മുതിര്‍ന്നവര്‍ ചലിക്കുന്ന പാതയില്‍ കുരുന്നുകള്‍ സഞ്ചരിക്കുകയാണ് പതിവ്. മുതിര്‍ന്നവര്‍ നല്ലതു ചെയ്താല്‍ കുരുന്നുകള്‍ അനുകരിക്കും, തെറ്റു ചെയ്താല്‍ അതും.
കണ്ണന്‍ എന്ന പ്രണവ് നായര്‍ എന്റെ മകനാണ്. ആപു എന്ന അദ്വൈത എന്റെ പ്രിയ കൂട്ടുകാരന്‍ വിമലിന്റെ മകളും. അത്ര പെട്ടെന്ന് ആരുമായും അടുക്കുന്ന പ്രകൃതമല്ല കണ്ണന്. അടുത്താല്‍പ്പിന്നെ വിടുകയുമില്ല. ആപുവും കണ്ണനും തമ്മിലുള്ള അടുത്ത ബന്ധം യാദൃശ്ചികമായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കൗതുകം തോന്നിയത് അതിനാലാണ്. കൂടെ മോഹന്റെ മകന്‍ ആദിത്യയുമുണ്ട്.
വി.എസ്.ശ്യാംലാല്‍ എന്ന ഞാന്‍ മാധ്യമപ്രവര്‍ത്തകനും ആര്‍.എസ്.വിമല്‍ എന്ന കൂട്ടുകാരന്‍ വലിയ സിനിമാ സംവിധായകനും ആവുന്നതിനു മുമ്പു തന്നെ തമ്മില്‍ ഉറ്റ ബന്ധമുണ്ട്. 19 വര്‍ഷം മുമ്പ് ജേര്‍ണലിസം ക്ലാസ് മുറിയില്‍ തുടങ്ങിയ ബന്ധം. സമാനസാഹചര്യങ്ങളില്‍ നിന്നു വന്നവരുടെ ജീവിതപോരാട്ടമായിരിക്കാം ഞങ്ങളെ അടുപ്പിച്ചത്.
ഇന്നലെ ഞങ്ങള്‍ കൂട്ടുകാര്‍ ഒത്തുചേര്‍ന്നു. വിമലിന്റെ ആദ്യ സിനിമ ‘എന്നു നിന്റെ മൊയ്തീന്‍’ വന്‍വിജയം നേടിയ പശ്ചാത്തലത്തിലായിരുന്നു ഒത്തുചേരല്‍. ഒരു സന്തോഷം പങ്കിടല്‍. കൂട്ടുകാരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ കുരുന്നുകളെക്കാള്‍ വലിയ ബഹളക്കാരായപ്പോള്‍ കുരുന്നുകള്‍ തങ്ങളുടേതായ ലോകം സൃഷ്ടിച്ചു.
ഒത്തുചേരലിന്റെ ഓര്‍മ്മ ചിത്രങ്ങളാക്കി മാറ്റിയിരുന്നു. ആ ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആപുവും കണ്ണനുമായുള്ള ആശയവിനിമയം ശ്രദ്ധിച്ചത്. അവിടെ ഞങ്ങളാരും ശ്രദ്ധിക്കാതിരുന്ന സ്‌നേഹം. അവരുടേതായ ലോകം. കണ്ണനും അവന്റെ ആപുച്ചേച്ചിയും മാത്രമുള്ള ലോകം. മോഹന്റെ മകന്‍ ആദിത്യയും സുധയുടെ മകന്‍ ഗിരിയുമെല്ലാം കണ്ണന്റെ എടുത്തുകൊണ്ടു നടക്കുന്നുണ്ടായിരുന്നു. കണ്ണനും സുധയുടെ ഇളയ മകന്‍ ആദിയും സമപ്രായക്കാരാണ്. അവര്‍ ഷേക്ഹാന്‍ഡ് കൊടുത്തു കളിക്കുന്നതു കണ്ടു. ദൗര്‍ഭാഗ്യവശാല്‍ ആ ദൃശ്യങ്ങള്‍ ചിത്രങ്ങളായി മാറിയില്ല.
അച്ഛന്മാരുടെ സൗഹൃദപാരമ്പര്യം മക്കള്‍ മുന്നോട്ടുനീക്കുന്നു. കണ്ണന്‍ സംസാരിച്ചു തുടങ്ങിയിട്ടില്ല. അവന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ‘കണ്ണന് ആപുച്ചേച്ചിയെ ഒത്തിരി ഇഷ്ടവാ’ എന്നു പറയുന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.
ഇതെഴുതുമ്പോള്‍ കണ്ണന്‍ അടുത്തുണ്ട്. ദേവു അവനോട് ‘അച്ഛന്‍ ആപുച്ചേച്ചിയെപ്പറ്റി എഴുതുകാ’ എന്നു പറഞ്ഞപ്പോള്‍ കണ്ണന്‍ അവ്യക്തമായ ശബ്ദത്തില്‍ പറഞ്ഞു -‘ആപുേേച്ചേച്ചീീീ’. നിറഞ്ഞ സന്തോഷം.
സൗഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ…