കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസാവസാനം വിജ്ഞാപനം വരും. സ്ഥാനാര്‍ത്ഥികളാവാന്‍ നേതാക്കള്‍ തള്ള് ശക്തമാക്കിയിട്ടുണ്ട്. എതിര്‍ പാര്‍ട്ടിക്കാരുമായി കോര്‍ക്കുന്നതിനു മുമ്പ് സ്വന്തം പാര്‍ട്ടിക്കാരെ വെട്ടിനിരത്തണം. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കാള്‍ പാടാണ് സ്ഥാനാര്‍ത്ഥിയാവുക എന്നത്. അപ്പോള്‍പ്പിന്നെ കടുത്ത നടപടി ആവശ്യമായി വരും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് നമ്പര്‍ 78 ആണ് മുട്ടത്തറ. ഇപ്പോള്‍ അവിടെ സി.പി.എമ്മിലെ എസ്.ആര്‍.അഞ്ജുവാണ് കൗണ്‍സിലര്‍. വരുന്ന തിരഞ്ഞെടുപ്പില്‍ അവിടെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിയാവാന്‍ പരിഗണിക്കപ്പെടുന്നവരില്‍ മുന്നിലുള്ളയാളാണ് ജി.ലീന. യൂത്ത് കോണ്‍ഗ്രസ്സിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കെ.പി.സി.സി. അംഗമാണ്. പക്ഷേ, ഗ്രൂപ്പ് സമവാക്യങ്ങള്‍ വെച്ചു കണക്കുകൂട്ടുമ്പോള്‍ ചിലപ്പോള്‍ വെട്ടിപ്പോകാന്‍ സാദ്ധ്യതയുണ്ട്.
അപ്പോള്‍പ്പിന്നെ ഏതു വിധത്തില്‍ പരിഗണിച്ചാലും സ്ഥാനാര്‍ത്ഥിത്വം കിട്ടാന്‍ എന്തു ചെയ്യണം? രക്തസാക്ഷി പരിവേഷം നേടണം. ആ പരിവേഷം സ്ഥാനാര്‍ത്ഥിത്വം നേടുന്നതില്‍ മാത്രമല്ല തുടര്‍ന്നു വരുന്ന തിരഞ്ഞെടുപ്പില്‍ കൂടി പ്രയോജനപ്പെട്ടാല്‍ ജോറായി. രക്തസാക്ഷി പരിവേഷത്തിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ഇരവാദമാണ്. അതു തന്നെ ലീന പയറ്റി. പക്ഷേ, അഭിനയം അല്പം ഓവറായിപ്പോയി. കള്ളി പൊളിഞ്ഞു.
വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയതില്‍ നാടെങ്ങും പ്രതിഷേധം അലയടിക്കുന്ന സമയം. ചിലയിടങ്ങളിലെല്ലാം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായതായി വാര്‍ത്ത വരുന്നു. ഇതൊരു ‘സുവര്‍ണ്ണാവസരം’ തന്നെയെന്ന് ലീന നിശ്ചയിച്ചു. പിറ്റേന്ന് വലിയ വാര്‍ത്ത വന്നു -“യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് ജി.ലീനയുടെ വീട് സി.പി.എമ്മുകാര്‍ അടിച്ചു തകര്‍ത്തു”.
തിരുവനന്തപുരം മുട്ടത്തറ തരംഗിണി നഗറിലാണ് ലീനയുടെ വീട്. വീട് ആക്രമിച്ച നരാധമന്മാര്‍ക്കെതിരെ പ്രതിഷേധമിരമ്പി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖരും പ്രമുഖരല്ലാത്തവരുമായ എല്ലാവരും പാഞ്ഞെത്തി. ലീനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇവരുടെയെല്ലാം മുന്നില്‍ ലീന വാവിട്ടു കരഞ്ഞു. നേതാക്കളെല്ലാം ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ലീനയെ പിന്തുണച്ചും അക്രമത്തെ അപലപിച്ചും പോസ്റ്റുകളിട്ടു. തിരഞ്ഞെടുപ്പില്‍ ലീന സ്ഥാനാര്‍ത്ഥിയാവും എന്നു മാത്രമല്ല കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കു വേണമെങ്കില്‍ ഈ ആക്രമണം പ്രചാരണവിഷയമാക്കി ജയിക്കാന്‍ നോക്കാം എന്ന സ്ഥിതിയുമായി. പക്ഷേ, ലീനയുടെ ഈ അടുപ്പിലെ തീയിലേക്ക് പൊലീസ് കെടുത്തിക്കളഞ്ഞു. അതിനു വെള്ളം കോരിക്കൊടുത്തത് ലീനയുടെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ.
ലീനയുടെ വീടാക്രമിച്ച കേസിലെ പ്രധാന പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റു ചെയ്തു. ലീനയുടെ മകന്‍ ലിഖിന്‍ കൃഷ്ണ (21) തന്നെയാണ് പ്രതി! സംഭവം വ്യക്തമായി അറിയാമായിരുന്നിട്ടും അതു മറച്ചുപിടിച്ച ലീനയും കൂട്ടുപ്രതിയാവും എന്നാണ് ലഭിക്കുന്ന വിവരം. അടിപൊളിയല്ലേ!!
2020 സെപ്റ്റംബര്‍ 1 ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടേകാലിന് ലീനയുടെ വീട് സി.പി.എമ്മുകാര്‍ അടിച്ചു തകര്‍ത്തു എന്നായിരുന്നു പരാതി. പരാതിയിന്മേല്‍ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതേത്തുടര്‍ന്നാണ് നേതാക്കളുടെ സന്ദര്‍ശനവും പ്രതിഷേധപ്രവാഹവുമൊക്കെ ഉണ്ടായത്. ലീന വാര്‍ത്തയിലെ താരമായി. ഇതില്‍ കോണ്‍ഗ്രസ്സിലെ ചിലര്‍ക്ക് അപകടം മണത്തു. സ്ഥാനാര്‍ത്ഥിത്വത്തിനായി ലീനയോടു മത്സരിക്കുന്ന അവര്‍ തന്നെയാണ് പൊലീസിന് ആ വിവരം ചോര്‍ത്തിക്കൊടുത്തത് -ആക്രമണം നാടകമാണെന്ന്. അതിനു പറഞ്ഞ കാരണം ലീനയുടെ വീടിന് തൊട്ടടുത്തുള്ള ഐ.എന്‍.ടി.യു.സി. ഓഫീസിനോ പ്രദേശത്തുള്ള കൊടിമരങ്ങള്‍ക്കോ പ്രചാരണ ബോര്‍ഡുകള്‍ക്കോ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല എന്നതായിരുന്നു.
“അങ്ങനെ ഒരാളെ മാത്രം ലക്ഷ്യം വെച്ച് സി.പി.എം. പ്രതിഷേധിക്കില്ല. മാത്രമല്ല അങ്ങനെ പ്രതിഷേധിച്ചാല്‍ വീട്ടിലെ ജനാലച്ചില്ല് മാത്രം തകര്‍ത്ത് സി.പി.എമ്മുകാര്‍ പോകില്ല” -പ്രദേശത്തെ ഒരു ‘പ്രധാന’ കോണ്‍ഗ്രസ് നേതാവ് പൊലീസിനോടു പറഞ്ഞത് ഇതായിരുന്നു. ഈ വാക്കുകള്‍ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ഒടുവില്‍ ലിഖിന്‍ കൃഷ്ണയിലും പിന്നീട് ലീനയിലും എത്തിനിന്നത്. ഇപ്പോള്‍ ഏതു കേസിലും ആദ്യം പൊലീസ് ചെയ്യന്നത് ബന്ധപ്പെട്ടവരുടെ കോള്‍ ഡാറ്റാ റെക്കോഡര്‍ പരിശോധിക്കുക എന്നതാണല്ലോ. ഇതനുസരിച്ച് ലീനയുടെയും ലിഖിന്റെയും സി.ഡി.ആര്‍. പരിശോധിച്ചതോടെ കേസിന് തുമ്പുണ്ടാകാനുള്ള വഴി തെളിഞ്ഞു.
കൂട്ടുകാരനായ ശ്രീക്കുട്ടനുമായി സംഭവം നടന്ന ദിവസം രാത്രി മണിക്കൂറുകളോളം ലിഖിന്‍ ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഉറങ്ങാതെ പുലര്‍ച്ചെ വരെ സംസാരിച്ചത് എന്താണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പയ്യന്‍സിനായില്ല. സംഭവം നടക്കുന്നതിനു മുമ്പ് അത്യാവശ്യമായി വീടു വരെ വരണമെന്ന് ശ്രീക്കുട്ടനോട് ലിഖിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം ശ്രീക്കുട്ടന്‍ അവിടെ എത്തിയിരുന്നതായും കണ്ടെത്തി. ഇതോടെ ശ്രീക്കുട്ടനെ പൊലീസ് ക്ലിപ്പിട്ടു. ശ്രീക്കുട്ടനെ ചോദ്യം ചെയ്തതോടെ അക്രമം ലിഖിന്‍ തന്നെ നടത്തിയതാണെന്നു തെളിഞ്ഞു. ശ്രീക്കുട്ടനെ കൂടെയിരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയല്ലാതെ ലിഖിന് മറ്റു മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. അക്രമം നടന്ന ദിവസം ലീന മകളെയും അമ്മയെയും ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു എന്നു കണ്ടെത്തിയതും പൊലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി.
എന്തായാലും ലീനയുടെ സ്ഥാനാര്‍ത്ഥിത്വ സാദ്ധ്യത ഇല്ലാതായിട്ടൊന്നുമില്ല. കാരണം മുട്ടത്തറ ഭാഗത്തു മാത്രം പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഈ രാഷ്ട്രീയ നേതാവിനെ കേരളം മുഴുവന്‍ ഇപ്പോഴറിയും. Negative publicity is also a sort of publicity. ഇത്തരക്കാരെ സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുന്ന പതിവ് കോണ്‍ഗ്രസ്സിനുണ്ട് താനും. ഉത്തര്‍ പ്രദേശില്‍ എം.എല്‍.എമാരായിരുന്ന ഭോലാനാഥ് പാണ്ഡെയുടെയും ദേവേന്ദ്ര പാണ്ഡെയുടെയും കാര്യം തന്നെ നോക്കാം. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയെന്നതായിരുന്നു സ്ഥാനാര്‍ത്ഥിയാവാനും ജയിക്കാനുമുള്ള ഇവരുടെ യോഗ്യത!!
1978 ഡിസംബര്‍ 20ന് കൊല്‍ക്കത്തയില്‍ നിന്ന് ലഖ്നൗ വഴി ഡല്‍ഹിയിലേക്കു പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി. 410 വിമാനമാണ് പാണ്ഡെമാര്‍ റാഞ്ചിയത്. അടിയന്തരാവസ്ഥയ്ക്കു ശേഷം അറസ്റ്റിലായ ഇന്ദിരാ ഗാന്ധിയെ മോചിപ്പിക്കുക, അവരുടെ മകന്‍ സഞ്ജയ് ഗാന്ധിക്കെതിരായ കേസുകള്‍ മുഴുവന്‍ പിന്‍വലിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. ഡല്‍ഹിയില്‍ ഇറങ്ങാനിരുന്ന വിമാനം അവര്‍ നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഒടുവില്‍ ഇറക്കിയത് വാരാണസിയിലാണ്. വിമാനത്തിലുണ്ടായിരുന്ന 132 യാത്രക്കാരെ ഏതാനും മണിക്കൂറുകള്‍ ബന്ദികളാക്കുന്നതില്‍ വിജയിച്ചുവെങ്കിലും ആവശ്യങ്ങളൊന്നും നടക്കില്ല എന്നു മനസ്സിലായതോടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇരുവരും കീഴടങ്ങി. കളിത്തോക്കും ക്രിക്കറ്റ് പന്തില്‍ തുണിയും നൂലും ചുറ്റിയുണ്ടാക്കിയ ‘ബോംബും’ ആയിരുന്നു റാഞ്ചികളുടെ ആയുധങ്ങള്‍!!
ഈ സംഭവം നടന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷം മൊറാര്‍ജി ദേശായി മന്ത്രിസഭ താഴെപ്പോയി. ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ ചരണ്‍ സിങ് അധികാരത്തിലേറി. പാണ്ഡെമാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് ഏറെ താമസിയാതെ അവരെ ഇന്ദിര ജയില്‍മോചിതരാക്കി. തക്കതായ പ്രതിഫലവും നല്‍കി. 1980ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാണ്ഡെമാരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി. അന്ന് ഉഗ്രപ്രതാപിയായിരുന്ന സഞ്ജയ് ഗാന്ധി തന്നെ ഇരുവരുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മേല്‍നോട്ടം വഹിച്ചു. ഇരുവരും ജയിച്ചുകയറി. ഇരുവരും രണ്ടു വട്ടം വീതം എം.എല്‍.എമാരായി.
അടുത്തകാലം വരെ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു ദേവേന്ദ്ര പാണ്ഡെ. ഇപ്പോള്‍ സുല്‍ത്താന്‍പുര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് തന്നെയാണ് ലക്ഷ്യം. ഭോലാനാഥ് പാണ്ഡെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ സെക്രട്ടറിയുമൊക്കെയായി. ഉത്തര്‍ പ്രദേശിലെ സാലെംപുര്‍ മണ്ഡലത്തില്‍ നിന്ന് 1991, 1996, 1999, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെടാനായിരുന്നു വിധി.
പാണ്ഡെമാരുടെ ചരിത്രം ലീനയ്ക്ക് പ്രതീക്ഷിക്കാന്‍ വക നല്‍കുന്നുണ്ട്. ഇനി അഥവാ ലീന ഒന്നുമായില്ലെങ്കിലും ലിഖിന്‍ കൃഷ്ണ കോണ്‍ഗ്രസ്സില്‍ എന്തെങ്കിലുമൊക്കെ ആവുമെന്ന് ഉറപ്പാണ്!!!