Reading Time: 7 minutes

ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ കെ.ജി.എസ്. ഗ്രൂപ്പ് കൊണ്ടുപിടിച്ച ശ്രമത്തിലാണ്. വിമാനത്താവള വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളി ആയിരുന്ന വ്യക്തിയാണ് ഇപ്പോഴത്തെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്നാല്‍, കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരില്‍ കെ.ജി.എസ്സിന് അനുകൂലമായൊരു ചാഞ്ചാട്ടം അടുത്തിടെ രൂപമെടുത്തിട്ടുണ്ട്. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നൊരു ചൊല്ലുണ്ടല്ലോ.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ കൊടിമരം എന്നൊരു പ്രശ്‌നം കിടക്കുന്നതിനാല്‍ കെ.ജി.എസ്സിനെ തുറന്ന് അനുകൂലിക്കാന്‍ കേന്ദ്രത്തിനൊരു മടി. അവര്‍ പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലേക്കു തട്ടി. വിമാനത്താവളം വേണമോ വേണ്ടയോ എന്ന അന്തിമനിലപാട് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവെ കഴിഞ്ഞ ദിവസം പറഞ്ഞത്. വിമാനത്താവള പദ്ധതി പ്രദേശം ആരുമറിയാതെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച ടീമില്‍പ്പെട്ടവരാണല്ലോ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്! അപ്പോള്‍പ്പിന്നെ കെ.ജി.എസ്. ഇവിടെ ശ്രമിക്കട്ടെ. കേരളത്തില്‍ നിന്നെല്ലാം ശരിയാക്കിക്കൊണ്ടു വന്നാല്‍ ബാക്കി കാര്യം തങ്ങള്‍ നോക്കിക്കൊള്ളാം എന്നാണ് കേന്ദ്ര പരിസ്ഥിതിക്കാരുടെ നിലപാട്. വിമാനത്താവളത്തിന് തത്ത്വത്തില്‍ നല്‍കിയ അംഗീകാരവും പദ്ധതി പ്രദേശം വ്യവസായ മേഖലയാക്കിയ വിജ്ഞാപനവും പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞെങ്കിലും പദ്ധതി വേണ്ട എന്ന കാര്യം ഇതുവരെ തീര്‍ത്തു പറഞ്ഞിട്ടില്ല. അങ്ങനെ പറയിക്കാതിരിക്കാന്‍ കെ.ജി.എസ്സുകാര്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുകയാണ്. ഇടം വലം തിരിയാന്‍ സമ്മതിക്കാത്ത സമ്മര്‍ദ്ദമാണെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മന്ത്രിതലത്തിലേക്ക് സമ്മര്‍ദ്ദം എത്തിക്കുന്നതിനു മുമ്പ് ഉദ്യോഗസ്ഥ തലത്തില്‍ എല്ലാം ക്ലിയര്‍ ആണെന്നു വരുത്താനുള്ള ശ്രമത്തിലാണ് കെ.ജി.എസ്. ഇപ്പോള്‍.

ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി കെ.ജി.എസ്. നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പലതും ഇന്ത്യാവിഷനിലൂടെ പുറത്തുകൊണ്ടുവന്നയാളാണ് ഞാന്‍. അതിനാല്‍ത്തന്നെയാണ് കെ.ജി.എസ്. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളും ബന്ധപ്പെട്ടവര്‍ എന്നെ അറിയിച്ചത്. കെ.ജി.എസ്സിന്റെ തിരുവനന്തപുരത്തെ ഇടപാടുകള്‍ വിശദമായി അന്വേഷിച്ചു. അന്വേഷണം ഒടുവില്‍ ഒരിടത്ത് ചെന്ന് ഇടിച്ചു നിന്നു -വിമാനത്താവളത്തിലല്ല, ഫ്‌ളാറ്റില്‍. വിമാനത്താവളം നിര്‍മ്മിക്കാന്‍ നടക്കുന്ന കമ്പനി തിരുവനന്തപുരം നഗരഹൃദയത്തില്‍ നടത്തിയ ഫ്‌ളാറ്റ് തട്ടിപ്പിന്റെ വലിയൊരു കഥയുണ്ട്. ആര്‍ക്കുമറിയാത്ത ആ കഥ പറയാം.

കെ.ജി.എസ്. കവടിയാര്‍ ഗ്രീന്‍സ്‌
കെ.ജി.എസ്. കവടിയാര്‍ ഗ്രീന്‍സ്‌
കെ.ജി.എസ്. കവടിയാര്‍ ഗാര്‍ഡന്‍സ്
കെ.ജി.എസ്. കവടിയാര്‍ ഗാര്‍ഡന്‍സ്

ആറന്മുള വിമാനത്താവളം നിര്‍മ്മിക്കാനായി പരിശ്രമിക്കുന്ന കമ്പനിയാണ് കെ.ജി.എസ്. ഡെവലപ്പേഴ്‌സ്. എന്നാല്‍, തിരുവനന്തപുരത്ത് 2 ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഇടപാടുകാരെ വെള്ളത്തിലാക്കിയ കമ്പനിയാണിതെന്ന് എത്രപേര്‍ക്കറിയാം. പദ്ധതി പ്രഖ്യാപിച്ച് പണപ്പിരിവ് നടത്തിയിട്ട് 5 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ ഇടപാടുകാര്‍ക്ക് ഫ്‌ളാറ്റുമില്ല, കൊടുത്ത പണവുമില്ല എന്നതാണ് സ്ഥിതി. ഒരു ഫ്‌ളാറ്റ് പോലും മര്യാദയ്ക്കു കെട്ടാന്‍ പറ്റാത്ത ടീംസാണ് വിമാനത്താവളം ഉണ്ടാക്കാന്‍ പോകുന്നത്!!!

KGS LOCATION

തിരുവനന്തപുരം നഗരത്തിലെ പോഷ് ഏരിയ എന്നു പറയാവുന്ന സ്ഥലങ്ങളാണ് കവടിയാറും പരിസരവും. കവടിയാറിലെ ഗോള്‍ഫ് ലിങ്ക്‌സ് റോഡില്‍ രണ്ടു ബഹുനില പാര്‍പ്പിട സമുച്ചയ പദ്ധതികള്‍ 2010ല്‍ കെ.ജി.എസ്. പ്രഖ്യാപിച്ചിരുന്നു -കെ.ജി.എസ്. കവടിയാര്‍ ഗ്രീന്‍സ്, കെ.ജി.എസ്. കവടിയാര്‍ ഗാര്‍ഡന്‍സ് എന്നിവ. ഇതില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്ത് പണം പോയവര്‍ നിരവധി. തിരുവനന്തപുരം കേശവദാസപുരം സ്വദേശികളായ മനോജ് നാരായണന്‍കുട്ടി കാരണവരുടെയും ഭാര്യ കവിത നായരുടെയും അനുഭവം മാത്രം മതി തട്ടിപ്പിന്റെ ആഴം വ്യക്തമാവാന്‍. യു.എസ്സിലെ ടെക്‌സസില്‍ ഇന്‍ഫോസിസ് അസോഷ്യേറ്റ് വൈസ് പ്രസിഡന്റാണ് മനോജ്. ഭാര്യ കവിതയും ടെക്‌സസില്‍ തന്നെ -ടെക് മഹീന്ദ്രയില്‍ സോഫ്ട്‌വേര്‍ എന്‍ജിനീയര്‍. 2011 ഏപ്രില്‍ 12നാണ് കെ.ജി.എസ്. ഗാര്‍ഡന്‍സില്‍ കവിതയുടെ പേരില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. അനുവദിക്കപ്പെട്ട ഫ്‌ളാറ്റ് നമ്പര്‍ സി-10. കാര്‍പാര്‍ക്ക് നമ്പര്‍ 24. 1,787 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഫ്‌ളാറ്റിന്റെ മൊത്തം വില 86,54,174 രൂപ. 2008 ഓഗസ്റ്റ് 26ന് ടി.പി. 10/13 എ/249/08 നമ്പറില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും നേടിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു. 2011 ജൂണില്‍ നിര്‍മ്മാണം തുടങ്ങുമെന്നും 2013 ജൂണില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് കൈമാറുമെന്നുമായിരുന്നു ഉറപ്പ്. 2011 ഏപ്രിലിലും സെപ്റ്റംബറിനുമിടെ 3 ഗഡുക്കളായി 17,04,692 രൂപയും കൈമാറി. 2011 ഏപ്രില്‍ 12ന് ബുക്കിങ് തുകയായി 2,00,000 രൂപ, 2011 മെയ് 28ന് രണ്ടാം ഗഡുവായി 6,36,007 രൂപ, 2011 സെപ്റ്റംബര്‍ 24ന് മൂന്നാം ഗഡുവായി 8,68,685 രൂപ. എന്നാല്‍, പദ്ധതിക്ക് അനക്കം വെച്ചില്ല. ഇതു സംബന്ധിച്ച് അന്വേഷിക്കുമ്പോഴെല്ലാം ‘അല്പം കൂടി കാത്തിരിക്കൂ, ഉടനെ തുടങ്ങും’ എന്നായിരുന്നു മറുപടി.

ബുക്കിങ് തുകയുടെ രശീത്
ബുക്കിങ് തുകയുടെ രശീത്
രണ്ടാം ഗഡുവിന്റെ രശീത്
രണ്ടാം ഗഡുവിന്റെ രശീത്
മൂന്നാം ഗഡുവിന്റെ രശീത്‌
മൂന്നാം ഗഡുവിന്റെ രശീത്‌

വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 100 കോടി യു.എസ്. ഡോളര്‍ വിപണിമൂല്യമുള്ള ആസ്തികള്‍ കൈയാളുന്ന കമ്പനിയാണ് കെ.ജി.എസ്. ഡെവലപ്പേഴ്‌സ്. ആറന്മുള വിമാനത്താവളം പോലെ വലിയൊരു പദ്ധതിക്കായി കേരള സര്‍ക്കാരുമായി കൂടിയാലോചനകളും നടത്തുന്നു. ഇത്തരമൊരു കമ്പനി തട്ടിപ്പു നടത്തുമെന്ന് മനോജും കവിതയും കരുതാതിരുന്നത് സ്വാഭാവികം. മാത്രമല്ല, പാര്‍പ്പിട സമുച്ചയ പദ്ധതി തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്താണെന്നതും തട്ടിപ്പിനുള്ള സാദ്ധ്യത സംശയിക്കുന്നത് ഒഴിവാക്കി. ഏതായാലും ഫ്‌ളാറ്റ് കിട്ടുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ച് അവര്‍ കാത്തിരുന്നു.

ഫ്‌ളാറ്റ് കൈമാറാമെന്ന് സമ്മതിച്ച് കെ.ജി.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍-ഓപ്പറേഷന്‍സ് ഡോ.പി.ടി.നന്ദകുമാര്‍ ഒപ്പിട്ടു നല്‍കിയ കത്ത്‌
ഫ്‌ളാറ്റ് കൈമാറാമെന്ന് സമ്മതിച്ച് കെ.ജി.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍-ഓപ്പറേഷന്‍സ് ഡോ.പി.ടി.നന്ദകുമാര്‍ ഒപ്പിട്ടു നല്‍കിയ കത്ത്‌
വാഗ്ദാനം ചെയ്യപ്പെട്ട നിര്‍മ്മാണ ഷെഡ്യൂള്‍
വാഗ്ദാനം ചെയ്യപ്പെട്ട നിര്‍മ്മാണ ഷെഡ്യൂള്‍

2015 നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി കെ.ജി.എസ്. വീണ്ടും പ്രത്യക്ഷപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതി നടക്കില്ല എന്ന വ്യക്തമായ സൂചന ലഭിച്ച കാലമായിരുന്നു അത്. ഫ്‌ളാറ്റ് പൂര്‍ത്തീകരിക്കുന്ന സമയം അറിയിക്കാനായിരുന്നില്ല കെ.ജി.എസ്. വന്നത്, പദ്ധതി ഉപേക്ഷിക്കുകയാണ് എന്നറിയിക്കാനായിരുന്നു. കരാര്‍ റദ്ദാക്കുകയാണെന്നും കെ.ജി.എസ്. ഗാര്‍ഡന്‍സ് നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന സ്ഥലം മലബാര്‍ ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്കു കൈമാറുകയാണെന്നും കെ.ജി.എസ്. അറിയിച്ചു. ഇനിയാണ് തട്ടിപ്പിന്റെ യഥാര്‍ത്ഥ വശം. തങ്ങള്‍ക്ക് ഫ്‌ളാറ്റ് ആവശ്യമില്ലെന്നും അതിനാല്‍ കരാര്‍ റദ്ദാക്കുകയാണെന്നും കാട്ടി കവിത അടക്കമുള്ള ഇടപാടുകാര്‍ ഒരു റദ്ദാക്കല്‍ കത്ത് അങ്ങോട്ട് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. കെ.ജി.എസ്സിന്റെ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ കെ.ശങ്കരപ്പിള്ളയാണ് 2016 ജനുവരി 5ന് ഈ ആവശ്യമുന്നയിച്ചത്. അങ്ങോട്ടു നല്‍കേണ്ട കത്തും കെ.ജി.എസ്. തന്നെ തയ്യാറാക്കി ഇ-മെയിലിനൊപ്പം അയച്ചുനല്‍കി. ഇത്തരമൊരു കത്ത് കിട്ടിയാലുടനെ അവര്‍ അതുവരെ കൊടുത്ത പണം പലിശയൊന്നും കൂടാതെ മടക്കി നല്‍കും. അതായത്, കെ.ജി.എസ്. കാരണമല്ല മറിച്ച് കവിതയെപ്പോലുള്ള ഇടപാടുകാര്‍ തന്നെയാണ് കരാര്‍ റദ്ദാവുന്നത് എന്നു വരുത്തുകയായിരുന്നു ലക്ഷ്യം!! ഫ്‌ളാറ്റ് ബുക്ക് ചെയ്ത ആനന്ദ് എന്ന ഡല്‍ഹിക്കാരന്‍ സോഫ്ട്‌വേര്‍ എന്‍ജിനീയറെ മനോജും കവിതയും പരിചയപ്പെടുത്തിത്തന്നു. ആനന്ദിനോടു സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനും ഇതു തന്നെയായിരുന്നു അനുഭവം.

ഫ്‌ളാറ്റ് ഇടപാട് റദ്ദാക്കാന്‍ ഒപ്പിട്ടുകൊടുക്കുന്നതിന് കെ.ജി.എസ്. അയച്ചുകൊടുത്ത മാതൃക കത്ത്. ഇടപാടുകാരെ കുടുക്കിലാക്കാനുള്ള ഏറ്റവും വിദഗ്ദ്ധമായ തന്ത്രം
ഫ്‌ളാറ്റ് ഇടപാട് റദ്ദാക്കാന്‍ ഒപ്പിട്ടുകൊടുക്കുന്നതിന് കെ.ജി.എസ്. അയച്ചുകൊടുത്ത മാതൃക കത്ത്. ഇടപാടുകാരെ കുടുക്കിലാക്കാനുള്ള ഏറ്റവും വിദഗ്ദ്ധമായ തന്ത്രം

ഇടപാടുകാര്‍ വഴങ്ങിയില്ല. ആനന്ദ് കെ.ജി.എസ്. മാനേജിങ് ഡയറക്ടര്‍ ജിജി ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ചു. കമ്പനി വന്‍ നഷ്ടത്തിലാണെന്നും അതിനാല്‍ വ്യാവസായിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പലിശ നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തര്‍ക്കം മൂത്തപ്പോള്‍ ചെറിയൊരു പലിശ നല്‍കാമെന്ന് സമ്മതിച്ചു. വിശദാംശങ്ങള്‍ പിന്നീട് അറിയാക്കാമെന്നു പറഞ്ഞു. ഇതു പ്രകാരം ആനന്ദിന് ജിജി ഇ-മെയില്‍ അയച്ചു. ആനന്ദിനൊപ്പമുള്ള മനോജിനെയും കവിതയെയും പോലുള്ള ഇടപാടുകാര്‍ക്കും മെയിലിന്റെ പകര്‍പ്പ് നല്‍കണമെന്നും ജിജി അഭ്യര്‍ത്ഥിച്ചു. ഇതായിരുന്നു 2016 ഫെബ്രുവരി 9ന് അയച്ച ആ ഇ-മെയില്‍.

GIGI mail

Dear Anand,

The project could not take of because of technical impossibility.The piles foundation sank three times.We tried our best for last few years.We also lost huge amount due this.Taking this into consideration none of the other clients other than your friend demanded any compensation.We are willing to pay you and your friend 20% extra in addition to your principal amount. I will come to Trivandrum next week to close this matter. Kindly forward a copy of this mail to your friend also. May I seek your cooperation.

With warm regards,

Gigi

ആ ഇ-മെയിലില്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. കെ.ജി.എസ്. ഗാര്‍ഡന്‍സ് പദ്ധതി മുന്നോട്ടു നീങ്ങാത്തത് സാങ്കേതികമായി അസാദ്ധ്യമായതിനാലാണെന്ന്. ഫ്‌ളാറ്റ് കെട്ടിയുയര്‍ത്താന്‍ ഇട്ട ഫൗണ്ടേഷന്‍ പൈല്‍ 3 തവണ ഇടിഞ്ഞു താഴ്ന്നുപോയി. ഈ മെയിലിനു ശേഷം പിന്നീടൊരു വിവരവുമില്ല. ജിജി പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചു. പൈലിങ് ഫൗണ്ടേഷന്‍ തകരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ സംശയാസ്പദമാണ്. മലബാര്‍ ഡെവലപ്പേഴ്‌സ് ഏറ്റെടുത്ത പദ്ധതി ഇപ്പോള്‍ ഗ്രാന്റ് സെഡാര്‍ എന്ന പേരില്‍ അതിവേഗം പുരോഗമിക്കുന്നു. അങ്ങനെയെങ്കില്‍ കെ.ജി.എസ്. ഗ്രീന്‍സ് നിലച്ചുപോയത് ഏത് സാങ്കേതികത്തകരാറിന്റെ പേരിലാണ്? പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് പൂര്‍ത്തിയാക്കാതായതോടെ അവിടെ ബുക്കിങ് നടത്തിയിരുന്നവര്‍ ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കി. അവര്‍ മുന്‍കൈയെടുത്ത് കെ.ജി.എസ്സിനെക്കൊണ്ട് ഈ പദ്ധതി ആര്‍ട്ടെക് ബില്‍ഡേഴ്‌സിനു കൊടുപ്പിച്ചു. ആര്‍ട്ടെക്കിന്റെ നേതൃത്വത്തില്‍ അവിടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ഇടപാടുകാരുമായുള്ള കരാര്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കെ.ജി.എസ്. ഗാര്‍ഡന്‍സ് പദ്ധതിപ്രദേശം ഇപ്പോള്‍ മലബാര്‍ ഡെവലപ്പേഴ്‌സിനു കൈമാറിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇടപാടുകാര്‍ തിരുവനന്തപുരം, ചെന്നൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ കെ.ജി.എസ്. ഓഫീസുകളിലേക്ക് വക്കീല്‍ നോട്ടീസയച്ചുവെങ്കിലും മറുപടിയുണ്ടായില്ല. ഇതേത്തുടര്‍ന്ന് അവര്‍ മലബാര്‍ ഡെവലപ്പേഴ്‌സിനും നോട്ടീസയച്ചു. അതിന് ഉടനെ തന്നെ മറുപടിയുണ്ടായി. കെ.ജി.എസ്സിന്റെ ഇടപാടുകാരുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും പ്രശ്‌നങ്ങള്‍ കെ.ജി.എസ്സുമായി ബന്ധപ്പെട്ട് തന്നെ പരിഹരിക്കണമെന്നുമായിരുന്നു മലബാറിന്റെ മറുപടി. ഇപ്പോള്‍ കെ.ജി.എസ്. ഡെവലപ്പേഴ്‌സിനെയും മലബാര്‍ ഡെവലപ്പേഴ്‌സിനെയും എതിര്‍കക്ഷികളാക്കി ഇടപാടുകാര്‍ ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികള്‍ക്കെല്ലാം നോട്ടീസയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ കൈമെയ് മറന്നു പ്രവര്‍ത്തിക്കുന്ന കെ.ജി.എസ്. ഗ്രൂപ്പിന്റെ യോഗ്യത സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

* കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പാപ്പരായ അവസ്ഥയിലാണെന്ന് കെ.ജി.എസ്. മാനേജിങ് ഡയറക്ടര്‍ ജിജി ജോര്‍ജ്ജ് രേഖാമൂലം തന്നെ പറയുന്നു. ഇടപാടുകാര്‍ക്ക് നിയമപ്രകാരമുള്ള പണം നല്‍കുന്നതിന് തടസ്സമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത് ഈ പ്രതിസന്ധിയാണ്. പണം നല്‍കാതിരിക്കാന്‍ ഇനി കള്ളം പറഞ്ഞതാണോ എന്നറിയില്ല. ഏതു രീതിയിലായിരുന്നാലും ജിജിയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാണ്. പാപ്പരാവുന്ന അവസ്ഥയിലാണ് കെ.ജി.എസ്. ഗ്രൂപ്പെങ്കില്‍ വിമാനത്താവളം സംബന്ധിച്ച ചര്‍ച്ചകള്‍ അവിടെ അവസാനിക്കും. പണം കൊടുക്കാതിരിക്കാന്‍ കള്ളം പറഞ്ഞതാണെങ്കില്‍ ഇത്തരമൊരു തട്ടിപ്പു കമ്പനിയുമായി സര്‍ക്കാരിന് എങ്ങനെ സഹകരിക്കാനാവും? സഹകരണത്തിന് സാദ്ധ്യതയൊന്നുമില്ല എന്നത് വേറെ കാര്യം.

ആര്‍ട്ടെക്കിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെ.ജി.എസ്. ഗ്രീന്‍സ് ഇപ്പോള്‍
ആര്‍ട്ടെക്കിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെ.ജി.എസ്. ഗ്രീന്‍സ് ഇപ്പോള്‍
ആര്‍ട്ടെക്കിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെ.ജി.എസ്. ഗ്രീന്‍സ് ഇപ്പോള്‍
ആര്‍ട്ടെക്കിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെ.ജി.എസ്. ഗ്രീന്‍സ് ഇപ്പോള്‍

* കെ.ജി.എസ്. ഗ്രീന്‍സിന്റെ പകുതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഉപേക്ഷിച്ചത്. അതേ പദ്ധതി ഇപ്പോള്‍ ആര്‍ട്ടെക്ക് ബില്‍ഡേഴ്‌സ് മുന്നോട്ടുനീക്കുന്നു. അവിടെ സാങ്കേതികത്തകരാര്‍ ഒന്നുമില്ല. പിന്നെന്തുകൊണ്ട് കെ.ജി.എസ്. പണി പൂര്‍ത്തിയാക്കിയില്ല?

മലബാര്‍ ഗ്രാന്റ് സെഡാര്‍ ആയി മാറിയ കെ.ജി.എസ്. ഗാര്‍ഡന്‍സ് സൈറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു
മലബാര്‍ ഗ്രാന്റ് സെഡാര്‍ ആയി മാറിയ കെ.ജി.എസ്. ഗാര്‍ഡന്‍സ് സൈറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

* നിശ്ചിത സ്ഥലത്ത് കെ.ജി.എസ്. ഗാര്‍ഡന്‍സ് കെട്ടിയുയര്‍ത്താനുള്ള ശേഷിയില്ലായ്മയെക്കുറിച്ച് ജിജി പറയുന്നു. നിര്‍മ്മാണം അസാദ്ധ്യമായതിനാല്‍ ഉപേക്ഷിച്ചുവെന്ന് ന്യായീകരണം. അപ്പോള്‍പ്പിന്നെ മലബാര്‍ ഡെവലപ്പേഴ്‌സിനെ കെ.ജി.എസ്. പറ്റിച്ചതാണോ? പദ്ധതി ഏറ്റെടുത്ത മലബാര്‍ ഡെവലപ്പേഴ്‌സ് അതേ സ്ഥലത്ത് ആദ്യം അംഗീകരിക്കപ്പെട്ട പ്ലാന്‍ പ്രകാരം ഇപ്പോള്‍ നിര്‍മ്മാണം നടത്തുന്നു, ഗ്രാന്റ് സെഡാര്‍ എന്ന പേരില്‍!!

കെ.ജി.എസ്. ഗാര്‍ഡന്‍സ് ഉയരാതിരുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം സാങ്കേതികത്തകരാറായിരുന്നില്ല. ഇടപാടുകാരില്‍ നിന്നു പിരിച്ച തുക വകമാറ്റിയപ്പോള്‍ പദ്ധതി നിലച്ചു. 5 വര്‍ഷം കടന്നുപോയി. ഭൂമിയുടെ വില പല മടങ്ങ് വര്‍ദ്ധിച്ചു. 5 വര്‍ഷം മുമ്പ് നിശ്ചയിച്ച നിരക്കില്‍ ഇനി ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കുന്നതിനെക്കാള്‍ ലാഭം ഭൂമി വിറ്റ് കൈകഴുകുന്നതാണെന്ന് ഉറപ്പ്. ആ കച്ചവടമാണ് ഇവിടെ നടന്നത്. മുതലാളി കൊള്ളലാഭം കൈക്കലാക്കിയപ്പോള്‍ ഒരു വീട് എന്ന മോഹവുമായി കാത്തിരുന്ന ഇടപാടുകാര്‍ വിഡ്ഡികളായി. മറ്റെവിടെയെങ്കിലും കൂടൊരുക്കാനുള്ള അവരുടെ അവസരമാണ് കെ.ജി.എസ്സിനെ വിശ്വസിച്ച് കാത്തിരുന്നപ്പോള്‍ നഷ്ടമായത്.

കെ.ജി.എസ്. ഡെവലപ്പേഴ്‌സിന്റെ വെബ്‌സൈറ്റില്‍ കവടിയാര്‍ ഗ്രീന്‍സിന്റെയും കവടിയാര്‍ ഗാര്‍ഡന്‍സിന്റെയും വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമാണ്, പ്രവര്‍ത്തനം പുരോഗമിക്കുന്ന പദ്ധതി എന്ന നിലയില്‍. കെ.ജി.എസ്സിനെപ്പോലെ മലബാര്‍ ഡെവലപ്പേഴ്‌സും തങ്ങളുടെ ഇടപാടുകാരെ പറ്റിക്കുകയാണ്. നിയമപ്രകാരം വേറെ അവകാശികളുള്ള ഫ്‌ളാറ്റുകള്‍ക്കാണ് അവര്‍ ഇപ്പോള്‍ പുതിയ ഉടമസ്ഥരെ തേടുന്നത്. കെ.ജി.എസ്. കവടിയാര്‍ ഗാര്‍ഡന്‍സ് തന്നെയാണ് മലബാര്‍ ഗ്രാന്റ് സെഡാര്‍. കവടിയാര്‍ ഗാര്‍ഡന്‍സിലെ ഉടമകള്‍ നിയമപ്രകാരം ഒഴിഞ്ഞുപോയാല്‍ മാത്രമേ അത് ഗ്രാന്റ് സെഡാര്‍ ആക്കി വില്‍ക്കാന്‍ കഴിയുകയുള്ളൂ. നിയമക്കുരുക്കിലുള്ള ഈ വിഷയത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ഈ നിയമക്കുരുക്കിനെക്കുറിച്ച് മലബാര്‍ ഡെവലപ്പേഴ്‌സ് തങ്ങളുടെ ഇടപാടുകാരോടു പറയുന്നുമില്ല.

മലബാര്‍ ഗ്രാന്റ് സെഡാര്‍ ബ്രോഷറില്‍ നിന്ന്. കെ.ജി.എസ്. ഗാര്‍ഡന്‍സിന്റെ അതേ പ്ലാനും എലിവേഷനും
മലബാര്‍ ഗ്രാന്റ് സെഡാര്‍ ബ്രോഷറില്‍ നിന്ന്. കെ.ജി.എസ്. ഗാര്‍ഡന്‍സിന്റെ അതേ പ്ലാനും എലിവേഷനും

കവടിയാര്‍ ഗാര്‍ഡന്‍സിലെ ഇടപാടുകാരോട് കെ.ജി.എസ്. വാക്കു പറഞ്ഞ വിലയില്‍ ഫ്‌ളാറ്റുകള്‍ നല്‍കണമെന്ന് കോടതി വിധിയുണ്ടാവുകയാണെങ്കില്‍ ഗ്രാന്റ് സെഡാറിലെ ഇടപാടുകാര്‍ എന്തു ചെയ്യും? അവരുടെ പണം വെള്ളത്തിലായതു തന്നെ. മലബാറുകാര്‍ക്കു കൊടുത്ത പണം തിരികെ വാങ്ങാന്‍ കോടതി കയറാനുള്ള ഊഴം അവരുടേതായിരിക്കും. മലബാര്‍ ഗ്രാന്റ് സെഡാറില്‍ ഫ്‌ളാറ്റ് വാങ്ങാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് -നിങ്ങള്‍ ചെന്നു ചാടുന്നത് വലിയൊരു കുരുക്കിലാണ്. തട്ടിപ്പിന്റെ ഊരാക്കുടുക്കില്‍. തട്ടിപ്പിന്റെ കാര്യത്തില്‍ കെ.ജി.എസ്. ഡെവലപ്പേഴ്‌സും മലബാര്‍ ഡെവലപ്പേഴ്‌സുമെല്ലാം തുല്യര്‍ തന്നെ.

Previous articleശരികേടുകളുണ്ട്, ശരികളാണ് കൂടുതല്‍
Next articleബലോചിസ്ഥാന്റെ വേദനകള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

  1. I would suggest do not risk your hard earned money with this Builder. The KGS group is a major scam and not trust worthy. How can the government trust these a 3 rd rate contractor like KGS developers even to execute a strategic initiative like an airport project ? You are risking the life and money of the tax payers in doing so. Please wake up

LEAVE A REPLY

Please enter your comment!
Please enter your name here