Reading Time: 2 minutes

ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത് പ്രയതഃ പുമാന്‍
വിഷ്‌ണോഃ പദമവപാനോതി ഭയശോകാദിവര്‍ജിതഃ

പവിത്രമായ ഗീതാശാസ്ത്രം ശ്രദ്ധിച്ചു പഠിക്കുന്ന വ്യക്തി ഭയം, ശോകം എന്നിവയില്‍ നിന്നു മുക്തനായി മഹാവിഷ്ണുവിന്റെ പദം പൂകും എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഇതുവെച്ചു നോക്കുമ്പോള്‍ ഹൈന്ദവനായ എന്നെക്കാള്‍ വിഷ്ണുപദം പൂകാന്‍ യോഗ്യതയുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി -മറിയം ആസിഫ് സിദ്ദിഖി എന്ന 12കാരി. കാരണം, ഭഗവദ്ഗീതയെക്കുറിച്ച് അവള്‍ക്ക് എന്നെക്കാള്‍ വിവരമുണ്ട്. ഇത്ര മാത്രമല്ല, ഹൈന്ദവരെന്നു മേനി നടിക്കുന്ന പലരെക്കാളും വിവരമുണ്ട്.

1
മറിയം സിദ്ദിഖി

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് അടുത്തിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മത്സരം നടത്തി -ശ്രീമദ് ഭഗവദ്ഗീത ചാമ്പ്യന്‍ ലീഗ്. ഇതിലെ വിജയിയാണ് മുംബൈ കോസ്‌മൊപൊളിറ്റന്‍ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മറിയം സിദ്ദിഖി. ഭഗവദ് ഗീതയിലെ 700 ശ്ലോകങ്ങളെക്കുറിച്ചും ഈ കുട്ടിക്ക് നല്ല ധാരണ. ധാരണയുണ്ടാവേണ്ട മറ്റു പലര്‍ക്കും അതില്ലാത്തതാണ് പ്രശ്‌നമാകുന്നത്.

‘ഞാനൊരു മുസ്‌ലിമാണ്. പക്ഷേ, കുഞ്ഞുനാള്‍ മുതല്‍ തന്നെ അച്ഛനമ്മമാര്‍ പറഞ്ഞിരുന്നു, എല്ലാ മതങ്ങളെക്കുറിച്ചും അറിവുണ്ടാവണമെന്ന്. ആ പ്രോത്സാഹനം ഇതുവരെയെത്തിച്ചു’ -മറിയം പറയുന്നു. ഒരു ഹിന്ദി മാസികയുടെ പത്രാധിപരാണ് മറിയത്തിന്റെ അച്ഛന്‍ ആസിഫ് നസീം സിദ്ദിഖി. മഹാരാഷ്ട്രയിലും മുംബൈയിലും സമീപകാലത്തുണ്ടായ കലാപങ്ങള്‍ ആസിഫിനെ ഇരുത്തി ചിന്തിപ്പിച്ചു. ഇതിനെങ്ങനെ പരിഹാരം കാണാനാവും? മാറ്റം വീട്ടില്‍ നിന്നു തുടങ്ങണമെന്ന് അദ്ദേഹം ഉറപ്പിച്ചു. എല്ലാവരും അതു ചെയ്യുകയാണെങ്കില്‍ ശാശ്വതസമാധാനം ദൂരെയല്ലെന്ന് ആസിഫ് വിശ്വസിക്കുന്നു. അതിന്റെ ഒരു വശമാണ് മറിയത്തിന്റെ നേട്ടം. ‘ഗീതയും ഖുറാനും ഒന്നുപോലെയാണ്. അവ രണ്ടും ദൈവമുഖത്തു നിന്നു വന്നു. അതിലെ കഥകള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ ആന്തരാര്‍ത്ഥം ഒന്നു തന്നെ’ -മറിയം പറയുമ്പോള്‍ നമുക്ക് വിശ്വസിക്കാം.

2
മറിയം സിദ്ദിഖി കുടുംബത്തോടൊപ്പം

ഒരു ഹൈന്ദവ മതഗ്രന്ഥത്തെക്കുറിച്ച് മുസ്‌ലിം പെണ്‍കുട്ടിക്കുള്ള അവഗാഹമല്ല ഇവിടെ ആഘോഷിക്കപ്പെടേണ്ടത്. മതത്തിന്റെ പേരില്‍ പോര്‍വിളികള്‍ ശക്തമാകുന്ന ഇക്കാലത്ത് അതിനതീതമായി നില്‍ക്കുന്ന നന്മയുടെ പ്രകാശം ആഘോഷിക്കപ്പെടണം. എല്ലാ മതങ്ങളെക്കുറിച്ചും എല്ലാ കുട്ടികളും പഠിക്കട്ടെ. ആയുധമെടുക്കാന്‍ ഒരു മതവും ആഹ്വാനം ചെയ്യുന്നില്ലെന്ന് അവര്‍ മനസ്സിലാക്കട്ടെ.

3
മറിയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുന്നു

മറിയം സിദ്ദിഖിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നല്ല കാര്യം. മറിയം ഒരു പ്രതീകമാണ് -മതത്തിനതീതമായി നില്‍ക്കുന്ന മനുഷ്യത്വത്തിന്റെ. മോദിയുടെ അനുയായികള്‍കൂടി അതു തിരിച്ചറിയട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.

തനിക്കു കിട്ടിയ സമ്മാനത്തുകയായ 11 ലക്ഷം രൂപ ഉത്തര്‍പ്രദേശിലെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനു വിനിയോഗിക്കാന്‍ മറിയം സംഭാവന ചെയ്തു. ‘മനുഷ്യത്വമാണ് ഏറ്റവും വലിയ മതം’ -അവള്‍ പറയുന്നു. ഇനിയും അനേകം മറിയം സിദ്ദിഖിമാര്‍ ഉണ്ടാവട്ടെ.

Previous article‘ഞാന്‍ ചെയ്ത തെറ്റെന്ത്?’
Next articleപ്രിയ സുഹൃത്തേ.. വിട
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here