ഉരുകിയൊലിക്കുന്ന ഉടലിന്റേ…
ഉള്ളിലിരിക്കുന്ന ഉയിരിന്റേ…
ഉന്മാദത്തായമ്പകയേ…താളം തായോ
പൊന്മായപ്പൊരുളേ നല്ലൊരീണം തായോ
കറയിലെ വരികള്‍ എന്നെ നേരത്തേ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രശാന്തുമായുള്ള നാടകചര്‍ച്ചയില്‍ കറ കടന്നുവന്നത് ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ്. ‘അത് ഒന്നുകൂടി ചെയ്യണം. ആ നാടകത്തിന് ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്’ -അന്ന് അദ്ദേഹം പറഞ്ഞു. ആ ചര്‍ച്ചയ്ക്കു ശേഷം ഊരുഭംഗം, മഹാസാഗരം, താജ്മഹല്‍ തുടങ്ങിയ നാടകങ്ങളുടെ പണിപ്പുരയിലേക്ക് പ്രശാന്ത് കടന്നു. ഇതില്‍ മഹാസാഗരം അരങ്ങിലെത്തി. പലയിടത്തും കളിച്ചു. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകത്തിലെ പ്രധാന ദേശീയ നാടകോത്സവമായ മൈസൂര്‍ ബഹുരൂപി ഫെസ്റ്റിവലിലും മഹാസാഗരം അരങ്ങേറി.
ബഹുരൂപി ഫെസ്റ്റിവലിന്റെ ആരവങ്ങള്‍ ഒഴിയുന്ന വേളയിലാണ് പ്രശാന്തിന്റെ സന്ദേശം വന്നത്. കറ അരങ്ങേറുന്നു. തിരുവനന്തപുരത്ത് സൂര്യ ഗണേശത്തിലാണ്. ഇത്ര പെട്ടെന്ന് നാടകം തയ്യാറായോ എന്ന സംശയം സ്വാഭാവികം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒറ്റയാള്‍ നാടകം സജ്ജീകരിക്കുക അത്രയെളുപ്പമല്ല തന്നെ. അപ്പോഴാണ് പ്രശാന്ത് പറഞ്ഞത് -‘നേരത്തേ ചെയ്തിട്ടുള്ളയാള്‍ തന്നെയാണ് ചെയ്യുന്നത്.’
2013ലാണ് പ്രശാന്ത് നാരായണന്റെ പേനയില്‍ കറ പിറക്കുന്നത്. 2014ല്‍ ഈ നാടകം അരങ്ങിലെത്തി. 2 വേദികളില്‍ മാത്രം കളിച്ച ശേഷം ഒതുക്കിവെച്ചു. കറയിലെ നങ്ങേലിയായി ഇപ്പോഴും അരങ്ങിലെത്തിയത് ആദ്യം ആ വേഷമണിഞ്ഞ തുഷാര നമ്പ്യാര്‍ തന്നെ. കണ്ണൂര്‍ കല്ല്യാശ്ശേരിക്കാരിയാണ് തുഷാര. അഭിനയം അഭിനിവേശമായ പെണ്‍കുട്ടി. ചില സിനിമകളൊക്കെ ചെയ്തിട്ടുണ്ട്. പന്ത് എന്ന സിനിമയിലെ നായികാവേഷവും ചെയ്തു.
ഒരു ഒറ്റയാള്‍ നാടകം ചെയ്യണമെന്നത് തുഷാരയുടെ മോഹമായിരുന്നു. അതിന് പറ്റിയ ഒരാളെ അന്വേഷിച്ചു നടക്കുകയായിരുന്ന അവര്‍ക്കു മുന്നില്‍ പ്രശാന്ത് നാരായണന്‍ എന്ന പേര് അവതരിപ്പിച്ചത് മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ചെറുമകന്‍ കലാമണ്ഡലം ഗോപാലകൃഷ്ണനാണ്. പ്രശാന്തിനെ കണ്ട തുഷാര ആവശ്യമുന്നയിച്ചു. ആവശ്യത്തിലെ ആത്മാര്‍ത്ഥത ബോദ്ധ്യപ്പെട്ടതിനാലാവണം, പ്രശാന്ത് സമ്മതിച്ചു. അങ്ങനെ കറ പിറന്നു.
ഏഴില്ലക്കാട്ടില്‍ കേറീ
തേന്മാവിന്‍ കൊമ്പുകുലുക്കീ
തേനുണ്ണും വണ്ടിനെ നോക്കി
പാടീലോ പാട്ട്…
മാമ്പൂക്കള്‍ വിരിഞ്ഞതു കണ്ട്
പൂത്തീടും കായ്ച്ചീടും ഞാന്‍
ഇലയൊന്നു നുള്ളിയൊടിച്ച്
ഇഴപിരിയും മുടിയില്‍ ചേര്‍ത്ത്
പാടീലോ പാട്ട്…
ഇപ്പോള്‍ പ്രശാന്ത് നാരായണന്‍ കളത്തിനു കീഴിലുള്ള കളം ആക്ടിങ് സ്‌കൂളിന്റെ ബാനറിലാണ് കറ വീണ്ടും അരങ്ങിലെത്തിയത്. കളം തിയേറ്റര്‍ ആന്‍ റെപട്രിയുടേതായി മഹാസാഗരത്തിനു ശേഷം അവതരിപ്പിക്കപ്പെടുന്ന രണ്ടാമത്തെ സൃഷ്ടി. നമ്മുടെ സാമൂഹികസാഹചര്യങ്ങള്‍ളില്‍ 2013നെ അപേക്ഷിച്ച് കൂടുതല്‍ പ്രസക്തി ഇപ്പോള്‍ കറ കൈവരിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരു വര്‍ഷം മുമ്പ് ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ എത്രയോ അധികം!
മനുഷ്യന്റെ മനസിലെ കറയളവു കൂടുംതോറും
ഉടുക്കുന്ന ചേലയിലും കറയടയാളങ്ങള്‍ വീഴും.
തെളിഞ്ഞ ചേലയ്ക്കകത്ത് ഒരു
കടുകുകറയുണ്ടായാലും മുഷിയും.
ഉടുചേല മുഷിഞ്ഞൊരു വിഴുപ്പായ് മാറും.
നാടോടി -ക്ലാസിക്കല്‍ തിയേറ്ററുകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ആധുനികതയുടെ ഭാവുകത്വം അന്വേഷിക്കുകയാണ് ഈ നാടകം. കറ ഒരു കെട്ടുകഥയാണ്. ഒരു നൂറ്റാണ്ടു മുന്‍പ് നിലമ്പൂരിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രചരിച്ചിരുന്ന ഒരു കെട്ടുകഥ. മണ്ണാത്തിപ്പുരയിലെ നങ്ങേലിയുടെ കഥ. നല്ല മാരനുപേക്ഷിച്ച മണ്ണാത്തിയില്‍ നാട്ടരചന്റെ ‘കൊതി’ അണപൊട്ടി.
അലക്കിനു വരുന്ന വിഴുപ്പുകള്‍ക്ക് ഭാഷയില്ല തമ്പ്രാ!
അതു കൊണ്ട് അവറ്റകള്‍ സംസാരിക്കുന്നത്
എനിക്ക് കേള്‍ക്കാം, തമ്പ്രാ!
ശബ്ദമില്ലാതെ ഞങ്ങളു പേശും,
ഓരോ ചേലയ്ക്കും ഓരോ കഥപ്പേച്ച്.
മണ്ണാത്തിയുടെ അഴകൊളിയില്‍ ഒളികണ്ണിട്ട തമ്പ്രാന്റെ കൊതി കുളിപ്പുരയുടെ ആത്മരതിയിലൊടുങ്ങി. നങ്ങേലി കിണറ്റില്‍ വീണ കഥ നാടറിഞ്ഞു. നീരൊഴുക്കു വറ്റിയ കിണറ്റിനകത്ത് നങ്ങേലി തന്റെ കുട്ടികളെപ്രതി തേങ്ങി. വട്ടവിരകളരിച്ചില്ല നങ്ങേലിയെ. പേച്ചറിവുവച്ചവള്‍ അലക്കിയ ചേലകളോടു സ്വന്തം കഥ പറഞ്ഞു. അവളോട് അവയും.
പൂമിപ്പൊതപ്പിന്റെ തുഞ്ചം പിടിച്ചേ
കീറീപ്പിടിച്ചു നടുക്കം നടിച്ചേ
മേലാക്കം വാരിപ്പുതച്ചു നടന്നേ
ചോര പൊടിഞ്ഞാകെത്താളം പടര്‍ന്നേ
കഥയ്ക്കറുതിയില്‍ മണ്ണാത്തി തിളച്ചുമറിഞ്ഞ് തേവിക്കോലമായി. കറപുരണ്ട വസനങ്ങളെക്കാള്‍ മാരകം കറപുരണ്ട മനസ്സുകളാണെന്ന് അവള്‍ക്കു വെളിപാടുറച്ചു. പൊയ്ക്കാലു കെട്ടി തീപ്പന്തം കാട്ടി കലിയാര്‍ത്തുനില്‍ക്കെ കിണര്‍തൈവതമായി മണ്ണാത്തിപ്പുരയിലെ നങ്ങേലി കുമിഞ്ഞുതുള്ളി.
ചോരതുപ്പും ഋതുക്കള്‍ ഉഷ്ണങ്ങളില്‍
വേര്‍പ്പുനീരില്‍ കലങ്ങിയ കുങ്കുമം
കാലമെന്നില്‍ വരയ്ക്കുന്ന മേഘങ്ങള്‍
പെയ്‌തൊഴിയാന്‍ തിരക്കുകൂട്ടുമ്പോഴും
ചിത്രശയ്യയില്‍ രസനയില്‍ ബുദ്ധിയില്‍
ചക്രവാളം വരച്ചിട്ട രേഖയില്‍
ചത്തുതൂങ്ങിക്കിടക്കുന്ന ചോദ്യങ്ങള്‍
എന്റെ കുഞ്ഞുങ്ങള്‍ ശരീരമാകാത്തവര്‍.
ഗര്‍ഭശാലയില്‍ ആഴങ്ങള്‍ ആലയി –
ലൂതിയൂറുന്ന ലോഹാബ്ധിബീജങ്ങ-
ളൂറിയൂറി പിടിക്കും ഞരമ്പുകള്‍
ഊതിയെന്നില്‍ കെടുത്തും വിളക്കുകള്‍.
ലാസ്യതാണ്ഡവ സമ്മേളനോജ്ജ്വലം
എന്റെ രാവിന്നുമര്‍ത്ഥങ്ങളായിരം.
ആദ്യമെന്റെ അകച്ചിന്തു കൊട്ടുന്ന
താളമായി പടരുന്ന താണ്ഡവം.
പിന്നെയെന്നില്‍ കയങ്ങള്‍ നിര്‍മ്മിക്കുന്ന
ലാസ്യമായി ജനിക്കുന്ന സ്പന്ദനം.
സ്പന്ദനങ്ങളില്‍ കേള്‍ക്കുന്നു രോദനം
എന്റെ കുഞ്ഞുങ്ങള്‍ പിറക്കാത്തയുണ്ണികള്‍!
എന്റെ സിരകളിലൂറും കരിമ്പിന്റെ
ഗന്ധമായി പിറക്കും കിടാങ്ങളേ!
അറിക നിങ്ങളെന്‍ മുല വരണ്ടുപോയ്!
തരികയാണെന്റെ രക്തവുംകൂടി ഞാന്‍!
ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള മഹാമൗനമുടച്ച് നങ്ങേലി ഉറഞ്ഞുതുള്ളുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാമോരോരുത്തരും അതുപോലെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയാണ് നാടകകാരന്‍ പറഞ്ഞുവെയ്ക്കുന്നത്. ക്രോധിക്കലും വെളിച്ചപ്പെടലും അനിവാര്യമാക്കുന്ന സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുവെന്ന് നാടകം അനുഭവിപ്പിക്കും.
അരങ്ങില്‍ തുഷാരയുടെ കൈകളില്‍ നങ്ങേലി ഭദ്രമായിരുന്നു. അരങ്ങിനു പിന്നില്‍ നിന്ന് തമ്പ്രാന്റെ സ്വരമായെത്തിയത് സംവിധായകന്റെ സ്വരം തന്നെ. അരങ്ങിലും പിന്നിലുമായുണ്ടായിരുന്ന ഇരുവരുടെയും ശബ്ദവിന്യാസത്തിലെ ടൈമിങ് അത്ഭുതപ്പെടുത്തി. കണ്ണന്‍ കാമിയോ ആയിരുന്നു ദീപവിതാനം. സംഗീതം വിശ്വജിത്ത്, സാബു തോമസ് എന്നിവരും സംഗീതപ്രയോഗം രാമദാസ് സോപാനവും നിര്‍വ്വഹിച്ചു. അരങ്ങു നിര്‍മ്മാണം, രംഗോപകരണങ്ങള്‍, രംഗവിധാന നിര്‍മ്മിതി എന്നിവ ബിനോവ് സോമരാജന്‍, റഫീഖ് പേരാമ്പ്ര എന്നിവരുടെ വകയായിരുന്നു. വസ്ത്രാലങ്കാരവും ചമയവും തുഷാര തന്നെ നിര്‍വ്വഹിച്ചു. നിർമ്മാണ നിയന്ത്രണം, ഏകോപനം, രംഗാധിപത്യം എന്നീ ചുമതലകൾ കല സാവിത്രിക്കായിരുന്നു. രചിതപാഠം, രംഗപാഠം എന്നിവ സംവിധായകന്‍ പ്രശാന്ത് നാരായണന്‍ വക.
നാടകങ്ങള്‍ അരങ്ങേറാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി എന്ന മനുഷ്യന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ പറയാതെ ഈ കുറിപ്പ് പൂര്‍ത്തിയാവില്ല. ചെറിയ ചെലവില്‍ നാടകം കളിക്കാനുള്ള സര്‍വ്വസന്നാഹങ്ങളും അദ്ദേഹം സൂര്യ ഗണേശത്തില്‍ ഒരുക്കിവെച്ചിട്ടുണ്ട്. കുറഞ്ഞപക്ഷം ശനിയാഴ്ചകളിലെങ്കിലും അവിടെ ഒരു നാടകം അരങ്ങേറാനുള്ള സാഹചര്യം നാടകപ്രവര്‍ത്തകര്‍ ഒരുക്കണം. നല്ല നാടകം കാണാന്‍ ആളുണ്ട്. ഇത് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് കറയുടെ അവതരണം.
കറയെ പിന്നിലുപേക്ഷിച്ച് ഗണേശത്തില്‍ നിന്നിറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴും നങ്ങേലിയുടെ പാട്ട് പിന്തുടരുന്നുണ്ടായിരുന്നു, അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട്.
എന്റെ കുഞ്ഞുങ്ങളെത്ര പേര്‍ ജീവിത-
പകലുതേടി പഴമയായ് തീര്‍ന്നവര്‍
അരികിലല്ലവര്‍ അകലത്തിലല്ലെന്റെ
കരളിലാണാ പിറക്കാത്തയുണ്ണികള്‍
ഉണര്‍വ്വിലല്ലെന്‍ ഉറക്കത്തിലെപ്പോഴും
പ്രകൃതി തേടി പകലായ് മരിച്ചവര്‍
അവരിലാണെന്റെ മജ്ജയും മാംസവും
മുറിവു വീണുണങ്ങാത്തൊരെന്‍ ഹൃദയവും…