ജന്മംകൊണ്ടേ ശപിക്കപ്പെട്ടവനായി, ജീവിതത്തിലുടനീളം തിരിച്ചടികളും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന വില്ലാളിവീരന്‍. എന്നിട്ടും എതിര്‍പക്ഷത്തുള്ളവരടക്കം ഏവരുടെയും ബഹുമാനം ഒടുവില്‍ പിടിച്ചുപറ്റിയവന്‍ -കര്‍ണന്‍.
മഹാരഥിയാണ് കര്‍ണന്‍. ഒരു പക്ഷേ, അര്‍ജുനനെക്കാള്‍ വലിയ വില്ലാളിവീരന്‍. മഹാഭാരതയുദ്ധത്തില്‍, ആയുധമേന്തി തേര്‍ത്തട്ടില്‍ നില്‍ക്കുന്ന കര്‍ണനെ തോല്‍പ്പിക്കാന്‍ തനിക്കുപോലും സാധ്യമല്ലെന്ന തിരിച്ചറിവ് ഭഗവാന്‍ ശ്രീകൃഷ്ണനുണ്ടായത് അതിനാലാണ്. തേര്‍ചക്രം പൊക്കുന്നതിനായി ആയുധമില്ലാതെ ഭൂമിയിലിറങ്ങി നില്‍ക്കുന്ന കര്‍ണനെ വധിക്കാന്‍ അര്‍ജുനനെ നിര്‍ബന്ധിക്കാന്‍ കൃഷ്ണനെ പ്രേരിപ്പിച്ചത് അതു തന്നെ. ആയുധം താഴെവെച്ചവനെ ആക്രമിക്കാന്‍ പാടില്ലെന്ന യുദ്ധനീതി പാലിക്കുന്നതിനായി തേര്‍ചക്രം ഉയര്‍ത്താന്‍ കര്‍ണനെ അനുവദിക്കുന്ന അര്‍ജുനനെ പാഞ്ചാലീ വസ്ത്രാക്ഷേപവും മറ്റ് കൗരവാധര്‍മങ്ങളും ഓര്‍മപ്പെടുത്തി കൃഷ്ണന്‍ കുപിതനും അക്രമോത്സുകനുമാക്കുന്നു, തന്റെ ലക്ഷ്യം നേടാന്‍. മഹാഭാരതത്തിലെ ഇത്തരം വഞ്ചനകളുടെ രൂപപരിണാമങ്ങള്‍ ഇന്നും ലോകത്ത് നടക്കുന്നു എന്നതിനാല്‍ കര്‍ണന്റെ കഥയ്ക്ക് പ്രസക്തിയേറെ.
സദാ ലോകസമാധാനം കാംക്ഷിക്കുന്ന കൃഷ്ണന്‍ പാണ്ഡവജ്യേഷ്ഠനാണ് താന്‍ എന്ന സത്യം യുധിഷ്ഠിരനോടു വെളിപ്പെടുത്തി യുദ്ധമൊഴിവാക്കാന്‍ എന്തേ ശ്രമിച്ചില്ല എന്ന തികച്ചും അനിവാര്യമായ ചിന്ത അന്ത്യംവരെ കര്‍ണനെ വേട്ടയാടുന്നുണ്ട്. എന്നാല്‍, ഒരിക്കല്‍പോലും അതെക്കുറിച്ച് വിലപിക്കുന്ന തരത്തില്‍ ഈ മഹാവീരന്‍ അധഃപതിക്കുന്നില്ല. ഒരു ദൂതന്‍ എന്ന നിലയ്ക്ക് കൃഷ്ണന്‍ നിര്‍വഹിക്കുന്നത് തികച്ചും നിഷ്‌കാമമായ ഒരു ദൗത്യമല്ലെന്ന് പൂര്‍ണബോധ്യമുണ്ടായിട്ടും കര്‍ണന് ശ്രീകൃഷ്ണനോട് ആദരവും സ്‌നേഹവും മാത്രമാണുള്ളത്. അര്‍ജുനശരമായ ആഞ്ജലികമേറ്റ് മരണംകാത്ത് രണഭൂമിയില്‍ വീണുകിടക്കുമ്പോഴും കര്‍ണന്റെ ചിന്താഗതി മാറുന്നില്ല. ഇതെല്ലാം കര്‍ണനെ അനശ്വരനാക്കുന്നു.
പല തരം വായനകള്‍ക്ക് വിധേയനായിട്ടുള്ള കഥാപാത്രമാണ് കര്‍ണന്‍. അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകള്‍ ഇനിയും വായിക്കാന്‍ സാദ്ധ്യത നല്‍കുന്നു. അത്തരത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു വായനയ്ക്ക് അരങ്ങൊരുങ്ങുകയാണ്, സിനിമാരൂപത്തില്‍. വായനയും വ്യാഖ്യാനവും നിര്‍വ്വഹിക്കുന്നത് ആര്‍.എസ്.വിമല്‍ ആകുമ്പോള്‍ പ്രതീക്ഷകള്‍ വലുതാകുന്നു. ഇതിഹാസ കഥാപാത്ര രൂപത്തില്‍ പൃഥ്വിരാജ് ഒരിക്കല്‍ക്കൂടി വിമലിനൊപ്പം ചേരുന്നുണ്ട്. മഹാഭാരതം പോലെ തന്നെ ബൃഹത്തായ ഒരു സിനിമയ്ക്കായുള്ള -കര്‍ണനായുള്ള -കാത്തിരിപ്പ് തുടങ്ങുകയായി…