുകച്ചുതുരത്തുന്നത്. തന്റെ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പി. സംസ്ഥാന സമിതി ഓഫീസിലുള്ളവരും കൊതുകുകടി കൊള്ളാതെ സുഖമായിരിക്കട്ടെ എന്നു കരുതി അവിടെയും ഫോഗിങ് നടത്തിയത് ഒടുവില്‍ ബോംബേറായി മാറി. മാറ്റി എന്നു പറയുന്നതാവും ശരി.
നല്ലത് ആരു ചെയ്താലും നല്ലതെന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമാണ്. ഏതിലും ദുഷിപ്പ് മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്നതും കാര്യങ്ങള്‍ വളച്ചൊടിച്ച് കുപ്രചരണത്തിലേര്‍പ്പെടുന്നതും മാനസികരോഗമാണെന്നു തന്നെ പറയേണ്ടി വരും. രാഷ്ട്രീയപ്രവര്‍ത്തനത്തിന് അതിന്റേതായ മാന്യത ആവശ്യമാണെന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്.