HomePOLITYIndia MODIfie...

India MODIfied

-

Reading Time: 7 minutes

ഇത്തവണ ബി.ജെ.പിക്ക് ഒരവസരം തരൂ എന്നായിരുന്നു 2014ലെ അഭ്യര്‍ത്ഥന. നരേന്ദ്ര മോദിയെ വികസനനായകനായി അവതരിപ്പിച്ചു. ദേശസ്‌നേഹം ഉണര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി -വിദേശ രാജ്യങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിച്ച് ഓരോ ഭാരതീയന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇട്ടുതരും എന്നിവ പോലെ. 2019ലെ അഭ്യര്‍ത്ഥന ഒരവസരം ‘കൂടി’ തരൂ എന്നായിരിക്കും. തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരം ചോദിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി

പൊതുതിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം. കൃത്യമായ ഒരു വിലയിരുത്തല്‍ ആവശ്യമില്ലേ? നാലര വര്‍ഷം കൊണ്ട് രാജ്യത്ത് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു എന്നു വിലയിരുത്തണ്ടേ? ബി.ജെ.പിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കണ്ടേ? Here is India MODIfied!!!

-ക്രിമിനലുകളെ രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലാതാക്കുമെന്ന് നരേന്ദ്ര മോദി തന്റെ ആദ്യ പാര്‍ലമെന്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. മോദിയുടെ മന്ത്രിമാരില്‍ മൂന്നിലൊന്നും ക്രിമിനല്‍ കേസ് ഉള്ളവര്‍.

-ഈ രാജ്യം പിറന്നുവീണ അന്നു മുതല്‍ വര്‍ഗ്ഗീയത എന്ന വിപത്ത് നമ്മെ പിന്തുടരുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ 4 വര്‍ഷത്തിനിടെ വര്‍ഗ്ഗീയത വല്ലാതെ വര്‍ദ്ധിച്ചു. മുമ്പ് കേട്ടിട്ടില്ലാത്ത വിധത്തില്‍ മതസമൂഹങ്ങള്‍ അകന്നു.

-ഗോമാംസത്തിന്റെ പേരില്‍ മനുഷ്യരെ അടിച്ചു കൊല്ലുന്ന വാര്‍ത്തകള്‍ സാധാരണയായി.

-ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന റെക്കോര്‍ഡും ഇതേസമയം ഇന്ത്യ നേടി. ബ്രസീലിനെയും ഓസ്‌ട്രേലിയയെയുമാണ് ഇന്ത്യ പിന്നിലാക്കിയത്. 368 കോടി ഡോളര്‍ ആണ് ഈ വകയില്‍ ഇന്ത്യയുടെ നേട്ടം. ബീഫ് കയറ്റുമതി തന്റെ ഹൃദയം തകര്‍ക്കുന്നു എന്ന് പ്രധാനമന്ത്രി ആവുന്നതിനു മുമ്പ് നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു.

-ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനം നേടിയ അല്ലാനാസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ഡയമണ്ട് അവാര്‍ഡ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചു.

-പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയപ്പോള്‍ മനുഷ്യര്‍ ശവം ചുമക്കുന്ന കാഴ്ച സാധാരണമായി.

നോട്ട് നിരോധനത്തിന്റെ ഫലമായി ബാങ്കിനു മുന്നിലുണ്ടായ തിരക്ക്

-നോട്ട് നിരോധന നാടകം നടത്തി ജനങ്ങളെ ദുരിതത്തിലാക്കി. പക്ഷേ, നിരോധിച്ച കറന്‍സി 99.3 ശതമാനവും തിരിച്ചെത്തിയതോടെ കള്ളപ്പണത്തിനെതിരെ എന്ന അവകാശവാദവുമായി സ്വീകരിച്ച നടപടി ദയനീയമായി പരാജയപ്പെട്ടുവെന്നു തെളിഞ്ഞു. നോട്ട് നിരോധനം എന്ന തീരുമാനത്തിലുപരി അതു നടപ്പാക്കിയതിലെ പാളിച്ചയും അഴിമതിയും തന്നെയാണ് പരാജയത്തിനു കാരണം.

-പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ചെലവ് 21,000 കോടി. ഇനി തിരിച്ചുവരാത്ത നോട്ട് വെറും 10,720 കോടി. 10,720 കോടി പിടിക്കാന്‍ 21,000 കോടി ചെലവിട്ടത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം.

-നോട്ട് നിരോധനത്തിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ച ഡിജിറ്റല്‍ പണമിടപാടുകള്‍ പൂര്‍ണ്ണമായി പാളി. റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് തെളിയിക്കുന്നത് വിപണിയിലെ നോട്ട് കൈമാറ്റം 37 ശതമാനം കൂടുകയാണുണ്ടായത് എന്നാണ്.

-രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 3 ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് നോട്ട് നിരോധനം വഴിവെച്ചു.

-’50 ദിവസങ്ങള്‍ക്കുള്ളില്‍ നോട്ട് നിരോധനം ശരിയാണെന്ന് തെളിയിക്കും, ഇല്ലെങ്കില്‍ എന്നെ ജീവനോടെ കത്തിക്കൂ’ എന്ന് വെല്ലുവിളിച്ച മോദി ആ 50 ദിവസങ്ങള്‍ക്കു ശേഷം ഇന്നുവരെ അക്കാര്യം മിണ്ടിയിട്ടില്ല. മിണ്ടാന്‍ പറ്റില്ല.

-വര്‍ഷാവര്‍ഷം 2 കോടി ജോലികള്‍ സൃഷ്ടിക്കുമെന്ന 2014ലെ വാഗ്ദാനം നടപ്പായില്ലെന്നു മാത്രമല്ല നോട്ട് നിരോധനത്തിന് ശേഷം മാത്രം 14 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

-ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത് ഷാ ഡയറക്ടര്‍ ആയ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം 5 ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിയെടുത്തത് 745.59 കോടിയുടെ നിരോധിത നോട്ടുകള്‍. ഏറ്റവും കൂടുതല്‍ നോട്ടുകള്‍ മാറ്റിക്കൊടുത്ത റെക്കോര്‍ഡ് ഈ ബാങ്കിന് സ്വന്തം.

-നബാര്‍ഡിന്റെ കണക്കനുസരിച്ച് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ഇടപാടുകാരില്‍ വെറും 0.09 ശതമാനം പേര്‍ മാത്രമാണ് 2.5 ലക്ഷമോ അതിനു മുകളിലോ നിക്ഷേപിച്ചത്. നോട്ട് നിരോധന സമയത്ത് അമിത് ഷാ സഹായിച്ച 0.09 ശതമാനം പേര്‍ ആരാണെന്ന വലിയ ചോദ്യം അവശേഷിക്കുന്നു. ഈ വലിയ തുക ഇവര്‍ എങ്ങനെ മാറ്റിയെടുത്തു എന്നതു സംബന്ധിച്ച് അന്വേഷണം നടക്കണമെങ്കില്‍ മറ്റാരെങ്കിലും അധികാരത്തിലേറണം.

-2012ല്‍ അമിത് ഷായുടെ ആസ്തി 1.90 കോടി രൂപ. 2017ല്‍ 19 കോടി രൂപ. വരുമാന സ്രോതസ്സ് എന്താണ് എന്ന് പരിശോധിക്കണ്ടേ?

ജയ് ഷായും അമിത് ഷായും നരേന്ദ്ര മോദിക്കൊപ്പം

-അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്ത് 16,000 മടങ്ങ് വര്‍ദ്ധിച്ചു.

-സ്വജനപക്ഷപാതം സര്‍വ്വസാധാരണമായി. യോഗാചാര്യനും നരേന്ദ്ര മോദിയുടെ അനുയായിയുമായ ബാബാ രാംദേവിന് 268 കോടി രൂപ വിലയുള്ള ഭൂമി 58 കോടി രൂപയ്ക്ക് നല്‍കിയത് ഉദാഹരണം.

-ജി.എസ്.ടി. എന്ന ഓമനപ്പേരുള്ള ചരക്കുസേവന നികുതി പരാജയപ്പെട്ടു. ഇതിന്റെ ഫലമായി തൊഴില്‍നഷ്ടമുണ്ടായത് 25 ലക്ഷം പേര്‍ക്ക്.

-ലോകത്തെ ഏറ്റവുമുയര്‍ന്ന ജി.എസ്.ടി. നിരക്ക് ഇന്ത്യയിലാണ്. ഏറ്റവും സങ്കീര്‍ണ്ണമായ 6 തരം നികുതിയും ഉയര്‍ന്ന നിരക്കും വ്യാപാരികള്‍ക്ക് തലവേദനയാവുന്നു. ഭരണത്തില്‍ വരുന്നതിനു മുന്‍പ് മോദി ഏറ്റവും കൂടുതല്‍ എതിര്‍ത്ത പദ്ധതിയാണിത്. ഭരണത്തില്‍ വന്നപ്പോള്‍ മലക്കം മറിഞ്ഞു.

-പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയില്‍. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നു.

-2008ലെ ആഗോള മാന്ദ്യത്തില്‍ പോലും പിടിച്ചു നിന്ന ഇന്ത്യയിലെ ബാങ്കുകള്‍ ഇക്കഴിഞ്ഞ പാദത്തില്‍ 44,000 കോടി രൂപ നഷ്ടത്തില്‍.

-റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 3 വര്‍ഷത്തിനിടെ 2.4 ലക്ഷം കോടി രൂപയുടെ വന്‍കിട കമ്പനി വായ്പകള്‍ എഴുതിത്തള്ളി.

-കിട്ടാക്കടം കാരണം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 7.31 ലക്ഷം കോടി കവിഞ്ഞു. ഇന്ത്യന്‍ ബാങ്കുകളുടെ ചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡാണ്.

-വിജയ് മല്യയും ലളിത് മോഡിയും ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്ത് വിലസുന്നു.

നീരവ് മോഡി

-ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് മോഡി 11,400 കോടി രൂപയുടെ വായ്പയെടുത്ത് വിദേശത്തേക്ക് കടന്നു. നീരവ് മോഡി മുങ്ങുന്നതിന് 2 വര്‍ഷം മുമ്പ് 2016ല്‍ തന്നെ എസ്.വി.ഹരിപ്രസാദ് എന്നയാൾ ഈ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ കത്തു നല്‍കിയിരുന്നു. എങ്കിലും 2018 ജനുവരിയില്‍ നരേന്ദ്ര മോദിയും പ്രമുഖ വ്യവസായികളും പങ്കെടുത്ത ചടങ്ങില്‍ പോലും നീരവ് മോഡി പങ്കെടുക്കുകയും പ്രധാനമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിയുടെ ഫണ്ട് ദാതാവായിരുന്നു നീരവ് മോഡി എന്ന് ശിവസേനയും സാക്ഷ്യപ്പെടുത്തുന്നു.

-100 ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരിച്ചെത്തിക്കും എന്ന 2014ലെ വാഗ്ദാനം 5 വര്‍ഷം തികയുമ്പോഴും എവിടെയും എത്തിയില്ല. ഇപ്പോള്‍ 2019ല്‍ നോക്കാം എന്നായിട്ടുണ്ട്.

-സ്വിസ് ബാങ്കിലെ കള്ളപ്പണത്തില്‍ 50 ശതമാനം വര്‍ദ്ധന എന്ന് 2018 ജൂണിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കള്ളപ്പണം തിരിച്ചു വരികയല്ല, കൂടുകയാണ് ചെയ്തത് എന്ന് ഇതില്‍ നിന്നു വ്യക്തം.

-അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയുമൊക്കെ വില കുറഞ്ഞുനില്‍ക്കുന്നു. എന്നാല്‍, ഇന്ത്യയിലെ വില സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഇതിന്റെ ലക്ഷ്യം ജനക്ഷേമമല്ല, റിലയന്‍സ് പോലുള്ള മുതലാളിമാരുടെ ക്ഷേമമാണെന്നു വ്യക്തം.

-ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ പെട്രോളിന്റെ കേന്ദ്ര നികുതി 200 ശതമാവും ഡീസലിന്റേത് 400 ശതമാനവും കൂട്ടി.

-പാചകവാതക വില സിലിണ്ടറിന് 800 കടന്നു. 2014നെ അപേക്ഷിച്ച് ഇരട്ടിവില!

-രൂപയുടെ മൂല്യം താഴ്ചയുടെ അഗാധ ഗര്‍ത്തങ്ങളില്‍. ഏഷ്യയില്‍ തന്നെ ഏറ്റവുമധികം വിലയിടിഞ്ഞത് ഇന്ത്യന്‍ കറന്‍സിക്ക്.

-ആധാര്‍ ചോര്‍ച്ചയിലൂടെ ജനങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ക്ക് സുരക്ഷയില്ലാതായി. ഭരണത്തില്‍ വരുന്നതിനു മുന്‍പ് നരേന്ദ്ര മോദി എതിര്‍ത്ത പദ്ധതിയായിരുന്നു ആധാര്‍. മലക്കം മറിച്ചിലിന്റെ മറ്റൊരുദാഹരണം.

-തീവണ്ടി യാത്രാ നിരക്ക് കുത്തനെ കൂട്ടി. 10 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും വര്‍ദ്ധന നിരക്കിലുണ്ടാവുന്നത്. മിനിമം ചാര്‍ജ് 5ല്‍ നിന്ന് ഇരട്ടിയാക്കി 10 രൂപ വരെ എത്തിച്ചു.

-തീവണ്ടി ചരക്ക് കൂലി 10 ശതമാനം കൂട്ടി.

-കാര്‍ഷികോത്പന്ന കയറ്റുമതിയില്‍ 900 കോടി ഡോളര്‍ ഇടിവ്.

-നരേന്ദ്ര മോദി ഭരണത്തില്‍ കര്‍ഷക ആത്മഹത്യ 40 ശതമാനം കൂടി. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരില്‍ തന്നെ 68 ശതമാനം പേരും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍.

-2014ന് മുമ്പ് കാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് 4.2 ശതമാനം ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 1.9 ശതമാനമായി ചുരുങ്ങി.

-പട്ടിണിപ്പട്ടികയില്‍ ഇന്ത്യയുടെ നില വളരെ മോശമായി. 119 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 100. അയല്‍രാജ്യങ്ങളായ ചൈന -29, നേപ്പാള്‍ -71, മ്യാന്മാര്‍ -77, ശ്രീലങ്ക -84, ബംഗ്ലാദേശ് -88 തുടങ്ങിയവ ഇന്ത്യയെക്കാള്‍ നില മെച്ചപ്പെടുത്തി. അഫ്ഗാനിസ്ഥാനുും പാകിസ്താനും മാത്രമാണ് അയല്‍രാജ്യങ്ങളില്‍ ഇന്ത്യയെക്കാള്‍ മോശം. അഭ്യന്തരകലഹവും യുദ്ധവും തകർത്ത ഇറാഖ് പോലും ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്, 78-ാം സ്ഥാനവുമായി.

-യു.പി.എ. സര്‍ക്കാരിന്റെ നിര്‍മല്‍ ഭാരത് അഭിയാന്‍ പേര് മാറ്റി ഇറക്കിയ സ്വച്ഛ് ഭാരതും പരാജയപ്പെട്ടു. സ്വച്ഛ് ഭാരതിന്റെ പേരില്‍ പണം പിഴിയാതെയും ബഹളം ഉണ്ടാക്കാതെയും യു.പി.എ. ഭരണത്തില്‍ ആദ്യ 4 വര്‍ഷം നിര്‍മ്മിച്ച ശൗചാലയങ്ങളുടെ എണ്ണം നോക്കണം. 2008-09ല്‍ 1.13 കോടി. 2009-10ല്‍ 1.24 കോടി. 2010-11ല്‍ 1.22 കോടി. 2011-12ല്‍ 88 ലക്ഷം. ഇതേ സ്ഥാനത്ത് സ്വച്ഛ് ഭാരത് അഭിയാന്റെ വെബ്‌സൈറ്റ് തന്നെ പറയുന്നത് ഇപ്പോഴും 50 ലക്ഷം ശൗചാലയങ്ങൾ പണിതു എന്നാണ്. എന്നാല്‍ 16,400 കോടി രൂപ ഈ പേരില്‍ ജനങ്ങളില്‍ നിന്ന് അധികം പിഴിഞ്ഞിട്ടുമുണ്ട്. പരസ്യത്തിന് 530 കോടി ചെലവിടുകയും ചെയ്തു.

റഫാൽ പോർവിമാനം

-റഫാല്‍ ഇടപാടിലെ അഴിമതി. ഖത്തര്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ ഒരു റഫാല്‍ വിമാനത്തിന്റെ വില 700 കോടി. അതേ വിമാനം മോദി സര്‍ക്കാര്‍ വാങ്ങിയത് 1,526 കോടി രൂപയ്ക്ക്. 126 വിമാനങ്ങള്‍ സാങ്കേതികവിദ്യ കൈമാറ്റമടക്കം ഒരെണ്ണത്തിന് 526 കോടി രൂപ നിരക്കില്‍ ഇന്ത്യക്കു നല്‍കാമെന്ന് യു.പി.എ. കാലത്ത് ധാരണയായിരുന്നു. അതു വെട്ടി 36 വിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് അനില്‍ അംബാനിയുടെ കമ്പനിയെ ഇടനിലക്കാരാക്കി ഇന്ത്യ വാങ്ങി.

-നേരിട്ടുള്ള വിദേശ നിക്ഷേപത്തെ വിദേശ രാജ്യങ്ങള്‍ക്ക് തീറെഴുതി കൊടുക്കല്‍ ആണെന്ന് 2012ല്‍ നരേന്ദ്ര മോദി പറഞ്ഞു. 2016 ല്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചു. മറ്റൊരു മലക്കം മറിച്ചില്‍.

-ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം 400 കോടി ഡോളറിന്റെ ഇടിവാണ് കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഉണ്ടായത്. മേക്ക് ഇന്‍ ഇന്ത്യ ആരെയും ആകര്‍ഷിച്ചില്ല എന്നാണ് ഇത് തെളിയിക്കുന്നത്. അതേ സമയം ചൈന കഴിഞ്ഞ അര്‍ദ്ധ പാദത്തില്‍ മാത്രം 3,700 കോടി ഡോളര്‍ ആകര്‍ഷിച്ചു കഴിഞ്ഞു.

-ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന് കൊട്ടിഗ്‌ഘോഷിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോ പോലും ഡിസൈന്‍ ചെയ്തത് വീഡന്‍ പ്ലസ് കെന്നഡി എന്ന വിദേശ പരസ്യ കമ്പനിയാണ് എന്നത് നാണക്കേടായി.

മേക്ക് ഇൻ ഇന്ത്യ ലോഗോ

-4 വര്‍ഷത്തിനിടെ അഥവാ 1,475 ദിവസങ്ങളില്‍ നരേന്ദ്ര മോദി 800 ദിവസങ്ങള്‍ റാലികള്‍ നടത്തി, 200 ദിവസങ്ങള്‍ വിദേശത്ത് ചെലവിട്ടു. പാര്‍ലമെന്റില്‍ എത്തിയത് വെറും 19 ദിവസങ്ങള്‍ മാത്രം.

-9 വര്‍ഷത്തിനിടെ ഡോ.മന്‍മോഹന്‍ സിങ് വിദേശ യാത്രകള്‍ക്കായി ചെലവിട്ടത് 642 കോടി. നരേന്ദ്ര മോദി ഈ ജൂലൈ വരെയുള്ള നാലേകാല്‍ വര്‍ഷം കൊണ്ട് ചെലവിട്ടത് 1,484 കോടി.

-2015 ല്‍ നരേന്ദ്ര മോദി ഒപ്പുവെച്ച കരാര്‍ പ്രകാരം ഇന്ത്യയുടെ 10,000 ഏക്കര്‍ ഭൂമി ബംഗ്ലാദേശിന് വിട്ടുകൊടുത്തപ്പോള്‍ ഇന്ത്യക്ക് തിരികെ കിട്ടിയത് 500 ഏക്കര്‍ ഭൂമി മാത്രം. ദുര്‍ബല രാജ്യമായ ബംഗ്ലാദേശിനു മുന്നില്‍ പോലും സമ്പൂര്‍ണ്ണ അടിയറവ് പറഞ്ഞ നയതന്ത്ര പരാജയം.

-രാജ്യ സുരക്ഷയിലും വന്‍വീഴ്ച. 2014 മുതല്‍ 3 വര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്മാരുടെ എണ്ണം 191 ആണ്. ഇത് യു.പി.എ. ഭരണകാലത്തേക്കാള്‍ 72 ശതമാനം കൂടുതലാണെന്ന് സൗത്ത് ഏഷ്യ ടെററിസ്റ്റ് പോര്‍ട്ടലിന്റെ കണക്കുകള്‍.

-ഭീകരാക്രമണങ്ങളില്‍ വര്‍ദ്ധന. ബി.ജെ.പി. ഭരണത്തില്‍ കശ്മീരില്‍ മാത്രമുണ്ടായ ഭീകരാക്രമണങ്ങളില്‍ 42 ശതമാനം വര്‍ദ്ധനയുണ്ടായി.

-കശ്മീരില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 37 ശതമാനം കൂടി.

-സ്ത്രീ സുരക്ഷയില്‍ വലിയ വീഴ്ചയാണ് ഇക്കാലത്ത് സംഭവിച്ചത്. 12 ശതമാനമാണ് ബലാത്സംഗം 2016ല്‍ മാത്രം കൂടിയത്. കാത്വയില്‍ 8 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതികളെ രക്ഷിക്കാന്‍ ബി.ജെ.പി. റാലി നടത്തുകയും ഉപരോധിക്കുകയും ചെയ്തു. ഉന്നാവോ ബലാത്സംഗ കേസില്‍ കുറ്റവാളിയായ ബി.ജെ.പി. എം.എല്‍.എയെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രാജ്യമൊട്ടാകെ ഉയര്‍ന്ന പ്രതിഷേധത്തില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പി. അയാളെ കൈവിട്ടു.

-നീതിന്യായ വ്യവസ്ഥയും അട്ടിമറിക്കപ്പെടുന്നു. മാലേഗാവ് ബോംബ് സ്‌ഫോടന കേസിലെ ദൃക്സാക്ഷി മൊഴികള്‍ കോടതിയില്‍ നിന്ന് കാണാതായി. 2012ലെ എസ്.ഐ.ടി. കോടതി വിധിയനുസരിച്ച് ഗുജറാത്ത് നരോദ്യ പാട്യ കേസില്‍ 28 വര്‍ഷത്തേക്ക് ശിക്ഷ വിധിക്കപ്പെട്ട മായ കോട്‌നിയെയും കൂട്ടാളികളെയും വെറുതെ വിട്ടു.

-ഗംഗ ശുദ്ധീകരണത്തിന് ചെലവിട്ടത് 7,000 കോടി. പക്ഷേ, ഗംഗ ഇന്നും മാലിന്യവാഹിനിയായി തുടരുന്നു.

മാലിന്യവാഹിനി ഗംഗ

-നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയില്‍.

-സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം 90 നഗരങ്ങള്‍ സ്മാര്‍ട്ടാക്കും എന്ന് പ്രഖ്യാപിച്ചു. പൂര്‍ത്തിയായത് 5 ശതമാനം മാത്രം.

-ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം അട്ടിമറിച്ചു. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് രണ്ടാംകിട പരിഗണന മാത്രം. നൂറ്റാണ്ടിലെ പ്രളയം നേരിടേണ്ടി വന്ന കേരളത്തോടുള്ള നിലപാട് ഉദാഹരണം. അയല്‍രാജ്യമായ നേപ്പാളിന് 6,000 കോടിയുടെ സഹായധനം പ്രഖ്യാപിച്ചപ്പോള്‍ പ്രളയം ബാധിച്ച കേരളത്തിന് വെറും 650 കോടി. ഐക്യരാഷ്ട്ര സഭയുടെയും വിദേശ രാജ്യങ്ങളുടെയും സഹായം തടയുകയും ചെയ്തു.

-രാജ്യത്തെ വികസന സൂചികയില്‍ ഒന്നാമത് നില്‍ക്കുന്നത് കേരളം. രണ്ടാമതുള്ളത് തമിഴ്‌നാട്. രണ്ടും ബി.ജെ.പി. ഇന്നുവരെ ഭരിക്കാത്ത സംസ്ഥാനങ്ങള്‍!

കൃത്യമായി വിലയിരുത്തി തീരുമാനമെടുക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ വോട്ടര്‍മാര്‍ക്കുണ്ട്. 2019 ലക്ഷ്യമിട്ട് വലിയ ഒരുക്കങ്ങള്‍ ബി.ജെ.പി. നടത്തിക്കൊണ്ടിരിക്കുന്നു. എതിര്‍സ്വരങ്ങള്‍ അടിച്ചമര്‍ത്തുന്നു. അഭിപ്രായം പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു. ബര്‍ഖാ ദത്തിനെ പോലൊരു മാധ്യമപ്രവര്‍ത്തകയോട് 2019 വരെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു. അടിച്ചമര്‍ത്തലും അട്ടിമറിയും ആസൂത്രണം ചെയ്യപ്പെടുന്നുവെങ്കില്‍ അത് ആത്മവിശ്വാസമില്ലായ്മയുടെ തെളിവാണ്. മേനി നടിക്കാന്‍ വലുതായൊന്നും കൈയിലില്ല എന്നര്‍ത്ഥം.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights