നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി മഹാബലിപുരം കടല്‍ത്തീരത്ത് നടത്തിയ പ്രഭാത സവാരിയാണ് ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. നടത്തത്തിനിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നുള്ളിപ്പെറുക്കിയ പ്രധാനമന്ത്രി അവിടെയുണ്ടായിരുന്ന ജയരാജ് എന്ന ഹോട്ടല്‍ ജീവനക്കാരന് കൈമാറി. ഇതിന്റെ വീഡിയോ മോദിജി തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ചു, ലോകത്തെ അറിയിച്ചു.
Plogging at a beach in Mamallapuram this morning. It lasted for over 30 minutes.
Also handed over my ‘collection’ to Jeyaraj, who is a part of the hotel staff.
Let us ensure our public places are clean and tidy!
Let us also ensure we remain fit and healthy. pic.twitter.com/qBHLTxtM9y
— Narendra Modi (@narendramodi) October 12, 2019
വീഡിയോ വന്നതിനു പിന്നാലെ മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ധാരാളം സന്ദേശങ്ങള്‍ പ്രവഹിച്ചു. പ്രധാനമന്ത്രി കടല്‍ത്തീരം വൃത്തിയാക്കിയത് വളരെ നല്ല കാര്യം തന്നെയാണ്. പക്ഷേ, എനിക്കൊരു ചോദ്യമുണ്ട്. ആ കടല്‍ത്തീരം പ്രധാനമന്ത്രിയുടെ വീഡിയോയില്‍ കണ്ടതുപോലെ വൃത്തികേടാവാനുള്ള സാഹചര്യമുണ്ടായിരുന്നോ എന്നതാണ് ചോദ്യം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങും തമ്മില്‍ മഹാബലിപുരത്ത് നടത്തുന്ന ഉച്ചകോടിയെക്കുറിച്ച് വിവിധ പത്രങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തന്നെയാണ് ഈ ചോദ്യത്തിനാധാരം.
ഉച്ചകോടിക്കു മുന്നോടിയായി കഴിഞ്ഞ ഒരു മാസമായി മഹാബലിപുരവും പരിസര പ്രദേശങ്ങളും അടച്ചുപൂട്ടപ്പെട്ട നിലയിലാണ്, അക്ഷരാര്‍ത്ഥത്തില്‍ LOCKOUT. ഇതിനു പുറമെ ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം വകുപ്പ് പ്രകാരം ഒരാഴ്ചയായി അവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുന്നു. 4 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല എന്നര്‍ത്ഥം. മഹാബലിപുരത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ 3 ദിവസമായി കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. വിശിഷ്ട വ്യക്തികളുടെ വാഹനവ്യൂഹം കടന്നുപോകുന്ന 30 കിലോമീറ്റര്‍ പാതയോരത്തുള്ള ഒരു കട പോലും തുറപ്പിച്ചിട്ടില്ല. ഒരു മാസത്തോളമായി വിദേശസഞ്ചാരികള്‍ക്ക് പ്രവേശനമില്ല, താമസിക്കാന്‍ മുറിയില്ല.
മഹാബലിപുരം മോടികൂട്ടി പുനര്‍നിര്‍മ്മിച്ചത് കോടികള്‍ ചെലവഴിച്ചാണ്. പ്രധാനമന്ത്രി പ്രഭാതസവാരിക്കിറങ്ങിയ ഈ കടല്‍ത്തീരത്ത് ദിവസങ്ങളായി പൊലീസുകാരും സുരക്ഷാഭടന്മാരും അല്ലാതെ മറ്റാരും പ്രവേശിക്കുന്നില്ല. പ്രവേശനം അനുവദിക്കുന്നില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. പോരാത്തതിന് 4 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിന്ത്രിക്കുന്ന നിരോധനാജ്ഞയുമുണ്ടല്ലോ.
നരേന്ദ്ര മോദിയും സി ജിന്‍പിങ്ങും യാത്ര ചെയ്യുന്ന ചെന്നൈ -മഹാബലിപുരം റോഡില്‍ 10 മീറ്റര്‍ ഇടവിട്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവര്‍ പോകുന്ന സ്ഥലങ്ങളില്‍ 100 കണക്കിന് ക്യാമറകള്‍ വേറെയുമുണ്ട്. സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി കടല്‍ത്തീരം മുഴുവന്‍ നീളത്തില്‍ വലിയ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പങ്കിട്ട വീഡിയോയില്‍ തന്നെ ഇതു കാണാം. സുരക്ഷാ നിരീക്ഷണത്തിനാണ് ഇതു സ്ഥാപിച്ചത്. ദിവസങ്ങളായി ആര്‍ക്കും പ്രവേശനമില്ലാത്ത സ്ഥലത്ത് സി.സി.ടി.വി. ക്യാമറകളെ വെട്ടിച്ച് ആരാണ് ഈ ചപ്പുചവറുകള്‍ കൊണ്ടിട്ടത്?
ഇനി കടലില്‍ നിന്ന് തിരയടിച്ചു കൊണ്ടിട്ടതാണെങ്കില്‍ പ്രധാനമന്ത്രി അവസാനം മാലിന്യം കൈമാറിയ ജയരാജിനെപ്പോലെ അനേകം തൊഴിലാളികളെ ശുചീകരണത്തിന് നിയോഗിച്ചിട്ടുമുണ്ട്. പിന്നെ എങ്ങനെയാണ് കടപ്പുറത്ത് ഇത്രയും മാലിന്യങ്ങള്‍ വന്നതെന്ന് ക്യാമറകള്‍ പരിശോധിച്ചു കണ്ടെത്തണം. ഇത്രയും കടുത്ത സുരക്ഷ മറികടന്ന് കടല്‍ത്തീരത്ത് മാലിന്യങ്ങള്‍ കൊണ്ടിട്ടത് സുരക്ഷാവീഴ്ച തന്നെയല്ലേ? എന്തായാലും വ്യക്തമായ വിശദീകരണം നല്‍കാന്‍ കുറഞ്ഞപക്ഷം തമിഴ്‌നാട് സര്‍ക്കാരിനെങ്കിലും ഉത്തരവാദിത്വമുണ്ട്.
ഇതിനെല്ലാമപ്പുറം ഒരു പ്രധാന വസ്തുതയുണ്ട്. പ്രധാനമന്ത്രി രാവിലെ നടക്കാനിറങ്ങിയത് താജ് ഹോട്ടലിന്റെ പ്രൈവറ്റ് ബീച്ചിലാണ് എന്നാണ് മനസ്സിലാകുന്നത്. ആ ഹോട്ടലിലെ താമസക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും സാധാരണനിലയില്‍ അവിടെ പ്രവേശനം ലഭിക്കാറില്ല. ചപ്പുചവറുകള്‍ കൊണ്ടിടുന്ന country fellows ആ പരിസരത്തു പോലും ചെല്ലില്ല എന്നര്‍ത്ഥം.
പ്രധാനമന്ത്രിയുടെ പ്രകടനം സ്വച്ഛ് ഭാരത് അഭിയാനെപ്പറ്റിയുള്ള പ്രചാരണ പരിപാടിയായിരുന്നുവെങ്കില്‍ ശരി, പ്രശ്‌നമില്ല. പരസ്യം എല്ലായ്‌പ്പോഴും കൃത്രിമമായി സൃഷ്ടിക്കുന്നതാണല്ലോ! സ്വച്ഛ് ഭാരത് പരിപാടി തുടങ്ങിയ സമയത്ത് മോദിജിയുടെ ശിഷ്യന്മാര്‍ ചവറു കൊണ്ട് വിതറിയിട്ട് തൂത്തുവാരുന്നതിന്റെ അനേകം വീഡിയോകള്‍ കണ്ടു പരിചയമുള്ളതിനാല്‍ ഇതിലും എനിക്ക് അത്ഭുതം തോന്നില്ല.
2016ല്‍ സ്വീഡനില്‍ തുടക്കമിട്ട ഒരു ബോധവത്കരണ പരിപാടിയാണ് പ്ലോഗിങ്. പ്രഭാതസവാരിക്കിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കിമാറ്റി തെരുവ് വൃത്തിയാക്കുന്നതാണ് പരിപാടി. ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ചില ലോക നേതാക്കള്‍ പ്ലോഗിങ് ചെയ്യാറുണ്ട്. ഇത് എല്ലാവരെയും അറിയിച്ചു തന്നെയാണ് ചെയ്യുക. എന്നാല്‍, ഏതെങ്കിലും ലോക നേതാവ് പ്ലോഗിങ് പ്രചാരണത്തിനായി ചവറുകള്‍ കൊണ്ടിട്ടിട്ട് അതു നുള്ളിപ്പെറുക്കിയ ചരിത്രമുണ്ടോ എന്ന് അറിയില്ല.