വേനല്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. അപ്പോഴേക്കും നാടും നഗരവും ചുട്ടുപൊള്ളുകയാണ്. പകല്‍ താപനില ചിലയിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. മരങ്ങള്‍ വെട്ടിനിരത്തുകയും കുന്നുകള്‍ ഇടിച്ചുനിരത്തുകയും ജലാശയങ്ങള്‍ മണ്ണിട്ടുനിരത്തുകയും ചെയ്തതിന്റെ തിക്തഫലം.
ഇപ്പോള്‍ ചെറിയൊരു ഓലപ്പുര പണിയണമെങ്കില്‍ മഴവെള്ളക്കുഴി നിര്‍ബന്ധമാണ്. നല്ല കാര്യം തന്നെ. മഴവെള്ളം സംഭരിച്ചാല്‍ മാത്രമേ ജലദൗര്‍ലഭ്യത്തിന് ചെറിയ തോതിലെങ്കിലും പരിഹാരം കാണാനാവൂ. അതോടൊപ്പം നിലവിലുള്ള പുഴകള്‍, കുളങ്ങള്‍, വയലുകള്‍, ചതുപ്പുകള്‍, മരങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കപ്പെടുകയും വേണം.
കേരളം നേരിടാന്‍ പോകുന്ന വന്‍ ജലപ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നെല്‍വയല്‍ -നീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. എന്നാല്‍, ഇപ്പോഴത്തെ സര്‍ക്കാര്‍ അതില്‍ പലവിധ ഇളവുകളും അനുവദിച്ചു. താല്പര്യം കച്ചവടം തന്നെ. അതിന്റെ ഫലം യഥാര്‍ത്ഥത്തില്‍ അനുഭവിക്കുക നമ്മളല്ല, ഭാവി തലമുറയാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. അങ്ങനെ നോക്കിയാല്‍ ഇപ്പോള്‍ നിലവിലുള്ളത് കാവല്‍ മന്ത്രിസഭയാണ്. ഭരണപരമായ നിര്‍ണ്ണായക തീരുമാനങ്ങളൊന്നും ഈ സര്‍ക്കാര്‍ ഇനി എടുക്കാന്‍ പാടില്ല. ഭരണമരവിപ്പിന്റെ രണ്ടു മാസങ്ങള്‍. അനുകൂലമായും പ്രതികൂലമായും തീരുമാനമുണ്ടാവില്ല. എന്നാല്‍, ചിലര്‍ക്കെങ്കിലും ഇത് സുവര്‍ണ്ണാവസരമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള അവസരം.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി സമുച്ചയത്തിനു മുകളില്‍ നിന്നു കണ്ട ഒരു കാഴ്ചയാണ് ഈ കുറിപ്പിനാധാരം. ഒരു നീര്‍ത്തടം മണ്ണിട്ട് നികത്തുന്നു, അതിവേഗത്തില്‍. മണിക്കൂറില്‍ ശരാശരി 12 ടിപ്പര്‍ മണ്ണാണ് അവിടെ കൊണ്ടിടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നികത്തലിനു വേഗം കൂടി. ഒരാഴ്ചയായി ഇത് നിര്‍ബാധം തുടരുന്നുവെന്ന് ടെക്‌നോപാര്‍ക്കിലെ സുഹൃത്തിന്റെ ദൃക്‌സാക്ഷി മൊഴി.
ടെക്‌നോപാര്‍ക്കിന്റെ അതിര്‍വേലിക്കു തൊട്ടുപുറത്തായി ഒരു ചതുപ്പ് നിലമാണ്. ശരിക്കും പറഞ്ഞാല്‍ വലിയൊരു കുളം. ഇതുവഴി വൈദ്യുതി ബോര്‍ഡിന്റെ 11 കെ.വി. ലൈന്‍ കടന്നുപോകുന്നുണ്ട്. രണ്ടു കുന്നുകളുടെ ഇടയ്ക്കുള്ള താഴ്‌വര എന്നു തന്നെ. ഒരു കുന്നില്‍ ടെക്‌നോപാര്‍ക്കിന്റെ തേജസ്വിനി സമുച്ചയം. രണ്ടാമത്തെ കുന്നില്‍ ക്രിസ്റ്റല്‍ ടെക്പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്‌സാണ്. എന്നാല്‍, ഇടയ്ക്കുള്ള ഭൂമി ആരുടെയെങ്കിലും സ്വന്തമാണോ സര്‍ക്കാര്‍ പുറമ്പോക്കാണോ എന്നു വ്യക്തമല്ല. ഈ മേഖലയില്‍ ഒരു കുളം എന്തായാലും സ്വകാര്യ വ്യക്തിക്കു സ്വന്തമാകാന്‍ വഴിയില്ലെന്ന് റവന്യൂ വകുപ്പിലെ സുഹൃത്തുക്കളുടെ സാക്ഷ്യപത്രം.
ഭരണമരവിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥ തലത്തില്‍ കാര്യമായ ഇടപെടല്‍ ഉണ്ടാവില്ല എന്നു മനസ്സിലാക്കിയാണ് കുളം നികത്തല്‍ പുരോഗമിക്കുന്നത്. അതോ, വേണ്ടതു നല്‍കി മരവിപ്പ് സൃഷ്ടിച്ചതാണോ എന്നറിയില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി അടുത്ത സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴേക്കും ഈ കുളം ഒരു തുറസ്സായ മൈതാനമായി രൂപാന്തരം പ്രാപിച്ചിരിക്കും. അന്ന് അധികാരത്തിലുള്ള രാഷ്ട്രീയ മേലാളന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിമ്പളം കൊടുക്കാം. ഭൂമി സ്വന്തമാക്കാം. പിന്നെ, അവിടെ എന്തു വേണമെങ്കിലും പണിതുയര്‍ത്താം.
ഈ നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് നികത്തല്‍ കണ്ടയുടനെ തന്നെ മനസ്സില്‍ തോന്നാന്‍ ഒരു കാരണമുണ്ട്. അടുത്തിടെ വായിച്ച ഒരു വാര്‍ത്ത -‘മണ്ണ് കിട്ടാനില്ല; ബൈപാസ് പണി നിലച്ചു’. സര്‍ക്കാരിന്റെ റോഡു പണിക്ക് മണ്ണില്ല. പക്ഷേ, കുളം നികത്താന്‍ മണ്ണുണ്ട്! കാലം മറിഞ്ഞ കാലം!!