ഹൊ! ഈ പത്രക്കാരുടെ ഒരു കാര്യം.
ഞാന്‍ എന്തു ചെയ്യുന്നുവെന്ന് നോക്കിയിരിക്കുവാ.
ഫേസ്ബുക്കില്‍ എന്തെങ്കിലും കുത്തിക്കുറിച്ചാല്‍ അപ്പം എടുത്ത് അച്ചടിച്ചുകളയും.
എന്റെ ലേഖനം അങ്ങ് ഓസ്‌ട്രേലിയയില്‍ അച്ചടിക്കുന്ന പ്രസിദ്ധീകരണത്തില്‍ വരെ വന്നിരിക്കുന്നു.
പടവും അച്ചടിച്ചു വന്നിട്ടുണ്ട്.
നുമ്മ ഇമ്മിണി ബല്യ സംഭവാണ് കേട്ടാ…
ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് തിരുവനന്തപുരത്തെ പുലികളില്‍ ഒരാളായിരുന്നു തിരുവല്ലം ഭാസി. വെറും പുലിയല്ല, പുപ്പുലി. പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ഭാസിച്ചേട്ടനെ അറിയാം. കാരണം സീനിയര്‍ ജാഡയില്ലാതെ ഞങ്ങള്‍ പിള്ളേര്‍ സെറ്റുമായി കമ്പനിയടിച്ച ചുരുക്കം പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നും സ്വതന്ത്രമായ അഭിപ്രായപ്രകടനം പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരു മനുഷ്യസ്‌നേഹി. അന്ന് വലിയ കരുണാകര ഭക്തന്‍. ലീഡറുടെ സ്വന്തം ആള്‍. ഇന്നും കരുണാകര ഭക്തിക്കു കുറവില്ലെങ്കിലും ആ പാര്‍ട്ടിയോട് അത്ര പഥ്യമില്ല.
മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി കോഴിക്കോട്ടേക്ക് വണ്ടി കയറുമ്പോള്‍ നിറഞ്ഞ മനസ്സോടെ ആശംസകളര്‍പ്പിച്ച ഭാസിച്ചേട്ടനെ ഇന്നും ഓര്‍ക്കുന്നു. മറ്റു പല നഗരങ്ങളിലെയും സേവനത്തിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തുന്നത്. അപ്പോള്‍ ഭാസിച്ചേട്ടന്‍ ഇവിടെയില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു അദ്ദേഹം ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ അടുത്ത ആളാണെന്ന്. പിന്നീട് ഇവിടെയുണ്ടായ പല സംഭവങ്ങളിലും ഭാസിച്ചേട്ടന്റെ അസാന്നിദ്ധ്യം അനുഭവപ്പെട്ടു. ഭാസിക്കഥകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
ഭാസിച്ചേട്ടനെ ഞാന്‍ തിരിച്ചുപിടിക്കുന്നത് ഫേസ്ബുക്കിലാണ്. സുഹൃത്തുക്കളുടെ ബാഹുല്യം നിമിത്തം രണ്ട് അക്കൗണ്ടുകളുണ്ട്. പണ്ട് നമ്മള്‍ക്കിടയിലെന്ന പോലെ ഫേസ്ബുക്കിലും താരമാണ്. കേരളത്തില്‍ എന്തു നടന്നാലും ഭാസിച്ചേട്ടന്‍ ഫേസ്ബുക്കിലൂടെ ഇടപെട്ടളയും. ഞങ്ങള്‍ എന്തെഴുതിയാലും പ്രതികരിക്കും. ഭാസിച്ചേട്ടന്റെ സ്‌നേഹം ഞങ്ങളറിയുന്നത് ഈ പ്രതികരണങ്ങളിലൂടെയാണ്. ജെ.എന്‍.യു. വിഷയത്തില്‍ എന്റെ കുറിപ്പുകളൊക്കെ ശ്രദ്ധാപൂര്‍വ്വം വായിച്ച ഭാസിച്ചേട്ടന്‍ പ്രതികരിക്കുകയും ചിലതൊക്കെ ഷെയര്‍ ചെയ്യുകയുമുണ്ടായി.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഭാസിച്ചേട്ടന്റെ സന്ദേശം വന്നു: ജെ.എന്‍.യു. വിഷയത്തില്‍ എഴുതിയ കുറിപ്പ് ഈ ലക്കം ഇന്ത്യന്‍ മലയാളിയില്‍ പ്രിന്റ് എഡിഷനില്‍ ഉള്‍പ്പെടുത്തുകയാണ്.
എന്റെ മറുപടി: സന്തോഷം.
ഇന്ന് ഭാസിച്ചേട്ടന്‍ ഇന്ത്യന്‍ മലയാളിയുടെ പേജുകള്‍ അയച്ചുതന്നു.
ഒപ്പം ഈ സന്ദേശവുമുണ്ടായിരുന്നു: ലേ ഔട്ട് അത്ര ശരിയായില്ല. മാറ്റര്‍ കൂടിയത് കൊണ്ടാണ്. ആദ്യമായിട്ടാണ് ഇത്രയും വലിയൊരു മാറ്റര്‍ പ്രിന്റ് ചെയ്യുന്നത്. അതില്‍ ഒന്നും കളയാന്‍ ഇല്ലായിരുന്നു.
എന്നെക്കാള്‍ സീനിയറായ ഒരു പത്രപ്രവര്‍ത്തകന്‍ എന്നെക്കുറിച്ച് പറഞ്ഞ ഈ വാക്കുകള്‍ക്ക് -അതില്‍ ഒന്നും കളയാന്‍ ഇല്ലായിരുന്നു -അവാര്‍ഡിനേക്കാള്‍ വിലയുണ്ട്. അനിയന്മാരെ പ്രോത്സാഹിപ്പിക്കുന്നത് ഭാസിച്ചേട്ടന്‍ നിര്‍ത്തിയിട്ടില്ല. എന്റെ സമകാലികരായ ആര്‍.എസ്.വിമല്‍, ജോസ് മോത്ത, അരവിന്ദ് ശശി, കെ.ബി.ജയചന്ദ്രന്‍ എന്നിവരെല്ലാം തന്നെ അദ്ദേഹത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത പത്രപ്രവര്‍ത്തകരാണ്.
ഭാസിച്ചേട്ടാ.. എനിക്കു തരാനുദ്ദേശിക്കുന്ന “ഓസ്‌ട്രേലിയന്‍ ഡോളര്‍” ഫേസ്ബുക്കിലൂടെ അയച്ചു ബുദ്ധിമുട്ടേണ്ടതില്ല. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഞാന്‍ നേരിട്ടു വാങ്ങിക്കോളാം!!