ഇവന്‍ ബ്രിജേഷ്..
1990ല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥിയായി ചെന്നു കയറിയപ്പോള്‍ ഉടുമ്പു പിടിച്ച പോലെ ഒപ്പം കൂടിയതാണ്. ഞാന്‍ മാത്തമാറ്റിക്‌സ് മുഖ്യവിഷയമായ ഫസ്റ്റ് ഗ്രൂപ്പിലും അവന്‍ കോമേഴ്‌സ് മുഖ്യവിഷയമായ ഫോര്‍ത്ത് ഗ്രൂപ്പിലും. ആശയങ്ങളിലെ പൊരുത്തമാണ് ഞങ്ങളെ ഒരുമിപ്പിച്ചത്.
പ്രി ഡിഗ്രി കഴിഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജിലും ഞങ്ങള്‍ ഒരുമിച്ചു. ഞാന്‍ ഡേ കോളേജില്‍ ബി.എ. ഇംഗ്ലീഷ്. അവന്‍ ഈവനിങ് കോളേജില്‍ ബി.കോം. അന്ന് സൗഹൃദത്തിന് ഡേ-ഈവനിങ് വ്യത്യാസമുണ്ടായിരുന്നില്ല. രാവിലെ 8 മുതല്‍ രാത്രി 9 വരെ കോളേജില്‍ തന്നെ കഴിയുന്നവര്‍ക്ക് എന്ത് ഡേ, എന്ത് ഈവനിങ്, എന്ത് നൈറ്റ്!
ഞങ്ങള്‍ക്കൊപ്പം പഠിക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല ബ്രിജേഷ് നടന്നുകയറുന്നത് ചരിത്രത്തിലേക്കാണെന്ന്. യൂണിവേഴ്‌സിറ്റി ഈവനിങ് കോളേജിലെ അവസാന ചെയര്‍മാനാണ് ഈ താരം. അവന്‍ ചെയര്‍മാനായതോടെ കോളേജ് തന്നെ പൂട്ടിപ്പോയി എന്നു ഞങ്ങള്‍ കളിയാക്കാറുണ്ട്. THE LAST SAMURAI! സ്വതസിദ്ധമായ ശൈലിയിലുള്ള പുഞ്ചിരിയില്‍ അവന്‍ പ്രതികരണമൊതുക്കും.
വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു എല്ലാവരും ഒരുമിച്ചുള്ള ഒരു സംഗമം. യൂണിവേഴ്‌സിറ്റി കോളേജ് 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഞങ്ങളുടെ സൗഹൃദത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നു.