HomeECONOMYപണയത്തിന്റെ ര...

പണയത്തിന്റെ രൂപത്തില്‍ പണി

-

Reading Time: 6 minutes

ഉപഭോക്താവിന് കൈമാറിയ ഫ്‌ളാറ്റ് പണയം വെച്ച് വായ്പയെടുത്ത കെട്ടിട നിര്‍മ്മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നിര്‍മ്മാതാവിന്റെ അറസ്റ്റിനായി ഇടപെട്ടത് പ്രധാനമന്ത്രിയുടെ ഓഫീസ്. മുംബൈ തിലക് നഗറില്‍ നിന്നുള്ള വാര്‍ത്തയാണ്.

REF 2.jpg

സുരേഷ് എന്റര്‍പ്രൈസസ് എന്ന കെട്ടിട നിര്‍മ്മാണ കമ്പനിയുടെ ഉടമ രമേഷ് സേത്തില്‍ നിന്ന് 72കാരിയായ സകര്‍ബെന്‍ ഛദ്ദ ഫ്‌ളാറ്റ് വാങ്ങിയത്. ഫ്‌ളാറ്റ് സ്വന്തമാക്കി 2 വര്‍ഷം കഴിഞ്ഞപ്പോള്‍ അതു ജപ്തി ചെയ്യാന്‍ ജി.ഐ.സി. ഹൗസിങ് ഫിനാന്‍സ് അധികൃതര്‍ എത്തി. രമേഷ് സേത്ത് എടുത്ത 29 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടക്കിയതിന്റെ പേരിലായിരുന്നു ജപ്തി നടപടി. വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് പലിശ മാത്രം 1.2 കോടി രൂപയായി. ഇതറിഞ്ഞ സകര്‍ബെന്‍ ഞെട്ടിപ്പോയി. അവരുടെ ഭര്‍ത്താവിന്റെ മുഴുവന്‍ സമ്പാദ്യവും ചേര്‍ത്തുവെച്ചാണ് ഫ്‌ളാറ്റ് വാങ്ങിയത്. അതാണ് ജപ്തി ചെയ്യപ്പെടാന്‍ പോകുന്നത്.

ഈ ഫ്‌ളാറ്റ് വാങ്ങുന്നതിനു മുമ്പ് വായ്പയെടുക്കുന്നതിനുള്ള എന്‍.ഒ.സി. ഇടപാടുകാരിയായ സകര്‍ബെന്നിന് കെട്ടിട നിര്‍മ്മാതാവായ രമേഷ് സേത്ത് നല്‍കിയിരുന്നു. ഫ്‌ളാറ്റിനു മേല്‍ മറ്റു ബാദ്ധ്യതകളൊന്നുമില്ലെന്നും സേത്ത് എഴുതി നല്‍കി. അത്രമാത്രം വിശ്വസനീയമായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍. എന്നാല്‍, വായ്പയ്ക്കുള്ള ശ്രമം ഉപേക്ഷിച്ച സകര്‍ബെന്‍ പിന്നീട് ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ വിറ്റഴിച്ച് ആ പണമുയോഗിച്ച് ഫ്‌ളാറ്റ് വാങ്ങുകയായിരുന്നു. ബാങ്ക് വായ്പയ്ക്ക് ശ്രമിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ, സകര്‍ബെന്നിന് അന്നു തന്നെ തട്ടിപ്പ് മനസ്സിലാവുമായിരുന്നു എന്നര്‍ത്ഥം.

ജപ്തി ചെയ്യാന്‍ വന്ന ജി.ഐ.സി. ഹൗസിങ് ഫിനാന്‍സുകാര്‍ക്കു മുന്നില്‍ തീറാധാരം, രജിസ്‌ട്രേഷന്‍ പ്രമാണം, കെട്ടിട നിര്‍മ്മാതാവില്‍ നിന്നുള്ള വ്യവഹാര രേഖ എന്നിവയെല്ലാം സകര്‍ബെന്‍ ഹാജരാക്കിയെങ്കിലും വിലപ്പോയില്ല. 2015 ജനുവരി 6ന് തിലക് നഗര്‍ സ്‌റ്റേഷനില്‍ നിന്നുള്ള പൊലീസുകാരടക്കം 30 പേരടങ്ങുന്ന സംഘവുമായി കമ്പനി ഉദ്യോഗസ്ഥര്‍ ജ്പതിക്കുള്ള കോടതി ഉത്തരവ് നടപ്പാക്കാനെത്തി. മറ്റൊരു താമസസൗകര്യം കണ്ടെത്താന്‍ സാവകാശം നല്‍കണമെന്നുള്ള സകര്‍ബെന്നിന്റെ അപേക്ഷ അവര്‍ അന്നു തല്‍ക്കാലം അംഗീകരിച്ചു. ഇതിനു ശേഷം സകര്‍ബെന്‍ നേരിട്ട് രമേഷ് സേത്തിന്റെ സമീപിച്ചുവെങ്കിലും അദ്ദേഹം കൈമലര്‍ത്തി. സകര്‍ബെന്നിനെ ആട്ടിയോടിച്ചു എന്നു തന്നെ പറയാം. നീതി തേടി പല വാതിലുകളിലും അവര്‍ മുട്ടിയെങ്കിലും തുറന്നില്ല. മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ സകര്‍ബെന്‍ കോടതിയെ സമീപിക്കുകയും ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ സ്റ്റേ വാങ്ങുകയും ചെയ്തു.

ജപ്തിക്കാരുടെ ശല്യം തല്‍ക്കാലം ഒഴിവാക്കിയ ശേഷം നീതിക്കായുള്ള അവസാന ശ്രമം എന്ന നിലയിലാണ് 2015 ജനുവരി 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലേക്ക് കത്തെഴുതിയത്. ഈ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടപടിയുണ്ടായി. നാഷണല്‍ ഹൗസിങ് ബാങ്കിനോട് പി.എം.ഒ. വിശദീകരണം ചോദിച്ചു. എന്‍.എച്ച്.ബി. കൃത്യമായി തന്നെ വിശദീകരണം നല്‍കി -സകര്‍ബെന്‍ വായ്പയൊന്നും എടുത്തിട്ടില്ല, സേത്തിനാണ് വായ്പ നല്‍കിയത്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ സേത്ത് പിഴവ് വരുത്തിയതിനാല്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കിയിട്ടുണ്ടെന്നും വിശദീകരണമുണ്ടായി. അതോടെ സേത്തിനെതിരെ തട്ടിപ്പിന് നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Heera_Chairman
എ.അബ്ദുള്‍ റഷീദ് എന്ന ഡോ.എ.ആര്‍.ബാബു

മുംബൈയിലെ ഫ്‌ളാറ്റ് തട്ടിപ്പ് ഇത്ര വിശദമായി പറഞ്ഞതെന്തിനെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. ഇതൊക്കെ എന്ത്! ഇതിലും 200 മടങ്ങ് വലിയ തട്ടിപ്പ് കേരളത്തില്‍ നടന്നു. ആരും അറിഞ്ഞില്ല. മുംബൈയില്‍ രമേഷ് സേത്ത് പറ്റിച്ചത് സകര്‍ബെന്‍ എന്ന ഏക ഉപഭോക്താവിനെയാണ്. എന്നാല്‍, ഹീര ഹോംസിന്റെ എ.അബ്ദുള്‍ റഷീദ് എന്ന ഡോ.എ.ആര്‍.ബാബു തിരുവനന്തപുരത്ത് പറ്റിച്ചത് 194 ഉപഭോക്താക്കളെയാണ്. കേസ് രമേഷ് സേത്തിന്റേതു തന്നെ -ഉടമകള്‍ അറിയാതെ വായ്പയെടുത്തു. ഇതിനെത്തുടര്‍ന്ന് 194 ഫ്‌ളാറ്റുകള്‍ ജപ്തിഭീഷണി നേരിട്ടുന്നു. മുംബൈ കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെത്തുടര്‍ന്ന് രമേഷ് സേത്ത് അഴിയെണ്ണുമ്പോള്‍ ഇവിടെ ഹീര ബാബു മെഴ്‌സിഡസ് ബെന്‍സില്‍ വിലസി നടക്കുന്നു. നിര്‍മ്മാണ രംഗത്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഹീരയുടെ കിരീടത്തിലെ പൊന്‍തൂവല്‍!!!

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിലുള്ള രേഖ പ്രകാരം ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ വന്നത് 1991 ഫെബ്രുവരി 4നാണ്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളത്തിലല്ല, അങ്ങ് ഗോവയിലാണ്. ഗോവയില്‍ കൊണ്ടുപോയി കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത് എന്തിനാണെന്നു പറയേണ്ട കാര്യമില്ലല്ലോ! ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ U45201GA1991PTC001114, രജിസ്റ്റര്‍ നമ്പര്‍ 1114. രജിസ്റ്റര്‍ ചെയ്ത വിലാസം സിറ്റി സെന്റര്‍, 113 പാറ്റോ പ്ലാസ, പനാജി, ഗോവ -403001. ഹീര ബാബു എന്ന അബ്ദുള്‍ റഷീദ് അലിയാരുകുഞ്ഞ് മാനേജിങ് ഡയറക്ടറും ഭാര്യ സുനിത അബ്ദുള്‍ റഷീദ്, മക്കളായ സുബിന്‍ അബ്ദുള്‍ റഷീദ്, സുറുമി അബ്ദുള്‍ റഷീദ്, റെസ്വിന്‍ അബ്ദുള്‍ റഷീദ് എന്നിവര്‍ കമ്പനിയുടെ ഡയറക്ടര്‍മാരുമാണ്. കമ്പനികാര്യ മന്ത്രാലയത്തിലെ രേഖ പ്രകാരം കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ഏറ്റവുമൊടുവില്‍ നടന്നത് 2015 സെപ്റ്റംബര്‍ 28നും ബാലന്‍സ് ഷീറ്റ് ഒടുവില്‍ ഫയല്‍ ചെയ്തത് 2015 മാര്‍ച്ച് 31നുമാണ്.

HEERA LOGOCIN: U45201GA1991PTC001114
Company Name: HEERA CONSTRUCTION COMPANY PRIVATE LIMITED
Company Status: Active
RoC: RoC-Goa
Registration Number: 1114
Company Category: Company limited by Shares
Company Sub Category: Non-govt company
Class of Company: Private
Date of Incorporation: 4 February, 1991
Age of Company: 25 years, 10 months, 4 days
Authorised Capital: Rs.100,000,000
Paid up capital: Rs.79,999,904
Activity: Building of complete constructions or parts thereof; civil engineering

ഹീര ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നു പറയപ്പെടുന്നു. തിരുവനന്തപുരത്തെ പട്ടത്തുള്ള അറ്റ്‌മോസ്ഫിയര്‍ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ജഗതിയിലെ റിവര്‍ പാര്‍ക്ക് ഫ്‌ളാറ്റുകള്‍ ഇതുവരെ കൈമാറാനായില്ല. ശാസ്തമംഗലത്തെ സ്‌കൈ ഗോള്‍ഫ് പദ്ധതിയും വൈകുന്നു. വഴുതക്കാട്ടത്തെ പദ്ധതിയാണെങ്കില്‍ കേസില്‍ കുടുങ്ങുകയും ചെയ്തു. കാല്‍ നൂറ്റാണ്ടു കൊണ്ട് 213.22 കോടി രൂപയുടെ വായ്പാബാദ്ധ്യത ഹീരയ്ക്ക് വന്നിട്ടുണ്ട്. തവണകള്‍ വീഴ്ച വരുത്തിയതും അല്ലാത്തതുമായി 182.5 കോടി രൂപയുടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ ബാക്കിനില്‍ക്കുന്നു. ഇതില്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പയാണ് തട്ടിപ്പിന്റെ രൂപത്തിലേക്കു മാറിയിരിക്കുന്നത്. 2011ല്‍ 20 കോടി രൂപയും 2013ല്‍ 15 കോടി രൂപയുമാണ് കെ.എഫ്.സിയില്‍ നിന്ന് ഹീര വായ്പയെടുത്തത്. 20 കോടിയുടെ വായ്പയില്‍ 8,24,86,729 രൂപ മുതലും 2015 ഫെബ്രുവരി 1 മുതലുള്ള കൂട്ടുപലിശയും കുടിശ്ശികയുണ്ട്. ഇതിന്മേലാണ് റവന്യൂ റിക്കവറി നടപടികള്‍ക്കു തുടക്കമായിരിക്കുന്നത്.

LOCATION.jpeg

ഹീര സ്വിസ് ടൗണില്‍ 3 ബ്ലോക്കുകളിലായി 194 ഫ്‌ളാറ്റുകളാണുള്ളത്. ശാസ്തമംഗലം വില്ലേജില്‍ റിസര്‍വ്വേ ബ്ലോക്ക് നമ്പര്‍ 26, 35 എന്നിവയിലായി റിസര്‍വ്വേ നമ്പര്‍ 172, 173, 10 എന്നിവയിലായി കിടക്കുന്ന ഭൂമിയില്‍ പാര്‍പ്പിട സമുച്ചയം ഹീര കെട്ടിയുയര്‍ത്തി. എന്നാല്‍, ഈ 194 ഫ്‌ളാറ്റുടമകള്‍ക്കും തണ്ടപ്പേര്‍ രജിസ്‌ട്രേഷന്‍, പോക്കുവരവ്, വീട്ടുകരം ഒടുക്കല്‍ എന്നിവയൊന്നും നടത്താന്‍ നിര്‍വ്വാഹമില്ല. കാരണം, ഈ ഭൂമി പണയപ്പെടുത്തിയാണ് പ്രവര്‍ത്തന മൂലധനം ഹീര സ്വരൂപിച്ചത്.

swisstown
ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗണ്‍

ഹീര സ്വിസ് ടൗണിലെ ഭൂരിഭാഗം ഫ്‌ളാറ്റുടമകളും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഭവന വായ്പയെടുത്ത് കിടപ്പാടം തട്ടിക്കൂട്ടിയവരാണ്. ഫ്‌ളാറ്റ് നില്‍ക്കുന്ന ഭൂമിക്കു മേലുള്ള പാരി പാസ്സൂ അഥവാ സമവീതപ്രകാരം സംബന്ധിച്ച് ഫ്‌ളാറ്റുടമകള്‍ക്ക് ധാരണയുണ്ടായിരുന്നില്ല. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഈ ഉടമകള്‍ ഇപ്പോള്‍ ജപ്തി നേരിടുന്നു. ഹീര സ്വിസ് ടൗണ്‍ ഓണേഴ്‌സ് അസോസിയേഷന്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2 കോടി രൂപ കെ.എഫ്.സിക്ക് തിരിച്ചടയ്ക്കാന്‍ ഹീര തയ്യാറായെങ്കിലും റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെച്ചിട്ടില്ല. തങ്ങളുടേതല്ലാത്ത കുറ്റത്തിന് 194 ഉപഭോക്താക്കളുടെ മൗലീകാവകാശം സര്‍ക്കാര്‍ തടഞ്ഞുവെയ്ക്കുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളി പുറത്ത് പാറിപ്പറന്നു നടക്കുന്നു!

കെ.എഫ്.സി. വായ്പയെടുക്കാന്‍ ഹീര ബാബു, ഭാര്യ സുനിത, മക്കളായ സുബിന്‍, സുറുമി എന്നിവര്‍ ശാസ്തമംഗലം വില്ലേജിലെ തണ്ടപ്പേര്‍ നമ്പര്‍ 1552, ബ്ലോക്ക് നമ്പര്‍ 26, സര്‍വ്വേ നമ്പര്‍ 172ല്‍പ്പെട്ട 4.49 ആര്‍ ഭൂമിയും സര്‍വ്വേ നമ്പര്‍ 173ല്‍പ്പെട്ട 66.58 ആര്‍ സ്ഥലവും പണയപ്പെടുത്തി. ഇതാണ് ഹീര സ്വിസ് ടൗണ്‍ നില്‍ക്കുന്ന സ്ഥലം. ഈ പണയമുതലിലേക്ക് 5 പേരുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നതായി റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ പിന്നീട് കണ്ടെത്തി! സ്വിസ് ടൗണിലെ ഫ്‌ളാറ്റുടമകളില്‍ എങ്ങനെയോ വിജയകരമായി തണ്ടപ്പേര്‍ രജിസ്‌ട്രേഷന്‍ നടത്തിയെടുത്തവരാണ് ഈ പുതിയ 5 പേരുകാര്‍. ഇനി മേലില്‍ ബന്ധപ്പെട്ട സര്‍വ്വേയില്‍പ്പെട്ട പുരയിടത്തില്‍ മറ്റു കൂട്ടിച്ചേര്‍ക്കലുകളോ ഇടപാടുകളോ നടത്തരുതെന്ന് റവന്യൂ റിക്കവറി വിഭാഗം ഉത്തരവിട്ടിരിക്കുകയാണ്. ഫ്‌ളാറ്റുടമകളുടെ കാര്യം സ്വാഹാ..

ഹീര നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പലതരം വാര്‍ത്തകള്‍ വരുന്നുണ്ട്. പക്ഷേ, അവര്‍ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങള്‍ എന്തുകൊണ്ടോ ഇതുവരെ പുറത്തുവന്നിട്ടില്ല. 30 കോടി രൂപയുടെ വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് ഹീര ഈടായി നല്‍കിയ വസ്തുവകകള്‍ ജപ്തി ചെയ്യാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് പത്രപ്പരസ്യം നല്‍കിയത് അടുത്തിടെയാണ്. 2 വായ്പകളിലായി പലിശ സഹിതം 31 കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. സമയത്തിനുള്ളില്‍ തുക അടയ്ക്കാത്തതിനാല്‍ പണയപ്പെടുത്തിയ വസ്തുവകകള്‍ ഒക്ടോബര്‍ 20 മുതല്‍ കൈവശമെടുത്തതായി ബാങ്കിന്റെ റിക്കവറി വിഭാഗം പരസ്യത്തിലൂടെ അറിയിക്കുകയായിരുന്നു.

heera-swiss-town.jpg

ഹീര സ്വിസ് ടൗണില്‍ ഫ്‌ളാറ്റ് വാങ്ങി കെണിയിലായവര്‍ തന്നെയാണ് ഈ തട്ടിപ്പിന്റെ വിവരം എന്നോടു പറഞ്ഞത്. കുറച്ചു നാളുകള്‍ക്കു മുമ്പ് കെ.ജി.എസ്. ഡെവലപ്പേഴ്‌സ് നടത്തിയ ഫ്‌ളാറ്റ് തട്ടിപ്പിനെക്കുറിച്ച് ഞാനെഴുതിയത് വായിച്ചപ്പോള്‍ അവര്‍ എന്നെ ബന്ധപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. പലരും അന്യനാട്ടില്‍ പോയിക്കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊടുത്തു വാങ്ങിയ പാര്‍പ്പിടമാണ്. അത് ജപ്തി ചെയ്യപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്റെ സഹായം അഭ്യര്‍ത്ഥിച്ചു. എനിക്കു ചെയ്യാന്‍ കഴിയുന്ന സഹായം ഇക്കാര്യം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ്. അതു ഞാന്‍ ചെയ്യുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ വിവരങ്ങള്‍ ശേഖരിച്ച് ക്രോഢീകരിച്ചത്. ജപ്തി നോട്ടീസിനെക്കുറിച്ചുള്ള വിവരം അന്വേഷിച്ചതിന്റെ പേരില്‍ത്തന്നെ പല ഫ്‌ളാറ്റുടമകള്‍ക്കും ഭീഷണി ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടത്രേ. ഈ തട്ടിപ്പ് പുറംലോകത്തെ അറിയിക്കണമെന്ന് ഉറപ്പിച്ചത് അതോടെയാണ്.

തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഹീര സ്വിസ് ടൗണിലെ താമസക്കാര്‍ക്ക് മുഴുവന്‍ അറിയുമോ എന്ന കാര്യം സംശയമാണ്. എനിക്കു നേരിട്ടുണ്ടായ ഒരനുഭവമാണ് സംശയത്തിനു കാരണം. അടുത്തിടെ എന്റെ ഒരു സുഹൃത്ത് ഇവിടെയൊരു ഫ്‌ളാറ്റ് നോക്കിയിരുന്നു. ഞാനും ഒപ്പം പോയി. മൂന്നാം നിലയിലുള്ള, 3 കിടപ്പുമുറികളുള്ള ഫര്‍ണിഷ് ചെയ്യാത്ത 1,570 ചതുരശ്ര അടി ഫ്‌ളാറ്റിന് 1.55 കോടി രൂപയാണ് അമേരിക്കയില്‍ ജോലി ചെയ്യുന്ന ഉടമ വില ആവശ്യപ്പെട്ടത്. വില യോജിക്കാനാവാത്തതിനാല്‍ ഇടപാട് നടന്നില്ല. വില സ്വീകാര്യമായിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടപാട് നടക്കുമായിരുന്നില്ലെന്ന് ജപ്തിയുടെ വിവരമറിഞ്ഞപ്പോള്‍ ബോദ്ധ്യമായി. അപ്പോള്‍ ഒരു സംശയം അവശേഷിക്കുന്നു -അമേരിക്കയിലെ ഫ്‌ളാറ്റുടമ വില്പനയ്ക്കു ശ്രമിച്ചത് ജപ്തിയുടെ വിവരം അറിയാതെയാണോ, അതോ ബോധപൂര്‍വ്വം പറ്റിക്കാന്‍ ശ്രമിച്ചതോ?

REF 3.jpg

ഒരാളുമായി നമ്മള്‍ ഒരു ഇടപാട് നടത്തുമ്പോള്‍ അതില്‍ പരസ്പര വിശ്വാസത്തിന്റെ അംശമുണ്ടാവും. ആ വിശ്വാസം തകര്‍ന്നാല്‍ ഇടപാട് തന്നെ അവതാളത്തിലാവും. ഒരു പ്രത്യേക വ്യക്തിക്കുണ്ടാവുന്ന വിശ്വാസത്തകര്‍ച്ച ചിലപ്പോള്‍ ആ വ്യക്തിക്ക് ബന്ധമുള്ള മേഖലയുടേതോ സമൂഹത്തിന്റേതോ മുഴുവനുമാകും. കെ.ജി.എസ്. ഡെവലപ്പേഴ്‌സ് നടത്തിയ തട്ടിപ്പ് തന്നെ നിര്‍മ്മാണ മേഖലയെ സംശയദൃഷ്ടിയില്‍ നിര്‍ത്തുന്നതിനു കാരണമായിട്ടുണ്ട്. അതിനു പിന്നാലെ ഇപ്പോള്‍ ഹീരയുടെ തട്ടിപ്പു കൂടിയാവുമ്പോള്‍ വിശ്വാസത്തകര്‍ച്ച പൂര്‍ണ്ണമാവുന്നു.

LATEST insights

TRENDING insights

1 COMMENT

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights