Mr.Senkumar, you are not fit for this job.
Your deeds have made you a laughing stock.
Kerala definitely deserve a much better officer as DGP.
പറയണോ എന്ന് പലവട്ടം ആലോചിച്ചു. പൊലീസിനെ പേടിച്ചിട്ടല്ല. പൊലീസിനെ പണ്ടേ പേടിയില്ല. നിയമം ലംഘിക്കുന്നെങ്കില്‍ നിയമപാലകരെ പേടിച്ചാല്‍ മതിയല്ലോ. അതിനെക്കാള്‍ അപകടമുള്ള വേറൊരു സംഗതിയുണ്ട്. മോദി ഭക്തിയായിട്ട് ചില ചോട്ടന്മാര്‍ ഇതിനെയും വ്യാഖ്യാനിച്ച് ആഘോഷിച്ചുകളയും. അതാ മടിച്ചത്.
സത്യം പറയാന്‍ ഞാനെന്തിന് ഭയക്കണം? സത്യത്തിന്റെ മുഖം വികൃതമാണ്. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല.
അധികാരസ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിയുടെ കര്‍ത്തവ്യം എന്ത്? തന്റെ മുന്നില്‍ വരുന്ന വെല്ലുവിളികളെ നേരിടുന്നതിനും കടമകള്‍ നിറവേറ്റുന്നതിനും ലഭ്യമായ അധികാരവും ഉള്ള സൗകര്യങ്ങളും പ്രയോജനപ്പെടുത്തി വിജയം വരിക്കുക. അല്ലാതെ, തന്റെ മുന്നില്‍ വരുന്ന വെല്ലുവിളി നേരിടാന്‍ ധൈര്യമില്ലാതെ അത് ഒഴിവാക്കിത്തരണേ എന്നു നിലവിളിക്കുകയല്ല വേണ്ടത്. അങ്ങനെ ചെയ്യുന്നയാള്‍ ആ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. പരവൂര്‍ ദുരന്തമുണ്ടായപ്പോള്‍ അവിടം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനെ താന്‍ എതിര്‍ത്തിരുന്നു എന്നുള്ള സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന്റെ പരസ്യപ്രതികരണമാണ് ഈ ചിന്തയ്ക്കാധാരം. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ അരുണ്‍ ജനാര്‍ദ്ദനനോടാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നത് ശരിയോ തെറ്റോ ആകട്ടെ. അതു പറയാന്‍ സെന്‍കുമാര്‍ ആളല്ല. ഇന്ത്യന്‍ പ്രധാനമന്ത്രി എവിടെപ്പോകണം എന്നു തീരുമാനിക്കുന്നത് കേരളാ ഡി.ജി.പി. അല്ല. താന്‍ വരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ ഒരക്ഷരം മിണ്ടാതെ പോയി സന്ദര്‍ശനത്തിന് അരങ്ങൊരുക്കുകയാണ് ഡി.ജി.പി. ചെയ്യേണ്ടത്. ‘മിണ്ടാതെ’ എന്നു പ്രത്യേകം പറയണം. സന്ദര്‍ശനത്തിന് അനുയോജ്യമല്ലാത്ത സാഹചര്യമുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ബന്ധപ്പെട്ടവരെ അറിയിക്കണം. പക്ഷേ, അതു പരസ്യമായി പറഞ്ഞ് പൊതുചര്‍ച്ചയ്ക്കു വഴിവെയ്ക്കുന്നത് ഒരുദ്യോഗസ്ഥനെന്ന നിലയില്‍ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരെങ്കിലും ഈ സാറിനെയൊന്നു ഓര്‍മ്മിപ്പിക്കൂ.
സര്‍വ്വീസ് ചട്ടങ്ങളെക്കുറിച്ച് സെന്‍കുമാര്‍ സാറിന് നന്നായറിയാം. അദ്ദേഹത്തെ ഒന്ന് ഓര്‍മ്മിപ്പിച്ചാല്‍ മതിയെന്നു പറഞ്ഞത് അതിനാലാണ്. അടുത്തിടെ ഭരണകര്‍ത്താക്കള്‍ക്കു താല്പര്യമുള്ള വഴിവിട്ട ചില നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കേണ്ടി വന്നപ്പോള്‍ തന്റെ ഭാഗം വിശദീകരിച്ച ജേക്കബ്ബ് തോമസ് എന്ന പൊലീസുദ്യോഗസ്ഥനെ സെന്‍കുമാര്‍ സാര്‍ സര്‍വ്വീസ് ചട്ടം പഠിപ്പിച്ചത് നമ്മളൊന്നും മറന്നിട്ടില്ല. ഇനി ജേക്കബ് തോമസിനു ബാധകമായ സര്‍വ്വീസ് ചട്ടം ബല്യ സാറിനു ബാധകമല്ലെന്നുണ്ടോ? സംസ്ഥാന പൊലീസ് മേധാവി കൊമ്പുള്ളയാളാണോ? ഞാനും ഒരു മാധ്യമപ്രവര്‍ത്തകനാണ്. മാധ്യമപ്രവര്‍ത്തകരുടെ ചില ചോദ്യങ്ങളോട് ഉത്തരവാദിത്വപ്പെട്ടവരുടെ പ്രതികരണം ചിലപ്പോള്‍ ‘നോ കമന്റ്‌സ്’ എന്നാകാറുണ്ട്. തീര്‍ച്ചയായും അത്തരമൊരു സന്ദര്‍ഭമായിരുന്നു ഇത്. ഇക്കാര്യം സെന്‍കുമാര്‍ സാറിന് അറിയാത്തതല്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനതീരുമാനത്തെ എതിര്‍ത്തതിനൊപ്പം വരവ് അടുത്ത ദിവസത്തേക്ക് മാറ്റാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെന്ന് സെന്‍കുമാര്‍ സാര്‍ ഇപ്പോള്‍ അരുണുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഒരുക്കേണ്ടി വന്നുവെന്നും ഡി.ജി.പി. ‘പരാതി’ പറയുന്നു.
അപകടദിവസം സ്ഥലം സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അറിയിച്ചപ്പോള്‍ അന്നുതന്നെ വരണമെന്ന് പ്രധാനമന്ത്രി നിര്‍ബന്ധം പിടിച്ചുവത്രേ! മുഴുവന്‍ പൊലീസ് സേനയും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. അതിരാവിലെ തുടങ്ങിയ ജോലിക്കിടയില്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ പറ്റാതെ പൊലീസുകാര്‍ വല്ലാതെ തളര്‍ന്നിരുന്നു. ധാരാളം ജോലികള്‍ ബാക്കി കിടക്കുന്നതിനിടയില്‍ അവര്‍ക്കു സുരക്ഷാചുമതല കൂടി വഹിക്കേണ്ടി വന്നെന്നും ഡി.ജി.പി. പറഞ്ഞു. ഇതു കേള്‍ക്കുമ്പോള്‍ ഒരു സംശയം -സെന്‍കുമാര്‍ പൊലീസ് അസോസിയേഷന്‍ നേതാവോ അതോ ഡി.ജി.പിയോ?
സാധാരണഗതിയില്‍ പ്രധാനമന്ത്രി വരുമ്പോള്‍ അതത് വകുപ്പു സെക്രട്ടറിമാര്‍ വഴി സര്‍ക്കാരിനെ അറിയിക്കുകയാണ് പതിവെന്നും അന്നത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിക്കുകയും അവിടെ നിന്ന് തന്നെ അറിയിക്കുകയുമായിരുന്നുവെന്നും സെന്‍കുമാര്‍ പറയുന്നുണ്ട്. തുടര്‍ന്ന് എസ്.പി.ജി. തന്നെ വിളിച്ചപ്പോഴാണ് താന്‍ ഇതിനെ എതിര്‍ത്തത്. ഇതംഗീകരിക്കാത്ത പ്രധാനമന്ത്രി എന്തോ മഹാപാതകം ചെയ്തു!!
സെന്‍കുമാറിന്റെ തന്നെ വാക്കുകള്‍ പ്രകാരം അന്നത്തേത് അടിയന്തര സാഹചര്യമായിരുന്നു. എന്നാല്‍, ആ സാഹചര്യത്തിനനുസരിച്ച് നടപടി സ്വീകരിക്കാന്‍ താന്‍ അശക്തനാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഇവിടെ സെന്‍കുമാര്‍ വല്ലാതെ ചെറുതാവുകയാണ്, തന്റെ കഴിവുകേട് വിളിച്ചുപറയുന്നതിലൂടെ. പ്രത്യേകിച്ച് പ്രോട്ടോക്കോളോ സുരക്ഷാസംവിധാനങ്ങളോ തന്റെ സന്ദര്‍ശനത്തിന് പാടില്ലെന്ന് പ്രധാനമന്ത്രി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള പരിമിതമായ അടിസ്ഥാന സുരക്ഷ എങ്ങനെ ഉറപ്പാക്കാം എന്നറിയാനായിരുന്നു എസ്.പി.ജിയുടെ ശ്രമം. അപ്പോഴാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പാടില്ലെന്ന് നുമ്മ ഡി.ജി.പി. ഗീര്‍വാണമടിച്ചത്. ‘പോയി പണി നോക്കെടാ ഉവ്വേ’ എന്ന് എസ്.പി.ജിക്കാരന്‍ പറഞ്ഞതില്‍ അത്ഭുതമുണ്ടോ? ഈ ഡി.ജി.പിയൊന്നും എസ്.പി.ജിയുടെ മുന്നില്‍ വലിയ ആളല്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ വാഹനവ്യൂഹത്തിന് തിരുവനന്തപുരം പാളയത്ത് വഴിതെറ്റിയപ്പോള്‍ അന്നത്തെ ഡി.ജി.പി. രമണ്‍ ശ്രീവാസ്തവയെ വെറും എസ്.പി. റാങ്കിലുള്ള എസ്.പി.ജി. ഉദ്യോഗസ്ഥന്‍ വായുവില്‍ നിര്‍ത്തിയതിന് സാക്ഷിയായ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഈയുള്ളവനുമുണ്ടായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ 3.30നാണ് പരവൂരില്‍ ദുരന്തമുണ്ടായത്. പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തിയത് അതിന് 12 മണിക്കൂറുകള്‍ക്ക് ശേഷവും. അപ്പോഴേക്കും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി മണിക്കൂറുകള്‍ പിന്നിട്ടിരുന്നു എന്നാണ് ടെലിവിഷന്‍ വാര്‍ത്താദൃശ്യങ്ങളില്‍ നിന്നു മനസ്സിലായത്. അപകടത്തില്‍പ്പെട്ടയാളെ 12 മണിക്കൂറുകള്‍ക്കു ശേഷവും അവിടെ നിന്നു മാറ്റാനായില്ലെങ്കില്‍ പിന്നെ മാറ്റിയിട്ടു കാര്യമില്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യം. സെന്‍കുമാര്‍ എന്തുകൊണ്ടോ ഇതു മറച്ചുവെയ്ക്കുന്നു.
എന്താണ് ഡി.ജി.പിയുടെ ഈ പരസ്യപ്രതികരണത്തിനു കാരണം? പ്രധാന വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണോ? വെടിക്കെട്ടു ദുരന്തത്തിനു കാരണമായത് പൊലീസിന്റെ ഭാഗത്തുള്ള വീഴ്ചയാണെന്ന് പകല്‍ പോലെ വ്യക്തമായിക്കഴിഞ്ഞു. അതു മറച്ചുപിടിക്കാനാണോ ത്യാഗികളായ പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ക്ഷീണിതരായ കെട്ടുകഥ അദ്ദേഹം എഴുന്നള്ളിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച് രണ്ടഭിപ്രായമുണ്ടെങ്കിലും അതു നന്നായി എന്ന് പറയുന്നവര്‍ക്കാണ് ഭൂരിപക്ഷം. മോദിയുടെ സന്ദര്‍ശനത്തിന്റെ മാറ്റുകുറച്ച് തന്റെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്തുകയായിരുന്നില്ലേ സെന്‍കുമാറിന്റെ ലക്ഷ്യം? കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയുണ്ടായപ്പോള്‍ സെന്‍കുമാറിനെ തള്ളിപ്പറയുന്നു എന്ന വ്യാജേന അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ചാടിയിറങ്ങിയതു കണ്ടപ്പോള്‍ തോന്നിയ സംശയമാണ്. ആര്‍ക്കും തോന്നുന്ന സംശയം.
ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അഥവാ ഡി.ജി.പി. ആണ് സെന്‍കുമാര്‍. സംസ്ഥാന പൊലീസ് മേധാവി എന്നും പറയാം. ഇപ്പോള്‍ ഡി.ജി.പി. എന്നു പറഞ്ഞാല്‍ മാത്രം പൊലീസ് മേധാവിയാകില്ല. പണ്ടൊക്കെ പൊലീസില്‍ ഒരു ഡി.ജി.പി. മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ. ഇപ്പോള്‍ ഡി.ജി.പിമാര്‍ ഓരോ വര്‍ഷവും പെറ്റുപെരുകുകയാണ്. കേഡര്‍, നോണ്‍ കേഡര്‍, എക്‌സ് കേഡര്‍, വൈ കേഡര്‍, ഇസഡ് കേഡര്‍ എന്നിങ്ങനെ കാക്കത്തൊള്ളായിരം വകഭേദങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ മേധാവിയെ എങ്ങനെ തിരിച്ചറിയും? മേധാവിക്ക് ഒരു ബ്രായ്ക്കറ്റ് കാണും -ലോ ആന്‍ഡ് ഓര്‍ഡര്‍. ഡി.ജി.പി. (ലോ ആന്‍ഡ് ഓര്‍ഡര്‍) എന്നാല്‍ ക്രമസമാധാനച്ചുമതലയുള്ള ഡി.ജി.പി. ആണ് പൊലീസ് മേധാവി. ഈ ബ്രായ്ക്കറ്റുമായിട്ടാണ് നുമ്മടെ സെന്‍കുമാര്‍ സാറിന്റെ നില്പ്. അദ്ദേഹത്തിന്റെ ചെയ്തികളും ശരിക്കും ബ്രായ്ക്കറ്റിനുള്ളിലാണ്.
പൊലീസ് മേധാവി എന്നത് തന്ത്രപ്രധാന തസ്തികയാണെന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങേയറ്റം മാന്യനായ ഹോര്‍മിസ് തരകനും കര്‍ക്കശക്കാരനായ ‘പട്ടാളം’ ജോസഫുമെല്ലാം ഈ പദവിയിലിരുന്നിട്ടുണ്ട്. സെന്‍കുമാറിന്റെ മുന്‍ഗാമിയായ കെ.എസ്.ബാലസുബ്രഹ്മണ്യന്റെ സ്ഥാനവും മാന്യന്മാരുടെ കൂട്ടത്തില്‍ തന്നെ. സെന്‍കുമാര്‍ എന്തായാലും ഈ ഗണത്തില്‍പ്പെടില്ല. ബി.എസ്.ശാസ്ത്രി, രമണ്‍ ശ്രീവാസ്തവ തുടങ്ങിയ ചില ‘മഹാന്മാര്‍’ നേരത്തേ തന്നെ ഡി.ജി.പി. തസ്തികയ്ക്ക് നാണക്കേട് വരുത്തിവെച്ചിട്ടുമുണ്ട്. ശാസ്ത്രി -വാസ്തവമാരുടെ തലത്തിലേക്കാണ് നുമ്മടെ സെന്‍കുമാറും എന്നു പറയേണ്ടിവരുന്നു. അതില്‍ ദുഃഖമൊട്ടുമില്ല.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നല്ലേ പ്രമാണം. ഐ.എ.എസ്. -ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്തനാണ് സെന്‍കുമാര്‍. അവിടെത്തുടങ്ങുന്നു കുഴപ്പം. നല്ലവര്‍ അഥവാ കഴിവുറ്റവര്‍ എന്നു പേരുകേട്ട ഡി.ജി.പിമാര്‍ ആരും തന്നെ തങ്ങളുടെ യജമാനന്മാരുടെ ദാസന്മാരായിരുന്നില്ല, മറിച്ച് അവര്‍ ജനങ്ങളുടെ സേവകരായിരുന്നു. രാഷ്ട്രീയക്കസര്‍ത്തുകളുടെ ഭാഗമാവാതിരുന്ന അവര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. ഉമ്മന്‍ചാണ്ടിയുടെ കാലത്തു തന്നെ ഡി.ജി.പി. ആയിരുന്ന ബാലസുബ്രഹ്മണ്യന്‍ ചീത്തപ്പേരൊന്നും കേള്‍പ്പിക്കാതെ ഇറങ്ങിപ്പോയത് ഉദാഹരണം. മറുഭാഗത്ത് ഇതിനു വിപരീതമായി പ്രവര്‍ത്തിച്ചവരൊക്കെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായി. സെന്‍കുമാറിന്റെ പോക്കും അവിടേക്കാണ്.
സെന്‍കുമാര്‍ നല്ല ഉദ്യോഗസ്ഥനാണെന്ന് ചിലര്‍ക്കെങ്കിലും അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ കര്‍മ്മശേഷി ഓരോ തവണയും പുറത്തുവരുന്നതിന് 5 വര്‍ഷത്തെ ഇടവേള ഉണ്ടാവാറുണ്ട് എന്നു മാത്രം. എല്‍.ഡി.എഫ്. അധികാരത്തിലുള്ളപ്പോള്‍ ഇദ്ദേഹം കര്‍മ്മനിരതനായിരിക്കും. സെന്‍കുമാറിന്റെ രാഷ്ട്രീയപക്ഷപാതിത്വം അറിയാവുന്ന ഇടതുപക്ഷം അദ്ദേഹത്തെ കെ.എസ്.ആര്‍.ടി.സി. പോലെ പൊലീസിനു പുറത്തുള്ള സംവിധാനത്തിലേക്കു മാറ്റും. അവിടെപ്പോയിരുന്ന് വിവാദമുണ്ടാക്കുന്നതെങ്കിലും കൈയടി കിട്ടുന്ന കുറെ പ്രസ്താവനകള്‍ നടത്തും. വാര്‍ത്തയില്‍ നിറയും. പ്രസ്താവനകള്‍ വാര്‍ത്തയാക്കാന്‍ വേണ്ടി ചില ‘സ്വന്തം’ മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനുണ്ട്. കര്‍മ്മശേഷി അവിടെ തീര്‍ന്നു. പെന്‍ഷന്‍ പോലും മുടങ്ങുന്ന വിധത്തില്‍ കെ.എസ്.ആര്‍.ടി.സിയെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചതിന്റെ പ്രധാന ഉത്തരവാദി സെന്‍കുമാറാണെന്ന് എത്ര പേര്‍ക്കറിയാം?
കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാന്‍ രൂപമെടുത്ത സ്ഥാപനമാണ് കെ.ടി.ഡി.എഫ്.സി. എന്നാല്‍, കെ.ടി.ഡി.എഫ്.സി. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയെ വിഴുങ്ങുന്ന അവസ്ഥയിലാണ്. കാരണം സെന്‍കുമാറിന്റെ കാലത്ത് ഇരു സ്ഥാപനങ്ങളും തമ്മിലുണ്ടാക്കിയ കരാറുകള്‍. കരാര്‍ കുരിശാകുമെന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയതാണ്. കെ.ടി.ഡി.എഫ്.സിയുടെയും തലപ്പത്ത് താന്‍ തന്നെയല്ലേ എന്ന ന്യായം പറഞ്ഞ് സെന്‍കുമാര്‍ കരാറുകള്‍ മുന്നോട്ടു നീക്കി. ക്രമേണ കെ.ടി.ഡി.എഫ്.സിക്ക് പുതിയ ഭരണകര്‍ത്താവ് വന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സി. കുഴിയിലായി. ഇത്തരത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് സംഭവിച്ച വലിയ നഷ്ടങ്ങളിലൊന്നു വേണമെങ്കില്‍ ചൂണ്ടിക്കാട്ടാം -തമ്പാനൂര്‍ ബസ് സ്റ്റേഷന്‍. ഇപ്പോള്‍ വിരമിക്കാറായതിനാല്‍ ഇതുപോലുള്ള കസര്‍ത്തുകള്‍ക്ക് ഇനി അധികം ബാല്യമില്ല. ‘എല്ലാം ശരിയാക്കാന്‍’ എല്‍.ഡി.എഫാണ് വരുന്നതെങ്കില്‍ പുനര്‍നിയമനവും നോക്കേണ്ട. സെന്‍കുമാര്‍ സാറിന്റെ ഇന്റലിജന്‍സുകാര്‍ പോലും എല്‍.ഡി.എഫ്. വരുമെന്നാണല്ലോ പറയുന്നത്.
‘ഫേസ്ബുക്കില്‍ കളിച്ചുകൊണ്ടിരിക്കാതെ മര്യാദയ്ക്കു പോയി ഭരണപരമായ ചുമതലകള്‍ നിറവേറ്റണം മിസ്റ്റര്‍’ എന്ന് സെന്‍കുമാറിനെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ അടുത്തിടെ ഉപദേശിച്ചത് വെറുതെയല്ല. സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഉപയോഗപ്പെടുത്താന്‍ ഡി.ജി.പി. തീരുമാനിക്കുന്നത് നല്ലതു തന്നെ. പക്ഷേ, ഡി.ജി.പി. (ലോ ആന്‍ഡ് ഓര്‍ഡര്‍) ഇപ്പോള്‍ ഡി.ജി.പി. (ഫേസ്ബുക്ക്) ആയി മാറിയില്ലേ എന്ന സംശയം വി.എസ്സിനു മാത്രമല്ല നാട്ടുകാര്‍ക്കു മുഴുവനുണ്ട്, ഉമ്മന്‍ചാണ്ടി ഭക്തര്‍ക്ക് ഒഴികെ. ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ അതിന്റെ വിവരങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നത് തെറ്റല്ല, നല്ലതാണു താനും. എന്നാല്‍, ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതും ഓരോ വിഷയത്തിലും പൊലീസ് മേധാവിക്കുള്ള അഭിപ്രായം രേഖപ്പെടുത്തുന്നതും ഫേസ്ബുക്ക് വാളിലായാല്‍ ചെവിക്കു പിടിക്കുക തന്നെ വേണം. വി.എസ്. ചെയ്തത് അതാണ്.
പാളിപ്പോയ ഫേസ്ബുക്ക് പ്രഖ്യാപനങ്ങള്‍ ഏറെയുണ്ട് നുമ്മടെ ഡി.ജി.പി. സാറിന്റേതായി. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് സാര്‍ നടത്തിയ പ്രതികരണമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ശ്രീനിവാസന് മര്‍ദ്ദനമേറ്റത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടുമെന്നും ഫേസ്ബുക്കില്‍ എഴുതിയിട്ടു. ഡി.സി.പി. അടക്കമുള്ള ഉദ്യോഗസ്ഥരോട് വിശദീകരണവും തേടി. സംഭവം വലിയ വാര്‍ത്തയായി. ആ പ്രഖ്യാപനത്തിന് പിന്നീടെന്തു സംഭവിച്ചു എന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ?
കോവളം സംഭവത്തില്‍ ഡി.ജി.പി. കുറ്റപ്പെടുത്തിയ എല്ലാ ഉദ്യോഗസ്ഥരും കൃത്യമായി വിശദീകരണം കൊടുത്തു. എന്നാല്‍, ആരെയും സാര്‍ പിരിച്ചുവിട്ടില്ല. എന്തിന് സസ്‌പെന്‍ഡ് ചെയ്യുകയോ സ്ഥലംമാറ്റുകയോ ചെയ്തില്ല. കാരണം, ഉദ്യോഗസ്ഥര്‍ കൊടുത്ത വിശദീകരണം ഡി.ജി.പി. വായിച്ചുനോക്കിയപ്പോള്‍ വാദി പ്രതിയായി. നടപടിയെടുത്താല്‍ നടപടിക്കിരയാവുന്ന പൊലീസുകാര്‍ സത്യം പുറത്തുപറയും. അതു സംഭവിച്ചാല്‍ രാഷ്ട്രീയ യജമാനന്മാരുടെ മുഖംമൂടി അഴിഞ്ഞുവീഴും. അപ്പോള്‍പ്പിന്നെ ഡി.ജി.പി. സാര്‍ എന്തു ചെയ്തു -കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടി ചവച്ചരച്ചു തിന്നു. ഇപ്പോള്‍ ഈ വിഷയം ചോദിച്ചാല്‍ സെന്‍കുമാര്‍ പെട്ടെന്ന് ബധിരനായി മാറും. ഇതുപോലെ, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെപ്പറ്റി ഇനി സെന്‍കുമാറിനോടു ചോദിച്ചു നോക്കൂ -പൊട്ടന്‍കളി കാണാം.
എത്ര നല്ല ഉദ്യോഗസ്ഥനായി മേനി നടിച്ചാലും രാഷ്ട്രീയക്കാരുടെ കൈകളിലെ കളിപ്പാവയായി മാറിയാല്‍ കഥ തീര്‍ന്നു. ഉന്നതസ്ഥാനങ്ങള്‍ക്ക് കളിപ്പാവകള്‍ അര്‍ഹരല്ല. അവരെ മൂലയ്ക്കിരുത്തണം. ഉത്തരം ദ്രവിച്ചാല്‍ മേല്‍ക്കൂര വീഴും.