HomeJOURNALISMമടക്കയാത്ര

മടക്കയാത്ര

-

Reading Time: 3 minutes

കലാകൗമുദിയുടെ 2113-ാം ലക്കം ഇന്ന് പുറത്തിറങ്ങി. ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങളാണ് കവര്‍ സ്റ്റോറി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ ‘പ്രൈം ടൈമിലെ ഗ്ലാഡിയേറ്റര്‍’ എന്ന ലേഖനവും സി.എന്‍.എന്‍.-ഐ.ബി.എന്‍. മാനേജിങ് എഡിറ്റര്‍ ആര്‍.രാധാകൃഷ്ണന്‍ നായര്‍ ‘കാമ്പസിലേക്ക് നുഴഞ്ഞുകയറുന്ന സര്‍ക്കാര്‍’ എന്ന ലേഖനവും എഴുതിയിട്ടുണ്ട്.

Kalakaumudi 2113a

പ്രമുഖര്‍ക്കൊപ്പം ഈ പാവപ്പെട്ടവന്റെ ‘സ്‌നേഹവും ദ്രോഹവും’ എന്ന ലേഖനവും കലാകൗമുദി കവര്‍ സ്‌റ്റോറിയായി അച്ചടിമഷി പുരണ്ടിരിക്കുന്നു. കനയ്യ കുമാറിന്റെ ‘രാജ്യദ്രോഹ’ പ്രസംഗവും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

V S Syamlal-2a

കലാകൗമുദിയില്‍ എന്റെ ബൈലൈന്‍ അച്ചടിച്ചുവരുന്നത് ഏതാണ്ട് 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്. 1999 മെയിലാണ് ഇതിനു മുമ്പ് എന്റെ പേര് അച്ചടിച്ചുവന്നത് എന്നാണ് ഓര്‍മ്മ. 1999 ജൂണില്‍ ഞാന്‍ മാതൃഭൂമിയിലെത്തി.

1997 ഡിസംബറില്‍ കലാകൗമുദിയിലാണ് എന്റെ പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കൂടിയായിരുന്ന എന്‍.ആര്‍.എസ്.ബാബു സാറാണ് അന്ന് കലാകൗമുദി പത്രാധിപര്‍. സാറിന്റെ വിദ്യാര്‍ത്ഥി എന്ന നിലയിലായിരുന്നു പേട്ടയിലെ ഓഫീസില്‍ കടന്നുകയറ്റം.

അക്കാലത്ത് വാരികയുടെ താളില്‍ ഒരു ബൈലൈന്‍ അച്ചടിച്ചുകാണാന്‍ ഏറെ കൊതിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം അവിടെ ഉണ്ടായിരുന്ന കാലത്ത് ഒന്നിലേറെ തവണ ആഗ്രഹം സാധിച്ചിട്ടുണ്ടെങ്കിലും കവര്‍ സ്‌റ്റോറിയുടെ ഭാഗ്യമുണ്ടായില്ല. അതിനുള്ള വളര്‍ച്ച കൈവരിക്കാന്‍ 17 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഇന്നു രാവിലെ വാരിക വാങ്ങി തിടുക്കത്തില്‍ മറിച്ചു നോക്കിയപ്പോള്‍ കണ്ടു ‘നിരീക്ഷണം > വി.എസ്.ശ്യാംലാല്‍’. ഈ പ്രായത്തിലും തുള്ളിച്ചാടാന്‍ തോന്നി. വളരെ ശ്രമപ്പെട്ട് ആഗ്രഹം നിയന്ത്രിച്ചു. രാജ്യദ്രോഹിയെന്നു പലരും വിളിക്കുന്നുണ്ട്. ഇനി ഭ്രാന്തനെന്നു കൂടി വിളിക്കണ്ട!

ഓര്‍മ്മകളുടെ ഇരമ്പം. ആദ്യമായി കലാകൗമുദിയില്‍ ചെന്ന നിമിഷം ഇന്നും കണ്‍മുന്നിലുണ്ട്. പുറത്തുനിന്ന് റിസപ്ഷനിലെത്തി നേരെ കയറുന്നത് ബാബു സാറിന്റെ മുറിയിലാണ്. അവിടെ സാറിന്റെ മുന്നിലുള്ള കസേരകളിലൊന്നില്‍ അരച്ചന്തിയുറപ്പിച്ച് ഇരുന്നു. ‘അങ്ങകത്ത് ഇ.വി.ശ്രീധരനെന്നും കള്ളിക്കാട് രാമചന്ദ്രനെന്നും പേരുള്ള രണ്ടു കൊമ്പന്മാര്‍ ഇരിപ്പുണ്ട്. അവരുടെ ഇടയില്‍ ഒരു കസേര കാണും. അവിടെപ്പോയിരുന്നോ. പിന്നെ അവിടെ വെറുതെയിരുന്നു കളയരുത്. ഇടയ്ക്കിങ്ങോട്ടൊക്കെ വരണം. ജോലിയുണ്ട്’ – ഇത്രയും പറഞ്ഞ ശേഷം എന്നെ അപ്പോള്‍ അവിടെയുണ്ടായിരുന്ന അസിസ്റ്റന്റിനെ ഏല്പിച്ചു. പിന്നീട് അമൃതയിലെ ‘നാടകമേ ഉലകം’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഡോ.ടി.കെ.സന്തോഷ് കുമാറായിരുന്നു ആ അസിസ്റ്റന്റ്.

കള്ളിക്കാട് സാറും ഇ.വി. സാറും നിറഞ്ഞ സ്‌നേഹത്തോടെ സ്വീകരിച്ചു. മറ്റൊരാള്‍ കൂടി അവിടെ ഉണ്ടായിരുന്നു -ഒരു ജ്യേഷ്ഠനെപ്പോലെ കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ച ആര്‍.വേണുഗോപാല്‍. അദ്ദേഹം ഇപ്പോള്‍ പി.ആര്‍.ഡിയിലാണ്. എന്റെ ഇരിപ്പിടത്തിന് തൊട്ടടുത്താണ് വെള്ളിനക്ഷത്രം ഡെസ്‌ക്. അവിടെ കലാകൗമുദിയുടെ ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പ്രസാദ് ലക്ഷ്മണ്‍ എന്ന പ്രസാദേട്ടനാണ് സാമന്തരാജാവ്. കൂടെ ബീനാരഞ്ജിനി എന്ന ബീനേച്ചിയും സിന്ധുച്ചേച്ചിയുമുണ്ട്.

വെള്ളിനക്ഷത്രം ലേഖകരാണെങ്കിലും വല്ലപ്പോഴും മാത്രം വന്നുപോകുന്ന പിറവന്തൂര്‍ സുരേഷേട്ടനോടും യേശുദാസ് വില്യം എന്ന യേശുവിനോടും വലിയ ആരാധനയായിരുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ എപ്പോള്‍ വേണമെങ്കിലും വിളിക്കാനും ചെന്നു കാണാനും ശേഷിയുള്ള വലിയ ആളുകള്‍!! ഒരു സിനിമ വിജയിക്കുമോ പരാജയപ്പെടുമോ എന്നൊക്കെ ഇവര്‍ നിഷ്പ്രയാസം പറഞ്ഞുകളയും. അതൊക്കെ പിന്നീട് ശരിയാവുകയും ചെയ്യും.

അന്ന് കേരള കൗമുദിയും കലാകൗമുദിയുമെല്ലാം ഒരുമിച്ചാണ്. വലിയ ശരീരമുള്ള, നിറയെ സ്‌നേഹമുള്ള, ഉച്ചത്തില്‍ ചിരിക്കുന്ന എം.എസ്.മണി സാറാണ് എല്ലാത്തിന്റെയും രാജാവ് -സര്‍വ്വശക്തനായ ചീഫ് എഡിറ്റര്‍. ബാബു സാറിന്റെ മുറിയില്‍ നിന്ന് ചീഫിന്റെ മുറിയിലേക്ക് ഒരു വാതിലുണ്ട്. ഇടയ്ക്ക് ആ വാതില്‍ തുറന്ന്, ഒരു തല മാത്രം അകത്തേക്കിട്ട്, എന്റെ പത്രാധിപര്‍ ആശയവിനിമയം നടത്തുമ്പോഴാണ് ഒരു മിന്നായം പോലെ ചീഫിനെ കണ്ടിട്ടുള്ളത്. ഇടയ്ക്ക് ഉച്ചത്തിലുള്ള ചിരിയുടെ പ്രതിധ്വനിയിലൂടെ മുഖ്യപത്രാധിപരുടെ സാന്നിദ്ധ്യം ഞാനറിഞ്ഞു. ചീഫിനെ മുഖാമുഖം വരാതിരിക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിച്ചു. കാരണം തുടക്കക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം അത്രമാത്രം ഉയരങ്ങളിലായിരുന്നു മണി സാര്‍ അന്ന്. ഇന്നും അങ്ങനെ തന്നെ.

Kanhaiya Kumar1

മണി സാറിന്റെ മകന്‍ എം.സുകുമാരന്‍ എന്ന ‘സുട്ടു’ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പ്രി ഡിഗ്രി പഠിച്ചിരുന്ന വേളയില്‍ എന്റെ ജൂനിയറാണ്. കോളേജ് യൂണിയന്‍ ഭാരവാഹിയും കുട്ടിനേതാവുമൊക്കെ ആയിരുന്ന ഞാന്‍ കോളേജില്‍ അല്പം പ്രശസ്തനായിരുന്നു. പക്ഷേ, പഴയ പരിചയം പുതുക്കാനൊന്നും കലാകൗമുദിയില്‍ ജോലി ചെയ്യുമ്പോള്‍ പോയിട്ടില്ല. ‘സുട്ടു’ ഇന്ന് കലാകൗമുദി പത്രാധിപരാണ്. ഇന്നും അദ്ദേഹവുമായി ബന്ധമില്ല.

പത്രപ്രവര്‍ത്തന പാഠങ്ങള്‍ മുഴുവന്‍ ഞാന്‍ സ്വായത്തമാക്കിയത് കലാകൗമുദിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ്. നല്ല പത്രപ്രവര്‍ത്തന രീതികള്‍ പഠിച്ചത് ബാബു സാര്‍ അടക്കമുള്ളവരില്‍ നിന്ന്. ഫോട്ടോ കമ്പോസിങ്ങിലെ രഞ്ജിത്, ജോഷി എന്നിവരില്‍ നിന്ന് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ പഠിച്ചു. കേരളകൗമുദി ഫോട്ടോഗ്രാഫര്‍മാരായിരുന്ന ശങ്കരന്‍കുട്ടിയേട്ടന്‍, റാമേട്ടന്‍ എന്നിവരില്‍ നിന്ന് അല്പം ‘പടംപിടിത്തം’ പഠിച്ചു. കരുത്തന്മാര്‍ നിറഞ്ഞതായിരുന്നു അന്നത്തെ കേരള കൗമുദി ബ്യൂറോ. എം.എം.സുബൈര്‍, കെ.ബാലചന്ദ്രന്‍, എം.ബി.സന്തോഷ്, വി.എസ്.രാജേഷ്. പ്രസന്നകുമാര്‍ തുടങ്ങിയവരൊക്കെ വാര്‍ത്തകള്‍ അമ്മാനമാടുന്നത് ഫോട്ടോകമ്പോസിങ് വാതില്‍ക്കല്‍ നിന്ന് കൗതുകത്തോടെ നോക്കിയിട്ടുണ്ട്.

മാതൃഭൂമിയില്‍ ടെസ്‌റ്റെഴുതാനും ഇന്റര്‍വ്യൂവിനു പോകാനും എന്നെ പ്രേരിപ്പിച്ചത് ബാബു സാര്‍ തന്നെയാണ്. അവിടെ ജോലി കിട്ടിയപ്പോള്‍ നിറഞ്ഞ സ്‌നേഹത്തോടെ അദ്ദേഹം അനുഗ്രഹിച്ചയച്ചു.

ഈ പഴയ ശിഷ്യന്റെ ബൈലൈന്‍ കലാകൗമുദിയില്‍ വീണ്ടും വന്നത് ബാബു സാര്‍ കണ്ടിട്ടുണ്ടാവും. ഒരു കാര്യം മാത്രം പറയാം. അവിടെ ബാബു സാറില്‍ നിന്നു പഠിച്ച ജേര്‍ണലിസം മാത്രമേ ഇന്നും എന്റെ കൈവശമുള്ളൂ. പത്രപ്രവര്‍ത്തനത്തില്‍ ശരിയെന്നു തോന്നുന്നത് ചെയ്യാന്‍ -അതാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും -ധൈര്യവും ശേഷിയും തന്നത് ആ സ്‌കൂളിലെ പരിശീലനമാണ്. പ്രസാദേട്ടന്‍ വിളിച്ച് ജെ.എന്‍.യു. പ്രശ്‌നത്തെക്കുറിച്ച് എഴുതണമെന്നു പറയുമ്പോള്‍, പിന്നീട് സെല്‍വരാജേട്ടന്‍ വിളിച്ച് ഡെഡ്‌ലൈന്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ – എനിക്ക് അത് ഇത്തരമൊരു വൈകാരിക നിമിഷമാണെന്ന് അവര്‍ അറിഞ്ഞിട്ടുണ്ടാവില്ല.

ഇതൊരു മടക്കയാത്രയാണ്. ജീവിതത്തില്‍ ഇത്തരം മടക്കയാത്രകള്‍ക്ക് അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ അവസരമുണ്ടാവൂ. അത്തരത്തില്‍ ഞാന്‍ ഭാഗ്യവാനാണ്…

 


കലാകൗമുദിയില്‍ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം
സ്‌നേഹവും ദ്രോഹവും
രാജ്യദ്രോഹികള്‍ ദേശഭക്തരായി

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights