ഡി.വൈ.എസ്.പി. പ്രമോദ് കുമാറും എ.എസ്.ഐ. വിനോദ് കുമാറും രണ്ടു ദിവസമായി ഒപ്പം തന്നെയുണ്ട്. ഊണിലും ഉറക്കത്തിലും ആ മുഖങ്ങൾ -അല്ല മുഖം, രണ്ടു പേർക്കും ഒരേ മുഖമാണ് -എന്നെ അസ്വസ്ഥനാക്കുന്നു. അടുത്ത കാലത്തൊന്നും എനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല.
പ്രമോദും വിനോദും യഥാർത്ഥ പൊലീസുകാരല്ല. ഇരട്ട എന്ന സിനിമയിലെ കഥാപാത്രങ്ങളാണ്. സിനിമകൾ ഞാൻ തിയേറ്ററിൽ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. അഥവാ എന്തെങ്കിലും വീട്ടിൽ കൊണ്ടു പോവുകയാണെങ്കിൽ അത് സിനിമാപ്പാട്ട് മാത്രമായിരിക്കും. എന്നാൽ ഇരട്ടയുടെ അവസ്ഥ അതല്ല. ജോജു എൻറെ കൂടെയിങ് പോന്നു. ജോജു പോന്നു എന്നു വെച്ചാൽ അദ്ദേഹം അവതരിപ്പിച്ച പ്രമോദും വിനോദും.
അത് എന്തുകൊണ്ടാണ് അങ്ങനെ എന്നു പറയാൻ നിർവ്വാഹമില്ല എന്നതാണ് സത്യം. കാരണം സിനിമ ഇനിയും കാണാത്തവരുടെ രസച്ചരട് പൊട്ടും. ക്ലൈമാക്സാണ് ഇരട്ടയുടെ ഹൈലൈറ്റ്. അതു കണ്ട് ഞാൻ മരവിച്ചിരുന്നു. സ്ക്രീനിൽ കണ്ട ആ സാഹചര്യം എനിക്ക് സങ്കല്പിക്കാൻ പോലുമാവുന്നതായിരുന്നില്ല. അതിനെക്കാളേറെ സങ്കീർണ്ണമായിരുന്നു.
കാണാൻ ഒരു പോലെയാണെന്നു പറഞ്ഞുവല്ലോ, പ്രമോദും വിനോദും ഇരട്ട സഹോദരങ്ങളാണ്. എന്നാൽ, സ്വഭാവം തീർത്തും വ്യത്യസ്തം. അത് അങ്ങനെ ആയല്ലേ പറ്റുള്ളൂ? അതാണല്ലോ സിനിമ.
വാഗമൺ പൊലീസ് സ്റ്റേഷനിൽ പട്ടാപ്പകൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുന്നു. ഇരട്ടകളിലൊരാളായ വിനോദാണ് മരിക്കുന്നത്. പ്രതികളെന്നു സംശയിക്കപ്പെടുന്നത് മൂന്നു പൊലീസുകാർ. മരണം പൊലീസ് സ്റ്റേഷനിൽ സംഭവിച്ചുവെന്നതിനാൽ കുറ്റവാളിയെ കണ്ടെത്താൻ നാലുപാടു നിന്നുമുള്ള ശക്തമായ സമ്മർദ്ദം. ആ മരണത്തിൻറെ കാരണം തേടിയുള്ള അന്വേഷണമാണ് ഇരട്ട എന്ന സിനിമ.
പക്ഷേ, ഇതൊരു കുറ്റാന്വേഷണ ചിത്രമല്ല. മരണകാരണവും അതിൻറെ ഉത്തരവാദിയെയും കണ്ടെത്താനുള്ള അന്വേഷണത്തിനിടെ കടന്നുവരുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. ഒരു ദിവസമാണ് കഥയുടെ കാലപരിധിയെങ്കിലും പ്രമോദിൻറെയും വിനോദിൻറെയും മുൻകാല ജീവിതവും അവരുടെ ബന്ധങ്ങളും പ്രാധാന്യത്തോടെ വന്നുപോകുന്നു. വിനോദിന്റെ കുത്തഴിഞ്ഞ ജീവിതത്തെ അയാൾ തന്നെ വിശേഷിപ്പിക്കുന്നത് അഴുക്ക് എന്നാണ്. അതേസമയം പ്രമോദിന്റെ ജീവിതത്തിലും താളപ്പിഴകൾ തന്നെയാണ്, വേറൊരു രീതിയിലാണെന്നു മാത്രം.
വിനോദിന് അയാളുടെ ചുറ്റുമുണ്ടായിരുന്നവരുമായുള്ള ബന്ധം സൂക്ഷ്മമായ അപഗ്രഥനത്തിന് വിധേയമാകുകയാണ് സിനിമയിൽ. ഈ അപഗ്രഥനത്തിനൊടുവിൽ മരണത്തിലേക്കു നയിച്ച കാരണം മറനീക്കി പുറത്തുവരുന്നു. വല്ലാത്തൊരു നടുക്കം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട് സിനിമ അവിടെ.
പതിയെയാണ് സിനിമ തുടങ്ങിയത്. ഇടയ്ക്കെപ്പഴോ അതിന് വേഗം കൂടി. ആ യാത്രയിൽ പ്രേക്ഷകനെ ഒപ്പം കൂട്ടുന്നതിൽ പുതുമുഖ സംവിധായകൻ രോഹിത് എം.ജി.കൃഷ്ണൻ വിജയിച്ചിട്ടുണ്ട്. സംവിധായകൻ തന്നെയാണ് തിരക്കഥാകൃത്തും. കൊലപാതകി ആരെന്നുള്ള സംശയം അവസാന നിമിഷം വരെ പ്രേക്ഷകനിൽ നിലനിർത്താൻ സാധിച്ചുവെന്നതാണ് സിനിമയുടെ പ്രധാന മികവ്. അസാധാരണവും അപ്രതീക്ഷിതവുമായ ക്ലൈമാക്സ് ഇരട്ടയെ വേറിട്ടു നിർത്തുന്നു. ആദ്യം കാണുമ്പോൾ വലിയ പ്രാധാന്യമില്ല എന്നു തോന്നിപ്പിക്കുന്ന ചില രംഗങ്ങൾ അവസാനം ഒരു ഇടിത്തീ പോലെ നമ്മുടെ മനസ്സിലേക്ക് ഇടിച്ചുകയറി വരികയാണ്. അവിടെ ഒരു തിരിഞ്ഞുനോട്ടത്തിന് പ്രേക്ഷകൻ നിർബന്ധിതനാവുന്നു. പ്രേക്ഷക മനസ്സിലേക്ക് തറച്ചുകയറുന്ന കഥ മനോഹരമായി പറഞ്ഞിരിക്കുന്നു.
അഭിനേതാക്കളെല്ലാം തങ്ങളുടെ വേഷം മികച്ചതാക്കിയിട്ടുണ്ട്. പക്ഷേ, ജോജു ജോർജ്ജിനെ എടുത്തുപറയേണ്ടി വരുന്നത് സ്വാഭാവികം മാത്രം. ജോസഫിലും നായാട്ടിലുമെല്ലാം അദ്ദേഹം പ്രകടിപ്പിച്ച കൈയടക്കത്തിന്റെ ഡബ്ൾ ഡോസാണ് ഇരട്ടയിൽ. പ്രമോദും വിനോദും കായികമായി ഏറ്റുമുട്ടുന്നില്ല, പക്ഷേ അവർ എല്ലായ്പ്പോഴും സംഘർഷത്തിലാണ്. ജോജുവിന്റെ മുഖഭാവങ്ങളിൽ ആ ഏറ്റുമുട്ടൽ പ്രകടമായിരുന്നു.
വിനോദിൽ ക്രൗര്യവും നിഗൂഢതയും പ്രതിഫലിപ്പിക്കുമ്പോൾ പ്രമോദിൽ സഹാനുഭൂതിയും നിസ്സഹായതയുമാണ്. വെറുപ്പും ക്രൂരതയും അനുകമ്പയും നിസ്സഹായതയും ഒരേ സമയം രണ്ടു മുഖങ്ങളിലായി സ്ക്രീനിൽ വന്നുപോകുന്നു. രൂപത്തിൽ അധികമൊന്നും മാറ്റമില്ലെങ്കിലും പെരുമാറ്റത്തിലെയും മുഖചലനങ്ങളിലെയും വ്യത്യസ്തത കൊണ്ട് ഇരു കഥാപാത്രങ്ങൾക്കും വേറിട്ട വ്യക്തിത്വം ജോജു പകർന്നിരിക്കുന്നു. ഒറ്റനോട്ടത്തില്‍ തന്നെ വേര്‍തിരിച്ചറിയാനാകും വിധമുള്ളതാണ് വിനോദിന്റെയും പ്രമോദിന്റെയും മാനറിസങ്ങള്‍. ഡയലോഗ് ഡെലിവറിയിൽ പോലും രണ്ടു വേഷങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ ജോജുവിന് സാധിച്ചിട്ടുണ്ട്. അഞ്ജലി, അഭിറാം, സാബുമോൻ, ശ്രീകാന്ത് മുരളി, ജയിംസ് ഏലിയ, ആര്യ സലിം, കിച്ചു ടെല്ലസ്, ശ്രിന്ദ അഷാബ്, ജിത്തു അഷ്റഫ് എന്നിവരെല്ലാം തന്നെ അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
സിനിമയുടെ കണ്ടിറങ്ങുമ്പോൾ രണ്ടു പ്രധാന കഥാപാത്രങ്ങളിൽ ഒരാളോട് നമുക്കു വെറുപ്പു തോന്നും മറ്റേയാളോട് സഹതാപവും. ആ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് ഒരേ നടൻ!! ജോജു ശരിക്കും അത്ഭുതപ്പെടുത്തി!!!