“അങ്കിളേ.. എനിക്കും പ്രസംഗിക്കണം.”
പിന്നിൽ നിന്നൊരു ശബ്ദം.
ഇതാരപ്പാ എന്ന അർത്ഥത്തിൽ ഞാനൊന്നു തറപ്പിച്ചു നോക്കി.
ഒരു പെൺകുട്ടിയാണ്.
എന്റെ കണ്ണനെപ്പോലെ ഏതാണ്ട് ആറു വയസ്സിനടുത്ത് പ്രായം കാണും.
ഒരു മുൻപരിചയവുമില്ലാത്ത ആളോട് ആവശ്യമുന്നയിക്കാൻ അല്പം പോലും അവൾ സങ്കോചപ്പെട്ടില്ല.
എന്റടുത്തേക്കു വന്ന് സ്വയം പരിചയപ്പെടുത്താനും നിന്നില്ല.
നേരെ കാര്യത്തിലേക്കു കടന്നു -പ്രസംഗിക്കണം.
അത്രയ്ക്കുണ്ടായിരുന്നു ലക്ഷ്യബോധം.
രാവിലെ മുതൽ അവളെ ഞാനവിടെ കാണുന്നുണ്ടായിരുന്നു, അമ്മയോടൊപ്പം.
മറ്റു പലരും ശ്രദ്ധിച്ചിട്ടുണ്ടാവണം.
നിശാഗന്ധിയിലെ വി, ദ പീപ്പിൾ മഹാപൗരസംഗമ വേദിയിലാകെ പൂമ്പാറ്റയെപ്പോലെ അവൾ പാറി നടന്നു.
അവിടെ നടക്കുന്ന പ്രസംഗങ്ങൾ അവൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നത് ഇടയ്ക്കു കണ്ടു.
വലിയ അത്ഭുതം തോന്നിയില്ല, അമ്മ പിടിച്ചിരുത്തിയതായിരിക്കും എന്നു കരുതി.

വൈകുന്നേരത്താണ് അവൾ എനിക്കരികിലേക്കു വന്നതും പ്രസംഗിക്കണം എന്നാവശ്യപ്പെട്ടതും.
സ്റ്റേജിനടുത്തു നിന്ന് പരിപാടികൾ സംബന്ധിച്ച അവതാരകർക്കു നിർദ്ദേശങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടാവാം അവൾ എന്നെ സമീപിച്ചത്.
“എന്താ മോളുടെ പേര്?”
“മിന്ന.”
“എന്തിനെപ്പറ്റിയാ പ്രസംഗിക്കുക?”
“ഞാൻ സ്പീച്ച് പ്രാക്ടീസ് ചെയ്യുവാ. അമ്മയുടെയടുത്ത് ട്രയൽ നോക്കുന്നുണ്ട്. അങ്കിളിനെയും പറഞ്ഞു കേൾപ്പിക്കാം. എനിക്ക് പ്രസംഗിക്കണം.”
ഒരു കുട്ടിയുടെ കൗതുകമായി മാത്രമേ ഞാനത് കണ്ടുള്ളൂ.
പറ്റില്ല എന്ന് അറുത്തുമുറിച്ചു പറയാൻ മനസ്സുവന്നില്ല.
ആ കൊച്ചുമുഖത്തെ സങ്കടം കാണാൻ ഇഷ്ടപ്പെട്ടില്ല.
അതിനാൽ ഇങ്ങനെ പറഞ്ഞു.
“ഈ അങ്കിൾമാരും ആന്റിമാരുമൊക്കെ സംസാരിക്കട്ടെ. അതു കഴിഞ്ഞ് പാട്ടുണ്ട്. പിന്നീട് മിന്നക്കുട്ടിക്ക് സംസാരിക്കാം.”
നൈസായി ഒഴിവാക്കാൻ ശ്രമിച്ചതു തന്നെയാണ്.
ഊരാളിയുടെ പാട്ടു കഴിയുമ്പോൾ രാത്രിയാവും.
അപ്പോഴേക്കും അവൾ ഒന്നുകിൽ വീട്ടിൽപ്പോകും, അല്ലെങ്കിൽ ഉറങ്ങും -അതായിരുന്നു എന്റെ ചിന്ത.
പക്ഷേ, മിന്ന വിടാൻ ഒരുക്കമായിരുന്നില്ല.
അവൾ വീണ്ടും വീണ്ടും എന്നെത്തേടി വന്നുകൊണ്ടേയിരുന്നു.
“അങ്കിളേ.. ഞാൻ സ്പീച്ച് പറഞ്ഞു കേൾപ്പിക്കട്ടെ?”
“ഇപ്പോൾ വേണ്ട മോളേ. അങ്കിള് തിരക്കിലാ. മോള് നന്നായി പഠിച്ചോളൂ. അങ്കിള് വിളിക്കാം.”
അവൾ തിരിച്ചുപോകും, കുറച്ചു കഴിഞ്ഞു വീണ്ടും വരാനായി.
ആനി രാജ വേദിയിൽ പ്രസംഗിക്കുകയാണ്.
ഞാൻ അവിടേക്കു ചെല്ലുമ്പോൾ വേദിക്കരികിൽത്തന്നെ മിന്നയുണ്ട്.
അതുവരെ കണ്ടതിൽ നിന്നു വ്യത്യസ്തമായി അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
അവളുടെ അമ്മ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
“എന്തു പറ്റി മോളേ?” -ചോദിക്കാതിരിക്കാനായില്ല.
അപ്പോഴേക്കും ഞങ്ങൾക്കിടയിൽ ചെറിയൊരു സൗഹൃദം ഉടലെടുത്തിരുന്നല്ലോ.
ചോദ്യത്തിന് അമ്മയാണ് മറുപടി പറഞ്ഞത്.
“അവൾക്ക് പ്രസംഗിക്കാൻ പറ്റില്ലാന്ന് പറഞ്ഞു.”
താനും പ്രസംഗിക്കും എന്ന് അവിടെയുണ്ടായിരുന്ന ആരോടോ മിന്ന പറഞ്ഞു.
കൊച്ചുകുട്ടികളെ സ്റ്റേജിൽ കയറ്റില്ല എന്നായിരുന്നു ആ വ്യക്തിയുടെ പ്രതികരണം.
അതാണ് മിന്നയുടെ കണ്ണു നനയിച്ചത്.
“മിന്നയെ സ്റ്റേജിൽ കയറ്റാമെന്ന് അങ്കിളല്ലേ പറഞ്ഞത്. അതു നടക്കും.”
എന്തുകൊണ്ടോ എനിക്കങ്ങനെ പറയാനാണ് തോന്നിയത്.
ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചിൽ തുടയ്ക്കാനായില്ലെങ്കിൽ പിന്നെന്ത് ജനാധിപത്യം.
പക്ഷേ, ഞാൻ പറഞ്ഞതുകൊണ്ട് അതു നടക്കില്ല.
കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ഒറ്റയ്ക്കല്ല.
കൂട്ടായാണ് എല്ലാം നിശ്ചയിക്കുന്നത്.
എങ്ങനെയെങ്കിലും മിന്നയ്ക്ക് അവസരമുണ്ടാക്കണം.
സംഘാടനത്തിൽ ഒപ്പമുണ്ടായിരുന്ന ഡോ.അജിത്തും ഡോ.സന്തോഷും അടുത്തുണ്ടായിരുന്നു.
അവരുമായി ആലോചിച്ചു.
“അതു വേണോ?” -അവരുടെ ചോദ്യം.
“ആ കുട്ടിക്ക് നല്ല ആത്മവിശ്വാസമുണ്ട്. നമുക്ക് നോക്കാം.”
എന്റെ വിശ്വാസം അജിത്തും സന്തോഷും ഏറ്റെടുത്തു.
“നമുക്ക് നോക്കാം” -അവരും പറഞ്ഞു.
“ചിലപ്പോൾ ഇതായിരിക്കും ഇന്നത്തെ ഏറ്റവും വലിയ സംഭവം” -സന്തോഷിന്റെ പ്രവചനം.
അവിടെ തീരുമാനമാക്കുമ്പോഴും എനിക്ക് ഒരുറപ്പുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.
“എന്താണാവോ ആ കുട്ടി പറയാൻ പോവുന്നത്?” -ഇതായിരുന്നു ചിന്ത.
കുട്ടിയല്ലേ, എന്തു സംഭവിച്ചാലും പ്രശ്നമില്ല എന്ന തീരുമാനത്തോടെ മിന്നയുടെ അമ്മയുടെ അടുത്തെത്തി.
“സർവ്വകലാശാലകളിലെ വിദ്യാർത്ഥി നേതാക്കൾ ഇവിടെയുണ്ട്. അവർ കഴിഞ്ഞാലുടൻ മിന്ന.”
പരിപാടിയുടെ സമയക്രമം അവർക്കു നൽകി.
അതു കേട്ട മിന്നയുടെ മുഖത്ത് ലോകം വെട്ടിപ്പിടിച്ച സന്തോഷം.
അവളുടെ സന്തോഷം കണ്ട എനിക്ക് ഇരട്ടി സന്തോഷം.

സമയം രാത്രി 8.30 കഴിഞ്ഞു.
ഒടുവിൽ മിന്നയുടെ ഊഴമായി.
“മോളേ റെഡിയല്ലേ?”
ഒന്നുകൂടി ഉറപ്പിക്കാൻ എന്റെ ശ്രമം.
അവൾ റെഡി.
എന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങി അവൾ സ്റ്റേജിലേക്കു നടന്നു, അല്പം പോലും സഭാകമ്പമില്ലാതെ.
ഞാൻ നെഞ്ചിൽ കൈവെച്ചു.
അതു കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷഫീഖ് കാരണമന്വേഷിച്ചു.
ഞാൻ കാര്യം പറഞ്ഞു.
അവനുടനെ വേദിക്കു മുന്നിലേക്കു നീങ്ങി, മിന്നയെ വ്യക്തമായി കാണാൻ.
മിന്നയ്ക്ക് ഒരു കൂസലുമില്ല.
വ്യക്തമായും ദൃഢമായും അവൾ സംസാരിച്ചു.
സ്വന്തം മതത്തിന്റെ ഹൃദയത്തില്‍ എത്തുന്നവന് മറ്റുള്ള മതങ്ങളുടെയും ഹൃദയത്തില്‍ എത്താനാകും എന്നു പറഞ്ഞത് ഗാന്ധിജിയാണ്.
ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി മോശക്കാരനാവുകയും ഗാന്ധിജിയുടെ കൊലപാതകം ചെയ്തയാള്‍ നല്ലതാവുകയും ചെയ്യുന്ന നാടാണിത്.
ഇന്ത്യ ക്രിസ്ത്യനും ഹിന്ദുവിനും മാത്രം താമസിക്കാനുള്ളതല്ല.
ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യനും താമസിക്കാനുള്ളതാണ് എന്‍റെ ഇന്ത്യ.
ഒരു കുഞ്ഞെങ്കിലും കഞ്ഞി കുടിക്കാതെ കണ്ണീരു കുടിക്കുന്നു എന്നറിഞ്ഞുകൊണ്ട് ഹൃദയാലുവിന് കഞ്ഞി കുടിക്കാനാവില്ല.
Where the mind is without fear
And the head is held high,
Where knowledge is free
Into that heaven of freedom my FATHER,
Let my country AWAKE!!
Proud to be an INDIAN!!!
JAI HIND!!!!
ഓരോ വാക്യത്തിനും നിർത്താത്ത കൈയടി.
ബാക്കിയെല്ലാം ചരിത്രം.
വലിയ സംഭവം -സന്തോഷിന്റെ പ്രവചനം സത്യമായി.
വേദിയിൽ മിന്നയുടെ പ്രസംഗം ഷഫീഖ് മൊബൈലിൽ പകർത്തി.
ഒപ്പം വേദിക്കരികിലുള്ള എന്റെ എരിപൊരിസഞ്ചാരവും!
സംസാരം കഴിഞ്ഞ് മിന്ന എന്റടുത്തേക്ക് ഓടി വന്നു.
മൈക്ക് എനിക്കു തരുമ്പോൾ ഞാനവളെ ചേർത്തുപിടിച്ച് കവിളത്തൊരു മുത്തം കൊടുത്തു.
കൈവീശി ബൈ പറഞ്ഞ് അമ്മയുടെ കൈയും പിടിച്ച് അവൾ ആൾക്കൂട്ടത്തിൽ മറഞ്ഞു.
അതു നോക്കിനിന്നപ്പോൾ കാഴ്ച മങ്ങുന്നതായി തോന്നി.
എന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു, സന്തോഷം കൊണ്ട്.
മിന്ന ആരാണ്?
എനിക്കറിയില്ല.
എവിടെ നിന്നോ വന്നു.
എങ്ങോട്ടോ മറഞ്ഞു.
അവൾ സംസാരിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും മാത്രമാണ് ബാക്കി.
തിരക്കിനിടെ അവൾ ആരാണെന്നോ അവളുടെ അച്ഛനമ്മമാർ ആരാണെന്നോ ചോദിക്കാൻ മറന്നുപോയിരുന്നു.
ഒന്നു മാത്രമറിയാം -മിന്ന ഇന്ത്യയുടെ പ്രതീക്ഷയാണ്.
ഈ മിന്നമാരുടെ കൈയിൽ ഇന്ത്യയുടെ ഭാവി ഭദ്രമാണ്.
ആരൊക്കെ കുത്തിത്തിരിപ്പുണ്ടാക്കിയാലും ഇന്ത്യ നിലനിൽക്കുക തന്നെ ചെയ്യും.
മിന്നയ്ക്ക് പൊന്നുമ്മ..