കൊല്ലം കളക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം ഒരു ബോംബ് സ്‌ഫോടനമുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടിക്കാന്‍ പോലീസ് കൊണ്ടുപിടിച്ച അന്വേഷണത്തിലാണ്. 2009 ജൂലൈ 10ന് എറണാകുളം കളക്ടറേറ്റില്‍ സമാനമായൊരു സ്‌ഫോടനം നടന്നിരുന്നു. കളക്ടറേറ്റിന്റെ അഞ്ചാം നിലയിലുണ്ടായ പൈപ്പ് ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അന്ന് ദക്ഷിണ മേഖലാ ഐ.ജിയായിരുന്ന വിന്‍സന്‍ എം.പോളിന്റെ മേല്‍നോട്ടത്തില്‍ കൊച്ചി കമ്മീഷണറായിരുന്ന മനോജ് എബ്രഹാമിനായിരുന്നു അന്വേഷണച്ചുമതല. പോലീസിലെ പുലികള്‍ തന്നെ. പക്ഷേ, ആ അന്വേഷണത്തിന്റെ ഫലം എന്തായെന്ന് 7 വര്‍ഷങ്ങള്‍ക്കിപ്പുറവും ആര്‍ക്കുമറിയില്ല. കൊല്ലത്തെ സ്‌ഫോടനത്തെയും ആ വിധി തന്നെയാണോ കാത്തിരിക്കുന്നത്? അതെ എന്നു പറയാനേ ഇപ്പോള്‍ കഴിയൂ. കാരണങ്ങളുണ്ട്.

കൊല്ലത്തെ ഈ സ്‌ഫോടനം എങ്ങനെ സംഭവിച്ചു? കൊല്ലം ജില്ലയില്‍ സമീപകാലത്ത് തീവ്രവാദി സംഘടനകളുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയമോ സാമൂഹികമോ ആയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള പകപോക്കലോ പ്രതിഷേധമോ ആണെന്ന സൂചനയുമില്ല. കളക്ടറേറ്റ് വളപ്പില്‍ പൊതുവെ ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍ക്കു ചെയ്തിരുന്ന ജീപ്പിനടിയിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. അതിനാല്‍ത്തന്നെ സ്‌ഫോടനത്തിലൂടെ ആളപായമല്ല ലക്ഷ്യമിട്ടതെന്നും വ്യക്തം. പിന്നെന്തിനായിരുന്നു സ്‌ഫോടനം? ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയില്‍ വെളിപ്പെട്ടത് വളരെ രസകരമായ ചില കാര്യങ്ങളാണ്.
സ്‌ഫോടനസ്ഥലത്തു നിന്ന് ഫൊറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിക്കുന്നത് പൂര്‍ത്തിയാകും മുമ്പു തന്നെ കളക്ടറേറ്റില്‍ മതിയായ സുരക്ഷാസംവിധാനമില്ലെന്നും നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്നും പോലീസിന്റെ വക മീഡിയ ബ്രീഫിങ്! പിന്നീടുള്ള ഭൂരിഭാഗം മാധ്യമവാര്‍ത്തകളും കളക്ടറേറ്റിലെ സുരക്ഷാവീഴ്ച സംബന്ധിച്ചായിരുന്നു!! ജൂണ്‍ 15ന് രാവിലെ 10.50നാണ് കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു മുമ്പും പിമ്പും ചില പോലീസുദ്യോഗസ്ഥരുടെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഒരുദ്യോഗസ്ഥന്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് കളക്ടറേറ്റിലുണ്ടായിരുന്നു. സ്‌ഫോടനമുണ്ടായ ഉടനെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത് ഇദ്ദേഹമാണ്. തൊട്ടുപിന്നാലെ ഒരു മാധ്യമപ്രവര്‍ത്തകനെയും ഫോണില്‍ വിളിച്ച് കളക്ടറേറ്റിലെ സ്‌ഫോടനവാര്‍ത്ത അറിയിച്ചു. സ്‌ഫോടനത്തില്‍ 4 പേര്‍ക്കു പരിക്കേറ്റു എന്നായിരുന്നു അറിയിപ്പ്. വ്യക്തിപരമായ ഒരാവശ്യത്തിന് എത്തിയ ഒരു അഗ്നിസേനാ ഉദ്യോഗസ്ഥനും സ്‌ഫോടനം നടക്കുന്ന സമയത്ത് കളക്ടറേറ്റിലുണ്ടായിരുന്നു. അഗ്നിസേനാ കേന്ദ്രത്തില്‍ വിവരമറിയിച്ചത് അദ്ദേഹമാണ്. പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരത്തില്‍ നിന്ന് അഗ്നിസേനാ ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരത്തിന് വലിയ അന്തരമുണ്ടായിരുന്നു. അതില്‍ പരിക്ക് ഒരാള്‍ക്കു മാത്രം. അതായിരുന്നു സത്യവും.
സ്‌ഫോടനമുണ്ടായി മിനിറ്റുകള്‍ക്കകം കൊല്ലം സിറ്റി പോലീസ് തലപ്പത്തെ ഉന്നതരെല്ലാം പാഞ്ഞെത്തി. വളരെ വേഗത്തില്‍ പ്രതികരിച്ചു, നല്ല കാര്യം. എന്നാല്‍, അവരുടെ വരവ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള എല്ലാവരെയും അത്ഭുതപ്പെടുത്തി. എന്തോ പ്രതീക്ഷിച്ചു നിന്ന രീതിയില്‍ പൂര്‍ണ്ണ സന്നാഹങ്ങളോടെയായിരുന്നു ഫുള്‍ കോറം പ്രസന്റേഷന്‍. ദൃക്‌സാക്ഷിയായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരം തിരുത്തുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്തത്. ആളപായമുണ്ടാക്കുന്ന ബോംബല്ല പൊട്ടിയതത്രേ! ഒരാള്‍ക്കു മാത്രമേ പരിക്കേറ്റിട്ടുള്ളൂ. അതുതന്നെ ബോംബിന്റെ ഭാഗങ്ങള്‍ തെറിച്ചിട്ടുമല്ല, കല്ലു തെറിച്ചിട്ടാണ്. ബോംബ് നിര്‍മ്മിച്ചത് 2 ചോറ്റുപാത്രങ്ങള്‍ ഉപയോഗിച്ചതാണെന്ന് ക്ഷണനേരത്തില്‍ അവര്‍ തിരിച്ചറിഞ്ഞു, വിശദീകരിച്ചു. ഈ ബോംബ് ആര്‍ക്കു വേണമെങ്കിലും നിര്‍മ്മിക്കാവുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വ്യാഖ്യാനം. എന്നാല്‍, ഇലക്ട്രോണിക്‌സ് രംഗത്ത് അറിവുള്ളവരാണ് ബോംബ് നിര്‍മ്മിച്ചതെന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി. പറഞ്ഞത് പൊരുത്തക്കേടായി. പോലീസിന് എല്ലാത്തിലും വലിയ പ്രശ്‌നം കളക്ടറേറ്റിലെ സുരക്ഷാപാളിച്ചയാണ്, സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതാണ്.
എന്താ പോലീസ് ഇങ്ങനെ? കൊല്ലത്തെ പോലീസും കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനാമോളും തമ്മില്‍ തെറ്റലിലാണ്. പുറ്റിങ്ങള്‍ വെടിക്കെട്ടപകടത്തെത്തുടര്‍ന്ന് ജില്ലയിലെ റവന്യൂ -പോലീസ് നേതൃത്വങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണോ പോലീസിന്റെ ഇപ്പോഴത്തെ നിലപാട്? ദുരന്തത്തിന്റെ തുടര്‍ച്ചയായി ജില്ലാ കളക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ് പുറത്തുവരികയും പോലീസിന്റെ വീഴ്ചയാണ് വെടിക്കെട്ടപകടത്തിനു വഴിവെച്ചതെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തതോടെ കഥ മാറി. പോലീസ് കളക്ടറുടെ ശത്രുവായി. കൊല്ലത്ത് എന്തു സംഭവിച്ചാലും തെളിവു ശേഖരിക്കാന്‍ പോലീസ് ഇപ്പോള്‍ ആദ്യം ഓടുന്നത് കളക്ടറുടെ ചേംബറിലേക്കാണ്. കളക്ടറെ ആക്ഷേപിച്ചുകൊണ്ടുള്ള വാര്‍ത്ത ഉടനെ പ്രചരിപ്പിക്കുകയും ചെയ്യും. കളക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകളുടെ സെര്‍വര്‍ നോക്കാനെന്നും പറഞ്ഞാണ് ഇത്തവണയും കയറിയത്. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിനു ശേഷവും സി.സി.ടി.വി. എന്നും പറഞ്ഞ് പോലീസ് ആദ്യം പോയത് കളക്ടറുടെ ചേംബറിലേക്കു തന്നെ. 110 പേര്‍ മരിച്ച ആ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പോലീസിന് രക്ഷപ്പെടാനാവാതെ പോയത് കളക്ടറുടെ നിലപാടിനെത്തുടര്‍ന്നാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സി.സി.ടി.വി. പരിശോധന എന്ന പേരില്‍ പോലീസുകാര്‍ കളക്ടറേറ്റില്‍ കയറിയത്. ക്ഷേത്ര ഭാരവാഹികള്‍ കളക്ടറെ കണ്ടു എന്നു വരുത്താനുള്ള പരിഹാസ്യ ശ്രമത്തിന്റെ ഭാഗമായിരുന്നു അത്.

സുരക്ഷാ വീഴ്ചയാണ് ഇപ്പോഴത്തെ ചോറ്റുപാത്ര സ്‌ഫോടനത്തിലേക്കു നയിച്ചതെന്ന പോലീസ് വാദത്തോട് എത്രമാത്രം യോജിക്കാനാവും? ഈ ചോദ്യത്തിനുത്തരം കണ്ടെത്തണമെങ്കില്‍ സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തിന്റെ ഘടനയും പ്രവര്‍ത്തനവും കൃത്യമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. ചതുരാകൃതിയില്‍ നാലു വശത്തും 3 നില കെട്ടിടങ്ങളും നടുവില്‍ തുറസ്സായ സ്ഥലവുമുള്‍പ്പെടുന്നതാണ് കളക്ടറേറ്റ് സമുച്ചയം. പ്രധാന കവാടത്തിലൂടെ കടന്നുചെല്ലുന്ന ആദ്യ കെട്ടിടത്തിലെ മുകളിലത്തെ 2 നിലകളില്‍ മാത്രമാണ് കളക്ടറുടെ ഓഫീസ്. സിവില്‍ സ്റ്റേഷന്റെ കസ്റ്റോഡിയന്‍ കളക്ടറാണെന്ന് സാങ്കേതികമായി പറയാമെങ്കിലും മറ്റു ജില്ലാ കളക്ടറേറ്റുകള്‍ പോലെ ഇവിടത്തെ എല്ലാ കാര്യങ്ങളും കൊല്ലം കളക്ടര്‍ക്ക് സ്വയം തീരുമാനിക്കാനാവില്ല. താഴത്തെ നിലയില്‍ പൂര്‍ണ്ണമായി കോടതി സമുച്ചയമാണ്. ബാക്കി നിലകളില്‍ വിവിധ ജില്ലാ ഓഫീസുകളും കളക്ടറേറ്റും. കോടതിയിലെ വിവിധ കേസുകളില്‍പ്പെട്ട തൊണ്ടി മുതലുകള്‍, വാഹനങ്ങള്‍, കണ്ടം ചെയ്യേണ്ടവ ഉള്‍പ്പെടെ മറ്റു വകുപ്പുകളുടെ വാഹനങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലും ധാരാളം ഉപയോഗശൂന്യ സാമഗ്രികള്‍ കൂട്ടിയിട്ടിട്ടുണ്ട്. ഇവ നീക്കേണ്ടത് ബന്ധപ്പെട്ട ഓഫീസുകളുടെ ചുമതലയാണ്. സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തിനു നടുവിലുള്ള തുറസ്സായ സ്ഥലം യഥാര്‍ത്ഥത്തില്‍ കളക്ടറേറ്റിന്റെ മുറ്റമല്ല, കോടതി മുറ്റമാണ് എന്നു തന്നെ പറയേണ്ടി വരും.
2012 ഡിസംബറിലാണ് കൊല്ലം കളക്ടറേറ്റില്‍ 15 സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചത്. ഇതില്‍ 5 എണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളൂ. രാവിലെ 10.50നാണ് സ്‌ഫോടനമുണ്ടായതെങ്കില്‍ 11.30 മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് കളക്ടറേറ്റിലെ സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതും ഇക്കാര്യത്തിലുള്ള കളക്ടറുടെ അനാസ്ഥയും. ഇതില്‍ രസകരമായ വസ്തുത കളക്ടറേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന 15 ക്യാമറകളില്‍ ഒന്നു പോലും സ്‌ഫോടനമുണ്ടായ പ്രദേശത്തില്ല എന്നതാണ്. ഇത് പോലീസ് ബോധപൂര്‍വ്വം മറച്ചുവെയ്ക്കുന്നു. കളക്ടറേറ്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ചു പറയുന്നവര്‍ ഇന്റലിജന്‍സിനും സ്‌പെഷല്‍ ബ്രാഞ്ചിനും ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് മിണ്ടുന്നില്ല.
കെല്‍ട്രോണാണ് കൊല്ലം കളക്ടറേറ്റിലെ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചത്. ഇവയിലെ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലുള്ള കമ്പ്യൂട്ടറില്‍ കാണുകയും ശേഖരിക്കുകയും ചെയ്യാം. ഒരു വര്‍ഷത്തെ വാറന്റി കാലാവധി 2013 ഡിസംബറില്‍ അവസാനിച്ചു. ക്യാമറകളുടെ അറ്റകുറ്റപ്പണി തുടര്‍ന്നു നിര്‍വ്വഹിക്കുന്നതിന് ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് വെയ്ക്കണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ കത്തയച്ചു. സര്‍ക്കാര്‍ കാര്യം മുറപോലെ ആയതിനാല്‍ അതു പ്രാവര്‍ത്തികമായില്ല. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇത്രയും കാലം ആരും ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. ക്യാമറകള്‍ ശ്രദ്ധാകേന്ദ്രമാവുന്ന തരത്തിലുള്ള പ്രമാദമായ സംഭവങ്ങള്‍ ഉണ്ടായില്ല എന്നു തന്നെ പറയാം.

2015 ഓഗസ്റ്റിലാണ് ഷൈനാമോള്‍ കൊല്ലം കളക്ടറുടെ ചുമതലയേറ്റത് എന്നാണോര്‍മ്മ. ഒരു യോഗത്തില്‍ സി.സി.ടി.വി. ചര്‍ച്ചയായതിനെത്തുടര്‍ന്ന് ക്യാമറ നന്നാക്കണമെന്നാവശ്യപ്പെട്ട് 2016 ഫെബ്രുവരിയില്‍ കളക്ടറേറ്റില്‍ നിന്ന് കെല്‍ട്രോണിന് കത്തു നല്‍കി. എന്നാല്‍, മറുപടിയുണ്ടായില്ല. ഏപ്രിലില്‍ പുറ്റിങ്ങല്‍ ദുരന്തമുണ്ടായപ്പോള്‍ സി.സി.ടി.വി. വീണ്ടും ശ്രദ്ധാകേന്ദ്രമായി. 15 എണ്ണമുള്ളതില്‍ 5 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം വലിയ വാര്‍ത്തയായി. വാര്‍ത്തയാക്കി എന്നു പറയുന്നതാണ് സത്യം. ഉള്ള ക്യാമറകളിലെ വിഷ്വലുകള്‍ പകര്‍ത്താന്‍ ഹാര്‍ഡിക് ഡിസ്‌ക് പോലീസ് കൊണ്ടു പോയി. അവര്‍ തിരികെക്കൊണ്ടു വെച്ചത് കേടായ ഹാര്‍ഡ് ഡിസ്‌ക്. അതിനാല്‍ ഇപ്പോള്‍ ക്യാമറകളില്‍ റെക്കോര്‍ഡിങ് നടക്കുന്നില്ല. അതിന്റെയും പഴി കളക്ടര്‍ക്ക്!!

2016 മെയില്‍ കളക്ടറേറ്റില്‍ നിന്ന് കെല്‍ട്രോണിന് വീണ്ടും കത്തു നല്‍കിയെങ്കിലും മറുപടിയില്ല. പുറ്റിങ്ങല്‍ ദുരന്തത്തിന്റെ തുടര്‍ച്ചയായി സി.സി.ടി.വി. വിവാദമുണ്ടായപ്പോള്‍ തിരുവനന്തപുരത്ത് കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ പത്രക്കുറിപ്പിറക്കിയിരുന്നു. സി.സി.ടി.വി. നന്നാക്കാന്‍ കൊല്ലം കളക്ടര്‍ ഒരു കത്തും നല്‍കിയിട്ടില്ലെന്നും ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് ഇല്ലാത്തതിനാല്‍ കെല്‍ട്രോണിന് ഉത്തരവാദിത്വമില്ലെന്നും വിശദീകരണം. അദ്ദേഹത്തിന്റെ അറിവിലേക്കായി ആ 2 കത്തുകള്‍ സംബന്ധിച്ച തെളിവുകളും ഞാന്‍ നല്‍കാം. ഇതിനു ശേഷം ജൂണ്‍ 16ന് വീണ്ടുമൊരു കത്തു കൂടി കൊടുത്തിട്ടുണ്ട്. ഒരു കൗതുകത്തിന് കെല്‍ട്രോണിന്റെ തിരുവനന്തപുരം ഓഫീസില്‍ നിന്നു തന്നെ പരതിയെടുത്തതാണ് ഈ കത്തുകള്‍. ഇനി എം.ഡിയുടെ മുന്നല്‍ ചെല്ലാതെ കത്തുകള്‍ ഓടിയൊളിക്കുന്നതാണോ എന്നറിയില്ല!

ഇതൊക്കെ പോലീസിനറിയാം. പക്ഷേ, അവര്‍ക്കു പ്രതികാരം ചെയ്യണം. അതിന് ഏതറ്റം വരെയും പോകും. പുറ്റിങ്ങല്‍ ദുരന്തത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. എന്നാല്‍, ആശ്രിതവത്സലനായ അന്നത്തെ ഡി.ജി.പി. സെന്‍കുമാര്‍ ഇടപെട്ട് അത് അട്ടിമറിച്ചു. ഇപ്പോള്‍ യു.ഡി.എഫ്. മാറി എല്‍.ഡി.എഫിന്റെ സര്‍ക്കാരായി. രമേശ് ചെന്നിത്തല മാറി ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു വഹിക്കുന്നു. സെന്‍കുമാര്‍ മാറി ലോകനാഥ് ബെഹറയാണ് ഡി.ജി.പി. കസേരയില്‍. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്ക് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന ചുമതലയുമുണ്ട്. ആ പഴയ റിപ്പോര്‍ട്ട് പൊടി തട്ടിയെടുത്തു നടപ്പാക്കാന്‍ ഇനിയൊട്ടും അമാന്തിക്കരുത്. ഇല്ലെങ്കില്‍ ഈ പോലീസ് ഏമാന്മാര്‍ കൊല്ലം ജില്ല കുളം തോണ്ടും.

ഷൈനാമോളോട് എനിക്ക് പ്രത്യേകിച്ച് ഒരു താല്പര്യവുമില്ല. അവരെ ഞാനിതുവരെ നേരിട്ടു കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. എന്നാല്‍, സത്യസന്ധയായ ആ ഉദ്യോഗസ്ഥയുടെ നന്മയെക്കുറിച്ച് കേട്ടറിവുണ്ട്. സമുഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളിലൂടെ കണ്ടറിവുമുണ്ട്. അവരെ പിന്തുണയ്ക്കണമെന്നു തീരുമാനിച്ചത് അതിനാലാണ്. കളക്ടറേറ്റിലെ ക്യാമറ പ്രവര്‍ത്തിക്കാത്തതാണ് സ്‌ഫോടനത്തിനു കാരണമെന്ന പോലീസിന്റെ ബാലിശമായ വാദം മറ്റും പലരും തൊണ്ട തൊടാതെ വിഴുങ്ങിയിട്ടുണ്ടാവും. പക്ഷേ, ഈ അന്വേഷണത്തിലേക്ക് എന്നെ പിടിച്ചിറക്കിയത് ആ വാദം തന്നെയാണ്. കൊല്ലം കളക്ടറേറ്റിലെ സ്‌ഫോടനത്തിനു പിന്നില്‍ കാക്കിയിട്ട കൈകള്‍ പ്രവര്‍ത്തിച്ചിരിക്കാം എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ, അങ്ങനെ ആരെങ്കിലും സംശയിച്ചുപോയാല്‍ തെറ്റു പറയാനുമാവില്ല. കേരളാ പോലീസാണ്, ജയിക്കാനായി അവര്‍ എന്തും ചെയ്തുകളയും!!!
പോലീസ് ബുദ്ധിയാണ് സ്‌ഫോടനത്തിനു പിന്നിലെങ്കില്‍ ഈ കേസില്‍ പ്രതിയുണ്ടാവില്ല. തെളിയാത്ത കേസുകളുടെ ഗണത്തില്‍ 2009ലെ എറണാകുളം കളക്ടറേറ്റ് സ്‌ഫോടനത്തിനു താഴെ 2016ലെ കൊല്ലം കളക്ടറേറ്റ് സ്‌ഫോടനവും എഴുതിച്ചേര്‍ക്കാം.
Great…
It is very informative.. Thank you