2016 മെയ് 12. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഭീതിയും സമ്മര്‍ദ്ദവും സമ്മാനിച്ച 2014 മെയ് 12 കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. പ്രണവ് നായര്‍ എന്ന ഞങ്ങളുടെ കണ്ണന് രണ്ടാം പിറന്നാള്‍.
കുഞ്ഞിന്റെ ജനനം സന്തോഷദായകമാണ്. പക്ഷേ, ജനിക്കാന്‍ നിശ്ചയിക്കപ്പെട്ട സമയത്തിനു മാസങ്ങള്‍ക്കു മുമ്പ് വെളിച്ചം കാണുന്ന കുഞ്ഞുങ്ങളുടെ കാര്യം അങ്ങനെയല്ല. ഞങ്ങളുടെ കണ്ണന്‍ അങ്ങനെ വന്നവനാണ്. ഈശ്വരാനുഗ്രഹവും അവന്റെ പോരാട്ടവീര്യവും ഞങ്ങളുടെ ഭാഗ്യമായി. ഇന്ന് അവന്‍ ഞങ്ങളുടെ വീടിന്റെ വിളക്ക്.
മഹാകുസൃതിയാണിവന്‍. കണ്ണൊന്നു തെറ്റിയാല്‍ എന്തൊക്കെയാണ് ഒപ്പിക്കുക എന്നു പറയാനാവില്ല. സംസാരം തുടങ്ങിയിട്ടില്ല. ഒന്നോ രണ്ടോ വാക്കുകള്‍ ഒപ്പിച്ചു പറയും. അതു തന്നെ മുതിര്‍ന്നവര്‍ പറയുന്നതിന്റെ ആവര്‍ത്തനം.
ഒന്നാം പിറന്നാള്‍ പോലെ ആയിരുന്നില്ല കണ്ണന് രണ്ടാം പിറന്നാള്‍. രാവിലെ അച്ഛച്ഛനെയും അച്ഛമ്മയെയും കാണാന്‍ കണ്ണന്‍ തറവാട്ടിലെത്തി. അവിടെ അവന്റെ അമ്പു ചേട്ടനുണ്ട്. എന്റെ അനുജന്റെ മകന്‍ ആശ്രയ്. ഇരുവരും ഒരുപോലെ സ്‌പൈഡര്‍മാന്‍ കുപ്പായമണിഞ്ഞ് ഓടിനടന്നു. അവര്‍ രണ്ടു പേര്‍ക്കു മാത്രമായി കേക്കു മുറിച്ചു. കുട്ടികളുടെ ചെറിയൊരാഘോഷം.
കണ്ണന്റെ പിറന്നാള്‍ പൊങ്ങച്ചത്തിന്റെ ആഘോഷമാവരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനാലാണ് അവന്റെ ഒന്നാം പിറന്നാള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ശിശുക്ഷേമ സമിതിയില്‍ ആഘോഷിച്ചത്. രണ്ടാം പിറന്നാളാഘോഷിച്ചതും അവിടെത്തന്നെ.
ഉച്ചയ്ക്ക് ശിശുക്ഷേമ സമിതിയില്‍ സദ്യയുണ്ണാനെത്തിയ കണ്ണന്‍ മുതിര്‍ന്നവരോട് അപരിചിതത്വം പ്രകടിപ്പിച്ചുവെങ്കിലും കുട്ടികളെ കണ്ടതോടെ കഥ മാറി. കഴിഞ്ഞ തവണ അവന്‍ എല്ലാം കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു. ഇത്തവണ കുറച്ചുകൂടി അറിവായതിനാലാവാം മറ്റു കുട്ടികളുമായി വേഗത്തില്‍ കൂട്ടായി. അവരുമായി കളിക്കാന്‍ കൂടി. പിറന്നാള്‍ സദ്യ ഉണ്ണാന്‍ മറ്റു കുട്ടികള്‍ക്കൊപ്പം തന്നെ അവനിരുന്നു. അമ്മയുടെ മടിയില്‍ അടങ്ങിയിരുന്ന് ഉണ്ണുന്ന അവനെക്കണ്ട് എനിക്ക് അത്ഭുതം തോന്നി, ഒരു മിനിറ്റ് ഒരിടത്ത് അടങ്ങിയിരിക്കാത്തവന്‍!
കൂട്ടുകാര്‍ക്കായി കൊണ്ടുപോയ കേക്ക് കണ്ണന്‍ മുറിച്ചു. കൂട്ടുകാര്‍ക്കും കൂട്ടുകാരികള്‍ക്കും അവന്‍ തന്നെ അതു നല്‍കി. മിഠായിയും കൊടുത്തു. അവസാനം പിരിയാറായപ്പോള്‍ കണ്ണനു ചെറിയ വിഷമം. മെറിന്‍, ആദിത്യ, ചലഞ്ച് തുടങ്ങിയവരെയൊക്കെ വിട്ടുവരാന്‍ മടി, വാശി. ഒടുവില്‍ ‘നാളെ വരാം’ എന്ന കള്ളം വേണ്ടി വന്നു അവനെ അവിടെ നിന്നിറക്കാന്‍.
കണ്ണന്റെ ഓരോ പിറന്നാളും അവന്റെ അച്ഛനമ്മമാര്‍ക്ക് പുതിയ തിരിച്ചറിവുകള്‍ നല്‍കുകയാണ്. നമ്മള്‍ മുതിര്‍ന്നവരുടെ സ്‌നേഹം എത്രമാത്രം കപടമാണെന്ന് ഈ കുരുന്നുകളെ കാണുമ്പോള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാകുന്നു. അവര്‍ക്ക് ജാതിയില്ല, മതമില്ല. ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. അവിടെ പണക്കാരനോ പാവപ്പെട്ടവനോ ഇല്ല. നിറയെ സ്‌നേഹം മാത്രം.
kuttikku ella aasamsakalum