HomeGOVERNANCEചീഫ് മിനിസ്റ്...

ചീഫ് മിനിസ്റ്ററെക്കാള്‍ വലുതോ ചീഫ് സെക്രട്ടറി?

-

Reading Time: 6 minutes

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ്. പരാജയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സി.പി.എം. നേതാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു. ഭരണമാറ്റം യാഥാര്‍ത്ഥ്യമായി. പക്ഷേ, ശരിക്കും ഭരണം മാറിയോ? വളരെ കുഴപ്പം പിടിച്ച ഒരു ചോദ്യമാണിത്.

vijayan.jpg

ഭരണമാറ്റം എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നത്? ഭരണതലപ്പത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ മാറ്റം മാത്രമാണ് ഒരു തിരഞ്ഞെടുപ്പ് വേളയില്‍ സംഭവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഭരണം നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥ നേതൃത്വം ഒരു മാറ്റവുമില്ലാതെ തുടരുന്നു. ജനങ്ങളോട് നേരിട്ട് ഉത്തരവാദിത്വമുള്ളത് രാഷ്ട്രീയ നേതൃത്വത്തിനു മാത്രമാണ്. അതിനാല്‍ അവര്‍ ജനപക്ഷത്തു നിന്നുള്ള തീരുമാനങ്ങളെടുക്കാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ ജനപക്ഷത്താണെന്നു വരുത്താനെങ്കിലും ശ്രമിക്കുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക് അത്തരത്തിലുള്ള ഒരു കെട്ടുപാടുകളുമില്ല. അവര്‍ തോന്നിയപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ആരു ഭരിച്ചാലും അവരുടെ രീതികള്‍ മാറുന്നില്ല, സ്വീകരിക്കുന്ന നടപടികള്‍ മാറുന്നില്ല, ദുഷ്‌ചെയ്തികളും മാറുന്നില്ല.

s-m-vijayanand
എസ്.എം.വിജയാനന്ദ്

ഉദ്യോഗസ്ഥരുടെ ശക്തിയെക്കുറിച്ച് അറിയാമെങ്കിലും അതിന്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് ഇപ്പോള്‍ ബോദ്ധ്യപ്പെടുന്നു. സര്‍വ്വശക്തനും ഉഗ്രപ്രതാപിയുമായ പിണറായി വിജയന്റെ താല്പര്യത്തിനു പോലും പുല്ലുവില കല്പിച്ചാണ് ഉദ്യോഗസ്ഥരുടെ കളി. യഥാര്‍ത്ഥത്തില്‍ കേരളം ഭരിക്കുന്നത് ചീഫ് മിനിസ്റ്റര്‍ പിണറായി വിജയനല്ല, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദാണ്. ഇല്ലെങ്കില്‍ ചീഫ് മിനിസ്റ്ററെ മറികടന്നുള്ള തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി എടുക്കില്ലല്ലോ. മുഖ്യമന്ത്രിയും മന്ത്രിമാരുമായി വരുന്നവര്‍ക്ക് നേതൃത്വപരമായ കഴിവുകളുണ്ടാവുമെങ്കിലും പലപ്പോഴും ഭരണപരമായ പരിചയം ഉണ്ടാവണമെന്നില്ല. ഈ സാഹചര്യത്തില്‍ പിഴവുകള്‍ ഒഴിവാക്കാന്‍ അവര്‍ ഉദ്യോഗസ്ഥരുടെ ഉപദേശം തേടാറുണ്ട്. ഈ ‘ഉപദേശി’ പദവിയാണ് പല ഉദ്യോഗസ്ഥരും വിദഗ്ദ്ധമായി ദുരുപയോഗം ചെയ്യുന്നത്. ഇത്തരത്തില്‍, പിണറായി വിജയനെ ഉപദേശിക്കുന്നു എന്ന വ്യാജേന വിജയാനന്ദ് ഗോപ്യമായി പണികള്‍ ഒപ്പിക്കുകയാണ്. മുഖ്യമന്ത്രി അറിയാത്തതാണോ, അദ്ദേഹത്തിന് നടപടിക്രമങ്ങളെക്കുറിച്ച് കാര്യമായി ബോദ്ധ്യമില്ലാത്തതാണോ, അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാണോ എന്നൊന്നും വ്യക്തമല്ല. പക്ഷേ, കുത്സിത പ്രവര്‍ത്തനങ്ങല്‍ സെക്രട്ടേറിയറ്റില്‍ തകൃതി.

ചീഫ് സെക്രട്ടറിയെക്കുറിച്ച് ഇത്തരമൊരു വിലയിരുത്തലിലേക്ക് ഇപ്പോള്‍ എത്തിയതിന് പ്രത്യേക കാരണമുണ്ട്. കേരളാ പോലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറിനെ എല്ലാവര്‍ക്കുമറിയാം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ കുപ്രസിദ്ധനായ ഉദ്യോഗസ്ഥന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും സര്‍വ്വീസ് ചട്ടം മറികടന്ന് പരസ്യമായി വിമര്‍ശിച്ചയാള്‍. എല്‍.ഡി.എഫ്. വന്നപാടെ പോലീസ് മേധാവിയുടെ കസേരയില്‍ നിന്ന് അദ്ദേഹത്തെ ചെവിക്കു പിടിച്ചിറക്കി വിട്ടു. സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചുവെങ്കിലും കേസ് തോറ്റു. ഇപ്പോള്‍ പോലീസുകാര്‍ക്ക് കെട്ടിടം വെച്ചുകൊടുക്കുന്ന കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറാക്കി മൂലയ്ക്കിരുത്തിയിരിക്കുകയാണ്. ആ നിയമനവുമായി യോജിക്കാനാവാത്തതിനാല്‍ സെന്‍കുമാര്‍ അവധിയിലുമാണ്. പിണറായി വിജയന്‍ അധികാരത്തിലുള്ള കാലത്തോളം മറ്റൊരിടത്തും സെന്‍കുമാറിന് നിയമനം കിട്ടില്ലെന്നും എല്ലാവര്‍ക്കുമറിയാം.

t-p-senkumar
ടി.പി.സെന്‍കുമാര്‍ 1983 ബാച്ച് ഐ.പി.എസ്. ജനനം: 10 ജൂണ്‍, 1957

പക്ഷേ, ഇതൊക്കെ തെറ്റിദ്ധാരണയാണെന്നറിയുക! പ്രതിമാസം 2,25,000 രൂപ ശമ്പളമുള്ള ഒരുയര്‍ന്ന തസ്തികയില്‍ സെന്‍കുമാറിന് നിയമനം ഉറപ്പായിരിക്കുന്നു, ഒരു കടമ്പ കൂടി കടന്നാല്‍. ഈ നിയമനത്തിന് ചുക്കാന്‍ പിടിച്ചത് ചീഫ് സെക്രട്ടറി. തസ്തിക ഏതെന്നല്ലേ, പറയാം -കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ എന്ന ‘കാറ്റ്’ അംഗം. പോലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയതിനെ ചോദ്യം ചെയ്ത് സെന്‍കുമാര്‍ കേന്ദ്ര ട്രൈബ്യൂണലിനെ സമീപിച്ചപ്പോള്‍ തങ്ങളുടെ നടപടി ന്യായീകരിച്ചുകൊണ്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമുണ്ട് -Senkumar is inefficient to hold the post of DGP. പോലീസ് മേധാവിയായിരിക്കാന്‍ സെന്‍കുമാറിന് കാര്യപ്രാപ്തിയില്ലെന്ന്. അങ്ങനെ പോലീസുകാരുടെ കാര്യം പോലും നോക്കിനടത്താന്‍ പ്രാപ്തിയില്ലാത്തയാളാണ് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രശ്‌നങ്ങളും പരാതികളും പരിശോധിച്ച് തീര്‍പ്പു കല്പിക്കുന്നത്. ന്താല്ലേ!!!

‘കാറ്റി’ല്‍ 2 ഒഴിവുകളാണ് നിലവിലുള്ളത്. ഇതിലേക്കു നിയമനത്തിനുള്ള ശുപാര്‍ശ സെലക്ട് കമ്മിറ്റി സര്‍ക്കാരിലേക്കു സമര്‍പ്പിക്കുമ്പോള്‍ 3 പേരുകളെങ്കിലും ഉള്‍പ്പെടുത്തണ്ടേ, ഒരു പേരിനെങ്കിലും? അതു വേണ്ട, ഞങ്ങള്‍ തീരുമാനിച്ചു തരുന്നത് അങ്ങ് അംഗീകരിച്ചാല്‍ മതിയെന്നാണോ? കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന മുന്നണികളോട് അടുപ്പവും വിധേയത്വവും പുലര്‍ത്തുന്ന ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുണ്ട്. ഇരു മുന്നണികള്‍ക്കുമിടയില്‍ വിദഗ്ദ്ധമായി കളിച്ചുനില്‍ക്കുന്നവരുമുണ്ട്. എന്നാല്‍, എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു നടക്കുന്ന ‘കാറ്റ്’ നിയമനത്തിനു പിന്നില്‍ കളിച്ചിരിക്കുന്നത് യു.ഡി.എഫ്. പക്ഷപാതികളായവര്‍ തന്നെയെന്ന് വ്യക്തം. അതിനുവേണ്ടി പുതിയ സര്‍ക്കാരിനെ വിദഗ്ദ്ധമായി കബളിപ്പിച്ചു. കരുക്കള്‍ നീക്കിയത് ചീഫ് സെക്രട്ടറി നേരിട്ട്. എല്‍.ഡി.എഫ്. ആയാലും യു.ഡി.എഫ്. ആയാലും നമ്മള്‍ ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാവേണ്ട കാര്യമില്ല.. പക്ഷേ, വഴിവിട്ട ലക്ഷ്യം നേടാനായി നടത്തുന്ന കള്ളക്കളി എന്നും കള്ളക്കളി തന്നെയാണ്.

v-somasundaran
വി.സോമസുനന്ദരന്‍ 1979 ബാച്ച് ഐ.എ.എസ്. ജനനം: 27 മെയ്, 1956

ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ളതാണ് ‘കാറ്റ്’ അംഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള സമിതി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, പി.എസ്.സി. ചെയര്‍മാന്‍, പി. ആന്‍ഡ് ആര്‍.ഡി. സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. ‘കാറ്റ്’ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ഇക്കുറി ശരവേഗത്തിലാണ് വിജയാനന്ദ് മുന്നോട്ടുനീക്കിയത്. സമയത്തിന്റെ വില അത്രമാത്രം വലുതായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഒരിടത്തും കുടുങ്ങാതെ മുന്നോട്ടു നീങ്ങുന്നുവെന്ന് അദ്ദേഹം നേരിട്ടുറപ്പാക്കി. എവിടെയൊക്കെ ഫയല്‍ കുടുങ്ങിയോ അവിടെയൊക്കെ നേരിട്ട് വിളി ചെന്നു. വളരെ തിടുക്കപ്പെട്ട് സെലക്ട് കമ്മിറ്റി യോഗം കഴിഞ്ഞ ശനിയാഴ്ച -ഒക്ടോബര്‍ 22ന്- ചേര്‍ന്നു. തീരുമാനവുമെടുത്തു. ഈ തിടുക്കം എന്തിനാണെന്ന സംശയം ‘കാറ്റി’ലും സെക്രട്ടേറിയറ്റിലും പലരും പ്രകടിപ്പിച്ചു. വെറുതെ ആയിരുന്നില്ല ആ തിടുക്കം.

ചീഫ് ജസ്റ്റീസ് മോഹന്‍ എം.ശാന്തനഗൗഡര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റീസ് ടി.ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് നിയമനം സംബന്ധിച്ച് പ്രത്യേക താല്പര്യമൊന്നും ഉണ്ടാവാനിടയില്ല. എന്നാല്‍, സമിതിയിലുള്ള മറ്റു 3 പേരും അങ്ങനെയല്ല. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ താല്പര്യം നടത്തിയെടുക്കാന്‍ മറ്റ് 2 പേരുടെ പിന്തുണ വേണം. ഒക്ടോബര്‍ 22 എന്ന തീയതിക്ക് പ്രാധാന്യം വരുന്നത് അവിടെയാണ്. പി.എസ്.സി. ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണനെ യു.ഡി.എഫ്. നിയമിച്ചതാണ്. അദ്ദേഹത്തിന്റെ കാലാവധി ഒക്ടോബര്‍ 30ന് അവസാനിക്കും. അതിനു ശേഷമാണ് യോഗം ചേരുന്നതെങ്കില്‍ എല്‍.ഡി.എഫ്. നിയമിച്ചിരിക്കുന്ന പുതിയ ചെയര്‍മാന്‍ എം.കെ.സക്കീറാണ് യോഗത്തിനെത്തുക. സെന്‍കുമാറിന്റെ കാര്യം സ്വാഹയാകും എന്നുറപ്പ്. ഇനി കമ്മിറ്റിയിലെ നാലാമന്‍. പി. ആന്‍ഡ് ആര്‍.ഡി. സെക്രട്ടറി സത്യജിത് രാജനാണ്. എന്നാല്‍ ഒക്ടോബര്‍ 27 വരെ അദ്ദേഹം അവധിയിലായിരുന്നു. പകരം ചുമതലക്കാരനായിരുന്നത് കെ.ആര്‍.ജ്യോതിലാല്‍. യു.ഡി.എഫ്. സര്‍ക്കാരിന്റെ വിശ്വസ്തന്‍ എന്ന നിലയില്‍ പൊതുഭരണ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നയാള്‍. സെന്‍കുമാറിന്റെ കാര്യം വരുമ്പോള്‍ സര്‍ക്കാരിന്റെ താല്പര്യക്കുറവ് വ്യക്തമായറിയാവുന്ന സത്യജിത് രാജന്‍ എതിരഭിപ്രായം പറഞ്ഞ് തന്റെ ഭാഗം ക്ലിയറാക്കാന്‍ ശ്രമിക്കും. ജ്യോതിലാല്‍ പറയില്ല. എങ്ങനുണ്ട് ബുദ്ധി!!

പി.മൈക്കല്‍ വേദ ശിരോമണി 1982 ബാച്ച് ഐ.എ.എസ്. ജനനം: 8 ഓഗസ്റ്റ്, 1953
പി.മൈക്കല്‍ വേദ ശിരോമണി 1982 ബാച്ച് ഐ.എ.എസ്. ജനനം: 8 ഓഗസ്റ്റ്, 1953

‘കാറ്റി’ലേക്ക് സെന്‍കുമാര്‍ അപേക്ഷിച്ചതു തന്നെ വിജയാനന്ദിന്റെ നിര്‍ദ്ദേശപ്രകാരമാണ്. അതിനാല്‍ത്തന്നെ അപേക്ഷ ‘കാറ്റി’ലെത്തിയത് ഏറ്റവും അവസാന നിമിഷത്തില്‍. 4 പേരായിരുന്നു അപേക്ഷകര്‍. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ വി.സോമസുന്ദരന്‍, പി.മൈക്കല്‍ വേദ ശിരോമണി, പോലീസ് ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എം.ഡിയായ ടി.പി.സെന്‍കുമാര്‍, ലോക് അദാലത്ത് അംഗമായിരുന്ന ഉണ്ണികൃഷ്ണപ്പണിക്കര്‍ എന്നിവരായിരുന്നു അപേക്ഷകര്‍. കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറിയുടേതിന് തത്തുല്യമായ തസ്തികയില്‍ 2 വര്‍ഷമോ അഡീഷണല്‍ സെക്രട്ടറിയുടേതിന് തുല്യമായ തസ്തികയില്‍ 5 വര്‍ഷമോ സേവനമനുഷ്ഠിച്ചിരിക്കണം എന്നതാണ് ‘കാറ്റ്’ അംഗത്വത്തിനുള്ള യോഗ്യത. ഈ യോഗ്യതയില്ലാത്ത ഉണ്ണികൃഷ്ണപ്പണിക്കര്‍ ആദ്യം തന്നെ പുറത്തായി. ബാക്കിയുള്ള 3 പേര്‍ക്കും അവശ്യയോഗ്യത ഉണ്ടായിരുന്നു. എന്നാല്‍, മൈക്കല്‍ വേദ ശിരോമണിയെ ബോധപൂര്‍വ്വം ശുപാര്‍ശ പട്ടികയ്ക്കു പുറത്താക്കി.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഘടന സംബന്ധിച്ച് 2012 ഫെബ്രുവരി 8ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. സെലക്ട് കമ്മിറ്റി സമര്‍പ്പിക്കുന്നത് സെലക്ഷന്‍ പട്ടികയല്ല, സെലക്ഷന്‍ ശുപാര്‍ശ മാത്രമാണ്. അതില്‍ നിന്ന് എത്ര ഒഴിവുകളുണ്ടോ, അവ മന്ത്രിസഭയ്ക്കു നികത്താം. ഒരു തസ്തികയിലേക്ക് ശുപാര്‍ശ എന്നു പറയുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ആളുണ്ടാവണം. ഇല്ലെങ്കില്‍ അത് അന്തിമ തിരഞ്ഞെടുപ്പാകും. 2 പേരെ നിശ്ചയിക്കാന്‍ 2 പേരുടെ മാത്രം ശുപാര്‍ശ മുന്നോട്ടുവെയ്ക്കുന്നത് എവിടത്തെ രീതിയാണെന്നു മനസ്സിലായില്ല. മൈക്കല്‍ വേദ ശിരോമണിയെ ശുപാര്‍ശയില്‍ വെട്ടിയത് വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമ്പോള്‍ സെന്‍കുമാര്‍ വെട്ടിപ്പോകാതിരിക്കാനാണെന്നു വ്യക്തം. 3 പേരുകള്‍ നല്‍കിയ 2 പേരെ തിരഞ്ഞെടുക്കാന്‍ പറയുമ്പോള്‍ പട്ടികയില്‍ ഒരാള്‍ സെന്‍കുമാര്‍ ആണെങ്കില്‍ കേരളത്തിലെ മുഴുവന്‍ മന്ത്രിമാരും ഒരേ സ്വരത്തില്‍ പറയും അതു വെട്ടാന്‍.

ഇവിടം കൊണ്ടും തീരുന്നില്ല. ‘കാറ്റ്’ അപേക്ഷകനായ സെന്‍കുമാറിന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിജയാനന്ദ് തന്നെയാണ്! തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ കാര്യപ്രാപ്തിയില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തിയ ഉദ്യോഗസ്ഥനാണ് ഈ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് എന്നോര്‍ക്കണം. 10 വര്‍ഷത്തെ കോണ്‍ഫിഡെന്‍ഷ്യല്‍ റിപ്പോര്‍ട്ട് അപേക്ഷകന്‍ ഹാജരാക്കണം. സെന്‍കുമാറിന്റെ കോണ്‍ഫിഡെന്‍ഷ്യല്‍ റിപ്പോര്‍ട്ട് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ കേസ് വേളയില്‍ സര്‍ക്കാര്‍ പരസ്യമായി വെളിപ്പെടുത്തിയതാണല്ലോ! കര്‍ത്തവ്യനിര്‍വ്വഹണത്തിലെ കാര്യപ്രാപ്തി ഇന്‍ഗ്രിറ്റിയുടെ ഭാഗമല്ല എന്നു തോന്നുന്നു!! അപേക്ഷകന് തിരഞ്ഞെടുപ്പ് നടത്തുന്നയാള്‍ തന്നെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുക! അതിന് അധികാരമുണ്ടോ ഇല്ലയോ എന്നതും സംശയാസ്പദമാണ്. പക്ഷേ, അതിലൊരു അധാര്‍മ്മികതയുണ്ട്. അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത് ബന്ധപ്പെട്ട വകുപ്പ് മേധാവി നല്‍കുന്ന ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ്. അങ്ങനെ വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവിയായ ലോകനാഥ് ബെഹ്‌റയല്ലേ? ബെഹ്‌റയെ മേധാവിയായി സെന്‍കുമാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇല്ലേ? എന്തിന് ചീഫ് സെക്രട്ടറി നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കി? ബെഹ്‌റയോ നെറ്റോയോ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മുഖ്യമന്ത്രി അതറിയും. അതിനാല്‍ ചീഫ് സെക്രട്ടറി നേരിട്ട് കാര്യമങ്ങ് കഴിച്ചു! ഒരാളെ വിളിച്ചുകൊണ്ടുവന്ന് അപേക്ഷ വാങ്ങി സര്‍ട്ടിഫിക്കറ്റും കൊടുത്ത് നിയമനം ഉറപ്പാക്കുക! തിരഞ്ഞെടുപ്പ് ശുപാര്‍ശയ്‌ക്കൊപ്പം ഈ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് പോകില്ലല്ലോ. സെന്‍കുമാറിന്റെ നിയമന ശുപാര്‍ശ മന്ത്രിസഭയ്ക്ക് തള്ളാന്‍ വകുപ്പുണ്ടോ? ഉണ്ട്. അതിനുള്ള നടപടിക്രമം പറഞ്ഞുകൊടുക്കേണ്ടത് ചീഫ് സെക്രട്ടറിയാണ് എന്നതാണ് പ്രശ്‌നം. അദ്ദേഹം അതു പറയുമോ എന്നത് വലിയ ചോദ്യമാണ്.

'കാറ്റ്' അംഗമാവാനുള്ള അപേക്ഷാ ഫോറത്തില്‍ വകുപ്പു മേധാവിയുടെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഭാഗം
‘കാറ്റ്’ അംഗമാവാനുള്ള അപേക്ഷാ ഫോറത്തില്‍ വകുപ്പു മേധാവിയുടെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഭാഗം

സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തിനായുള്ള സെലക്ട് കമ്മിറ്റിയുടെ നിര്‍ദ്ദേശം കേന്ദ്ര വിജ്ഞാപനമനുസരിച്ച് സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്കു വരണം. ഇതില്‍ നിന്ന് മന്ത്രിസഭ സ്വീകരിക്കുന്ന പേരുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കണം. ഗവര്‍ണര്‍ ഫയല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനയച്ച് അവിടെ നിന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെയാണ് സംസ്ഥാന ട്രൈബ്യൂണല്‍ നിയമനം നടത്തേണ്ടത്. ഇനി സര്‍ക്കാരിനു ചെയ്യാവുന്നത് സെന്‍കുമാറിന്റെ പേര് ഒഴിവാക്കി ഫയല്‍ ഗവര്‍ണര്‍ക്കയയ്ക്കാം. ഒരൊഴിവു കിടക്കുന്നതിനാല്‍ ചിലപ്പോള്‍ ഗവര്‍ണര്‍ ഫയല്‍ മടക്കും. അപ്പോള്‍ മന്ത്രിസഭ ഫയല്‍ വീണ്ടും സമര്‍പ്പിച്ചാല്‍ ഗവര്‍ണര്‍ അത് അംഗീകരിക്കേണ്ടി വരും. ഒരംഗത്തിനു വേണ്ടി പുതിയ വിജ്ഞാപനമിറക്കി നിയമനം നടത്താം. വേണമെങ്കില്‍ 2 ശുപാര്‍ശകളും മന്ത്രിസഭയ്ക്കു തള്ളാം. പക്ഷേ, അതു വിവാദമാകും. ബുദ്ധിമാനായ ചീഫ് സെക്രട്ടറി മന്ത്രിസഭ എന്ന കടമ്പ എങ്ങനെ മറികടക്കുന്നു എന്നാണ് ഇനി അറിയേണ്ടത്. സെന്‍കുമാറിനെ ഉന്തിത്തള്ളി ഇത്ര വരെയെത്തിച്ച വിജയാനന്ദ്, മന്ത്രിമാരെ പറ്റിക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടാവും!

KAT.jpg

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഈ നാടിന്റെ ശാപമാണ്. ശക്തനായ ജനകീയ ഭരണാധികാരിക്ക് ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താനുള്ള ഇച്ഛാശക്തിയുണ്ടാവും. പക്ഷേ, ആ ഇച്ഛാശക്തി പ്രകടിപ്പിക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ട നടപടി സ്വീകരിക്കുന്നു എന്നു മനസ്സിലാവണമല്ലോ! പിണറായി വിജയന്‍ ഈ തട്ടിപ്പുകള്‍ മനസ്സിലാക്കുന്നുണ്ടോ എന്ന വലിയ സംശയം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.

5 വര്‍ഷത്തിലൊരിക്കല്‍ എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി അധികാരത്തില്‍ വരുന്നതാണ് കേരളത്തിലെ രീതി. ഇതിലൊരു മാറ്റം സംബന്ധിച്ച് ചെറിയ സൂചനയെങ്കിലും വന്നത് 2 തവണ മാത്രം -1987ലെയും 1996ലെയും ഇ.കെ.നായനാര്‍ മന്ത്രിസഭകളുടെ കാലത്ത്. 1991ല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയ എല്‍.ഡി.എഫ്. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് തിരഞ്ഞെടുപ്പിനു പോയപ്പോള്‍ രാജീവ് ഗാന്ധിയുടെ ദാരുണമരണം സൃഷ്ടിച്ച സഹതാപതരംഗം തിരിച്ചടിയായി. കെ.കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. അധികാരത്തിലേറിയത് ഫലം. 1996ല്‍ നായനാര്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ ഭരണത്തെക്കുറിച്ച് ആദ്യ 4 വര്‍ഷവും നല്ല അഭിപ്രായമായിരുന്നു. എന്നാല്‍, അവസാന വര്‍ഷം എല്ലാം കുളമാക്കി. ഉത്തരവാദികള്‍ 2 പേര്‍ -പ്ലസ് ടു അഴിമതിയുടെ ഭൂതത്തെ കുടം തുറന്നുവിട്ട വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫും മോശം ധനകാര്യ മാനേജ്‌മെന്റിലൂടെ ട്രഷറി പൂട്ടല്‍ പതിവാക്കിയ ധനകാര്യ മന്ത്രി ടി.ശിവദാസ മേനോനും. ട്രഷറി സ്തംഭനത്തില്‍ മേനോനായിരുന്നില്ല യഥാര്‍ത്ഥ പ്രതി, അന്നത്തെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനോദ് റായിയുടെ ഉപദേശങ്ങളായിരുന്നു. വിനോദ് റായി പിന്നീട് ഡല്‍ഹിയില്‍ പോയി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലൊക്കെ ആയി വലിയ പുള്ളിയായി എന്നതു ശരി തന്നെ. പക്ഷേ, അന്നത്തെ ഇടതു തുടര്‍ച്ച തടഞ്ഞതില്‍ റായി വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ 2021ല്‍ കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനു സമ്മാനിക്കുക പ്രതിപക്ഷ നേതാവിന്റെ കസേരയായിരിക്കും. രാഷ്ട്രീയനേതൃത്വം മാത്രം വിചാരിച്ചാല്‍ സദ്ഭരണം സാദ്ധ്യമാവില്ല. ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തണം. ജനാധിപത്യമെന്നാല്‍ ഉദ്യോഗസ്ഥ ഭരണമല്ല. ഞങ്ങള്‍ ജനങ്ങള്‍ അതാഗ്രഹിക്കുന്നില്ല.

LATEST insights

TRENDING insights

2 COMMENTS

  1. Oru reedhiyilum ayale jeevikkan sammadhikkille?
    Probably Vijayananth knows Senkumar’s efficiency and the background plays for cornering him.
    Apart from his “commitments” with UDF government (essential if we consider the criticisms that Jacob George and R. Singh have faced), he was a proven IPS officer.
    How can he cornered as an inefficient officer all of sudden and almost end his service life?
    It is purely political or professional war.

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights