Reading Time: 3 minutes

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഏകദേശം 2.30 ലക്ഷം കുട്ടികള്‍ക്ക് പുത്തനുടുപ്പിന്റെ ആഹ്ലാദം, അച്ഛനമ്മമാര്‍ക്ക് ബാദ്ധ്യതയേതുമില്ലാതെ. അവര്‍ക്കാവശ്യമായ 9.30 ലക്ഷം മീറ്റര്‍ തുണി നെയ്തുണ്ടാക്കിയ കൈത്തറി തൊഴിലാളികള്‍ക്ക് പട്ടിണി മാറിയതിന്റെ ആഹ്ലാദം. അങ്ങനെ പട്ടിണി മാറ്റിയ പുത്തനുടുപ്പിന്റെ നറുമണം പടരുന്നു. ചിലതൊക്കെ ശരിയാവുന്നുണ്ട്!!!

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം ബജറ്റിലാണ് സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി 2 സെറ്റ് കൈത്തറി യൂണിഫോം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഈ വിഭാഗത്തിലെ 25 ലക്ഷത്തോളം കുട്ടികള്‍ക്ക് വിതരണത്തിനായി 1.30 കോടി മീറ്റര്‍ കേരളത്തിലെ കൈത്തറി മേഖലയില്‍ നിന്ന് നെയ്‌തെടുക്കാന്‍ പദ്ധതി തയ്യാറായി. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയിലാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ 1 മുതല്‍ 5 വരെ ക്ലാസ്സുകളിലെ 2.30 ലക്ഷം കുട്ടികള്‍ക്ക് വേണ്ട 9.30 ലക്ഷം മീറ്റര്‍ തുണി ഈ വര്‍ഷം നെയ്തുണ്ടാക്കിയത്.

കേരളത്തില്‍ പത്തനംതിട്ട ഒഴികെ മറ്റെല്ലാ ജില്ലകളിലും കൈത്തറി സഹകരണ സംഘങ്ങളുണ്ട്. ഈ സംഘങ്ങളിലെല്ലാം കൂടി 2,856 തറികള്‍ ഉണ്ടെന്നാണ് ആദ്യം കണക്കുകൂട്ടിയത്. ഇവയെ പദ്ധതിക്കു കീഴില്‍ സംയോജിപ്പിക്കുക എന്നത് വലിയ ജോലിയായിരുന്നു. എന്നാല്‍, പദ്ധതിക്കു കീഴില്‍ പണി തുടങ്ങിയപ്പോള്‍ തറികളുടെ എണ്ണം 2,929 ആയി വര്‍ദ്ധിച്ചു! തിരുവനന്തപുരം -693, കൊല്ലം -220, ആലപ്പുഴ -14, കോട്ടയം -40, ഇടുക്കി -30, എറണാകുളം -121, തൃശ്ശൂര്‍ 82, പാലക്കാട് -71, മലപ്പുറം -9, കോഴിക്കോട് -376, വയനാട് -6, കണ്ണൂര്‍ -823, കാസര്‍കോട് -70, ഹാന്‍വീവിനു കീഴില്‍ 374 എന്നിങ്ങനെയായിരുന്നു ഒടുവില്‍ ലഭ്യമായ തറികളുടെ എണ്ണം.

നെയ്ത്തിനാവശ്യമായ നൂല്‍ ലഭ്യമാക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. നൂല്‍ വാങ്ങാന്‍ മാത്രം ചെലവായത് 6.03 കോടി രൂപ. 2/30 കൗണ്ട് പോളിസ്റ്റര്‍ കോട്ടണ്‍ നൂല്‍ 84,622 കിലോയ്ക്ക് 1.69 കോടി രൂപയും 20 എസ് കൗണ്ട് പോളിസ്റ്റര്‍ കോട്ടണ്‍ നൂല്‍ 96,805 കിലോയ്ക്ക് 2.42 കോടി രൂപയും 2/60 എസ് കൗണ്ട് പോളിസ്റ്റര്‍ കോട്ടണ്‍ നൂല്‍ 1,01,248 കിലോയ്ക്ക് 1.92 കോടി രൂപയും വില വന്നു. കണ്ണൂരിലെ ദേശീയ കൈത്തറി വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ദര്‍ഘാസ് മുഖേനയായിരുന്നു നൂല്‍ സംഭരണം. കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍, കേരള സംസ്ഥാന ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍, കോമളപുരം സ്പിന്നിങ് മില്‍, നാഷണല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ എന്നിവ കേരളത്തിനുള്ളില്‍ നൂല്‍ നല്‍കി. തികയാതെ വന്നത് തമിഴ്‌നാട്ടിലെ പ്രശസ്ത മില്ലുകളായ വിശ്വഭാരതി, ഭൈരവ, മാര്‍ട്ടിന്‍ എന്നിവയില്‍ നിന്നെത്തിച്ചു.

2017 ജനുവരിയില്‍ 2,929 തറികളില്‍ നെയ്ത്തു തുടങ്ങി. അതിനു മുമ്പ് പദ്ധതിയിലെ തറികള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഓരോ തറിക്കും 4,000 രൂപ വീതം അനുവദിച്ചിരുന്നു. 44 ഇഞ്ച് വീതിയില്‍ ഷര്‍ട്ടിങ്ങിനുള്ള 8,57,388 മീറ്ററും 58 ഇഞ്ച് വീതിയില്‍ സൂട്ടിങ്ങിനുള്ള 1,94,976 മീറ്ററും അടക്കം 10,52,364 മീറ്റര്‍ തുണി ഇതിനകം നെയ്തുണ്ടാക്കിക്കഴിഞ്ഞു. ഒരു ദിവസം ഒരു തൊഴിലാളി പരമാവധി 5 മീറ്റര്‍ തുണിയാണ് നെയ്തുണ്ടാക്കുക. അങ്ങനെ ഇതിനകം കൈത്തറി മേഖലയില്‍ 2 ലക്ഷം തൊഴില്‍ ദിനങ്ങള്‍. ഒരു തറിയില്‍ 71 ദിവസം തൊഴില്‍!! ഓരോ തൊഴിലാളിക്കും 100-150 രൂപ കൂലി ലഭിച്ചിരുന്ന മുന്‍കാല അവസ്ഥ മാറിയിരിക്കുന്നു. ഇന്ന് ശരാശരി 400-600 രൂപ കൂലി ലഭിക്കുന്ന സ്ഥിതി.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ കുട്ടികള്‍ക്ക് നല്‍കാനുള്ള യൂണിഫോം തിരുവനന്തപുരം ഹാന്റെക്‌സിലാണ് സൂക്ഷിച്ചിരിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ കുട്ടികള്‍ക്കുള്ള തുണി കണ്ണൂര്‍ ഹാന്‍വീവില്‍ സൂക്ഷിച്ചിരിക്കുന്നു. സര്‍ക്കാര്‍ നേരിട്ട് നൂലും കൂലിയും നല്‍കി നെയ്ത്തുകാരെ സംരക്ഷിക്കുന്ന അവസ്ഥ. അടുത്ത വര്‍ഷത്തേക്കുള്ള ഉത്പാദനം തുടരുന്നു. നെയ്ത്തുകാരുടെ അടുപ്പിലെ പുക സര്‍ക്കാര്‍ സ്‌കൂളുകളിലെ കുരുന്നുകളുടെ മുഖത്തെ പുഞ്ചിരിയാവട്ടെ!! നടപ്പാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്ന വന്‍കിട പദ്ധതികളെക്കാള്‍ വലിയ വികസനം സാധാരണക്കാരുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുന്ന ഇത്തരം നടപടികള്‍ തന്നെയാണ്.

Previous articleവാനാക്രൈ പ്രതിരോധം
Next articleമെര്‍ക്കലിനെ കാണാന്‍ അപ്പൂസിന്റെ യാത്ര
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

1 COMMENT

  1. ഇടത് സർക്കാരിന് അഭിവാദ്യങ്ങൾ ജനകീയ സർക്കാറിന് അഭിനന്ദനങ്ങൾ

COMMENTS