Reading Time: 5 minutes

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ
നാളെയാണ് താലിമംഗലം…
-മമെ ഖാന്‍ പാടി. വസന്ത രാഗത്തില്‍ രവീന്ദ്രന്‍ മാഷ് ചിട്ടപ്പെടുത്തിയ ഈണത്തിലൊന്നുമായിരുന്നില്ല പാട്ട്. ഥാര്‍ മരുഭൂമിയുടെ ചൂടും ചൂരുമുള്ള സൂഫി രാഗത്തില്‍. 13 വര്‍ഷം മുമ്പ് ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ അന്ന് സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ബാബു പഠിപ്പിച്ചതാണ്. സംഗീതം എവിടെയായാലും സംഗീതമാണ്, രാജസ്ഥാനിലായാലും കേരളത്തിലായാലും.

മമെ ഖാന്‍ നിശാഗന്ധിയില്‍

28 വര്‍ഷം മുമ്പിറങ്ങിയ ‘ഏയ് ഓട്ടോ’ എന്ന സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ എം.ജി.ശ്രീകുമാറും സംഘവും തകര്‍ത്തുപാടിയ ആ പാട്ട് തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചിട്ട് മമെ ഖാന്‍ ഒരാവശ്യമേ മുന്നോട്ടുവെച്ചുള്ളൂ -‘ഞാന്‍ നിങ്ങളുടെ പാട്ട് പാടി. പഠിക്കാന്‍ ബുദ്ധിമുട്ടേറിയ ഭാഷകളില്‍ മൂന്നാം സ്ഥാനത്തുള്ള നിങ്ങളുടെ ഭാഷയിലെ പാട്ട് ഞാന്‍ പാടി. ഇനി എന്റെ പാട്ട് നിങ്ങള്‍ പാടണം.’

മമെ ഖാന്‍ ആവശ്യപ്പെട്ടിട്ട് തിരുവനന്തപുരത്തുകാര്‍ പാടാതിരിക്കുകയോ? അസംഭവ്യം. രാജസ്ഥാന്റെ രാഗം നിശാഗന്ധിയിലെ പുരുഷാരം ഏറ്റുപാടുക തന്നെ ചെയ്തു.
ബോലെ തൊ മിഠൊ ലാഗെ
ഹസെ തൊ പ്യാരോ ലാഗെ..

15 തലമുറകളായി പ്രഗത്ഭ ഗായകരെ സംഭാവന ചെയ്യുന്ന പരമ്പരയുടെ ഭാഗമാണ് മമെ ഖാന്‍ എന്ന അത്ഭുതം. വളരെ വ്യത്യസ്തമായ ഒരു ആലാപനശൈലി സ്വന്തമായുള്ള ഇദ്ദേഹത്തിനു മേല്‍ പിതാവും ഗുരുവുമായ റാണാ ഖാന്റെ സ്വാധീനം പ്രകടം. ജയ്‌സാല്‍മറിനടുത്ത സട്ടൊ എന്ന കുഗ്രാമത്തില്‍ നിന്നു വന്ന മമെ ഖാന്‍ ആരെയും പിടിച്ചിരുത്തുന്ന പാട്ടിലൂടെ ലോകം കീഴടക്കിയിരിക്കുന്നു.

ബോലെ തൊ മിഠൊ ലാഗെ

രാജാക്കന്മാരുടെയും കവികളുടെയും സമ്പന്നമായ ചരിത്രമുറങ്ങുന്ന സ്ഥലമാണ് ജയ്‌സാല്‍മര്‍. കാലമുള്‍പ്പെടെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അതീതമായി ഇവിടത്തെ ഹിന്ദു -മുസ്‌ലിം ആദ്ധ്യാത്മികത നിലകൊള്ളുന്നു. മമെ ഖാന്റെ സംഗീതം ഈ പ്രൗഢ പാരമ്പര്യത്തിന്റെ ഭാഗമാണ്.

നിശാഗന്ധിയില്‍ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നില്ല മമെ ഖാന്‍. സംസാരിക്കുന്നതു പോലും വിലക്കി ഡോക്ടര്‍മാര്‍ ശബ്ദവിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ആ മനുഷ്യനാണ് വേദിയില്‍ കയറി തകര്‍ത്തുപാടിയത്, ആടിയത്. തന്റെ വയ്യായ്ക അദ്ദേഹം മറച്ചുപിടിച്ചില്ല. തുറന്നു പറഞ്ഞു. ‘ഫെബ്രുവരി 1 മുതല്‍ തുടര്‍ച്ചയായ പരിപാടികളാണ്. ഇത് 15-ാമത്തെ വേദിയാണ്. ബുദ്ധിമുട്ട് നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളില്‍ നിന്ന് ഞാനൊന്നും മറച്ചുവെയ്ക്കില്ല. നിങ്ങള്‍ ആസ്വാദകര്‍ എനിക്ക് അച്ഛനമ്മമാരാണ്.’ മമെ ഖാന്റെ തന്നെ ഭാഷയില്‍ ‘ആപ് മേരെ മായിബാപ് ഹൊ’.

ആസ്വാദകര്‍ക്കിടയില്‍

ഗോരി തെരാ ഗാവ് ബഡാ പ്യാരാ
മൈ തോ ഗയാ മാരാ
ആകെ യഹാം രേ
ആകെ യഹാ രേ..
-ദൈവത്തിന്റെ ശബ്ദമെന്നാണ് മമെ ഖാന്‍ പറഞ്ഞത്. യേശുദാസിന്റെ നാട്ടില്‍ വന്ന് ആ പാട്ട് പാടിയിട്ട് അദ്ദേഹം ഇത്രകൂടി പറഞ്ഞു -‘ഇത് നിങ്ങളുടെ മാത്രം ദൈവമല്ല, എന്റെയും ദൈവമാണ്.’

ഇന്ന് രാജസ്ഥാനി നാടോടി സംഗീതം എന്നു പറഞ്ഞാല്‍ മമെ ഖാനാണ്. പക്ഷേ, വിനയമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഭരണം. തന്റെ ആത്മാവ് സ്വാംശീകരിക്കുന്ന ഒരു പദ്ധതിയുമായാണ് മമെ ഖാന്റെ ഇപ്പോഴത്തെ സഞ്ചാരം -ROCK ‘N’ ROOTS.

രാജസ്ഥാനിലെ പഴയ നാടോടി ഗാനങ്ങള്‍ക്ക് ആധുനിക രൂപം നല്‍കി സമകാലീന സാഹചര്യങ്ങളിലേക്ക് സംയോജിപ്പിച്ച് അവതരിപ്പിക്കുക. രാജസ്ഥാനിലെ മികച്ച നാടോടി കലാകാരന്മാര്‍ക്കൊപ്പം പാശ്ചാത്യ ഉപകരണങ്ങളില്‍ വിദഗ്ദ്ധരായ കലാകാരന്മാരെ അതിഥികളായി അവതരിപ്പിക്കുന്ന സംഗീത നിശ. നിശാഗന്ധിയില്‍ കണ്ടത് അതാണ്. ഗിറ്റാര്‍ വിദഗ്ദ്ധന്‍ അമര്‍ സംഗമായിരുന്നു ഇവിടെ പാശ്ചാത്യ കൂട്ട്.

വേദിയില്‍ നാടോടി സംഗീതവും സൂഫി സംഗീതവും സംയോജിപ്പിക്കുകയാണ് ഇപ്പോള്‍ മമേ ഖാന്‍. മംഗാനിയാര്‍ നാടോടി സംഗീത വഴിയിലെ ജാംഗ്ര എന്ന വകഭേദത്തില്‍ ജീവിതത്തിലെ എല്ലാ അവസരങ്ങള്‍ക്കുമുള്ള സംഗീതമുണ്ട്. വിവാഹവും ജനനവും പേരിടലുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. പക്ഷേ, വര്‍ണ്ണാഭമായ ഈ സംഗീതത്തില്‍ സന്തോഷം മാത്രം.

റെയില്‍ ഗാഡി

സിന്ധിലെ സൂഫി കവികളായ മീരാ ബായി, കബീര്‍, ലാല്‍ ഷാബാസ് ഖലന്ധന്‍, ബുല്ലേ ഷാ, ബാബാ ഗുലാം ഫരീദ് എന്നിവരുടെ രചനകളും മമേ ഖാന്‍ വേദിയിലെത്തിക്കാറുണ്ട്. അദ്ദേഹത്തിനുണ്ടായിരുന്ന ആരോഗ്യപ്രശ്‌നം നിമിത്തം പൂര്‍ണ്ണതോതില്‍ ഇവ ആസ്വദിക്കാനുള്ള അവസരം ഇത്തവണ ഉണ്ടായില്ല. എങ്കിലും ഒട്ടും മോശമായില്ല എന്നു തന്നെ പറയാം.

പാട്ടിനായി കാത്തിരിപ്പ്: ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും ഞാനും യുവജനക്ഷേമ ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ വരുണും

തുടക്കം മുതല്‍ ഒടുക്കം വരെ ത്രസിപ്പിക്കുന്ന അനുഭവം. ഡോലിന്റെ ദ്രുതതാളമാണ് ആസ്വാദകരെ വരവേറ്റത്. ആ താളലയം പതുക്കെ കെട്ടടങ്ങിയതോടെ എങ്ങുനിന്നോ അശരീരി പോലെ ആ ശബ്ദം-
കേസരിയാ ബാലം ആവോനീ പധാരോനീ മാരെ ദേശ് രേ
പധാരോനീ മാരേ ദേശ്

ശബ്ദം മാത്രമേയുള്ളോ, പഴയ ‘ലാലിസം’ പരിപാടിയാണോ എന്നു സംശയിച്ചിരിക്കുമ്പോള്‍ തിളങ്ങുന്ന പച്ചക്കുപ്പായത്തില്‍ പ്രത്യക്ഷനായി, മമെ ഖാന്‍. ആര്‍ത്തുവിളിച്ചവരില്‍ 7 വയസ്സുകാരനെന്നോ 70 വയസ്സുകാരനെന്നോ ഉള്ള വ്യത്യാസമുണ്ടായില്ല. ഒന്നര മണിക്കൂര്‍ നീണ്ട പരിപാടി അവസാനിക്കും വരെ ആരവം തുടര്‍ന്നു.

ചൗധരി

സമീപകാലത്ത് മമെ ഖാന്റേതായി വന്ന ഏറ്റവും വലിയ ഹിറ്റാണ് ചൗധരി. പഞ്ചാബിയായ ശൈലേന്ദ്ര സിങ് എഴുതി ഗുജറാത്തിയായ അമിത് ത്രിവേദി ചിട്ടപ്പെടുത്തി രാജസ്ഥാനിയായ മമെ ഖാന്‍ പാടുന്ന ഗാനം. ഈ പാട്ട് അദ്ദേഹം പാടുമ്പോള്‍ നിശാഗന്ധിയില്‍ മുഴുവന്‍ മൊബൈല്‍ ഫ്‌ളാഷുകള്‍ മിന്നി, ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിലെന്ന പോലെ. ഒടുവില്‍ അവസാനഗാനമായി ദമാ ദം മസ്ത് കലന്ദര്‍ എത്തിയപ്പോള്‍ ആവേശം മൂര്‍ദ്ധന്യത്തിലായി.

മമെ ഖാനൊപ്പം സദ്ദാം ഖാന്‍

ഇത്രയും കാലം മമെ ഖാന്റെ നിഴലിലായിരുന്ന സദ്ദാം ഖാന്‍ എന്ന ഗായകന്റെ ഉദയത്തിനും നിശാഗന്ധി സാക്ഷ്യം വഹിച്ചു. മമെ ഖാനോടൊപ്പം സദ്ദാം കൂടിയിട്ട് 9 വര്‍ഷമായി. പിന്നണിയില്‍ സാരംഗി വായിക്കുന്നതിനൊപ്പം വായ്പ്പാട്ടില്‍ അകമ്പടിയാണ് പതിവ്. തന്റെ മോശം ആരോഗ്യനില പരിപാടിയുടെ നിലവാരത്തെ ബാധിക്കാതിരിക്കാനാണ് മമെ ഖാന്‍ സദ്ദാമിനെ മുന്നിലേക്കു കൊണ്ടുവന്നത്. ഇക്കാര്യം മമെ ഖാന്‍ തന്നെയാണ് പറഞ്ഞത്. കിട്ടിയ അവസരം സദ്ദാം വളരെ മികച്ച രീതിയില്‍ തന്നെ പ്രയോജനപ്പെടുത്തുകയും ചെയ്തു.

റബ് ജോഗി

രാജസ്ഥാനില്‍ നിന്നെത്തിയത് എല്ലാം കൊണ്ടും മികച്ച ഒരു സംഘമായിരുന്നു. ഹാര്‍മോണിയത്തില്‍ കട്ട നിരത്തുന്നതിനൊപ്പം അമീന്‍ ഖാന്‍ വായ്പ്പാട്ടിലും അകമ്പടിയേകി. മൊഹര്‍ശംഖിലും ഭാപഗിലും ഫിറോസ് ഖാന്‍ അത്ഭുതപ്പെടുത്തി. ധോലില്‍ സ്വരൂപ് ഖാന്‍, കര്‍താലില്‍ ഷാഫി ഖാന്‍, കീബോര്‍ഡില്‍ അമോല്‍ ധാംഗി -എല്ലാവരും ഒന്നിനൊന്ന് മികച്ചവര്‍.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന്റെ ഭാഗമായാണ് മമെ ഖാന്‍ തിരുവനന്തപുരത്ത് എത്തിയത്. മമെ ഖാനെ കാണാനും കേള്‍ക്കാനും അവസരം ലഭിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നു ഞാന്‍ പറയും. ഈ മനുഷ്യന്റെ പാട്ട് കേള്‍ക്കാന്‍ ഇനിയും അവസരമുണ്ടായാല്‍ പോയിരിക്കും, ഉറപ്പ്.

മമെ ഖാന്‍ പറഞ്ഞത് വളരെ വലിയ സത്യമാണ്. രാജസ്ഥാന്‍ വളരെ ദൂരെയാണ്. പക്ഷേ, രാജസ്ഥാനും തിരുവനന്തപുരവും തമ്മില്‍ സംഗീതത്തില്‍ ദൂരമില്ല. സംഗീതം ഒന്നാണ്. അതിനാലായിരിക്കാം ഇപ്പോഴുമെന്റെ ചുണ്ടില്‍ ചൗധരി തങ്ങിനില്‍ക്കുന്നു..
ലുക്ക് ചിപ്പ് നാ ജാവോ ജി
മന്നെ ദീദ് കരാവോ ജി
അരെ ക്യൂന്‍ തര്‍സാവേ ഹോ
മന്നെ സകല്‍ ദിഘാവോ ജി
താരി സരാരത് സബ്ബ് ജാനു മൈ
ചൗധരീ…
മഹാരെ സെ ലേവോ നാ പംഗാ ജി
മൈ കെഹന്‍ ലഗീ..

 


ചിത്രങ്ങള്‍: സെയ്ദ് ഷിയാസ് മിര്‍സ

Previous articleവെള്ളരിനാടകം വെറും നാടകമല്ല
Next article‘അര്‍ഹതയ്ക്കുള്ള’ അവാര്‍ഡ്!!???
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here