തികച്ചും അപ്രതീക്ഷിതമായിരുന്നു മിനിയുടെ വിളി – നാളെ ഞാന്‍ വരുന്നു. ഇടവ മാസം ഒന്നാം തീയതി മഴയുടെ അകമ്പടിയോടെ രാവിലെ വീട്ടില്‍ വന്നുകയറി, ചുറ്റും ഊര്‍ജ്ജം പ്രസരിപ്പിച്ച്. മലയാള മാസപ്പിറവി ആയതിനാല്‍ വീട്ടിനടുത്തുള്ള ശ്രീ ചക്രത്തില്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ പ്രഭാതഭക്ഷണം. അതിനുശേഷം, ബെര്‍ത്തില്ലാത്ത തീവണ്ടിയാത്രയുടെ ക്ഷീണം മാറ്റാന്‍ ചെറിയൊരു മയക്കം.
ഉച്ചയൂണുകഴിഞ്ഞ് നേരത്തേ നിശ്ചയിച്ചിരുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ അബ്ദുള്ളയുമെത്തി -സൗഹൃദത്തിന്റെ സൗരഭ്യം പരത്തി. ചെറിയൊരു നഗരപ്രദക്ഷിണത്തിനു ശേഷം വീട്ടിലെത്തി വിശ്രമം. ഒടുവില്‍ അത്താഴം കഴിച്ചിറങ്ങി, കോഴിക്കോട്ടേക്കുള്ള ബസ് പിടിക്കാന്‍.
തമ്പാനൂരില്‍ നിന്ന് ബസ്സില്‍ കയറാന്‍ നേരം മിനിയും അബ്ദുള്ളയും കൈവീശുമ്പോള്‍ എന്തോ ഒരു നഷ്ടബോധം. സമയത്തിന് ഇന്ന് വേഗം കൂടുതലായിരുന്നോ? മകന്‍ അനന്തുവുമൊത്ത് വീണ്ടും വരുമെന്ന മിനിയുടെ വാഗ്ദാനം പാലിക്കപ്പെടുന്നതിനുള്ള കാത്തിരിപ്പ് ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പാറിപ്പറക്കുന്ന പട്ടമായ അബ്ദുള്ള, എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാം.
ഒരു സാധാരണ ദിനം. പക്ഷേ, മിനിയും അബ്ദുള്ളയും ചേര്‍ന്ന് അതിനെ സവിശേഷമാക്കി. ഇവരുടെ കൂട്ട് കണ്ണനും ദേവുവും ശരിക്കും ആസ്വദിച്ചു. മറകളില്ലാതെ ഹൃദയം തുറക്കുന്ന ഇവരെ സുരേഷ് ഗോപിക്കും നന്നായി ബോധിച്ചുവെന്ന് തോന്നി. അഞ്ചു മിനിറ്റെന്നു പറഞ്ഞ് തുടങ്ങിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടത് വെറുതെയല്ലല്ലോ!
നല്ല സുഹൃത്തുക്കള്‍ ഒരമൂല്യ സമ്പാദ്യം തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തിരിച്ചറിയുന്നു..